Tuesday 04 June 2019 04:58 PM IST

നക്സലേറ്റെന്നു പ്രചരിപ്പിച്ചു നാടു കടത്തി, അമ്മയുടെ ചിതയ്ക്കു തീ കൊളുത്താൻ അനുവദിക്കാതെ ആട്ടിയിറക്കി! ഇതാണ് ചുള്ളിക്കാടിന്റെ ‘സഹോദരൻ’

Binsha Muhammed

salim

‘കൊടുത്താൽ കൊല്ലത്തല്ല പറവൂരും കിട്ടും. ഇത് കാലത്തിന്റെ മധുര പ്രതികാരമാണ്. മൃതപ്രായനായ സഹോദരനെ സംരക്ഷിക്കാൻ ഒരുക്കമല്ലെന്ന് അറിയിച്ച കവി ബാലചന്ദ്രൻ ചുള്ളിക്കാടിനെ വിചാരണ ചെയ്യാനിറങ്ങിത്തിരിക്കും മുമ്പ് ഒരു നിമിഷം. ചുള്ളിക്കാടെന്ന മനുഷ്യൻ അനുഭവിച്ച ക്രൂരതയുടേയും യാതനകളുടേയും ഭൂതകാലം ഒരു കണ്ണാടിയിലെന്ന പോലെ എനിക്കു മുന്നിലുണ്ട്. അതു കൊണ്ട് ആ പാവം മനുഷ്യനെ ക്രൂശിക്കുന്നത് നിർത്തൂ.... സത്യം മനസിലാക്കൂ...’–

തെരുവിൽ മൃതപ്രായനായി കിടന്ന പറവൂര്‍ നന്ത്യാട്ട്കുന്ന് ചുള്ളിക്കാട്ട് ജയചന്ദ്രന്‍ എന്ന ചന്ദ്രന്‍കുട്ടിയും അദ്ദേഹത്തെ  ഏറ്റെടുക്കാൻ വൈമുഖ്യം കാണിച്ച സഹോദരൻ ബാലചന്ദ്രൻ ചുള്ളിക്കാടുമായിരുന്നു പോയ ദിനം സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. കാള പെറ്റെന്നു കെട്ടാൽ കയറെടുക്കുന്ന സോഷ്യൽ മീഡിയ ബാലചന്ദ്രൻ ചുള്ളിക്കാടിനു നേരെ വാളെടുത്തു പാഞ്ഞു. കാൻസർ രോഗവും മാനസികാസ്വാസ്ഥ്യവും കൊണ്ട് ജീവിതത്തിനും മരണത്തിനും ഇടയിൽ മല്ലിടുന്ന സഹോദരനെ തിരിഞ്ഞു നോക്കാത്ത കവിയെ സമൂഹമാധ്യമങ്ങളിലൂടെ പലരും പരസ്യ വിചാരണ ചെയ്തു. ‘മാങ്ങയുള്ള മാവിനു നേരെ’ ഉന്നം പിടിച്ചിറങ്ങുന്ന പതിവ് സോഷ്യൽ മീഡിയ കലാപരിപാടിയിലെ ഒടുവിലത്തെ ഉദാഹരണം. എന്നാൽ ഇപ്പോഴിതാ ബാലചന്ദ്രൻ ചുള്ളിക്കാടിനെതിരെ വാളോങ്ങിയവരുടെ വായടപ്പിച്ച് രംഗത്തെത്തുകയാണ് സുഹൃത്തും നാട്ടുകാരനുമായ നടന്‍ സലിംകുമാർ. ‘വനിത ഓൺലൈനിനു’ നൽകിയ അഭിമുഖത്തില്‍ സലിംകുമാർ തുറന്നു കാട്ടിയത് സഹോദരനിൽ നിന്നും ചുള്ളിക്കാട് അനുഭവിച്ച യാതനകളുടെ കഥയാണ്.

