Friday 07 September 2018 12:23 PM IST : By സ്വന്തം ലേഖകൻ

മണ്ണിനടിയില്‍ നിന്ന് അമ്മയുടെയും മകളുടെയും നിലവിളി ഉയരുന്നതു പോലെ; പേമാരി കവര്‍ന്ന സജിയുടെ ജീവിതം

saji

വീടിരുന്ന സ്ഥലത്തെ മൺകൂനയിലേക്ക് നോക്കി നിൽക്കുമ്പോൾ സജിയുടെ കണ്ണുകൾ നിറഞ്ഞൊഴുകും ചങ്ക് പിടയ്ക്കും. ആ മണ്ണിനടിയിൽ നിന്ന് അമ്മയുടെയും മകളുടെയും ദീനമായ നിലവിളി ഉയരുന്നുണ്ടോ...? ചോര നീരാക്കി, വർഷങ്ങളോളം കഷ്ടപ്പെട്ട്, തനിയെ കെട്ടി ഉയർത്തിയതാണ് തൃശൂര്‍ പാറേക്കാട്ടില്‍ സജിയുടെ ജീവിതം. വീടുവച്ചു, സഹോദരിമാരുടെ വിവാഹം നടത്തി, കച്ചവടവും തുടങ്ങി. ഭാര്യയും മൂന്ന് മക്കളും അമ്മയുമടങ്ങുന്ന കുടുംബം. ജീവിതം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും തുരുത്തിലേക്ക് കടക്കുന്നതിനിടയിലാണ് പ്രളകാലത്ത് ഉരുള്‍പൊട്ടലിന്റെ രൂപത്തിൽ ദുരന്തം ആ കുടുംബത്തെ വേദനയുടെ കയത്തിലേക്ക് തള്ളിയിട്ടത്.

‘‘ഇനിയൊന്നും ബാക്കിയില്ല. ഉരുള്‍പൊട്ടല്‍ എല്ലാം കശക്കിയെറിഞ്ഞു. മകളും അമ്മയും വീടും സ്ഥലവും വാഹനവും പോയി’’. തകർന്ന മാരുതി വാനിന് മുന്നില്‍ നിന്ന് തന്റെ വീടുണ്ടായിരുന്ന ഇടത്തേക്ക് നോക്കി നെടുവീര്‍പ്പോടെ സജി പറയുന്നു.

തൃശൂര്‍ കുറാഞ്ചേരിയില്‍ 19 പേരുടെ ജീവൻ കവർന്ന ഉരുള്‍പൊട്ടൽ കഴിഞ്ഞ് 21 ദിവസത്തിന് ശേഷമാണ് ഇവിടേക്ക് സജി വീണ്ടും വന്നത്. വീടിന്റെ വടക്കുഭാഗത്തുണ്ടായിരുന്ന മുറിയുടെ സ്ഥാനത്ത് ഇപ്പോഴും അമ്മ റോസിയുടെയും മകള്‍ എയ്ഞ്ചലിന്റെയും നിലവിളി കേള്‍ക്കുന്നതുപോലെ.

ആഗസ്റ്റ് 16. ജീവിതം മാറിയ ദിവസം. രാവിലെ ആറു മണിയോടെയായിരുന്നു ഉരുള്‍പൊട്ടല്‍. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയുന്നതിനു മുമ്പ് ഇടിഞ്ഞുവീണ വീടിന്റെ സ്ലാബിനുള്ളില്‍ സജിയുടെ കാല്‍ കുടുങ്ങി. ഒരു കൈയില്‍ രണ്ടുമക്കളെയും ഭാര്യയെയും കൂട്ടിപ്പിടിച്ചു. ഫോണില്‍ പലരെയും വിളിച്ചു. ഭാര്യ ജോളി, മക്കളായ ജോഷ്വാ, കാതറിന്‍ എന്നിവരെ രക്ഷാപ്രവര്‍ത്തകര്‍ ആദ്യം പുറത്തെത്തിച്ചു. കട്ടര്‍ ഉപയോഗിച്ച് സ്ലാബ് തകര്‍ത്ത് ഒന്നരമണിക്കൂറിനുശേഷം സജിയെയും. മറ്റൊരു മുറിയിലുണ്ടായിരുന്ന അമ്മ റോസിയെയും മകള്‍ എയ്ഞ്ചലിനെയും രക്ഷപ്പെടുത്താനുള്ള ശ്രമം വിഫലമായി. വൈകിട്ട് നാലുമണിയോടെ വിറങ്ങലിച്ച രണ്ടുപേരുടെയും ശരീരമാണ് മണ്ണിനടിയില്‍ നിന്ന് പുറത്തെടുക്കാനായത്. ഒരേക്കറിലധികംവരുന്ന സ്ഥലത്ത് സജിയുടേത് ഉള്‍പ്പെടെ നാല് വീടുകളുണ്ടായിരുന്നു. ഇപ്പോള്‍ അവിടെയെല്ലാം കുറേ മണ്‍കൂനകള്‍ മാത്രം.

അപ്പനപ്പൂപ്പന്‍മാര്‍ മുതല്‍ സജിയുടെ കുടുംബം ഇവിടെയാണ് താമസം. അച്ഛന്റെ മരണത്തോടെ കുടുംബഭാരം സജിയുടെ ചുമലിലായി. ഒന്നുമില്ലായ്മയില്‍ നിന്നായിരുന്നു തുടക്കം. ഐസ്‌ക്രീം കമ്പനിയില്‍ ജോലി ചെയ്ത് രണ്ടു സഹോദരിമാരുടെ വിവാഹം നടത്തി. ശേഷം ബാങ്കില്‍ നിന്ന് വായ്പയെടുത്ത് സ്വന്തമായി ഐസ്ക്രീം വിതരണ കമ്പനി തുടങ്ങി. വീടുവച്ചതും വാഹനങ്ങള്‍ വാങ്ങിയതും അതിനു ശേഷം. സ്വന്തമായി വാങ്ങിയവയില്‍ ഇനി ഒരു സ്കൂട്ടർ മാത്രം ബാക്കി. തെക്കുംകര പഞ്ചായത്തും വടക്കാഞ്ചേരി നഗരസഭയും സംയുക്തമായി ഏര്‍പ്പെടുത്തിയ വാടക വീട്ടിലാണ് ഇപ്പോള്‍ സജിയുടെയും കുടുംബത്തിന്റെയും താമസം.