Tuesday 25 August 2020 10:57 AM IST

അച്ഛന്റെ യൂണിഫോം കണ്ട് കൊതിച്ചു, മകൾക്ക് ജന്മം നൽകിയ ശേഷം സർവീസിലേക്ക്; അപൂർവ നേട്ടത്തിനുടമയായി സജിത

Rakhy Raz

Sub Editor

sajitha

കുട്ടിയായിരുന്നപ്പോഴേ സജിത അച്ഛന്റെ യൂണിഫോം നോക്കി കൊതിക്കുമായിരുന്നു. ഒരു നാൾ ഇതുപോലെ താനും യൂണിഫോം അണിഞ്ഞു അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നത് ഓർത്ത്.

‘‘യൂണിഫോം തരുന്ന ചിട്ടയുണ്ട്. അതിനോട് എന്നും ആരാധന ആയിരുന്നു.’’സജിത പറയുന്നു. എക്സൈസ് ഇൻസ്പെക്ടർ പരീക്ഷ എഴുതാൻ ആദ്യമായി വനിതകൾക്കും അവസരം ഒരുങ്ങിയപ്പോൾ പുരുഷ പരീക്ഷാർഥികളെ പോലും പിന്നിലാക്കി ഒന്നാം റാങ്ക് കരസ്ഥമാക്കി സജിത. 2014 ൽ സിവിൽ എക്സൈസ് ഓഫിസറായി സർവീസ് ആരംഭിച്ച സജിതയ്ക്ക് ആദ്യ വനിതാ ഇൻസ്പെകടറായുള്ള നിയമനം ഏറെ അഭിമാനം പകരുന്നതാണ്. പരീക്ഷ എഴുതിയ സ്ത്രീകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഏക വനിത സജിത മാത്രം.

‘‘പത്രങ്ങളിൽ എല്ലാം റിട്ട. റിസർവ് ബാങ്ക് ഉ ദ്യോഗസ്ഥൻ ദാമോദരന്റെയും അധ്യാപികയായ മീനാക്ഷിയുടെയും മകൾ എന്നാണ് എഴുതി വന്നത്. അച്ഛൻ ആദ്യം എയർ ഫോഴ്സിൽ ആയിരുന്നു. പിന്നീടാണ് ബാങ്ക് ഉദ്യോഗസ്ഥൻ ആയത്. അങ്ങനെയാണ് യൂണിഫോമിനോട് ഇഷ്ടം തോന്നുന്നത്. അമ്മയും ചേച്ചിയും അധ്യാപികമാർ ആയപ്പോൾ ഞാനും ആ വഴി നീങ്ങി. ബിഎസ്‌സി കെമിസ്ട്രിയും ബിഎഡ്ഡും എടുത്തു.’’

പഠനത്തിൽ മിടുക്കിയായിരുന്ന സജിത ഒല്ലൂർ സെന്റ് മേരീസ് കോൺവെന്റ് ഹൈസ്കൂളിലാണ് പത്താംക്ലാസ്സ് വരെ പഠിച്ചത്. പ്രിഡിഗ്രിക്ക് സയൻസ് ഗ്രൂപ്പെടുത്ത് തൃശൂർ കേരളവർമ കോളേജിൽ ചേർന്നു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജിൽ നിന്നു ബിഎസ്‌സി കെമിസ്ട്രിയിൽ ബിരുദം. കൂർക്കഞ്ചേരി ജെ. പി. . എച്ച്. എസ്സിൽ നിന്നും ബിഎഡ് എടുത്തു.

‘‘ടീച്ചർ ആകണം എന്നതിനേക്കാൾ ജോലി നേടണം എന്ന് ആഗ്രഹം ഉണ്ടായിരുന്നതിനാൽ പിഎസ്‌സി കോച്ചിങ്ങിന് പോയി. യോഗ്യതയ്ക്ക് അനുസരിച്ച് അപേക്ഷിക്കാൻ കഴിയുന്ന എല്ലാ ടെസ്റ്റുകളും എഴുതുമായിരുന്നു.’’

