Thursday 14 February 2019 03:47 PM IST : By സ്വന്തം ലേഖകൻ

പ്രഭാത കൃത്യത്തിനിടെ കടുവ കൊന്ന് തിന്ന മുന്നി! ഇങ്ങനേയുമുണ്ട് കുറേ ജീവിതങ്ങൾ; ഉള്ളുലയ്ക്കും കുറിപ്പ്

sahiya-hussain

സ്ത്രീ സമത്വവും സ്വാതന്ത്ര്യവും ചൂഷണങ്ങൾക്കെതിരെയുള്ള പ്രതിഷേധ സ്വരങ്ങളും നമ്മുടെ നാട്ടിൽ കൊണ്ടു പിടിച്ച വിഷയമാണ്. അശുദ്ധിയുടെ പേരിൽ പെണ്ണിനെ തീണ്ടാപാടകലെ നിർത്തുന്ന വിശ്വാസ വ്യവസ്ഥിതികളുടെ പേരിൽ പലരും ഘോര ഘോരം ശബ്ദം മുഴക്കിക്കൊണ്ടേയിരിക്കുന്നു. എന്നാൽ കേരളത്തിന്റെ അതിരുകൾ വിട്ട് അയൽ ദേശങ്ങളിലേക്കും അന്യ ദേശങ്ങളിലേക്കും ചേക്കേറുമ്പോൾ പെണ്ണിന്റെ സ്വത്വത്തേയും നിലനിൽപ്പിനേയും സ്വാതന്ത്ര്യത്തേയും കുറിച്ചുള്ള കാഴ്ചപാടുകൾ അടിമുടി മാറുകയാണ്. വേദനയുടെ തീച്ചൂളയിൽ വെന്തുനീറുന്ന പെണ്ണുടലുകളെ ഉത്തരേന്ത്യയിലടക്കം ഏറെ കാണാനുണ്ട്.

ആർപ്പോ ആർത്തവം അടക്കമുള്ള പുരോഗമന ആശയം പങ്കുവച്ച് പ്രബുദ്ധരാകുന്ന കേരളത്തിലെ സ്ത്രീകൾ ഇത്തരം അടിച്ചമർത്തലുകളിലേക്കും കണ്ണുപായിക്കണണെന്ന് പറയുകയാണ് സാഹിയ ഹുസൈൻ എന്ന യുവതി. പ്രാഥമിക ആവശ്യത്തിനായി ഇറങ്ങിത്തിരിക്കുന്നതിനിടെ കടുവ പിടിച്ച് കൊന്നു തിന്ന മുന്നീ ദേവി എന്ന സ്ത്രീയുടെ വാർത്തയിൽ നിന്നുമാണ് സാഹിയയുടെ നേരെഴുത്ത്. നമ്മൾ കൊട്ടിഘോഷിക്കുന്ന സമത്വത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും തീണ്ടാപാടിനപ്പുറം നിൽക്കുന്ന ജീവിതങ്ങളെ തുറന്നു കാട്ടുക കൂടി ചെയ്യുന്നു സാഹിയ. ‘വനിത ഓൺലൈനുമായി’ പങ്കുവച്ച കുറിപ്പിലാണ് സാഹിയയുടെ തുറന്നു പറച്ചിൽ.

സാഹിയയുടെ കുറിപ്പ് വായിക്കാം;

ഇന്നത്തെ ഒരു പത്രവാർത്തയാണ് നിമിത്തമായത് - രാജസ്ഥാനിലെ സവായ് മാധ്പൂറിൽ 40 വയസ്സു മാത്രമുള്ള മുന്നീ ദേവി എന്ന സ്ത്രീ തന്റെ പ്രഭാതകൃത്യത്തിനായി അതിരാവിലെ പോകവേ കടുവ പിടിച്ചു കൊന്ന് തിന്നു...

എന്റെ യാത്രകളിൽ, പലപ്പോഴും ഞാൻവന്നു പോകുന്നിടം..സവായ് മാധ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് സവായ് ചുറ്റിയുള്ള എന്റെ ഒറ്റപ്പെട്ട യാത്രകളിലൂടെ അത് എന്റെയും കൂടി ഇടമായതിനാൽ ഈ വാർത്ത... കേരളം, സ്ത്രീയുടെ ആർത്തവം പരസ്പരം പങ്കുവച്ചും , വയ്പ്പിച്ചും പരിശോധനാ ഫലങ്ങൾ പുറത്തുവിട്ട് "ആർപ്പോ " ഘോഷങ്ങളിൽ മുഴുകുകയാണ്. ഇവിടെ - വടക്കേ ഇന്ത്യയിൽ (ഇന്ത്യൻ സ്ത്രീത്വത്തിന്റെ യഥാർത്ഥ പരിപ്രേക്ഷ്യം എന്ന് ഞാനിതിനെ വിവക്ഷിക്കുന്നു) സ്ത്രീത്വം തന്റെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും ഇടമില്ലാതെ കൊടും തണുപ്പും, ചൂടും, ഇരുട്ടും വകയ്ക്കാതെ, ഉറക്കവും ക്ഷീണവും തീരാത്ത കണ്ണുകളെ വലിച്ച് തുറന്ന് വെട്ടം വീഴും മുന്നേ- നാട്ടുകാര് കാണും മുന്നേ- തന്നെ വൃത്തിയാക്കാൻ കയ്യിലൊരു കുപ്പിവെള്ളവുമായി, തല മൂടി, തന്റെ ചുറ്റുവട്ടത്തുള്ള മറ്റ് സ്ത്രീക്കൂട്ടങ്ങൾക്കൊപ്പം വേഗത്തിൽ നടക്കുകയാണ്.....

