Thursday 20 September 2018 05:34 PM IST

ജോലി കൊടുത്തു സജനെ പറ്റിച്ചു, 21 മാസമായി ശമ്പളം പൂജ്യം! നീന്തൽകുളത്തിലെ മലയാളി വിസ്മയത്തോട് കേരള സർക്കാർ ചെയ്ത വഞ്ചന ഇങ്ങനെ

Binsha Muhammed

sajan-cover ചിത്രം; സരുൺ മാത്യു

തിരുവനന്തപുരം പിരപ്പൻകോട് ഇന്റർനാഷണൽ അക്വാട്ടിക് കോംപ്ലക്സാണ് വേദി. പൂഴി നിലത്തു വീഴാത്ത വണ്ണം നിറഞ്ഞു കവിഞ്ഞിരിക്കുകയാണ് ഗ്യാലറി. 25 വർഷങ്ങൾക്കു ശേഷം കേരളത്തിലേക്ക് വിരുന്നെത്തിയ നാഷണൽ ഗെയിംസെന്ന കായിക മേളയെ അക്ഷരാർത്ഥത്തിൽ ഹൃദയത്തിലേറ്റുവാങ്ങുകയായിരുന്നു ആ ഗ്രാമം.

തിങ്ങി നിറഞ്ഞ ഗ്യാലറിയുടെ ആേരവങ്ങളെ നിശബ്ദമാക്കി ആ അനൗൺസ്മെന്റ്. ‘200 മീറ്റർ ബട്ടര്‍ ഫ്ലൈ സ്ട്രോക്കിൽ കേരളത്തിനായി സജൻ പ്രകാശ്!’ ആർപ്പുവിളികൾ ആവേശത്തിരയിളക്കത്തിനു വഴിമാറുന്നതാണ് പിന്നെ കണ്ടത്. വെള്ളത്തിലേക്ക് മത്സ്യം കണക്കെ കുതിച്ച ആ മീശ മുളയ്ക്കാത്ത പയ്യൻ സ്വർണം കൊണ്ട് മുങ്ങി നിവരുന്നത് വരെ തുടർന്നു ആ ഗ്യാലറിപ്പെരുക്കം.

ഓളപ്പരപ്പുകളിൽ സജൻ തുടങ്ങി വച്ച വിജയകഥ അവിടെ തീർന്നില്ല. നൂറ് മീറ്റർ ബട്ടർ ഫ്ളൈ, 400–800 മീറ്റർ ഫ്രീ സ്റ്റൈലുകൾ, നാല് ഗുണം നൂറ് മീറ്റര്‍ റിലേ ഫ്രീ സ്റ്റൈൽ എന്നു തുടങ്ങി മുങ്ങിയടത്തു നിന്നെല്ലാം സ്വർണവും വെള്ളിയിം വാരിക്കൊണ്ടു വന്ന അവന് കേരളക്കര സ്നേഹപൂർവ്വമൊരു പേര് ചാർത്തിക്കൊടുത്തു. ‘കേരള ഫെൽപ്സ്.’നാഷണൽ ഗെയിംസെന്ന ഒറ്റ ഇവന്റിൽ നിന്നുമാത്രം രണ്ട് ദേശീയ റെക്കോഡുൾപ്പെടെ 6 സ്വർണവും രണ്ട് വെള്ളിയും മാത്രം വാരിയെടുത്ത സജനെ മാധ്യമങ്ങളിൽ ചിലത് തമാശപൂർവ്വം വാഴ്ത്തി, ‘സജൻ ജ്വല്ലേഴ്സ്.’ ക്രിക്കറ്റിനേയും ഫുട്ബോളിനേയും മാത്രം വാരിപ്പുണർന്ന മലയാളികൾ അന്നാദ്യമായി ഒരു അത്‍ലറ്റിനെ സ്നേഹം കൊണ്ട് പൊതിഞ്ഞു.

