Tuesday 11 September 2018 02:13 PM IST

അഞ്ചു വയസ്, വരച്ചുതീർത്തത് ആയിരത്തിലേറെ ചിത്രങ്ങൾ!! ശലകയെന്ന കൊച്ചു മിടുക്കിയെ അടുത്തറിയാം

Priyadharsini Priya

Sub Editor

salaka1

ഒരിക്കൽ ആ നാലു വയസുകാരി ഒരു പടം വരച്ചു.. പച്ചിലകൾ നിറഞ്ഞ വൻ മരം. അതിൽ ധാരാളമായി വിളഞ്ഞുനിൽക്കുന്ന ഓറഞ്ച് നിറമുള്ള കാരറ്റുകൾ. ഏറെ സന്തോഷത്തോടെ അവളത് അച്ഛനെയും അമ്മയെയും കാണിക്കാൻ ഓടി. ചിത്രം കണ്ട അച്ഛനും അമ്മയും അവളെ ശകാരിച്ചില്ല. കാരറ്റ് മണ്ണിനടിയിലാണ് ഉണ്ടാകുന്നതെന്ന് പറഞ്ഞ് തിരുത്തിയതുമില്ല. പകരം അവളെ ഒന്നുകൂടി ചേർത്തുപിടിച്ചു. മകളുടെ നിഷ്കളങ്കതയ്ക്ക് സമ്മാനമായി അവർ കൂടുതൽ നിറങ്ങൾ വാങ്ങിനല്കി. അവൾ പിന്നെയും വരച്ചുകൊണ്ടിരുന്നു.. അതിൽ പൂന്തോട്ടവും ചിത്രശലഭങ്ങളും പുഴയും തോണിയും ഒപ്പം അവളുടെ പ്രിയ കൂട്ടുകാരും നിറഞ്ഞു. ഇന്ന് ആയിരത്തിൽ അധികം ചിത്രങ്ങൾ വരച്ചുകഴിഞ്ഞിരിക്കുന്നു ഈ കൊച്ചു മിടുക്കി.

salaka6

കൊച്ചി ഇടപ്പള്ളി ചോയ്‌സ് സ്‌കൂളിലെ യുകെജി വിദ്യാർത്ഥിനിയായ ശലക സഞ്ജുവാണ് നിറത്തെ സ്നേഹിക്കുന്ന ആ ചിത്രകാരി. ഓരോ ദിവസം കാണുന്നതും കേൾക്കുന്നതുമൊക്കെ അവളുടെ ഉള്ളിൽ നിറഞ്ഞു നിൽക്കും. പിന്നീടത് മനോഹരമായ ചിത്രമായി ക്യാൻവാസിൽ വിരിയും. ശലകയുടെ ഭാവനയ്‌ക്ക് അനുസരിച്ചാണ് വര. അവളുടെ ഓരോ ചിത്രത്തിനു പിന്നിലും ഓരോ കഥയുണ്ട്. അതുകൊണ്ട് ആരെന്തു ചോദിച്ചയാലും വരച്ച ചിത്രങ്ങളെക്കുറിച്ച് കൃത്യമായ വിശദീകരണം നൽകും. ആരും ഒന്നും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. എല്ലാം ശലകയ്ക്ക്  അറിയാം. ഓസ്‌ട്രേലിയയിൽ ഐബിഎം സീനിയർ മാനേജറായ സഞ്ജുവും അമ്മ ആഷ്‌മിയുമാണ് ശലകയുടെ കഴിവുകൾക്ക് എല്ലാ പ്രോത്സാഹനവും നൽകുന്നത്. അഞ്ചു വയസ്സിനുള്ളിൽ അഞ്ച് ചിത്ര പ്രദർശനങ്ങളാണ് കൊച്ചിയിൽ ഇതിനോടകം സംഘടിപ്പിച്ചത്.

salaka2

"ശലക ജനിച്ചത് ഓസ്‌ട്രേലിയയിലാണ്. അവൾക്ക് എട്ടു മാസം പ്രായമുള്ളപ്പോൾ മുതൽ എല്ലാ ആഴ്ചകളിലും ഓസ്ട്രേലിയയിലെ കമ്യൂണിറ്റി ലൈബ്രറിയിൽ കൊണ്ടുപോകുമായിരുന്നു. അവിടുത്തെ റൈം സെക്‌ഷനിൽ അവൾ വളരെ ശ്രദ്ധയോടെ പാട്ടു കേട്ടിരിക്കും. കഥകൾക്കായുള്ള സെക്ഷൻ വേറെയുണ്ട്. അവിടെയും ശലകയെ കൊണ്ടുപോകും. അവിടുത്തെ സൗകര്യങ്ങൾ മാക്സിമം ഞങ്ങൾ മോൾക്ക് വേണ്ടി ഉപയോഗിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങൾ അവളുടെ കഴിവിനെ വളർത്തി എന്നു വേണമെങ്കിൽ പറയാം." ശലകയുടെ അമ്മ ആഷ്‌മി പറയുന്നു.

