എണ്‍പതുകളിലാണു സംഭവം. കോഴിക്കോട് വാണിമേലിനടുത്ത് ഭൂമിവാതുക്കൽ എൽപി സ്കൂളിലെ അ ഞ്ചാം ക്ലാസുകാരി െെസന െെവകിട്ട് വീട്ടിലെത്തിയപ്പോള്‍ ഉമ്മ വലിയൊരു വാര്‍ത്തയുമായി കാത്തിരിക്കുന്നുണ്ടായിരുന്നു. വാത്സല്യത്തോെട അവളെ ചേര്‍ത്തു നിര്‍ത്തി ഉമ്മ പറഞ്ഞു, ‘അടുത്താഴ്ച അനക്ക് നിക്കാഹാണ്...’
പറഞ്ഞുറപ്പിച്ചതു പോലെ വാണിമേൽ പടയൻ കുടുംബത്തിൽ കല്യാണം നടന്നു. പടയൻ അബ്ദുൾ ഹാജിയുടെ മകൾ പതിനൊന്നുകാരി സൈനയെ ടി.വി.പി അഹമ്മദ് കുഞ്ഞഹമ്മദ് കുട്ടി വിവാഹം കഴിച്ചു. അവര്‍ക്കുണ്ടായത് ആറു പെൺമക്കള്‍. ആറു പേരേയും ഡോക്ടര്‍മാരായി വളർത്തിയെടുത്ത കഥ പറയുമ്പോള്‍ ഇപ്പോഴും സന്തോഷം െകാണ്ടു െെസനയുെട കണ്ണു നിറയും. എല്ലാവരും ഒത്തുകൂടുന്ന നിമിഷങ്ങളില്‍ ആനന്ദത്തിന്‍റെ മത്താപ്പൂ അവിെട വിരിയും.
ഏഴു മനസ്സുകളുടെ സന്തോഷവും ചിരിയും നിറയുന്ന വീട്ടിലിരുന്ന് ആറു മക്കളും ഉറപ്പിച്ചു പറയുന്നു, ‘‘ഡോക്ടറാകാൻ ഉമ്മയോ ഉപ്പയോ ഞങ്ങളെ ഒരിക്കൽപ്പോലും നിർബന്ധിച്ചിട്ടില്ല. അവരുടെ ഇഷ്ടം ഞ ങ്ങളുടേയും ഇഷ്ടമായി മാറിയതാണ്. ഈ ഉമ്മയ്ക്കും ഉപ്പയ്ക്കും മക്കളായി ജനിച്ചതാണു ഞങ്ങളുടെ ഭാഗ്യം.’’
ഡോക്ടർ കുടുംബത്തിലെ മൂത്തവള്‍ ഫാത്തിമ, അ ബുദാബി സായിദ് െെസനിക ആശുപത്രിയില്‍ ജോലി ചെയ്യുന്നു. കോഴിക്കോട് കെഎംസിടി െഡന്‍റല്‍ േകാളജ് ആന്‍ഡ് ഹോസ്പിറ്റലിലാണ് രണ്ടാമത്തെ മകള്‍ ഹാജിറ. ഇനിയുള്ള രണ്ടുപേര്‍ ദുബായില്‍ ആണ്. ആയിഷ അല്‍ അറബ് യൂണിറ്റി ക്ലിനിക്കിലും െെഫസ അല്‍ നൂര്‍ ക്ലിനിക്കിലും. അഞ്ചാമത്തെ മകള്‍ റൈഹാന ചെെന്നെ ബാലാജി മെഡിക്കല്‍ േകാളജ് ആന്‍ഡ് േഹാസ്പിറ്റലിലും ഇളയവള്‍ അമീറ മംഗലാപുരം യെനപോയ മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലും ആണ്.
