Friday 28 August 2020 03:33 PM IST

കോവിഡ് പോസിറ്റീവെന്ന് ഫലം! ടെൻഷനും സമ്മർദ്ദവും മണ്ണിലേക്കെറിഞ്ഞു, വറുതിയുടെ കാലത്ത് സാബു കൊയ്തത് നൂറുമേനി

Binsha Muhammed

sabu

കോവിഡ് പടിവാതിൽക്കലെത്തി നിൽക്കുമ്പോഴെ ഭീതിയുടെ തുഞ്ചത്തായിരിക്കും മലയാളി. ക്വാറന്റീനിൽ ടെൻഷനടിച്ച് ഉരുകിയൊലിച്ച് ദിവസങ്ങൾ തള്ളിനീക്കും നമ്മുടെ നാട്ടിലെ പ്രബുദ്ധർ. സമ്പർക്കം സംശയിച്ച് നിരീക്ഷണത്തിൽ പോകാൻ പറഞ്ഞാലും ഇതു തന്നെ ഗതി. സമ്മർദ്ദങ്ങളുടെ കൊടുമുടിയിലായിരിക്കും പലരും. ആവശ്യത്തിനും അനാവശ്യത്തിനുമുള്ള ആശങ്കയും അബദ്ധ പ്രചരണങ്ങളും വാട്സാപ്പ് ഫോർവേഡുകളും കൂടെയാകുമ്പോൾ ആകെമൊത്തം ബഹളമയമായിരിക്കും. മറുവശത്ത് യഥാവിധം മുൻകരുതലുകൾ എടുക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ പലരം കൈമലർത്തും. ഇവിടിയിതാ കോവിഡ് പിടിമുറുക്കിയപ്പോഴും കൂളായി നിന്ന് പ്രതിരോധത്തിന്റെ ഉദാത്ത മാതൃക തീർക്കുകയാണ് ഒരു അമേരിക്കൻ മലയാളി. അമേരിക്കയിലെ അറ്റ്ലാന്റയിൽ സ്ഥിരതാമസമാക്കിയ ഈ കോവിഡ് പേരാളിയുടെ പേര് സാബു കുര്യൻ. കോവിഡ് പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ക്വാറന്റീനിന്റെ ഇരുട്ടറകളിൽ നീറി പുകഞ്ഞില്ല അദ്ദേഹം... സമ്മർദ്ദങ്ങൾക്കു നടുവിൽ നിന്ന് ദിവസങ്ങൾ തള്ളിനീക്കിയതുമില്ല. പിന്നെയോ, സുരക്ഷ ലവലേശം പോലും കൈവിടാതെ ക്വാറന്റീൻ നാളുകൾ കൃഷിക്കായി മാറ്റിവച്ചു സാബു കുര്യൻ. ഭീതിയുടെ നാളുകളെ കൃഷിയുടെ പച്ചപ്പ് കൊണ്ട് പിടിച്ചു കെട്ടിയ അനുഭവം കോട്ടയം അതിരമ്പുഴയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ സാബു കുര്യൻ പങ്കുവയ്ക്കുമ്പോള്‍ നിറഞ്ഞ ചാരിതാർത്ഥ്യമായിരുന്നു മുഖത്ത്.

ടെൻഷനില്ലാ കോവിഡ് കാലം

അനാവശ്യ ഭയവും ടെൻഷനും നമ്മളെ അപകടത്തിലെത്തിക്കും എന്ന് ലാലേട്ടൻ പറഞ്ഞത് വെറുതെയല്ല കേട്ടോ... കോവിഡിന്റെ കാര്യത്തിൽ ഡയലോഗ് നൂറു ശതമാനം കറക്റ്റാ... ഇവിടെ നമുക്ക് അനാവശ്യ ഭീതിയല്ല വേണ്ടത്. നമ്മളെ ബാധിച്ചിരിക്കുന്ന രോഗത്തെക്കുറിച്ചുള്ള തിരിച്ചറിവാണ്. നമ്മളിലൂടെ മറ്റൊരാൾക്ക് രോഗം പിടിപ്പെടാതിരിക്കാനുള്ള സാഹചര്യം ഒഴിവാക്കുക. സ്വയം സുരക്ഷാ കവചമൊരുക്കുക. സാമൂഹ്യ അകലം പാലിക്കുക. അല്ലാതെ കോവിഡെന്നാൽ സ്വയം പഴിച്ചും, ടെൻഷനടിച്ചും ദിവസങ്ങൾ തള്ളിനീക്കുക എന്നല്ല. ഇവിടെ എന്നെ കോവിഡിനെ ജയിക്കാൻ പ്രേരിപ്പിച്ചത് കൃഷിയാണ്. അമേരിക്കൻ മണ്ണിലും ഞാന്‍ ഹൃദയത്തോടു ചേർത്തു നിർത്തിയ കൃഷി.

