Tuesday 11 August 2020 04:25 PM IST : By സ്വന്തം ലേഖകൻ

വില കൂട്ടേണ്ടി വന്നാല്‍ കട നിര്‍ത്തും ; സലാമിക്കയുടെ സ്‌നാക്‌സ് ഏതെടുത്താലും അഞ്ചു രൂപ

foooof

മസാല ബോണ്ട, മുട്ടബജി, മുളക് ബജി, ഉഴുന്നുവഴ, പരിപ്പുവട, വാഴയ്ക്ക ബജി, വഴുതിന ബജി, ഉരുളക്കിഴങ്ങ് ബജി, സുഖിയന്‍, ഉള്ളി പക്കോട തുടങ്ങി എട്ടു പത്ത് ഇനങ്ങളില്‍ നിന്ന് ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം. നല്ല ചൂടു ചായയും കുടിക്കാം. കൊടുക്കേണ്ടത് വെറും പത്ത് രൂപ മാത്രം. ഇത് സലാമിക്കയുടെ ചായക്കട. പാലക്കാട് ടൗണില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി മേപ്പറമ്പിലാണ് കട. പട്ടാമ്പി-ഷൊര്‍ണൂര്‍-ഒറ്റപ്പാലം റൂട്ടില്‍ ഹൈവേയോടു ചേര്‍ന്നാണ്. അഞ്ചു രൂപയ്ക്ക് ഒരു എണ്ണക്കടിയും അഞ്ചു രൂപയ്ക്ക് ചായയും അതാണ് കടയുടെ പ്രത്യേകത.

നല്ല കടലമാവിലേ സലാമിക്ക കടികള്‍ ഉണ്ടാക്കൂ. മറ്റൊരു തരത്തിലുള്ള കൃത്രിമവും ഇല്ല. അത് ഇക്കയുടെ പോളിസിയാണ്. ഗുണമേന്‍മയിലും അളവിലും വിട്ടുവീഴ്ചയില്ലാതെ ചുരുങ്ങിയ പൈസയ്ക്ക് വിശപ്പിന് ആശ്വാസം ഗ്യാരണ്ടിയും. ഈ പൊന്നുംവിലയ്ക്ക് ചായയും കടിയും നല്‍കാന്‍ സലാമിക്കയെപ്പോലെ ധൈര്യം അധികമാരും കാണിക്കില്ല. കട തുടങ്ങിയപ്പോള്‍ അതായത് പതിമൂന്ന് വര്‍ഷം മുമ്പ് കടികള്‍ക്ക് മൂന്ന് രൂപയായിരുന്നു. സാധനങ്ങള്‍ക്കെല്ലാം വില കൂടിയതോടെ ഇക്കയും വില കൂട്ടാന്‍ നിര്‍ബന്ധിതനായതാണ്.ഇനിയും വില കൂട്ടേണ്ടി വന്നാല്‍ കട നിര്‍ത്താനാണ് തീരുമാനം. കോവിഡിനു മുമ്പ് രാവിലെ എട്ടിനു തുടങ്ങി വൈകീട്ട് ഏഴര വരെയാണ് കടയുണ്ടായിരുന്നത്. ഇപ്പോള്‍ അതില്‍ വ്യത്യാസങ്ങളുണ്ട്. എട്ട് പേരാണ് കടയില്‍ സഹായികള്‍. സലാമിക്കയുടെ ചായയുടെയും കടിയുടെയും രുചി സ്ഥിരമായി അറിയുന്നവരും അറിയാത്തവരുമായി ദിവസേന അറുനൂറിലേറെപ്പേര്‍ കടയിലെത്തുന്നുണ്ട്. ഈ കടയില്‍ നിന്നു വാങ്ങാന്‍ വേണ്ടി മാത്രം ദൂരെ നിന്നു വരുന്നവരുമുണ്ട്.

Tags:
  • Spotlight