സിവിൽ ഓഫിസറായി തുടക്കം

‘ 2011ൽ എക്സൈസ് ഡിപാർട്മെന്റ് ആദ്യമായി വനിതകളെ സിവിൽ എക്സൈസ് ഓഫിസർ ത സ്തികയിലേക്ക് വിളിച്ചപ്പോൾ ഞാൻ അപേക്ഷിച്ചു. ആ സമയത്തു കൊടുങ്ങല്ലൂർ അമൃത വിദ്യാലയത്തിൽ ടീച്ചർ ആയി ജോലി ചെയ്യുകയായിരുന്നു. എക്സൈസിലെ ജോലിക്ക് യൂണിഫോം ഉള്ളതിനാൽ പഴയ ആഗ്രഹം വീണ്ടും മനസിൽ വന്നു. ജില്ലാ അടിസ്ഥാനത്തിൽ ആയിരുന്നു അന്ന് പരീക്ഷ. തൃശൂർ ജില്ലയിൽ ഞാൻ അടക്കം 24 വനിതകൾ അന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

സ്പിരിറ്റ് -മയക്കുമരുന്ന് കടത്തുന്നതിൽ സ്ത്രീ കുറ്റവാളികൾ ഏറി വന്നപ്പോൾ ആണ് സർക്കാർ വനിതാ എക്സൈസ് ഉദ്യോഗസ്ഥരെ നിയമിക്കാൻ തീരുമാനിക്കുന്നത്. സംശയം തോന്നുന്ന, എന്തിന് കുറ്റവാളികൾ ആണെന്ന് ഉറപ്പു തോന്നുന്ന സ്ത്രീകളെ പോലും പുരുഷ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ കഴിയാതെ വിടേണ്ടി വരുന്ന സാഹചര്യം തുടരെ ഉണ്ടാകാൻ തുടങ്ങിയതോടെയായിരുന്നു സർക്കാർ തീരുമാനം. മിക്ക ജില്ലകളിലും നഗര-ഗ്രാമീണ മേഖലകൾ വ്യത്യാസമില്ലാതെ സ്ത്രീകളുടെ നേതൃത്വത്തിൽ ലഹരിവിൽപന നടക്കുന്നുണ്ട്. ഇതേക്കുറിച്ച് സമൂഹത്തിൽ പലരും കരുതുന്നതു പോലെ ലളിതമല്ല കാര്യങ്ങൾ.

sajitha-2 സജിത കുടുംബാംഗങ്ങൾക്കൊപ്പം.

വ്യാജവാറ്റ്, കഞ്ചാവ്, അനധികൃത മദ്യവിപണനം, സ്കൂൾ പരിസരങ്ങളിൽ മൃദുലഹരി പദാർഥങ്ങളുടെ സംഭരണവും വിതരണവും തുടങ്ങി പലവിധ കുറ്റകൃത്യങ്ങളിൽ സ്ത്രീകളും ഭാഗമാണ്. പലയിടത്തും നേതൃത്വം സ്ത്രീകൾ നൽകുന്ന അവസ്ഥയും ഉണ്ട്. അതിനാൽ തന്നെ പുരുഷ ഓഫിസർമാർ നേതൃത്വം നൽകുന്ന സംഘങ്ങൾക്ക് പരിശോധനയ്ക്കും മറ്റും പരിമിതികളുണ്ട്.

വനിതാ സംഘത്തിന് ഇവിടങ്ങളിൽ എളുപ്പം കടന്നെത്താനും വിവരങ്ങൾ ശേഖരിക്കാനാകുമെന്ന സാധ്യത മുന്നിൽക്കണ്ടാണ് സർക്കാർ വനിതാ എക്സൈസ് ഓഫിസർമാരെക്കൂടി സേനയുടെ ഭാഗമാക്കിയത്.

സിവിൽ എക്സൈസ് ഓഫിസർ ആയി സ്ത്രീകൾ എത്തിയതോടെ കഞ്ചാവ് കേസുകൾ, വാഷ് കണ്ടെടുക്കൽ എന്നിവയ്ക്കായി പോകുന്ന എ ക്‌സൈസ് ഉദ്യോഗസ്ഥരിൽ സ്ത്രീകളും ഭാഗമായി. ആ അന്വേഷണ യാത്രകൾ തന്ന അനുഭവ പരിചയം വളരെ വലുതാണ്.

ജോലി തന്നെ പരിശീലനം

അന്ന് ‘ഇൻ സർവീസ് ട്രെയിനിങ്’ ആണ്. സർവീസിൽ കയറി പരിശീലനം നേടിയെടുക്കുന്ന രീതി. ആദ്യ കാലങ്ങളിൽ ഓഫിസർമാർ കഞ്ചാവ് വേട്ടയ്ക്കും മറ്റും പോകുമ്പോൾ താൽക്കാലിക പിന്തുണക്കാരായി ഞങ്ങളെയും കൊണ്ടു പോകും. അങ്ങനെ എക്സൈസ് മേഖല കണ്ട് അറിഞ്ഞു പഠിച്ചെടുക്കുകയായിരുന്നു.

