Saturday 01 January 2022 02:34 PM IST : By അജയ് ഇളയത്

‘ചിക്കൻ കഴിച്ചിട്ട് കുറെ നാളായി സാർ’ എന്ന വാചകം മാറ്റിമറിച്ച ജീവിതം; സച്ചിന്റെ പഴയവീടിന്റെ സ്ഥാനത്ത് ഇന്ന് മനോഹരമായ കൊച്ചുവീട്, നന്മക്കാഴ്ച

sachin7675467888

ഇന്നലെ, 2021ന്റെ അവസാന ദിവസം മാള സ്റ്റേഷനിലെ സിപിഒമാരായ സജിത്തും മാർട്ടിനും വീണ്ടും സച്ചിന്റെ വീടു തേടിയെത്തി. കഴിഞ്ഞ ജൂണിൽ എത്തുമ്പോൾ പണി പാതിവഴിയിൽ മുടങ്ങി, ഇരുളടഞ്ഞ് കിടന്ന വീട്, തളർന്നുകിടക്കുന്ന ഗൃഹനാഥന്റെ കട്ടിലിനു ചുറ്റും പകച്ചു നിൽക്കുന്ന വീട്ടുകാർ. ആ കാഴ്ച മായാത്ത കണ്ണുകളോടെ ആ വീട്ടിലേക്ക് വീണ്ടുമുള്ള വരവ്. ഇന്നലെ അവർ അവിടെ കണ്ടത് ഈ പുതുവർഷത്തിന്റെ ഏറ്റവും തിളക്കമേറിയ നന്മക്കാഴ്ച. ആ പഴയവീടിന്റെ സ്ഥാനത്ത് അതിമനോഹരമായൊരു കൊച്ചുവീട്. അതിൽ നിന്നു പ്രകാശിക്കുന്ന മുഖവുമായി ഇറങ്ങിവരുന്ന സച്ചിനും അമ്മയും. തുണയായത് ‘മനോരമ’ വാർത്തയും മണപ്പുറം ഫൗണ്ടേഷനും.

sachun-homee4566

‘ചിക്കൻ കഴിച്ചിട്ട് കുറെ നാളായി സാർ’ എന്ന വാചകം ജീവിതം മാറ്റിമറിച്ച പന്ത്രണ്ടുകാരൻ വടമ മേക്കാട്ടിൽ സച്ചിനുള്ളതാണ് ഈ പുതുവർഷം. നാളെ പത്തിന് അവൻ മണപ്പുറത്തിന്റെ സാരഥികളിൽ നിന്ന് ആ വീടിന്റെ താക്കോൽ ഏറ്റുവാങ്ങും. കോവിഡ് ബാധിതരായ കുടുംബങ്ങളിലേയ്ക്കു ജനമൈത്രിയുടെ ഭാഗമായി ഫോൺ വിളിച്ച മാള പൊലീസിനോടാണ് സച്ചിൻ ചിക്കൻ കഴിക്കണമെന്ന ആവശ്യവും പ്രാരബ്ധവും പറഞ്ഞത്. സാധനങ്ങൾ വാങ്ങി നൽകാൻ നേരിട്ടെത്തിയ സിപിഒമാരായ സജിത്തിന്റെയും മാർട്ടിന്റെയും നെഞ്ചൊന്നു വിങ്ങി. അച്ഛൻ മാധവൻ 5 വർഷമായി തളർന്നു കിടക്കുന്നു. വീട്ടുവേലയ്ക്കു പോയി ആണ് അമ്മ ലതിക കുടുംബം പോറ്റിയിരുന്നത്.

savhjnn765vbnjjh

കോവിഡ് ബാധിച്ച് അമ്മയ്ക്കു പുറത്തിറങ്ങാൻ കഴിയാതായതോടെ വാതിൽ പൂർണമായി അടഞ്ഞു. ഇരുളടഞ്ഞ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു മാള പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ആ കോൾ. സച്ചിന്റെ വിഷമങ്ങൾ ‘മനോരമ’ പ്രസിദ്ധീകരിച്ചതോടെ ഒട്ടേറെ പേരാണ് സഹായവുമായി സച്ചിനെയും കുടുംബത്തെയുംതേടി എത്തിയത്. അതിൽ മണപ്പുറം ഫൗണ്ടേഷൻ 5 ലക്ഷം രൂപ ചെലവിട്ട് വീടു നിർമിക്കുകയായിരുന്നു. താക്കോൽ കൈമാറ്റം മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി.പി. നന്ദകുമാർ നിർവഹിക്കും.

sachiinn643432cg009
Tags:
  • Spotlight