വായനയിലൂടെ വലുതായ കുടുംബം
കല്യാണം കഴിഞ്ഞ് അഞ്ചെട്ടു മാസം കഴിഞ്ഞാണ് െെസന നാദാപുരത്തെ ഭർത്താവിന്റെ വീട്ടിലെത്തിയത്. ‘‘ഒരു ചെറിയ പേപ്പർ കിട്ടിയാലും അതിലുള്ളത് വായിക്കാതെ അദ്ദേഹം കളയുമായിരുന്നില്ല. വായന തന്നെയായിരുന്നു ജീവിതം.’’ െെസന ഒാര്‍ക്കുന്നു. ‘‘നല്ല ക്ഷമയുള്ള ആളായിരുന്നു. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ തുടങ്ങിയെങ്കിലും ഞങ്ങളുടെ കുടുംബജീവിതം നല്ലതായിരുന്നു. കളിയും ചിരിയുമൊക്കെയായി എപ്പോഴും സന്തോഷം തന്നെ. ഗൗരവമുണ്ടെങ്കിലും ആറു മക്കൾക്കും നല്ല സുഹൃത്തായിരുന്നു ഉപ്പ.
കല്യാണം കഴിഞ്ഞും പഠിക്കാരുന്നു എനിക്ക്. എന്തോ അന്നങ്ങനെയൊന്നും തോന്നീല്ല. ക്ലാസില്‍ ഒന്നാം കുട്ടി ഞാനായിരുന്നു. മാത്രോല്ല സ്പോർട്സിനും പാട്ടിനും ഒ ക്കെയുണ്ടാർന്നു. കല്യാണം കഴിഞ്ഞാൽ ഭർത്താവിനേം വീട്ടുകാര്യോം ഒക്കെ നോക്കിയാൽ മതിയെന്ന തോന്നലായിരുന്നു അന്ന്.
കല്യാണം കഴിഞ്ഞ സമയത്ത് അഹമ്മദ് കുട്ടിക്ക് മദ്രാസിൽ ഹോട്ടൽ ബിസിനസായിരുന്നു. പിന്നെ ഗൾഫിലേക്കു പറന്നു. അവിടെ പെട്രോളിയം കമ്പനിയിൽ ഭക്ഷണവിതരണത്തിന്റെ ജോലിയായിരുന്നു. പിന്നെ, കമ്പനിയിലെ പൈപ്‍ലൈനുകളിൽ പെയിന്റടിക്കുന്ന ജോലി, പ്ലാന്‍റ് ഒാപ്പറേറ്റര്‍ അങ്ങനെ പല ചുമതലകളും കിട്ടി.
ഖത്തറിലെ എംഇഎസ് സ്കൂളിലായിരുന്നു മക്കളുടെ വിദ്യാഭ്യാസം. ഇളയവര്‍ ആറാം ക്ലാസിലെത്തിയപ്പോഴായിരുന്നു അഹമ്മദ്കുട്ടിയുടെ റിട്ടയർമെന്റ്. കുറച്ചുകാലം കൂടി ഖത്തറിൽ തുടർന്നശേഷം സൈനയുടെ ആഗ്രഹപ്രകാരം നാട്ടിലേക്ക്.‘ഒരാൺകുട്ടി കൂടി വേണമെന്ന് അന്നൊക്കെ തോന്നിയിരുന്നു.’’ െെസന പറയുന്നു. ‘‘ആണായാലും പെണ്ണായാലും നന്നായി പഠിച്ച് ജീവിതമാർഗം നേടണം. അ വരെക്കൊണ്ട് സമൂഹത്തിനും ഉപകാരമുണ്ടാകണം’ അതായിരുന്നു അദ്ദേഹത്തിന്‍റെ മനോഭാവം.