ദൂരങ്ങളിലേക്ക്... ആളൊഴിഞ്ഞ കുറ്റിക്കാടുകൾക്കിടയിലേക്ക് - കൂട്ടത്തോടെ നീങ്ങുന്ന ഈ പെൺകൂട്ടങ്ങൾക്ക് പറയാനുള്ള കഥകളിൽ പേടിയുണ്ട് - ഒറ്റയ്ക്കായാൽ സംഭവിക്കാവുന്ന ആപത്തുകളെ കുറിച്ചുള്ള പേടി -വന്യ -മൃഗങ്ങളുടേയും, മനുഷ്യരുടേയും, പാമ്പിന്റേയും ഒക്കെ പേടി.. തനിക്ക് തോന്നിയാലും ഇല്ലെങ്കിലും ഈ സമയം ഇതിനുള്ളതാണെന്ന തിരിച്ചറിവ്.. അടുത്തടുത്തിരുന്ന്, കഥ പറഞ്ഞ് ഒഴിയുന്ന ആ വയറുകളിൽ പട്ടിണിയുടേയും, പരിവട്ടത്തിന്റെയും, ഗതികേടിന്റെയും ഇരമ്പമുണ്ട്. പരാതികളില്ലായ്മയുടേയോ, അതിന്റെ പ്രയോജനമില്ലായ്മയുടേയോ നിസംഗതയുണ്ട്. വൃത്തിയുടെ കാതം താണ്ടലുകളുണ്ട്. നാണക്കേടിന്റെ വീർപ്പുമുട്ടലുണ്ട്. അന്നേക്ക് തീർക്കേണ്ട ജോലി ഭാരങ്ങളുടെ കണക്കുകളും, ചെയ്തു തീർത്തവയുടെ രേഖപ്പെടുത്താത്ത സംഖ്യകളുമുണ്ട്.

സ്ത്രീ ശാക്തീകരണം അവർക്ക് വിദ്യാഭ്യാസമോ, വാനിറ്റി ബാഗിന്റെ ഭാരമോ ഒന്നുമാകുന്നില്ല. മറിച്ച് കഠിനാദ്ധ്വാനത്തിലൂടെ പാടത്തും പറമ്പിലും വിളയിച്ചെടുക്കുന്ന ധാന്യങ്ങളാണ്. തന്റെ പൊക്കത്തിനൊപ്പം പറിച്ചു കൂട്ടുന്ന പുല്ലുകൾ തലയിലേന്തി കിലോമീറ്ററുകൾ നടന്ന് വീടെന്ന പുൽമാടങ്ങളിലെത്തി, ആടുമാടുകളുടെ കാലിത്തീറ്റയും, പാലും, പാലുൽപ്പന്നങ്ങളും ആണ്. കണക്കു പറയാതെ പ്രസവിച്ചുകൊണ്ടിരിക്കുന്ന സ്ത്രീത്വമാണ്. സിന്ദൂരരേഖ നിറയുന്ന ദീർഘസുമംഗലീ പ്രാർത്ഥനയും, ചുവന്ന വട്ടപൊട്ടും കൺമഷിയും, മൂക്കുത്തിയും, നിറ വളകിലുക്കങ്ങളും, മിഞ്ചിയും, കൊലുസും, കടും നിറങ്ങളിലെ തല മൂടിയ സാരിയും അതിനടിയിൽ വിരിയുന്ന ചുവന്ന ചുണ്ടികളിലെ മന്ദസ്മിതവുമാണ്. തന്റെ കൈയ്യിൽ കുഴഞ്ഞ് തീരുന്ന കിലോ ക്കണക്കിന് ഗോതമ്പ് മാവിന്റെ റൊട്ടികളാണ്. പാറപോലുറച്ച കൈകളിലും വിരലുകളിലും അവരുടെ മാഞ്ഞു പോയ കൈരേഖകളെ അവർ പോലും തേടുന്നതോ, പരാതിപ്പെടുന്നതോ, കലഹിക്കുന്നതോ കണ്ടിട്ടില്ല. എപ്പോഴും കൊത്തിവച്ച ശില്പത്തിന്റെ ദൃഢഭാവമുൾക്കൊണ്ട് എന്തെങ്കിലും പണികളിൽ വ്യാപൃതരായിരക്കുന്ന അവർക്ക് മുന്നിൽ സ്ത്രീയായി പിറന്നതിന്റെ ശക്തി ജീവിതത്തിൽ കാണിക്കുന്നതിനുള്ള ധൃതിയാണ്.