കുടുംബത്തിലെ ഒരു ആണ്ട് ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് ഞങ്ങൾ കുടുംബാംഗങ്ങൾ ആ സത്യം അറിഞ്ഞത്. ചടങ്ങിൽ സംബന്ധിച്ച ഒരാൾ കോവിഡ് ബാധിതനായിരുന്നു. തിരിച്ചറിഞ്ഞ പാടെ പലരും ജാഗ്രത പാലിച്ചു. സ്വയം നിരീക്ഷണത്തിൽ പോയി. ഞാനും കോവിഡെന്ന ആ അദൃശ്യനായ വില്ലനെ പ്രതീക്ഷിച്ചു. ഒടുവിൽ പ്രതീക്ഷ തെറ്റിക്കാതെ ലക്ഷണങ്ങളുടെ രൂപത്തിൽ കോവിഡ് എത്തി. ശാരീരികമായി എന്നെ തളർത്തിയില്ലെങ്കിലും. ചെറിയ പനിയും ചുമയുമൊക്കെ ഉണ്ടായിരുന്നു. ഒരു ദിവസം ഉറങ്ങാൻ പറ്റിയില്ല എന്നതൊഴിച്ചാൽ മറ്റ് ബുദ്ധിമുട്ടുകളുണ്ടായില്ല. പക്ഷേ പിടിമുറുക്കിയെന്ന് അറിഞ്ഞ നിമിഷം ‍ഞാൻ പോരാടാൻ തീരുമാനിച്ചു.

കരുതലോടെ മുന്നോട്ട്

വിരസമായ ഇവേളകളിൽ മാളുകളിലേക്കും തീയറ്ററുകളിലേക്കും ഇറങ്ങുന്ന പതിവ് രീതി കോവിഡ് കാലമായപ്പോൾ മാറ്റിവച്ചു എന്നു വേണം പറയാൻ. സാമൂഹ്യ അകലവും മുൻകരുതലുകളും പാലിച്ച് സ്വയം പ്രതിരോധം കൈമുതലാക്കി കൃഷിത്തോട്ടത്തിലേക്കിറങ്ങി. വീട്ടിൽ തന്നെ ഞാൻ നട്ടു നനച്ചു വളർത്തിയ പയർ, വെണ്ട, സ്വീറ്റ് പൊട്ടറ്റോ തുടങ്ങിയവയെ വേണ്ട വിധം പരിപാലിച്ചു. മുരിങ്ങ, പപ്പായ പ്ലാവ്, തുടങ്ങിയ വീട്ടുമുറ്റത്തെ അരുമകളെ മുൻപുള്ള കാലത്തേക്കാള്‍ കുറച്ചധികം ശ്രദ്ധിച്ചു. നാട്ടിലെ സൂപ്പർ സ്റ്റാറായ വാഴ, തക്കാളി, പാവൽ, വഴുതനങ്ങ, പടവലം എല്ലാം കോവിഡ് കാലത്ത് തഴച്ചു വളർന്നു.

ആ നിമിഷങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ എടുത്തു എന്നതല്ലാതെ കോവിഡ് ഭീതി അല്‍പം പോലും മനസിൽ‌ ഇല്ലായിരുന്നു. കോവിഡ് നെഗറ്റീവ് ആകുന്നതു വരെയും ആ ആശങ്കയ്ക്ക് സ്ഥാനമില്ലായിരുന്നു എന്ന് ചാരിതാർത്ഥ്യത്തോടെ പറയാനാകും. കോവിഡ് രോഗിയെ ഒറ്റപ്പെടുത്തുന്ന, അവനെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുന്ന കാഴ്ച നമ്മൾ കണ്ടു. അവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയയാളെ ഏത്തമിടീക്കുന്ന കാഴ്ചയും കണ്ടു. ഇതാണോശരിയായ കോവിഡ് പ്രതിരോധം? ഇവിടെ കോവിഡ് രോഗികളും നിരീക്ഷണത്തിലുള്ളവരും എല്ലാം സമൂഹവുമായി ഒറ്റപ്പെട്ട് നിൽക്കുകയല്ല ചെയ്യുന്നത്. അവർ മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നു, മാസ്ക് ധരിക്കുന്നു. മറ്റുള്ളവരിലേക്ക് രോഗം എത്താതെ ജാഗ്രത പാലിക്കുന്നു. അതല്ലേ ശരിയായ പ്രതിരോധം   വീണ്ടും പറയട്ടേ... കോവിഡിന്റെ പേരിൽ ഞങ്ങൾ ആരെയും ഒറ്റപ്പെടുത്തിയില്ല. കുറ്റം പറഞ്ഞില്ല. അകലം പാലിച്ച ഞങ്ങളുടെ മനസിലുണ്ടായിരുന്നു ഐക്യം. കോവിഡ് കാലത്ത് പങ്കുവയ്ക്കാനുള്ള സന്ദേശവും അതു തന്നെയായിരുന്നു.