വാണിമേൽ എന്റെ കുടുംബവീടിനടുത്ത് ഒരു നായർ തറവാടുണ്ട്. അവിടെ എല്ലാവരും നല്ല വിദ്യാഭ്യാസമുള്ളവരാണ്. മാഷ്മാര്, ഡോക്ടർ, പട്ടാളക്കാരൻ, പൊലീസ്... എല്ലാരും നല്ല ഉദ്യോഗസ്ഥര്‍. എന്റെ കുടുംബവുമായി നല്ല അടുപ്പമാണവർക്ക്. അതു കണ്ടു വളര്‍ന്ന കൊണ്ടാകും മക്കളെ പഠിപ്പിക്കണമെന്ന മോഹം എനിക്കുണ്ടായത്. ‘ഇത്ര കഷ്ടപ്പെട്ട് പെൺമക്കളെ പഠിപ്പിക്കുന്നതെന്തിനാണെന്ന്’ കുടുംബത്തില്‍ പലരും ചോദിച്ചിട്ടുണ്ട്.
കല്യാണം കഴിപ്പിച്ചു വിടുന്നതല്ലേ പ്രധാനം, വെറുതെ മെനക്കെടുന്നതെന്തിന്, ഭർത്താക്കന്മാർ ചെലവിന് അവരെ സംരക്ഷിച്ചോളുവല്ലോ എന്നൊക്കെ പറഞ്ഞവരുണ്ട്... പക്ഷേ, അതൊന്നും ഞാന്‍ ചെവിക്കൊണ്ടില്ല. മക്കളുടെ കല്യാണക്കാര്യം വന്നപ്പോഴും ഞാനതു ശ്രദ്ധിച്ചു. അവർക്ക് പഠിക്കാനും ജോലി ചെയ്യാനും സാഹചര്യമില്ലാത്ത ഒരു ബന്ധോം വേണ്ടെന്ന് ഉറപ്പായിരുന്നു.’’
ഫാത്തിമയും ഹാജിറയും ആയിഷയും ഫൈസയും പ ങ്കാളികളാക്കിയതു ഡോക്ടര്‍മാരെ തന്നെ. െെറഹാനയുടെ ഭര്‍ത്താവിനു ബിസിനസ്. അമീറ വിവാഹിതയല്ല.

തനിയേ പൊരുതിയ യുദ്ധങ്ങൾ
‘‘മക്കളെന്തു പറയുന്നോ അതു തന്നെയായിരുന്നു അവരുടെ ഉപ്പയുടെയും ഇഷ്ടം. വാപ്പയാണ് പഠിക്കുമ്പോഴൊക്കെ മക്കൾക്കൊപ്പമിരിക്കുമായിരുന്നത്. മക്കൾക്കു ട്യൂഷൻ കൊടുത്തിട്ടില്ല. വിദേശത്ത് ട്യൂഷനു വിടലും ബുദ്ധിമുട്ടായിരുന്നു. രണ്ടാമത്തെ മകൾ ഹാജിറയ്ക്ക് ആറാം ക്ലാസിൽ കണക്ക് അൽപം ബുദ്ധിമുട്ടായി. അന്ന് ട്യൂഷൻ ഏർപ്പാടാക്കി. അവൾ ഉയര്‍ന്ന മാര്‍ക്കോടെ ജയിച്ചു. ആ വർഷം മാത്രമാണ് ട്യൂഷനെ ആശ്രയിക്കേണ്ടി വന്നത്.
എല്ലാ പരീക്ഷയ്ക്കും നൂറിൽ നൂറ് വാങ്ങണം, മറ്റു കുട്ടികള്‍ വാങ്ങിയതിലും കൂടുതല്‍ വേണം എന്നൊന്നും അദ്ദേഹം ഒരിക്കലും പറഞ്ഞിരുന്നില്ല. മാര്‍ക്കിന്‍റെ പേരില്‍ കുട്ടികളെ താഴ്ത്തിയും താരതമ്യം ചെയ്തും വീട്ടില്‍ സംസാരിക്കില്ല. ഓരോരുത്തരുടെയും കഴിവിനനുസരിച്ച് തനിയെ പഠിച്ചു നേടിയതാണ് എല്ലാം. എപ്പോഴും പിന്നിൽ സഹായത്തിന് ആളുണ്ടെന്നു തോന്നിയാൽ അവരുടെ കഴിവുകൾ പുറത്തു വരില്ലല്ലോ. ഉയർന്ന വിദ്യാഭ്യാസം വേണമെങ്കിൽ നിങ്ങള്‍ തന്നേ പഠിക്കണമെന്നു പറയുമായിരുന്നു. അതല്ലാതെ സമ്മർദങ്ങളൊന്നുമില്ല.’’
