Friday 19 November 2021 04:16 PM IST : By സ്വന്തം ലേഖകൻ

അന്യനാട്ടിലെത്തിയിട്ടും അറ്റുപോയില്ല നാടുമായുള്ള ബന്ധം: മരണമെത്തിയത് നാട്ടിലേക്ക് വരാൻ ഒരുങ്ങവേ: വേദനയായി സാജൻ മാത്യു

sajan-mathew

മസ്‌കിറ്റ് സിറ്റിയിലെ (ഡാലസ് കൗണ്ടി) നോർത്ത്  ഗാലോവേ അവന്യുവിൽ ഡോളർ സ്റ്റോർ നടത്തിയിരുന്ന മലയാളിയായ സാജന്‍ മാത്യൂസ് (സജി 56) വെടിയേറ്റ് മരിച്ച കേസിൽ 15 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 17 ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം

കൊലക്കേസ് ചാർജ് ചെയ്തെങ്കിലും അക്രമിയുടെ പേരോ ഫോട്ടോയോ പൊലീസ് പുറത്തു വിട്ടിട്ടില്ല. പ്രതിക്കു പ്രായപൂർത്തി ആകാത്തതിനാൽ ജുവനൈൽ കോടതിയിലാണോ വിചാരണ ചെയ്യുകയെന്നു വ്യക്തമല്ല. ബുധനാഴ്ച്ച ഉച്ചക്ക് 2 മണിയോടെ സ്റ്റോറിലെത്തി അക്രമി പണം ആവശ്യപ്പെട്ടു. കിട്ടാതെ വന്നപ്പോൾ കാറിലേക്ക് മടങ്ങി. തിരികെ പോയോ എന്നറിയാൻ കടയുടെ വാതിൽ തുറന്ന് സാജൻ നോക്കിയപ്പോൾ വെടിവെയ്ക്കുകയായിരുന്നു. വയറിൽ ഒന്നിൽ കൂടുതൽ തവണ  വെടിയേറ്റ സാജൻ നടന്നാണ് ആംബുലൻസിൽ കയറിയത് എന്നും പറയപ്പെടുന്നു. പെട്ടെന്നു പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അറ്റുപോയില്ല നാടുമായുള്ള ബന്ധം

അമേരിക്കയിലേക്കു ചേക്കേറിയെങ്കിലും നാടും വീടുമായുള്ള ബന്ധം അറ്റുപോകാതെ കാത്തിരുന്ന ആളായിരുന്നു ഡാലസിൽ വെടിയേറ്റു മരിച്ച ചെറുകോൽ സ്വദേശി സാജൻ മാത്യൂസ്. വർഷത്തിൽ രണ്ടു തവണ നാട്ടിൽ വന്നിരുന്ന സാജൻ ഒന്നര വർഷം മുൻപ് പിതാവിന്റെ മരണം വരെ ഈ പതിവ് തുടർന്നു. അടുത്ത മാസം വീണ്ടും വരാനിരിക്കെ സാജന്റെ വേർപാടിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

പിതാവിന്റെ മരണത്തെ തുടർന്നു ഒന്നര വർഷം മുൻപാണ് സാജൻ അവസാനമായി നാട്ടിൽ എത്തിയതെന്നു സഹോദരൻ ജോൺ മാത്യു പറഞ്ഞു.തന്നെക്കാൾ 14 വയസ്സിന് ഇളയതായിരുന്നു സാജനെന്നും ഏറെ അടുപ്പമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എല്ലാക്കാര്യങ്ങളും തന്നോട് ചോദിച്ചു മാത്രമാണ് ചെയ്തിരുന്നത്. തന്റെ വീടിന് അടുത്തായി ഒരു വീട് വയ്ക്കണമെന്ന് സാജൻ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ വീടുവച്ചു. പക്ഷേ മൂന്ന് അവധിക്കാലം മാത്രമാണ് സാജനും കുടുംബവും അതിൽ താമസിച്ചത്. പിതാവിന്റെ മരണത്തിന് ശേഷം ഇതുവരെ നാട്ടിൽ വന്നിരുന്നില്ല.

ഇടയ്ക്ക് നാട്ടിലേക്ക് വരാൻ ആലോചിച്ചെങ്കിലും താൻ ചികിത്സയിലാണെന്നും അസുഖം കുറഞ്ഞതിനു ശേഷം വന്നാൽ മതിയെന്നും അന്ന് സാജനോടു പറഞ്ഞിരുന്നതായി ജോൺ മാത്യു ഓർക്കുന്നു. അങ്ങനെയാണു യാത്ര ഡിസംബറിലേക്കു നീട്ടിയത്. അതിങ്ങനെ ആയിത്തീരുമെന്ന് ഓർത്തില്ല. 2 മാസം മുൻപാണ് സാജന്റെ മൂത്തമകളുടെ കല്യാണം നടന്നത്. ശിവമൊഗ്ഗയിൽ നിന്ന് ഫാർമസി ബിരുദം നേടിയാണ് സാജൻ ആദ്യം ഗൾഫിൽ ജോലിക്ക് പോകുന്നത്. സഹോദരൻ ജോൺ മാത്യുവും ഏറെക്കാലവും ഗൾഫിൽ ആയിരുന്നു. മാധ്യമങ്ങളിൽ കൂടി വന്ന വാർത്തയല്ലാതെ മറ്റുവിവരങ്ങൾ ഒന്നും തന്നെ തങ്ങൾക്ക് അറിയില്ലെന്നും സഹോദരൻ പറഞ്ഞു. അവിടെയുള്ളവരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായില്ലെന്നും അദ്ദേഹം പറഞ്ഞു.

More