Tuesday 26 October 2021 10:32 AM IST : By സ്വന്തം ലേഖകൻ

‘അമ്മ വാതിലടച്ചു കിടന്നോളൂ എന്നുപറഞ്ഞ് കടലിൽ പോയതാ അവൻ, പിന്നീട് ഞാനെന്റെ മോനെ കണ്ടിട്ടില്ല’; കണ്ണീരോടെ സേതുവമ്മ ഓർക്കുന്നു

sajeevann776fgjujhh

‘അമ്മ വാതിലടച്ചു കിടന്നോളൂ എന്നു പറഞ്ഞ് വെട്ടം വീഴുന്നതിനു മുന്നേ എണീറ്റു കടലിൽ പോയതാ അവൻ. പിന്നീട് ഞാനെന്റെ മോനെ കണ്ടിട്ടില്ല’ – കാണാതായ സിപിഎം പാർട്ടി അംഗം അമ്പലപ്പുഴ തോട്ടപ്പള്ളി പൊരിയന്റെപറമ്പിൽ സജീവന്റെ (54) മാതാവ് സേതുവമ്മ വേദനയോടെ ആ ദിവസം ഓർത്തെടുത്തു. കഴിഞ്ഞ മാസം 29ന് സിപിഎം തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനത്തിന്റെ തലേന്നാണ് സജീവനെ കാണാതായത്. മത്സ്യത്തൊഴിലാളിയായ സജീവൻ ഉച്ചയോടെ തോട്ടപ്പള്ളി തുറമുഖത്തിറങ്ങി ഓട്ടോയിൽ തോട്ടപ്പള്ളി ജംക്‌ഷനിലെത്തി. പിന്നീടു കാണാതാവുകയായിരുന്നു. 

‘പക്ഷാഘാതം വന്നതിനെത്തുടർന്ന് അച്ഛൻ സ്ഥിരമായി മരുന്നു കഴിക്കാറുണ്ടായിരുന്നു. മരുന്നോ ഫോണോ പണമോ ഒന്നും അദ്ദേഹത്തിന്റെ കയ്യിലില്ല. അച്ഛൻ ഇപ്പോൾ എവിടെയാണുള്ളത് എന്നോർത്ത് ആധിയോടെയാണു കഴിയുന്നത്’ – സജീവന്റെ മകൻ സജിത്ത് പറഞ്ഞു. സജീവനു വേണ്ടി ഹേബിയസ് കോർപ്പസ് ഹർജി നൽകാനൊരുങ്ങുകയാണ് കുടുംബം. ബ്രാഞ്ച് സമ്മേളനവുമായി ബന്ധപ്പെട്ട സിപിഎമ്മിലെ ചേരിതിരിവാണ് സജീവന്റെ തിരോധാനത്തിനു പിന്നിലെന്ന് ആരോപണമുയർന്നെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

സജീവനെ കാണാതായതിനെത്തുടർന്ന് നീട്ടിവച്ച ബ്രാഞ്ച് സമ്മേളനം ഇന്നു നടക്കും. കാണാതായതിന്റെ തലേന്ന് 2 പ്രാദേശിക നേതാക്കൾ സജീവനെ കാണാനെത്തിയെന്നും 2 മണിക്കൂർ സംസാരിച്ചെന്നും കുടുംബം പറയുന്നു. എന്നാൽ, എന്തിനാണ് അവർ വന്നതെന്നു വീട്ടുകാർ ചോദിച്ചെങ്കിലും സജീവൻ മറുപടി പറഞ്ഞില്ല.

അന്നേ ദിവസം രാത്രി 12നു സജീവന്റെ ഫോണിൽ ഒരു കോൾ വന്നിരുന്നു. നമ്പർ പൊലീസിനു കൈമാറിയെങ്കിലും നടപടിയെടുത്തില്ലെന്ന് ആരോപണമുണ്ട്. തിരോധാനത്തിൽ പ്രാദേശിക നേതാക്കളെ സംശയമുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും ബന്ധുക്കൾ പറയുന്നു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമുയരുന്നുണ്ട്.

അന്വേഷണ വഴികൾ

സജീവനെ കണ്ടെത്താൻ ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് പത്തംഗ പ്രത്യേക സംഘം രൂപീകരിച്ചു. അമ്പലപ്പുഴ സിഐ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പാർട്ടി പ്രവർത്തകരുൾപ്പെടെ ചിലരിൽ നിന്നു വിവരങ്ങൾ തേടിയ പൊലീസ്, ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചു പരിശോധന നടത്തിയെങ്കിലും ഒരു വിവരവും കിട്ടിയില്ല. ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് സജീവന്റെ ഭാര്യ സജിതയും എച്ച്.സലാം എംഎൽഎയും മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടുണ്ട്.

Tags:
  • Spotlight