അതിന്റെതായ ബുദ്ധിമുട്ടുകളും ടെൻഷനും ആ ദ്യ കാലങ്ങളിൽ ഉണ്ടായിരുന്നു. സർവീസിൽ കയറി രണ്ടു വർഷം കഴിഞ്ഞാണ് ട്രെയിനിങ് ആരംഭിക്കുന്നത്. കായിക പരിശീലനം, സ്വയരക്ഷയ്ക്കുള്ള മാർഗങ്ങൾ, അബ്കാരി നിയമം എല്ലാം ട്രെയിനിങ്ങിന്റെ ഭാഗമായിരുന്നു.

സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായ കെ. ജി. അജിയുമായുള്ള വിവാഹം കഴിഞ്ഞ് മകളും പിറന്ന ശേഷമാണ് ആ ടെസ്റ്റിന് തയാറെടുത്തതും ജോലി ലഭിച്ചതും. ഭർത്താവിന്റെയും ഭർത്താവിന്റെ അച്ഛനമ്മമാരുടെയും പിന്തുണ കൊണ്ടാണ് അന്ന് അത് സാധിച്ചത്. ഇന്ന് റാങ്കോടെ പാസായതിന്റെ കാരണവും ആ സ്നേഹവും പിന്തുണയും തന്നെയാണ്.

ഭർത്താവിന്റെ അച്ഛൻ ഗംഗാധരനും അമ്മ ഇന്ദിരയും ഞങ്ങളുടെ മകൾ ഇന്ദുവിനെ നോക്കുന്ന ജോലി ഏറ്റെടുത്ത് എനിക്ക് പഠിക്കാനുള്ള അവസരം ഒരുക്കി തന്നു. അവളുടെ പഠന കാര്യങ്ങൾ ഒക്കെ അച്ഛൻ ആണ് നോക്കുന്നത്. സത്യത്തിൽ വീട്ടിലെ ഉത്തരവാദിത്തങ്ങളിൽ നിന്ന് അവരെല്ലാവരും എന്നെ പൂർണമായി ഒഴിവാക്കി തന്നു എന്നു പറയാം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ പഠനത്തിൽ മാത്രം ഞാൻ ശ്രദ്ധിച്ചാൽ മതിയെന്ന് അച്ഛനും അമ്മയും എപ്പോഴും പറയുമായിരുന്നു. ആ തരത്തിലുള്ള പിന്തുണ കിട്ടിയതാണ് ശരിക്കും എന്റെ നേട്ടത്തിനു പിന്നിലുള്ള രഹസ്യം.

സ്വപ്നം കണ്ട ജോലി

ഏതൊരു ജോലിയിലും മുന്നോട്ടുള്ള കയറ്റം നമ്മൾ ആഗ്രഹിക്കില്ലേ. എനിക്കും അതുണ്ടായിരുന്നു. അപ്പോഴാണ് എക്സൈസ് ഇൻസ്‌പെക്ടർ എന്ന ഉയർന്ന തസ്തികയിലേക്ക് വനിതകളെയും പരിഗണിച്ചു കൊണ്ട് സർക്കാർ അപേക്ഷ ക്ഷണിക്കുന്നത്. ഞാൻ അപേക്ഷിച്ചു. കൂടെ ജോലി ചെയ്യുന്ന സുഹൃത്ത് സെൻസി ദേവസ്സി എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ചു. 2016 ൽ ആയിരുന്നു എക്‌സൈസ് ഇൻസ്‌പെക്ടർ എഴുത്തു പരീക്ഷ.

അതിന് ശേഷം കായിക പരീക്ഷയും അഭിമുഖവും ഉണ്ടായിരുന്നു. എഴുത്തു പരീക്ഷയിലാണ് ഒന്നാം റാങ്ക് ലഭിച്ചത്. എ ല്ലാവരും റാങ്ക് വിവരം അറിഞ്ഞത് ഇപ്പോൾ എക്‌സൈസ് ഇൻസ്‌പെക്ടർ ആയി ചാർജ് എടുത്തപ്പോഴാണ് എന്നു മാത്രം.

സിവിൽ എക്സൈസ് ഓഫിസർ തസ്തികയിലേക്ക് ടെസ്റ്റ് എഴുതുന്ന സമയത്തു പഠിച്ച അതേ മാതൃകയിൽ തന്നെയാണ് ഇൻസ്‌പെക്ടർ പരീക്ഷയ്ക്കും പഠിച്ചത്. ഓഫിസ് സമയം കഴിഞ്ഞും അവധി ദിവസങ്ങളിലും ആയിരുന്നു പഠനം. ഓഫിസ് ജോലി കഴിഞ്ഞ് പഠനത്തിനായി സമയം കണ്ടെത്തലായിരുന്നു പ്രധാന വെല്ലുവിളി. പക്ഷേ, കുടുംബത്തിന്റെ പിന്തുണ വേണ്ടുവോളം ലഭിച്ചതു കൊണ്ട് പഠനത്തിൽ വേണ്ട പോലെ ശ്രദ്ധിക്കാൻ കഴിഞ്ഞു.’’

