Friday 22 June 2018 10:47 AM IST : By സ്വന്തം ലേഖകൻ

‘പെൺമക്കൾ ഇല്ലാത്തതിനാൽ സ്വന്തം മകളെ പോലെ കണ്ടു, എന്നിട്ടും അവൾ ഈ ക്രൂരത കാട്ടിയല്ലോ!’

sam-parents.jpg.image.784.410

‘ഞങ്ങളുടെ മകനെ ക്രൂരമായി കൊലപ്പെടുത്തിയവർക്ക് ഇത്രയും ശിക്ഷ പോരാ... ജീവപര്യന്തം ജയിലിൽ ഇടണം’ - ഓസ്ട്രേലിയയിൽ ഭാര്യയും കാമുകനും ചേർന്നു കൊലപ്പെടുത്തിയ കരവാളൂർ സ്വദേശി സാം ഏബ്രഹാമിന്റെ മാതാപിതാക്കൾ പറയുന്നു. സോഫിയയ്ക്ക് ഇരുപത്തിരണ്ടും കാമുകൻ അരുൺ കമലാസനന് ഇരുപത്തേഴും വർഷത്തെ തടവു ശിക്ഷ ലഭിച്ചതിൽ ആശ്വാസമുണ്ടെന്നും സാമിന്റെ മാതാപിതാക്കളായ പുനലൂർ കരവാളൂർ ആലക്കുന്നിൽ ലിയോ ഭവനിൽ ഏബ്രഹാം സാമുവലും ലീലാമ്മയും.

‘കൊലപാതകം തെളിയിച്ച ഓസ്ട്രേലിയൻ പൊലീസിനും കോടതിക്കും ഒരുപാട് നന്ദിയുണ്ട്. പെൺമക്കൾ ഇല്ലാത്തതിനാൽ സ്വന്തം മകളെ പോലെയാണ് അവളെ (സോഫിയ) ഞങ്ങൾ കണ്ടിരുന്നത്. എന്നിട്ടും അവൾ ഈ ക്രൂരത കാട്ടിയല്ലോ’- ദമ്പതികളുടെ ശബ്ദം ഇടറി. സാമിന്റെ മകൻ രോഹൻ സാം സോഫിയയുടെ സഹോദരി സോണിയയ്ക്കൊപ്പം ഓസ്ട്രേലിയയിലാണ്. രോഹനെ വിട്ടു കിട്ടാൻ എൻ.കെ.പ്രേമചന്ദ്രൻ എംപി വഴി കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ട്.

2015 ഒക്ടോബർ 23 നായിരുന്നു സാമിന്റെ സംസ്കാരം. ഒരാഴ്ച പിന്നിട്ടപ്പോൾ സോഫിയ ഓസ്ട്രേലിയയിലേക്കു മടങ്ങി. പുനലൂരിലെ ബാങ്കിലെ ജോയിന്റ് അക്കൗണ്ടിൽ ഉണ്ടായിരുന്ന പണം മുഴുവൻ പിൻവലിച്ചാണു പോയത്. സാമിന്റെ ബ്രീഫ് കെയ്സിലുണ്ടായിരുന്ന രേഖകൾ കത്തിച്ചു കളഞ്ഞു.

അന്നു സോഫിയയെ സംശയിച്ചിരുന്നില്ല. അതുകൊണ്ട് ഒന്നും ചോദിച്ചതുമില്ല. ഇനി രോഹനെ അവിടെ നിർത്തുന്നതു സുരക്ഷിതമല്ല. ആ കുഞ്ഞിനെയും അവർ വകവരുത്തില്ലെന്ന് ആരു കണ്ടു? മാസത്തിൽ ഒരു തവണ ഇപ്പോൾ രോഹനുമായി വിഡിയോ കോളിലൂടെ സംസാരിക്കും. അടുത്ത് ആളുണ്ടാകുമെന്നതിനാൽ വിശദമായി ഒന്നും സംസാരിക്കാനാവില്ല- ഏബ്രഹാം സാമുവലും ലീലാമ്മയും പറഞ്ഞു.

more...