നേട്ടങ്ങളുടെ നെറുകയിലേക്ക് നീന്തിക്കയറിയ അഭിമാനത്തെ സ്വന്തമാക്കാൻ തമിഴ്നാടും കസ്റ്റംസും രംഗത്തുവന്നു. വാശിയോടെ കേരളം സജനെ കായിക കേരളമങ്ങ് ദത്തെടുത്തു. സർക്കാർ ജോലി, പുരസ്കാരങ്ങൾ, പ്രൈസ് മണി എന്നു വേണ്ട ഒരു അത്‍ലറ്റ് സ്വപ്നം കണ്ടതെല്ലാം പിന്നാലെയെത്തി. കേരള ആംഡ് പൊലീസിൽ ഇൻസ്പെക്ടർ പദവിയും വച്ചുനീട്ടി. നാട്ടിൽ സർക്കാർ ജോലി സ്വപ്നം കണ്ട സജൻ മോഹിപ്പിക്കുന്ന ആ വാഗ്ദാനം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

കനിഞ്ഞു കിട്ടിയ സന്തോഷങ്ങളെല്ലാം വാരിയെടുത്തു കൊണ്ട് സജൻ പിന്നെ പോയത് മഹാപ്രതിഭകൾ മാറ്റുരയ്ക്കുന്ന ലോക കായിക വേദികളിലേക്ക്. ഒളിമ്പിക്സ്, കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ഇൻഡോർ ഗെയിംസ് വേദികളിലെല്ലാം സജൻ ഇന്ത്യയുടെ മുഖമായി. റിയോ ഒളിമ്പിക്സിൽ മാറ്റുരച്ച് ഒളിമ്പ്യനെന്ന പെരുമയും പേറി വാഗ്ദാനം ചെയ്യപ്പെട്ട ജോലിക്കായി പൊലീസ് സേനയിലേക്ക് എത്തുമ്പോൾ നൂറായിരം സ്വപ്നങ്ങളുണ്ടായിരുന്നു സജന്.

ഒരച്ഛന്റെ കരുതലില്ലാതെ ഇത്രയും നാൾ വേദനകളും യാതനകളും സഹിച്ച് വളർത്തെയെടുത്തതാണ് സജനെ അമ്മ ഷാന്റിമോൾ. സർക്കാർ ജോലി കിട്ടിയപ്പോൾ സജനേക്കാൾ ആഹ്ളാദിച്ചത് ഷാന്റിയാണ്. പക്ഷേ എല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി. സർക്കാർ വാഗ്ദാനം ചെയ്ത ജോലി ലഭിച്ചെങ്കിലും ശമ്പളം മാത്രം ലഭിച്ചില്ല. കസ്റ്റംസിൽ ലഭിച്ച ജോലി ഉപക്ഷേിച്ച് ആംഡ് പൊലീസിൽ സബ് ഇൻസ്പെക്ടർ പദവിയിൽ ജോലിക്കു ചേർന്ന സജന് 21 മാസമായിട്ടും ഇന്നു വരെ നയാ പൈസ പോലും ശമ്പളയിനത്തിൽ ലഭിച്ചിട്ടില്ല.

ഒരോ ഫയലിലും ഒരു ജീവിതമുണ്ടെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ സെക്രട്ടേറിയറ്റിന്റെ ഇടനാഴികളിൽ ആവർത്തിച്ചു മുഴങ്ങുമ്പോഴും സജന്റെ ജീവിതവും സ്വപ്നങ്ങളുമെല്ലാം ചുവപ്പു നാടയിൽ വിശ്രമിക്കുന്നു. മകന്റെ ശമ്പളത്തിനായി ആ അമ്മ മുട്ടാത്ത വാതിലുകളില്ല, കൈ കൂപ്പാത്ത സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥ മൂർത്തികളുമില്ല. കൊട്ടി ഘോഷിച്ച് പ്രഖ്യാപിച്ച സജന്റെ ജോലിക്ക് എന്താണ് സംഭവിച്ചത്, കേരളത്തിന്റെ അഭിമാനമുയർത്തിയ സജനും അമ്മ ഷാന്റിയും മനസു തുറക്കുകയാണ് വനിതാ ഓൺലൈനിനോട്.

