Friday 17 April 2020 03:35 PM IST

സമോവർ തുറന്നിരിക്കുന്നു, വിശക്കുന്നവർക്ക് അത്താഴമേകാൻ

Sreerekha

Senior Sub Editor

samor

ഒരുപാട് കാലം സ്വപ്നം കണ്ട് ആരംഭിച്ച പുതിയ ഹോട്ടലിന്റെ ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് ലോക് ഡൗൺ വന്നത്. കൊച്ചി പള്ളുരുത്തിയിലെ 'സമോവർ ചായപ്പീടിക' ഹോട്ടലിന്റെ ഉടമസ്ഥരായ സുഹൃത്തുക്കൾ- നാസിമും സിജുവും ഇനിയെന്തു ചെയ്യുമെന്നോർത്ത് ആദ്യമൊന്നു ടെൻഷനടിച്ചു. അപ്പോഴാണ് ഒരു നേരത്തെ ആഹാരം കിട്ടാതെ വിശന്നിരിക്കുന്ന ധാരാളം പേർ ഈ ലോക് ‍ഡൗൺ സമയത്ത് നമുക്ക് ചുറ്റുമുണ്ടല്ലോയെന്നോർത്തത്. അങ്ങനെ ഹോട്ടൽ അടച്ചു പൂട്ടാതെ, തെരുവിൽ അലയുന്നവർക്കും നിർദ്ധനർക്കും വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്നവർക്കും സമോവറിൽ നിന്ന് രാത്രി ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുകയെന്ന ദൗത്യം ഏറ്റെടുത്തു ഇവർ. പള്ളുരുത്തി, കുമ്പളങ്ങി, തോപ്പുംപടി പ്രദേശത്താണ് ഭക്ഷണം വിതരണം ചെയ്യുന്നത്. കഴിഞ്ഞ 20 ദിവസമായി ഈ സൗജന്യ ഭക്ഷണ വിതരണം തുടർന്നു പോരുന്നു. രാത്രി ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർ, കോവിഡ് പ്രതിരോധത്തിനായി പ്രയത്നിക്കുന്ന  ആരോഗ്യ പ്രവർത്തകർ... ഇവർക്കും സമോവറിൽ നിന്ന് സൗജന്യ ഭക്ഷണം എത്തിക്കുന്നുണ്ട്.

'കമ്യൂണിറ്റി കിച്ചൻ വഴി ഉച്ചയ്ക്കുള്ള ഭക്ഷണം ആവശ്യക്കാർക്ക് കിട്ടുന്നുണ്ട്. പക്ഷേ, രാത്രി ഭക്ഷണം കിട്ടാതെ പട്ടിണിയാകുന്ന ഏറെ പേർ നഗരത്തിലും ചുറ്റുവട്ടത്തും ഉണ്ടെന്നറിയാൻ കഴിഞ്ഞു. പിന്നെ, മക്കളോ ഉറ്റവരോ ഒന്നും അരികിലില്ലാതെ തനിച്ച് വീട്ടിൽ കഴിയുന്ന പ്രായത്തിന്റെ അവശതയേറിയ മനുഷ്യരുമുണ്ട്. അവർക്കെല്ലാമാണ് സമോവറിൽ നിന്ന് ഭക്ഷണമെത്തിക്കുന്നത്.