അഹമ്മദ് കുട്ടിക്ക് ഡോക്ടറാകണമെന്നു മോഹമുണ്ടായിരുന്നു. അന്നത്തെ സാഹചര്യങ്ങളിൽ അതു നടന്നില്ല. ഉ പ്പയുടെ ആ ആഗ്രഹം മൂത്തമകൾ ഫാത്തിമയുടെ മനസ്സിലേക്കും കയറിക്കൂടി. പിന്നെ, ഫാത്തിമയാണ് മറ്റുള്ളവർക്ക് മാതൃകയായത്. ഫാത്തിമയെക്കണ്ട് അവരും ഡോക്ടാറാകാൻ പഠിക്കണമെന്ന് സ്വപ്നം കണ്ടു.
‘‘മൂന്നാമത്തെ മകള്‍ ആയിഷക്ക് നിയമം പഠിച്ചു വക്കീലാകാന്‍ ചെറിയൊരു ആഗ്രഹം വന്നു. പക്ഷേ, ഞങ്ങടെ നാട്ടിൽ എൽഎൽബി പഠിച്ചാലും പ്രാക്ടീസിനു പോകുന്നത് അപൂർവമാണ്. മിക്കവരും പഠിക്കും പിന്നെ, കല്യാണവും കുട്ടികളുമായി ജോലിക്കു പോകണ്ടെന്നു വയ്ക്കും. ഡോക്ടർ ജോലി അങ്ങനെയല്ല. അതു കാരണം അവളോട് എംബിബിഎസിനു ചേര്‍ന്നിട്ട് ഇഷ്ടമായില്ലെങ്കിൽ എൽഎൽബിക്കു പൊയ്ക്കോളാൻ പറഞ്ഞു. പഠിച്ചു തുടങ്ങിയതോടെ ആയിഷയും മനസ്സു കൊണ്ട് ഡോക്ടറായി.
ഇപ്പോഴവളോട് ഞാൻ പറയാറുണ്ട്, പഠിക്കാൻ പോകാൻ സാഹചര്യങ്ങൾ ഒരുക്കിത്തരാം. അന്നത്തെ ആഗ്രഹം പൂർത്തിയാക്കിക്കോളൂ എന്ന്. പക്ഷേ, ആ ആഗ്രഹം ഇപ്പോ പറയാറില്ല.’’
ഭൂമിയും മറ്റു സ്വത്തും സമ്പാദിക്കുന്നതിനേക്കാൾ വലുതാണ് കുട്ടികളുടെ വിദ്യാഭ്യാസം എന്നായിരുന്നു അഹമ്മദ് കുട്ടിയുടെ അഭിപ്രായം. മക്കളെ പഠിപ്പിക്കാനുള്ള ഫീസൊക്കെ അദ്ദേഹം തന്നെ കണ്ടെത്തി. നാട്ടിലും വിദേശത്തുമൊക്കെയായി കുട്ടികൾ ഉന്നതപഠനം പൂർത്തിയാക്കി.
ഫാത്തിമ യുകെയില്‍ േപായാണ് എംആർസിപി പൂർത്തിയാക്കിയത്. രണ്ടാമത്തവൾ ഹാജിറ ബിഡിഎസ് പൂർത്തിയാക്കി പിജി പഠനത്തിലാണ്.