saj-2

വേദനകളുടെ ട്രാക്കിൽ

‘വെളുക്കെ ചിരിച്ച് വാഗ്ദാനങ്ങൾ നൽകിയവരും പ്രോത്സാഹനങ്ങൾ നൽകിയവരും അഭിനന്ദിച്ചവരുമെല്ലാം ഇന്ന് മുഖം തിരിഞ്ഞ് നടപ്പാണ്. സർക്കാർ ജോലി ഒരു അത്‍ലറ്റിന് ഔദ്യാര്യമല്ല ന്യായമായ അവകാശമാണ്. നേട്ടങ്ങളിലൂടെ അവൻ നേടിയ ജോലി, അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടൊരു ജീവിതം. എല്ലാം പാഴ്ക്കിനാവായി. അവൻ നേടിയ മെഡലുകൾ വിൽക്കേണ്ട ഗതികേടിലാണ് ഞങ്ങൾ. സജന് രണ്ടര വയസുള്ളപ്പോഴാണ് അവന്റെ അച്ഛൻ ഞങ്ങളെ പിരിഞ്ഞു പോകുന്നത്. അവിടെ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് ഞാനും എന്റെ മകനും ഉയർന്നു വന്നത്. പുറമേ നിന്നു നോക്കുമ്പോഴുള്ള സ്വർണ തിളക്കം ഞങ്ങളുടെ ജീവിതത്തിനില്ല. വേദനയും കഷ്ടപ്പാടുകളുമെല്ലാം മാത്രമേ ബാക്കിയുള്ളൂ. അതിൽ നിന്നെല്ലാമുള്ള ആശ്വാസമായിരുന്നു എന്റെ മകന്റെ നേട്ടങ്ങളും തുടർന്ന് കിട്ടിയ ജോലിയും.– ഷാന്റിയുടെ വാക്കുകളിൽ വേദന നിഴലിച്ചു.

വെള്ളത്തിൽ വരച്ച വര പോലെ വാഗ്ദാനങ്ങൾ

‘2016 റിയോ ഒളിമ്പിക്സ് കഴിഞ്ഞ് തിരികെയെത്തിയതിനു പിന്നാലെയാണ് എനിക്ക് കേരള ആംഡ് പൊലീസ് ഇൻസ്പെക്ടറായി നിയമനം ലഭിക്കുന്നത്. ജനുവരി 5ന് ജോലിയിൽ പ്രവേശിച്ചു. 2020ലെ ടോക്യോ ഒളിമ്പിക്സ് ഉൾപ്പെടെ ഒരു പിടി ദേശീയ അന്തർദേശീയ മത്സരങ്ങൾ മുന്നിൽ നിൽക്കേ എനിക്ക് പരിശീലനത്തിനു പോകണമായിരുന്നു. ലോകോത്തര നിലവാരത്തിലുള്ള പരിശീലനം തായ്‍ലാൻഡിലാണ് നിശ്ചയിച്ചിരുന്നത്. വിഷയം ഡിജിപിയെ അറിയിക്കുമ്പോൾ അദ്ദേഹം പറഞ്ഞത് സ്വിമ്മിംഗ് ഫെഡറേഷന്റെ ഒഫീഷ്യൽ ലെറ്ററിന്റെ പിൻബലത്തിൽ സജന് എവിടെ വേണമെങ്കിലും പരിശീലനത്തിന് പോകാമെന്നാണ്. മുഖ്യമന്ത്രിയെ നേരിൽക്കണ്ട് വിവരം ധരിപ്പിക്കുകയും ചെയ്തു. അദ്ദേഹം എല്ലാ വിധ അനുഗ്രഹാശിസുകളും നൽകുകയും ചെയ്തു. പക്ഷേ ശമ്പളക്കാര്യം വന്നപ്പോൾ എല്ലാം തകിടം മറിഞ്ഞു. മാസങ്ങളായിട്ടും ജോലിയിനത്തിൽ പത്തു പൈസ പോലും ശമ്പളമായി എനിക്ക് കിട്ടിയിട്ടില്ല. എസ്.ഐ എന്ന പേരു മാത്രം ബാക്കി. ’