‘ഏതൊരു കഥയ്ക്കും ഒരു മറുപുറമുണ്ട്. സൗകര്യപൂർവ്വം മറക്കുന്നൊരു ഭൂതകാലമുണ്ട്. വീട്ടിൽ നിന്ന് ആട്ടിപ്പായിക്കപ്പെട്ട... ഉണ്ണാനോ ഉടുക്കാനോ ഇല്ലാതെ ദിവസങ്ങളോളം പട്ടിണി കിടന്ന.... എന്തിനേറെ മരിച്ചു കിടക്കുന്ന അമ്മയ്ക്ക് ബലിയിടാൻ പോലും അനുവദിക്കാതെ വീട്ടുകാർ ഭ്രഷ്ട് കൽപ്പിച്ച.... ബാലചന്ദ്രൻ ചുള്ളിക്കാടിനെ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ ആകുന്നുണ്ടോ? സോഷ്യൽ മീഡിയ കൊല്ലാക്കൊല ചെയ്യുന്ന ഈ മനുഷ്യന് അങ്ങനെയൊരു ഭൂതകാലം പങ്കുവയ്ക്കാനുണ്ട്. അതിന്റെയെല്ലാം ഉത്തരവാദി നിങ്ങളീ പറയുന്ന മൃതപ്രായനായ മനുഷ്യനാണ്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഇളയ സഹോദരൻ ജയചന്ദ്രൻ. അന്ന് ചുള്ളിക്കാടെന്ന മനുഷ്യൻ അനുഭവിച്ച് തീർത്ത സകല വേദനകൾക്കും ദുരനുഭവങ്ങൾക്കും മൂക സാക്ഷിയാണ് ഞാൻ. കത്തുന്ന ആ ഓർമ്മകൾ കണ്ണാടി പോലെ മുന്നിലുള്ളപ്പോൾ എനിക്ക് സത്യം വിളിച്ചു പറയാതിരിക്കാനാകില്ല.– സലിംകുമാർ ഓർമകളിലേക്ക് തിരികെ നടക്കുകയാണ്.

salimz

കവിയാകും മുൻപ് മറ്റൊരു ബാലചന്ദ്രനുണ്ടായിരുന്നു. പ്രതാപശാലികളും തറവാടികളുമായ ചുള്ളിക്കാട് കുടുംബാഗം. പറവൂരിന്റെ സാംസ്കാരിക–സാഹിത്യ മുഖമായി വളർന്നു വരികയായിരുന്ന ചുള്ളിക്കാടിനോട് 35 കൊല്ലം മുമ്പ് ഈ സഹോദരൻ ചെയ്ത ക്രൂരതയറിയണോ? ബാലചന്ദ്രന് നക്സൽ ബന്ധമുണ്ടെന്ന് ആരോപിച്ച് വീട്ടിൽനിന്നു മാത്രമല്ല, നാട്ടിൽ നിന്നേ ആട്ടിപ്പായിച്ചു. നോവലിസ്റ്റും സാമൂഹ്യ പ്രവർത്തകനുമായ പി. കേശവദേവും പണ്ട് ഇതേ ദുരവസ്ഥയിലൂടെ കടന്നു പോയി എന്നത് മറ്റൊരു കഥ.