അവിടെ സ്ത്രീ സഹജ വികാരങ്ങൾ അപൂർവ്വമായ വിരുന്നുകാരാണ്. പെൺ കൂട്ടായ്മകളിൽ പറഞ്ഞു തീർക്കുന്ന കഥളിൽ, വികാര വിരേചനം സംഭവിച്ച ഒരു കൂട്ടം കാരിരുമ്പ് സ്ത്രീകൾ .. മുന്നീ ദേവിയും അവരിലൊരാളായിരുന്നിരിക്കണം.. "ഒറ്റക്ക് പോകരുതെന്ന "- തലമുറകളുടെ ഉപദേശത്തെ അത്യാവശ്യം കൊണ്ട് അവഗണിച്ചതാണ് അവളുടെ ജീവിതം ഇല്ലാതാക്കിയത്. അവൾ തന്റെ സ്ത്രീ കൂട്ടായ്മയിൽ നിന്നും -അത്യാവശ്യം കൊണ്ട് കൂട്ടം തെറ്റിയിറങ്ങി - മാൻ പേടയുടെ നിസ്സഹായതയോടെ - തന്റെ പിഞ്ചു മക്കളെ ഓർത്തുകൊണ്ട് ' ഭർത്താവിനേയും ' അച്ഛനേയും അമ്മയേയും ഓർത്ത് കൊണ്ട്, ദൈവത്തിനെ വിളിച്ചു കൊണ്ട്, കടുവയ്ക്കിരയായപ്പോൾ - നമ്മൾ കേരള സ്ത്രീകൾ attached toilets കളിൽ ശാക്തീകരിക്കപ്പെടുകയാണ്.

വിദ്യാഭ്യാസവും, തുറന്നിട്ട തൊഴിലിടങ്ങളും, വേഷഭൂഷാദികളിലെ സ്വാതന്ത്ര്യവും, അന്ന, മത വിശ്വാസങ്ങളിലെ വിശാലതയും നന്നായി ആസ്വദിക്കുന്നവർ. ലിംഗസമത്വം ലോക നീതിയായി വേണമെന്ന് ശഠിക്കുന്നവർ. സ്ത്രീയായതിൽ അഭിമാനിക്കുന്നവർ. വളരാൻ സാഹചര്യം കിട്ടിയതുകൊണ്ടും, ജീവിക്കാൻ അവസരങ്ങൾ നേടിയതുകൊണ്ടും - അഭിമാനമുണ്ടായി. ..... ഈ അഭിമാനം വളരെക്കാലങ്ങൾ കഴിഞ്ഞു മാത്രമുണ്ടായതാണ്. യഥാക്രമം സാഹചര്യവും, അവസരവും കഴിഞ്ഞു മാത്രം... പക്ഷേ അതിനു ശേഷവും ആത്മപരിശോധനകൾ അത്യാവശ്യമെന്ന് തോന്നാറുണ്ട്. മകളെന്ന, സഹോദരിയെന്ന, ഭാര്യയും അമ്മയും മരുമകളുമെന്ന നിലയിൽ, വിദ്യാർത്ഥിയും, അധ്യാപികയും....So and So: ..എന്തിന് അയൽവാസിയും, സഹയാത്രികയും, സാമൂഹിക ജീവിയും എന്നൊക്കെനിലയിൽ: മാർക്കിടേണ്ടതുണ്ട്.. തോൽവികളിൽ വിജയത്തിനായി പരിശ്രമിക്കേണ്ടതുണ്ട്. ഗ്രേസ് മാർക്കിന്റെ അനുകമ്പ ഇല്ലാതെ തന്നെ. അതു കൊണ്ടു തന്നെ തന്റെ സ്ത്രീത്വത്തിന് "തീണ്ടാരി" കൽപ്പിക്കാൻ ആർക്കും അനുവാദം കൊടുക്കേണ്ടതില്ല.. തന്റെ സമൂഹത്തിന്റെ ആർജ്ജവത്തെ മാനിച്ചുകൊണ്ടുതന്നെ ദേശീയ / ലോക സ്ത്രീത്വത്തിന്റെ സാമാന്യ നിലവാരം കണ്ടറിഞ്ഞ് ആത്മാഭിമാനത്തോടെ ജീവിത ഉദ്ദേശ്യങ്ങൾ നിറവേറ്റാം _ ഒരു "കടുവ " യ്ക്കും ഇരയാകാതെ ആത്മാഭിമാനത്തോടെ, ശേഷിപ്പുകളോടെ ....

റീമ ശ്യാം , 03 - 02 - 2019.