റാങ്ക് ഉണ്ട് എന്ന് നേരത്തേ അറിഞ്ഞെങ്കിലും അപ്പോയിന്റിമെന്റ് കിട്ടി എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫിസിൽ സത്യപ്രതിജ്ഞ ചൊല്ലിയ ശേഷമാണ് സജിതയും കുടുംബവും റാങ്കിന്റെ സന്തോഷം ശരിക്കും ആസ്വദിച്ചത്. ഭർത്താവ് അജിയും കല്ലിപ്പാടം കാർമൽ സിഎംഐ സ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർഥിനിയായ മകൾ ഇന്ദുവും ഇപ്പോൾ സജിതയുടെ നേട്ടത്തിന്റെ സന്തോഷത്തിലാണ്.

ഉത്തരവാദിത്തം കൂടി, ദൂരവും

കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്‌പെക്ടർ ആയതോടെ ജോലിയുടെയും ഉത്തരവാദിത്തത്തിന്റെയും ഭാരം സജിതയ്ക്ക് കൂടിയിരിക്കുകയാണ്. ഒപ്പം താണ്ടേണ്ട ദൂരവും. ഷൊർണൂരുള്ള അജിയുടെ വീട്ടിൽ നിന്ന് തന്റെ നാടായ തൃശൂരിലേക്ക് ആയിരുന്നു ഇത്രയും നാൾ ജോലിക്ക് എത്തിയിരുന്നതെങ്കിൽ ഇനി മലപ്പുറം തിരൂർ എക്സൈസ് സർക്കിൾ ഓഫിസിലേക്കാണ് സജിതയുടെ യാത്ര.

‘‘ 24 മണിക്കൂറും നമ്മൾ ഓൺ ഡ്യൂട്ടി ആയിരിക്കേണ്ട ജോലിയാണിത്. ഇത്രയും നാൾ ഈ ജോലി ചെയ്തിട്ട് മടുപ്പോ പ്രയാസമോ തോന്നിയില്ല. ഇനി ഉത്തരവാദിത്തങ്ങൾ കൂടും എന്നേയുള്ളു. രാവിലെ എട്ടു മണിക്ക് ജോലിക്ക് കയറിയാൽ കേസുകൾ ഉള്ള ദിവസങ്ങളിൽ ഉദ്ദേശിക്കുന്ന നേരത്തു വീട്ടിൽ എത്താനൊന്നും സാധിക്കില്ല. സ്ത്രീകൾക്ക് സമയ ക്ലിപ്തത ഉള്ള ജോലിയേ ചെയ്യാൻ സാധിക്കൂ എന്നില്ല. അങ്ങനെയുള്ള ധാരണകൾ മാറേണ്ട സമയം അതിക്രമിച്ചു. പൊലീസിൽ സ്ത്രീകൾ അതു മുൻപേ തെളിയിച്ചു കഴിഞ്ഞു. കൂടുതൽ പെൺകുട്ടികൾ ഇത്തരം തൊഴിൽ മേഖലകളിലേക്ക് ധൈര്യപൂർവം ഇറങ്ങണം, അതിന് ഞാൻ ഒരു മാതൃക ആയെങ്കിൽ സന്തോഷം’’ സജിത അഭിമാനത്തോടെ പറയുന്നു.

സംസ്ഥാന തലത്തിൽ ആയിരുന്നു എക്സൈസ് ഇൻസ്‌പെക്ടർ പരീക്ഷ. അതുകൊണ്ട് തന്നെ സ്ഥലം മാറ്റം കേര ളത്തിൽ എവിടേക്ക് വേണമെങ്കിലും ലഭിക്കാം. കുടുംബത്തിന്റെ സ്പോർട്ട് ഉണ്ടെങ്കിൽ അത്തരം സന്ദർഭങ്ങൾ നേരിടാൻ സ്ത്രീകൾക്ക് എളുപ്പമാകും. ’’

സാധാരണ പലരും ബുദ്ധിമുട്ടായി പറയുന്ന കാര്യങ്ങൾ ബുദ്ധിമുട്ടായി തോന്നാത്ത സജിതയുടെ മനസ്സിനുമുണ്ട് ഒന്നാം റാങ്കിന്റെ തിളക്കം. സേവന വഴിയിൽ കുറ്റവാളികൾക്ക് നേരെ നിയമത്തിന്റെ നേർവഴിയിലൂടെ തുടങ്ങുകയാണ് സജിതയുടെ യാത്ര. പെൺകരുത്തിന് മാതൃകയായി.