salim-5

അന്ന് രായ്ക്കു രാമാനം വീടു വിട്ടിറങ്ങുമ്പോൾ ബാലചന്ദ്രന് ഉണ്ണാനോ ഉടുക്കാനോ ഒന്നും കയ്യിലില്ലായിരുന്നു. നൂറ് പറ നെല്ലുള്ള വലിയ വീട്ടിലെ തറവാട്ടുകാരൻ ദിവസങ്ങളോളം പട്ടിണി കിടന്നാണ് ജീവിച്ചത് എന്നു പറഞ്ഞാൽ ഇപ്പോൾ പലർക്കും വിശ്വസിക്കാൻ പ്രയാസമായിരിക്കും. അലഞ്ഞും പട്ടിണി കിടന്നും വേദന സഹിച്ചും ആ മനുഷ്യൻ ദിവസങ്ങൾ കഴിച്ചു. കാലടി സർവകലാശാല വൈസ് ചാൻസിലർ, പിഎസ്‍സി ചെയർമാൻ എന്നീ നിലകളിൽ ശ്രദ്ധ നേടിയ കെ.എസ്. രാധാകൃഷ്ണനും സംഘവും അന്ന് ചുള്ളിക്കാടിന് മഹാരാജാസ് കോളേജിൽ അഭയം നൽകിയതോർക്കുന്നു. കോളേജ് കാന്റീനിൽ കവിത ആലപിച്ചും കൂട്ടുകാർക്കൊപ്പം വേദന മറന്ന് ചെലവഴിച്ചും ചുള്ളിക്കാട് കാലം കഴിച്ചു. ശരിക്കും അദ്ദേഹത്തിലെ കവിക്ക് വളമായത് വറുതിയുടെ ആ നാളുകളായിരിക്കണം. ചേട്ടന്റെ ഈ കഷ്ടപ്പാടുകൾ അറിഞ്ഞിട്ടും തിരികെ വിളിക്കാനോ അഭയം നൽകാനോ ജയചന്ദ്രൻ എന്ന സഹോദരന്‍ തയ്യാറായിരുന്നില്ല. അക്ഷരാർത്ഥത്തിൽ അതൊരു പടിയടച്ച് പിണ്ഡം വയ്ക്കലായിരുന്നു.– സലിംകുമാർ പറയുന്നു.

salom-1

ഇടയ്ക്ക് എപ്പോഴോ ബാലചന്ദ്രൻ ചുള്ളിക്കാട് ബുദ്ധമതം സ്വീകരിച്ചിരുന്നു. ആ തീരുമാനം ജീവിതാവസാനം വരേയും നെഞ്ചിൽ കൊണ്ടു നടക്കേണ്ടുന്ന വലിയൊരു വേദനയ്ക്ക് കാരണമാകുമെന്ന് ആ മനുഷ്യൻ അറിഞ്ഞിരുന്നില്ല. ലോകത്ത് ഒരു മകനും അനുഭവിക്കരുതേ എന്ന് നാം ആഗ്രഹിച്ചു പോകുന്ന വേദന... ആയിടയ്ക്കാണ് ആ പാവത്തിന്റെ അമ്മ മരിക്കുന്നതും. മരണവാർത്തയറിഞ്ഞ് കുടുംബത്തിൽ നിന്നും ആട്ടിപ്പായിക്കപ്പെട്ട ആ മകൻ നാളുകൾക്കു ശേഷം തറവാട്ടിലെത്തി. ജന്മം നൽകിയ അമ്മയെ അവസാനമായി ഒരു നോക്കു കാണാൻ. അന്യജാതിയിൽ പെട്ട ഒരാൾക്ക് ഹിന്ദുവായ അമ്മയെ തൊടാൻ അവകാശമില്ലെന്ന് ഇതേ സഹോദരൻ വാശിപിടിച്ചു. ബുദ്ധമത വിശ്വാസിയായ ബാലചന്ദ്രനെ അവിടെ നിന്ന് പുറത്താക്കാൻ ഇതേ സഹോദരൻ ആളുകളെ വട്ടം കൂട്ടി. കെഞ്ചി കേണപേക്ഷിച്ചിട്ടും അവരുടെ മനസലിഞ്ഞില്ല. സ്വന്തം അമ്മയ്ക്ക് ബലിയിടാൻ പോലുമാകാതെ ആ മനുഷ്യൻ അവിടെ നിന്നും കണ്ണീരോടെ ഇറങ്ങി. ഇതെല്ലാം അത്രവേഗം മറക്കാൻ ഒരു സാധാരണ മനുഷ്യന് കഴിയുന്നതെങ്ങനെ?

