Thursday 10 January 2019 11:10 AM IST : By സ്വന്തം ലേഖകൻ

ശബരിമല തീർത്ഥാടകനെ കാട്ടാന കുത്തിക്കൊന്നു; തോളിലുണ്ടായിരുന്ന ബാലികയെ ദൂരേക്ക് എറിഞ്ഞു രക്ഷപ്പെ‌ടുത്തി; സംഭവമിങ്ങനെ

death--1

ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയിൽ കരിയിലാംതോടിനും കരിമലയ്ക്കും ഇടയിൽ വള്ളിത്തോടിനു സമീപം ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം.   സേലത്തു നിന്ന് 40 പേരുടെ തീർഥാടക സംഘത്തിലെ 13 പേരാണു കാനനപാതയിലൂടെ നടന്ന് ശബരിമലയ്ക്കു പോയത്. യാത്രയ്ക്കിടെ ഇവർ വിശ്രമിച്ച ഒരു കടയുടെ നേരെ കാട്ടാന വന്നപ്പോൾ സുരക്ഷിതസ്ഥാനത്തേക്കു മാറുന്നതിനിടെയാണു പരമശിവം ആനയുടെ മുന്നിൽ പെട്ടത്. 

സഹോദരിയുടെ മകൾ ദിവ്യയെ ചുമലിലേറ്റി മുന്നോട്ടാണ് ഓടിയത്. പിന്നോട്ട് ഓടിയ മറ്റുള്ളവർ ആനയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടു. മകൻ ഗോകുൽ ഉൾപ്പെടെയുള്ളവരുടെ മുന്നിൽ വച്ചാണു പരമശിവത്തെ ആന ആക്രമിച്ചത്.  ആനയുടെ ചിന്നംവിളിയും ആളുകളുടെ നിലവിളിയും കേട്ടു കാനനപാതയിലെ കച്ചവടക്കാർ ഓടിയെത്തി. അമ്മാവന്റെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു കരയുകയായിരുന്ന കുട്ടിയെ എടുത്തു തിരിച്ചോടിയതായി  വള്ളിത്തോട്ട് താൽക്കാലിക കട നടത്തുന്ന ഷൈജു പറഞ്ഞു. 

വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും രാത്രി പന്തങ്ങൾ കൊളുത്തിയാണു സ്ഥലത്തെത്തിയത്. അയ്യപ്പസേവാസംഘം പ്രവർത്തകരുടെയും മറ്റു തീർഥാടകരുടെയും സഹായത്തോടെ പരമശിവത്തെ ചുമന്നു മുക്കുഴിയിൽ എത്തിച്ചു. അവിടെ നിന്നു കോരുത്തോട് വഴി ഇന്നലെ പുലർച്ചെ രണ്ടോടെ മുണ്ടക്കയത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. 

കാനനപാതയിൽ ദിവസവും കാട്ടാന ഇറങ്ങുന്നുണ്ട്. ആക്രമണത്തെത്തുടർന്ന് 12 അംഗ തീർഥാടക സംഘം ശബരിമല യാത്ര മതിയാക്കി. വനപാലകർക്കൊപ്പം തിരികെ മുണ്ടക്കയത്തെത്തിയ സംഘം പരമശിവത്തിന്റെ മൃതദേഹവുമായി സേലത്തേക്കു പോയി. സംഘത്തിലെ ബാക്കിയുള്ള 32 പേർ പമ്പയിലുണ്ട്. 

കാട്ടാനയുടെ ആക്രമണത്തിൽ തീർഥാടകൻ മരിച്ചതിനെത്തുടർന്നു കരിമല വഴിയുള്ള കാനന പാതയിൽ തീർഥാടകർക്കു വൈകിട്ട് 5നു ശേഷം കർശനനിയന്ത്രണം ഏർപ്പെടുത്തി. എരുമേലിയിൽ നിന്ന് 5 മണിക്കു ശേഷവും മൂഴിക്കൽ നിന്ന് 10 മണിക്കു ശേഷവും തീർഥാടകരെ കയറ്റിവിടില്ല. 

കരിമല വഴി നടന്നുവരുന്നവർ വൈകിട്ട് 5നു മുൻപു പമ്പയിൽ എത്തണം. 5 കഴിഞ്ഞാൽ അഴുത, മുക്കുഴി, കരിയിലാംതോട് തുടങ്ങിയ വലിയ താവളങ്ങളിൽ തങ്ങണമെന്നാണു വനം വകുപ്പിന്റെ നിർദേശം.

More