‘‘പത്തുവര്‍ഷം മുൻപായിരുന്നു അഹമ്മദ്കുട്ടിയുെട പെട്ടെന്നുള്ള മരണം. അന്നു നാലാമത്തെയാൾ എംബിബി എസ് ആദ്യവർഷം പഠിക്കുന്നേയുള്ളൂ. ഇളയവര്‍ രണ്ടുപേരും സ്കൂളില്‍. കുട്ടികളെ പിരിഞ്ഞിരിക്കാൻ വലിയ സങ്കടമുള്ളയാളായിരുന്നു അദ്ദേഹം. പക്ഷേ, അദ്ദേഹത്തെ ആ ദ്യം െെദവം വിളിച്ചു. പിന്നെ, കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റെല്ലാ ആവശ്യങ്ങൾക്കും ഞാൻ തന്നെ പോകാൻ തുടങ്ങി. അദ്ദേഹം തുടങ്ങി വച്ചത് പൂർത്തിയാക്കി എന്നു പറയാം.
അദ്ദേഹത്തിന്‍റെ േവര്‍പാടു കഴിഞ്ഞ് രണ്ടു മൂന്നു കൊല്ലം വലിയ പ്രയാസമായിരുന്നു. പിന്നെ, മക്കൾക്കുവേണ്ടി ഞാൻ ഒറ്റയാൾപ്പോരാട്ടം തുടങ്ങി. കഷ്ടപ്പാടുകള്‍ കണ്ടും അറിഞ്ഞും വളര്‍ന്നതു െകാണ്ട് ഏറ്റവും പാവപ്പെട്ട രോഗികളിൽ നിന്നു പൈസ വാങ്ങരുതെന്നു ഞാൻ മക്കളോട് പറയാറുണ്ട്.’’
കത്തിച്ചു തെളിച്ചെടുത്ത ഭാവി
‘‘ഒരാളു പോലും വഴുതിപ്പോകാതെ എല്ലാവരും എങ്ങനെ ഒരേ വഴിയിൽ തന്നെ വന്നുവെന്നു പലരും അതിശയത്തോട ചോദിക്കാറുണ്ട്.’’ അമീറ പറയുന്നു. ‘‘ഉമ്മ ഇക്കാര്യങ്ങളിൽ വളരെ ശ്രദ്ധിച്ചിരുന്നു. ഞങ്ങൾ മനസ്സിൽ കാണുന്നത് ഉമ്മ മാനത്തു കാണും. ആയിഷ പ്ലസ് വണ്ണിനു പഠിക്കുന്ന സമയം അത്യാവശ്യം ഉഴപ്പിയിരുന്നു. പാഠപുസ്തകങ്ങള്‍ക്കു പകരം നോവലും കഥാപുസ്തകങ്ങളും വായിച്ചു രസിച്ചിരിക്കും. കുറേക്കാലം ഉമ്മ ഇതു ശ്രദ്ധിച്ചു. പിന്നെ ഉപദേശിച്ചു. പ്രഫഷനൽ കോഴ്സിനു പോകാൻ പറ്റിയില്ലെങ്കില്‍ ആരെയെങ്കിലും കണ്ടുപിടിച്ച് കെട്ടിച്ചങ്ങു വിടും. എന്നു ഭീഷണിപ്പെടുത്തി. ഇതുകേട്ടിട്ടൊന്നും ആയിഷ കുലുങ്ങാതെ ഉഴപ്പു തുടര്‍ന്നു.
ഒരു ദിവസം ആയിഷ സ്കൂളീന്നു വരുമ്പോ ഉമ്മ എന്തൊക്കെയോ കൂട്ടിയിട്ടു കത്തിക്കുന്നു. ആയിഷ വായിക്കാനെടുത്തു വച്ചിരുന്ന മാസികകളും പുസ്തകങ്ങളുമായിരുന്നു അത്. ‘അയ്യോ അതു ഞാൻ ലൈബ്രറിയിൽ നിന്നെടുത്തതാ. തിരിച്ചു കൊടുക്കണം.’ എന്നു പറഞ്ഞ് ആയിഷ ബേജാറായി. ‘അതു നിന്റെ പ്രശ്നം. എന്റെയല്ല.’ എന്നായിരുന്നു ഉമ്മയുടെ ഉത്തരം. ഇങ്ങനെ ഉമ്മ െചയ്ത ചില ‘കടുംകൈകളൊ’ക്കെയാണ് ഞങ്ങളെ ഇന്നീ നിലകളില്‍ എത്തിച്ചത്. അതുകൊണ്ട് അഭിമാനത്തോടെയല്ലാതെ അവരെക്കുറിച്ച് ഒാര്‍ക്കാനോ ഒരക്ഷരം പറയാനോ സാധിക്കില്ല.’’