salaka4

രണ്ടര വയസു മുതലാണ് ശലകയുടെ ചിത്രങ്ങൾ അച്ഛനും അമ്മയും ശ്രദ്ധിച്ചുതുടങ്ങിയത്. ഇതോടെ അവൾക്ക് കൂടുതൽ പ്രോത്സാഹനം നൽകി. പിന്നെപ്പിന്നെ വരയ്ക്കുന്ന ചിത്രങ്ങൾ കൂടുതൽ മികച്ചതാവാൻ തുടങ്ങി. എപ്പോഴും ഐപാഡിൽ കളിക്കുന്ന മകളെ അതിൽനിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് അച്ഛൻ സഞ്ജു ആദ്യമായി ഒരു വൈറ്റ് ബോർഡ് വാങ്ങി നൽകിയത്. ബോർഡിൽ അവൾ വരയ്‌ക്കുന്ന ചിത്രങ്ങൾ നന്നാവാൻ തുടങ്ങിയപ്പോൾ പിന്നീട് പേപ്പർ ഷീറ്റ് വാങ്ങിനൽകി. തുടക്കത്തിൽ സ്കെച്ച് പെന്നിലായിരുന്നു ശലകയുടെ വര. ഇപ്പോഴത് ഓയിൽ പെയിന്റിങ്ങിൽ എത്തിനിൽക്കുന്നു.

salaka3

ശലകയുടെ ഒരു ദിവസം തുടങ്ങുന്നത് തന്നെ പേപ്പറും നിറങ്ങളും അന്വേഷിച്ചാണ്. മോഹൻലാലിന്റെ ’കുട്ടി ഫാനാണ്’ ശലക. ’പുലിമുരുകൻ’ സിനിമ കണ്ടിറങ്ങിയ ശലക ആദ്യം ചെയ്തത് ലാലേട്ടനെ ക്യാൻവാസിലാക്കുകയാണ്. ചിത്രം മോഹൻലാലിന് സമ്മാനിക്കുകയും ചെയ്തു. പടം കണ്ട ലാലേട്ടൻ കുഞ്ഞു ചിത്രകാരിക്ക് ഒരു ഉമ്മയും നൽകി. ഒപ്പം ഇനിയും വരയ്ക്കണമെന്ന ഉപദേശവും. കൂടാതെ ശലകയെ എടുത്തുകൊണ്ട് ഉഗ്രനൊരു ഫോട്ടോയും.. അന്നായിരുന്നു മകൾ ഏറ്റവും കൂടുതൽ സന്തോഷിച്ചതെന്ന് അച്ഛൻ സഞ്ജു പറയുന്നു.

salaka5
ചോയ്‌സ് സ്‌കൂൾ പ്രസിഡന്റ് ജോസ് തോമസ്, സ്‌കൂൾ വൈസ് പ്രിൻസിപ്പൽ എന്നിവർക്കൊപ്പം ശലക.

"എക്സിബിഷനിൽ ’പുലിമുരുക’ന്റെ പടം വച്ചപ്പോൾ അതുകണ്ട ചോയ്‌സ് സ്‌കൂൾ പ്രസിഡന്റ് ജോസ് തോമസാണ് മോഹൻലാലിനെ ചിത്രം കാണിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുത്തത്. മോഹൻലാലിന്റെ ബ്ലോഗ് ഒഫിഷ്യൽ പേജിലും മോളുമൊത്തുള്ള ചിത്രം ഷെയർ ചെയ്തിരുന്നു. പറയാതെ വയ്യ, ചോയ്‌സ് സ്‌കൂളിലെ ജോസ് തോമസ് സാറും അവിടുത്തെ അധ്യാപകരും മോൾക്ക് പിന്തുണയുമായി എപ്പോഴും കൂടെയുണ്ട്." സഞ്ജു പറയുന്നു.

salaka7

"ഒരിക്കലും ഞങ്ങൾ രണ്ടുപേരും മോളെ നിർബന്ധിച്ച് വരപ്പിക്കാറില്ല. ചിത്രരചനയിൽ അവൾക്ക് പ്രത്യേക പരിശീലനവും നൽകുന്നില്ല. ഈ ചെറുപ്രായത്തിൽ മോളെ കോച്ചിങ്ങിനു വിടാൻ ഒട്ടും താല്പര്യവുമില്ല. അവളുടെ ഇഷ്ടത്തിന് ഫ്രീയായിട്ടു വിടാനാണ് ഞങ്ങളുടെ തീരുമാനം. ഇപ്പോൾത്തന്നെ സ്‌പെയ്‌സ്, ഡൈമെൻഷൻ എന്നിവയെല്ലാം അവൾ കൃത്യമായി വരയ്ക്കാറുണ്ട്. തുറന്ന മനസ്സോടെ വേണം കുട്ടികളുടെ ചിത്രങ്ങൾ കാണാനും വിലയിരുത്താനും. ഇതുവരെ അവളുടെ 100 ഓളം ചിത്രങ്ങൾ ഞങ്ങൾ ഫ്രയിം ചെയ്തു വച്ചിട്ടുണ്ട്. അടുത്ത എക്സിബിഷന് വേണ്ടിയുള്ള തയാറെടുപ്പിലാണ് ഞങ്ങൾ." അമ്മ ആഷ്‌മി സഞ്ജു പറഞ്ഞുനിർത്തി.