ഭക്ഷണം ആർഭാടമല്ല, ആവശ്യമാണെന്ന് നമ്മൾ തിരിച്ചറിയുന്ന കാലമാണിത്. സൗജന്യ ഭക്ഷണ വിതരണം തുടങ്ങിയ സമയത്ത് ‍ഞങ്ങൾ തന്നെ ഇതിനുള്ള മുഴുവൻ ചെലവും വഹിക്കുകയായിരുന്നു. ഹോട്ടലിലേക്കു വാങ്ങി വച്ച സ്റ്റോക്ക് ഒക്കെ ഉപയോഗിച്ചു. പിന്നെ, ഇപ്പോ സുഹൃത്തുക്കളും പരിചയക്കാരും നല്ലവരായ നാട്ടുകാരുമെല്ലാം ഇതിനു പിന്തുണയും സഹായവും തന്ന് കൂടെയുണ്ട്. ഒരു പരിചയവുമില്ലാത്തവ‍‍രും പാചകം ചെയ്യാനുള്ള  എന്തെങ്കിലുമൊക്കെ സാധനങ്ങൾ സംഭാവനയായി തരാറുണ്ട്... കഴിഞ്ഞ ദിവസം കുറച്ചു കുട്ടികൾ വന്നു. അവർ ടൂറിനു പോകാൻ വച്ചിരുന്ന പൈസ സൗജന്യ ഭക്ഷണം വിതരണം ചെയ്യാനുള്ള ചെലവായിട്ടു ഡൊണേറ്റ് ചെയ്യുകയാണെന്ന് പറഞ്ഞ് അവരുടെ കുഞ്ഞു സമ്പാദ്യം നീട്ടി. അതുപോലെ, മറ്റൊരു ദിവസം  വന്നു ഒരാൾ...  അദ്ദേഹത്തിന്റെ ഇരട്ടക്കുട്ടികളുടെ പിറന്നാളായിരുന്നു.. ഈ ദിവസത്തെ സൗജന്യ ഭക്ഷണ വിതരണത്തിന്റെ ചെലവ് തന്റെ ഓമനമക്കളുടെ  പിറന്നാളാഘോഷത്തിന്റെ സന്തോഷമായി ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ നന്മമനസ്സുള്ള പലരുടെയും പിന്തുണ കൊണ്ട് ഇത് മുന്നോട്ടു പോകുന്നു.. കൊച്ചി കോർപറേഷൻ കൗൺസിലർമാരും വാർഡ് മെംബേഴ്സും സാമൂഹ്യ പ്രവർത്തകരും മറ്റും ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്താൻ സഹായിക്കുന്നു. കൗൺസിലർ തമ്പി സുബ്രഹ്മണ്യം, മുൻ കൗൺസിലർ വി. എ. ശ്രീജിത്, പൊതുപ്രവർത്തകൻ വി. എ. തങ്കച്ചൻ ഇവരൊക്കെ പിന്തുണയേകി ഒപ്പമുണ്ട്. എന്തായാലും ലൗക് ഡൗൺ തീരും വരെ സൗജന്യ ഭക്ഷണ വിതരണം തുടരാനാണു തീരുമാനം.' നാസിം പറയുന്നു.

samor1


 
നാടൻ വിഭവങ്ങളാണ് സമോവറിലെ പ്രധാന ഇനങ്ങൾ. അപ്പം, മുട്ടക്കറി, പുട്ട്, കടലക്കറി, പൊറോട്ട, ചിക്കൻ, ചപ്പാത്തി, കറികൾ.. തുടങ്ങിയവ. വൈകിട്ട് അഞ്ചു മണിയാകുമ്പോഴേക്കും ഭക്ഷണപ്പൊതികൾ റെഡിയായിരിക്കും. അവ അർഹതപ്പെട്ടവർക്കു കൃത്യമായി വിതരണം ചെയ്യാൻ സന്നദ്ധപ്രവർത്തകർ അപ്പോഴേക്കും സമോവറിൽ എത്തും. ദിവസവും വൈകിട്ട്  250 - 300 ഓളം സൗജന്യ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ട്.



മറ്റൊരു സന്തോഷം കൂടി പങ്കു വയ്ക്കുകയാണ് നാസിമും സിജുവും. സമോവറിൽ പാചക ജോലി ചെയ്യുന്നത് അസം സ്വദേശികളായ  സെയ് ഫുദ്ദീൻ, ഇംതിയാസ് അലി എന്നിവരാണ്. ഇവിടുത്തെ പാചക ജോലിക്കാരാണ് ഇവർ. പക്ഷേ, ഒരു പ്രതിഫലവും വാങ്ങാതെയാണ് അവർ ഇപ്പോൾ ജോലി ചെയ്യുന്നത്. സ്വന്തം നാട്ടിലേക്ക് പോകാൻ തിടുക്കപ്പെടുമ്പോഴും ഏറ്റവും അത്യാവശ്യമുള്ളവർക്കു വേണ്ടി ഭക്ഷണം ഉണ്ടാക്കുന്നതിന്റെ ഹൃദയം നിറഞ്ഞ സന്തോഷം അവരുമിപ്പോൾ തിരിച്ചറിയുകയാണ്..