പരിശീലനത്തിന് വലിയൊരു തുകയാണ് ചെലവു വരുന്നത്. നിതൃവൃത്തിക്കു പോലും ബുദ്ധിമുട്ടുന്ന ഞാനും അമ്മയും പരിശീലനത്തിനും മറ്റുമായുള്ള തുക വേറെ കണ്ടെത്തേണ്ട ഗതിയാണ്. ആരും ഒരു കൈ സഹായിക്കാനില്ല. ഞങ്ങളുടെ കഷ്ടപ്പാടുകൾ ആരോട് പറഞ്ഞാലാണ് മനസിലാകുന്നത്. പലരുടേയും കണ്ണിൽ ഞാൻ വലിയ അത്‍ലറ്റാണ്. പക്ഷേ അവസ്ഥ വളരെ പരിതാപകരമാണ്. എത്രനാളാണ് ഈ കഷ്ടപ്പാടും സഹിച്ച് മുന്നോട്ടു പോകുക, അറിയില്ല– സജൻ ദുരവസ്ഥ വിവരിക്കുകയാണ്.

saj-1

ശമ്പളക്കാര്യത്തിൽ തൊടുന്യായം

ശൂന്യവേതനക്കാരൻ അതാണ് എന്റെ മകന് സർക്കാർ സർവ്വീസിൽ ഉദ്യോഗസ്ഥർ ചാർത്തിക്കൊടുത്തിരിക്കുന്ന പേര്. ‘പ്രൊബേഷൻ കാലാവധിയിലും ട്രെയിനിങ് സമയത്തും സജനെ ശൂന്യവേതനക്കാരൻ ആയി നിയമിച്ചിരിക്കുന്നു,’ ഇതാണ് ഓർഡർ.’ ഇതെന്ത് നീതിയാണിത്. ഇത്തരത്തിൽ ഒരു നിയമനം കേട്ടു കേൾവിയുള്ളതാണോ.

സജന്റെ ജോലിക്കാര്യത്തിൽ അണുവിട വിട്ടു വീഴ്ച പോലും ഞാൻ വരുത്തിയിട്ടില്ല.പരിശീലനവുമായി ബന്ധപ്പെട്ട് ഒരു നൂറു രേകഖളെങ്കിലും ഞാൻ സമർപ്പിച്ചിട്ടുണ്ട്. ഒരു പത്ത് പ്രാവശ്യമെങ്കിലും സെക്രട്ടേറിയേറ്റിൽ കയറിയിറങ്ങിയിട്ടുണ്ട്. പ്രായത്തിന്റെ അവശതകളുണ്ടെനിക്ക്. ഒരു പെണ്ണായ ഞാൻ എത്രയെന്നു വച്ചാ ഇവരുടെ കാലു പിടിക്കുന്നത്. എല്ലാത്തിനും ഒരു പരിധിയില്ലേ? ഡിജിപി ഉൾപ്പെടെയുള്ളവർക്ക് സജന്റെ കാര്യം അറിവുള്ളതല്ലേ? എന്നിട്ടും നട്ടാൽ കുരുക്കാത്ത ന്യായം നിരത്തി എന്റെ കുഞ്ഞിന്റെ ശമ്പളം അവർ തടഞ്ഞു വച്ചിരിക്കുകയാണ്. ഞങ്ങളെ ദ്രോഹിക്കുകയാണ്.

ആദ്യം അവർക്ക് പ്രശ്നം ഞങ്ങളുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട നൂലാമാലകളായിരുന്നു. തമിഴ്നാട് നെയ്‍വേലിയിലാണ് ഞങ്ങൾ താമസിക്കുന്നത്. അവിടുത്തെ ബാങ്ക് അക്കൗണ്ടായിരുന്നു തടസം. വളരെ പണിപ്പെട്ടാണ് ആ തടസം നീക്കിയത്. ഒന്നിനു പുറകേ ഒന്നായി ഓരോ തടസവും നീക്കിക്കൊണ്ടിരുന്നു. പക്ഷേ പുതിയ പുതിയ തടസങ്ങൾ ചിലർ സൃഷ്ടിച്ചു കൊണ്ടേയിരി്കുന്നു. ഇനി ഞങ്ങൾ ആരോടാണ് പരാതി പറയേണ്ടത്?– ഷാന്റിയുടെ വാക്കുകളെ കണ്ണീർ മുറിച്ചു.  

saj-3

ഇനിയെങ്കിലും കണ്ണു തുറക്കൂ...