സ്വത്ത് ഭാഗം വച്ച വകയിൽ 36 സെന്റോളം ഇതേ ജയചന്ദ്രനും നൽകിയതാണ്. അതൊക്കെ എവിടെ പോയി എന്ന് ആരെങ്കിലും ചോദിക്കുന്നുണ്ടോ? അയാൾ അതൊക്കെ കുടിച്ചും ധൂർത്തടിച്ചും നശിപ്പിച്ചതാണ്. നാളുകൾക്ക് മുമ്പ് കോൺഗ്രസ് പ്രവർത്തകൻ രവീന്ദ്രൻ കൊല്ലപ്പെട്ട കേസിൽ പ്രതിയായിരുന്നു ജയചന്ദ്രൻ. ബാലചന്ദ്രൻ ചുള്ളിക്കാട് കവിയായി പേരെടുത്ത ശേഷവും ആ മനുഷ്യനെ വേട്ടയാടുന്നതിൽ നിന്നും ആരും പിന്നോട്ടില്ലായിരുന്നു. അന്നും എല്ലാവരും ജയചന്ദ്രനെ വിശേഷിപ്പിച്ചത് ചുള്ളിക്കാടിന്റെ സഹോദരൻ എന്നാണ്. ഒന്നുമറിയാത്ത ആ മനുഷ്യൻ എന്ത് പിഴച്ചു. കൊല നടത്തിയത് ആ മനുഷ്യനായിരുന്നെങ്കിലും അതിന്റെ മേൽവിലാസം നാട്ടുകാർ ചാർത്തിക്കൊടുത്തത് ബാലചന്ദ്രനാണ്. ചുള്ളിക്കാടിന്റെ സഹോദരൻ കൊലപാതക കേസിലെ പ്രതി. എന്തൊരു വിരോധാഭാസം ആണെന്നോർക്കണം. ഇന്നും അതിന്റെ ആവർത്തനമാണ് സംഭവിച്ചിരിക്കുന്നത്. കാലത്തിന്റെ മറുചോദ്യം എന്നോണം ആ മനുഷ്യൻ മരണാസന്നനായി വാർത്തകളിൽ നിറയുകയാണ്. അപ്പോഴും എല്ലാവരും ചാർത്തിക്കൊടുക്കുന്നത് ചുള്ളിക്കാടിന്റെ സഹോദരൻ എന്ന മേൽവിലാസമാണ്. അയാളെ ഇത്രയേറെ കഷ്ടപ്പെടുത്തിയ... ഒരായുഷ്ക്കാലത്തിനും അപ്പുറമുള്ള ക്രൂരതകൾ ചെയ്ത മനുഷ്യന് ഈയൊരവസ്ഥ വരുമ്പോൾ മാത്രം ചുള്ളിക്കാടിന്റെ സഹോദരനാക്കി മാറ്റുന്നതിലെ യുക്തിയെന്താണ്. പ്രതാപശാലികളായ ആ കുടുംബത്തിൽ വേറെയും കുടുംബാംഗങ്ങൾ ഉണ്ടല്ലോ? ഏറു കൊള്ളാനുള്ള വിധി ചുള്ളിക്കാടിനു മാത്രമാണ്. സഹോദരനെ ഏറ്റെടുക്കാനാകില്ലെന്ന് ചുള്ളിക്കാട് അറിയിച്ചെങ്കിൽ ഒന്നോർത്തോളൂ, അത് കാലത്തിന്റെ കാവ്യ നീതിയാണ്.

salim-3

ഒന്നു കൂടി പറഞ്ഞു നിർത്തട്ടേ, ജയചന്ദ്രന്റെ അവസ്ഥയറിഞ്ഞ് പറവൂർ നഗരസഭ ചെയർമാൻ രമേശ് കുറുപ്പിനെ ഞാൻ ബന്ധപ്പെട്ടിരുന്നു. സാമ്പത്തിക സഹായം എന്തെങ്കിലും വേണമോയെന്ന് ചോദിക്കുകയും ചെയ്തിരുന്നു. പക്ഷേ എല്ലാ സഹായവും ലഭ്യമാക്കിയെന്നും ജയചന്ദ്രനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്നുമുള്ള മറുപടിയാണ് കിട്ടിയത്. നിലവിൽ കൊടുങ്ങല്ലൂർ പുല്ലാട്ടുള്ള ‘വെളിച്ചം’ എന്ന അഗതി മന്ദിരത്തിലാണ് ജയചന്ദ്രൻ എന്നാണ് അറിയാൻ കഴിഞ്ഞത്. അയാൾക്ക് ചികിത്സയും മറ്റും അവിടെ ലഭിക്കും.– സലിംകുമാർ പറയുന്നു.