ഉപ്പ പറയും യൂ കാൻ ഡൂ ബെറ്റർ
‘‘വീട്ടില്‍ വട്ടമേശയ്ക്കു ചുറ്റുമിരുന്നായിരുന്നു ഞങ്ങളുെട പഠനം. മൂന്നാം ക്ലാസു വരെ ഉപ്പ കൂടെയിരുത്തി പഠിപ്പിക്കും.’’ ഫാത്തിമ ഒാര്‍ക്കുന്നു. ‘‘ചിട്ടയും ലക്ഷ്യബോധവുമൊക്കെ ഉപ്പയെക്കണ്ടാണു ഞങ്ങള്‍ പഠിച്ചത്. ഡോക്ടറാകണമെന്നു പറയുകയോ നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ല. പക്ഷേ, ഈ ജോലിയുടെ പ്രത്യേകതകളും സമൂഹത്തിന് അതുകൊണ്ടുള്ള ഉപകാരവും പലപ്പോഴായി പറഞ്ഞു തരും. അങ്ങനെ കേട്ടുകേട്ട് ഡോക്ടറാകുന്നതേ ഞങ്ങൾക്കു സങ്കൽപിക്കാൻ പറ്റുമായിരുന്നുള്ളൂ.
പ്രോഗ്രസ് കാർഡ് വീട്ടിൽ കൊണ്ടു വരുന്നത് ഇപ്പോഴും നല്ല ഓർമയുണ്ട്. ഒാരോ വിഷയത്തിന്‍റെ യും മാര്‍ക്കൊക്കെ നോക്കി ഉപ്പ സ്നേഹത്തോടെ തോളിൽ തട്ടി പറയും, ‘മോള് സ്വന്തമായി പഠിച്ച് നേടിയതല്ലേ. ഇതു മോശമില്ല. പക്ഷേ, മോളുടെ മുഴുവൻ കഴിവും ഇനിയും ഉപയോഗിച്ചിട്ടില്ല. യു കാൻ ഡു ബെറ്റർ.’
അതൊരു വലിയ പ്രോത്സാഹനമായിരുന്നു. ഇ നിയും നന്നായി പഠിക്കാൻ പ്രചോദനമായിരുന്നു. പെൺമക്കളെ സാമ്പത്തിക ബാധ്യതയായും ഭാരമായും കാണുന്ന ചിന്താഗതിയേ ആയിരുന്നില്ല അവരുടേത്. സഹോദരന്മാർ ഇല്ലാത്തതുകൊണ്ട് മക്കള്‍ക്കു സ്വന്തം കാലിൽ നിൽക്കാനും മറ്റുള്ളവർക്കു സഹായമാകുന്ന തൊഴിൽ ചെയ്യാനും പ്രാപ്തിയുണ്ടാകണമെന്നവർ ചിന്തിച്ചു. ഞങ്ങളുടെ വിവാഹത്തിനു വേണ്ടിയല്ല, പഠനത്തിനു വേണ്ടിയാണ് അദ്ദേഹം പണം സമ്പാദിച്ചത്. ‘വിവാഹം അതതിന്റെ സമയത്ത് നടക്കും’ എന്ന മട്ടായിരുന്നു. അങ്ങനെ തന്നെ നടക്കുകയും ചെയ്തു.’’
ഡെൽന സത്യരത്ന
ഫോട്ടോ : അജീബ് കൊമാച്ചി