എന്റെ ശമ്പളവുമായി ബന്ധപ്പെട്ട അപേക്ഷ ധനവകുപ്പിന്റെ പരിധിയിൽ ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. അത് മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ ഓഫീസിന്റേയും പരിഗണനയിലേക്ക് വരണം. തുടർന്ന് ക്യാബിനറ്റ് അംഗീകാരത്തോടെ ആ ഫയൽ പാസാക്കണം. ഇതിനിടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ ഇക്കാര്യത്തില്‍ നടത്തിയ ഇടപെടലാണ് പ്രതീക്ഷയും ആശ്വാസവും നല്‍കുന്നത്.

ഞങ്ങളുടെ സാഹചര്യവും രേഖകളുടെ പിൻബലവുമെല്ലാം പരിഗണിച്ചാൽ സാങ്കേതികമായി അതിനൊരു തടസവുമില്ല. പക്ഷേ രേഖകളുടെ ആനൂകൂല്യം ഉണ്ടെന്നറിഞ്ഞിട്ടും ഇവൻ ഒരു രൂപാ പോലും സർക്കാർ ശമ്പളം വാങ്ങരുതെന്ന് കരുതിയുറപ്പിച്ച പോലെയാണ് ചിലരുടെ സമീപനം. അവർ ആരൊക്കെയെന്ന് ഞാൻ പറയാൻ ഉദ്ദേശിക്കുന്നില്ല. കൈകൾ കൂപ്പി ഞാൻ പറയട്ടേ, ഈ ജോലി ഞങ്ങൾക്ക് പത്രാസ് കാട്ടാനല്ല. ആരുടെ മുന്നിലും കൈ നീട്ടാതിരിക്കാനാണ്. ഞങ്ങളുടെ നിലനിൽപ്പാണ്....സർവ്വോപരി എന്റെ സ്വപ്നമാണ്. ഇനിയെങ്കിലും അവർ കണ്ണു തുറക്കണം. ഞങ്ങൾക്ക് ജീവിക്കണം.–സജൻ വേദനയോടെ പറഞ്ഞു നിർത്തി.

സജന്റെ വേതനക്കാര്യം ഒരു വേദന മാത്രമായി ആ അമ്മയിൽ അവശേഷിക്കുകയാണ്. നിന്നു തിരിയാൻ നേരമില്ലാതെ മകന്റെ ശമ്പളത്തിനായി ഇപ്പോഴും അവർ സർക്കാർ ഓഫീസുകൾ കയറിയിറങ്ങിക്കൊണ്ടേയിരിക്കുന്നു. പലപ്പോഴും ആ വേദനകൾ ആ അമ്മ മകനെ അറിയിച്ചിട്ടില്ല. എന്നെങ്കിലും തന്റെ മകൻ ശമ്പളക്കാശുമായി വീട്ടിലേക്ക് കയറിവരുമെന്ന പ്രതീക്ഷയിലാണ് ആ അമ്മ.  

എന്നാൽ വേദനകൾക്കെല്ലാം താത്കാലിക അവധി നൽകി ടോക്യോ ഒളിമ്പിക്സിനായുള്ള പരിശീലനത്തിൽ ശ്രദ്ധയൂന്നുകയാണ് സജൻ. ഭാരതം അഭിമാന പുരസരം ഒളിമ്പ്യനെന്ന് വിളിക്കുന്ന ആ താരം താരം പലതും സഹിച്ച് രാജ്യത്തിനായി സ്വപ്നങ്ങൾ സ്വരുക്കൂട്ടുകയാണ് അകലെയെവിടെയോ....

saj-4