മിസ്റ്റർ കേരള പട്ടം സ്വന്തമാക്കിയ പശ്ചിമബംഗാൾ സ്വദേശി സാമ്രാട്ട് ഘോഷിനോട് പ്രണയം തകർന്നതിൽ വിഷമമുണ്ടോ എന്നു ചോദിച്ചാല്‍ അദ്ദേഹം ഇങ്ങനെ പറയും, ‘‘വിഷമം വരുമ്പോൾ ഞാൻ രണ്ടു ചട്ടി മണലെടുത്ത് കുറച്ച് സിമന്റ് ചേർത്ത് മിക്സ് ചെയ്യും. അല്ലെങ്കില്‍ പത്ത് പുഷ്അപ്പ് എടുക്കും.’’
വിഷമം വരുമ്പോ ഞാൻ ചട്ടുകമെടുത്ത് ചൂടുള്ള പായസത്തിലിട്ട് രണ്ടിളക്കിളക്കും’ എന്ന ഡയലോഗ് കല്യാണരാമൻ സിനിമയിൽ പറഞ്ഞ മിസ്റ്റർ പോഞ്ഞിക്കരയെ സാമ്രാട്ടിനറിയില്ല. എന്നാൽ ഇന്ന് സാമ്രാട്ടിനെ എല്ലാവരും അറിയുന്നത് മിസ്റ്റർ തൃശൂർ, മിസ്റ്റർ കേരള, എന്നിങ്ങനെയൊക്കെയാണ്. കാപാ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന മത്സരങ്ങളിൽ സബ് ജൂനിയർ (65 കിലോഗ്രാം) വിഭാഗത്തിലാണ് സാമ്രാട്ട് ഈ നേട്ടങ്ങൾ കൊയ്തത്. സൗത്ത് ഇന്ത്യയിൽ നടന്ന സബ് ജൂനിയർ ബോഡി ബിൽഡിങ് മത്സരത്തിൽ സെക്കൻഡ് റണ്ണറപ്പും സാമ്രാട്ടായിരുന്നു.
അതിഥി തൊഴിലാളി എന്ന ടാഗ് മാറി കേരളത്തിന്റെ മിസ്റ്റർ ആയ സന്തോഷം സാമ്രാട്ടിന്റെ ചിരിയിൽ തെളിഞ്ഞു കാണാം. അഞ്ചു വർഷം മുൻപ് പ്രണയനൈരാശ്യത്തെത്തുടർന്ന് പതിനഞ്ചാം വയസ്സിൽ അച്ഛൻ ജാദവ് ഘോഷിനൊപ്പം കേരളത്തിലേക്കു തീവണ്ടി കയറിയതാണ് കക്ഷി.
തൃശൂർ അരിമ്പൂരിലെത്തിയ സാമ്രാട്ട് അച്ഛനൊപ്പം ജോലിയിൽ പ്രവേശിച്ചു. രാവിലെ മുതൽ വൈകുന്നേരം വരെ ജോലി. തിരികെ താമസസ്ഥലത്തെത്തിയാൽ ഭക്ഷണവും കഴിച്ച് കിട്ടുന്ന സ്ഥലത്ത് ചുരുണ്ടു കിടന്നുറങ്ങും. ശരീരം നുറുങ്ങുന്ന വേദനയായിരുന്നു ആദ്യ ദിനങ്ങളിൽ. മനസ്സിന്റെയും ശരീരത്തിന്റെയും വേദനകളോട് പൊരുത്തപ്പെട്ട അതേ വേഗത്തിൽ സാമ്രാട്ട് മലയാളവും പഠിച്ചു.
‘‘എല്ലു മുറിയെ പണിയെടുത്താലും 300 രൂപയാണ് മൂർഷിദാബാദില്‍ ശമ്പളം. അതും കൃത്യമായി കിട്ടില്ല. ഇവിടെ ജോലി കഴിഞ്ഞാൽ വൈകിട്ട് കൂലി തരും. വീട്ടിലെ ബുദ്ധിമുട്ടുകളോർക്കുമ്പോൾ അൽപം കഷ്ടപ്പെട്ടാലും സാരമില്ലെന്നു തോന്നും.’’
ഫ്ലക്സിൽ കണ്ട ചേട്ടന്റെ മസിൽ
അരിമ്പൂർ ഓൾമാക്സ് ജിമ്മിന്റെ പരസ്യ ബോർഡും ബോർഡിലെ ചേട്ടന്റെ ബോഡിയും കണ്ടാണ് സാമ്രാട്ട് ജിമ്മിലെത്തിയത്. ഫ്ലക്സിലെ ചേട്ടൻ തന്നെയാണ് പരിശീലകൻ എന്ന് അവിടെയെത്തിയപ്പോഴാണ് അറിഞ്ഞത്. പാക്കേജുകളേക്കുറിച്ചൊന്നും ട്രെയിനറായ അഖിൽ പറഞ്ഞില്ല. മറിച്ച് ‘എല്ലാ ദിവസവും വരാമെന്നുറപ്പുണ്ടെങ്കിൽ കയറിക്കോ’ എന്നു മാത്രം പറഞ്ഞു.
‘‘യാതൊരു ദുഃശീലങ്ങളുമില്ല. 20 വയസ്സേയുള്ളുവെങ്കിലും അതിൽക്കവിഞ്ഞ പക്വതയുമുണ്ട്. വളരെ എളുപ്പത്തിൽ അയാൾ ജിമ്മിലെ മറ്റ് അംഗങ്ങളുമായി കൂട്ടായി. ജിമ്മിൽ ചേരുമ്പോൾ 45 കിലോ ആയിരുന്നു ഭാരം. ശരീരഭാരം കൂട്ടുകയായിരുന്നു ആദ്യ ലക്ഷ്യം. ജിമ്മിൽ ചേര്‍ന്ന് ഒരു മാസത്തിനുള്ളിൽ കാപ്പ അസോസിയേഷന്റെ മിസ്റ്റർ തൃശൂർ മത്സരത്തിൽ പങ്കെടുത്തെങ്കിലും വിജയിച്ചില്ല. പിന്നെ, ഒന്നര വർഷം നീണ്ട പരിശ്രമത്തിനൊടുവിലാണ് 2024ൽ ഈ മൂന്നു നേട്ടങ്ങളും സാമ്രാട്ട് സ്വന്തമാക്കിയിരിക്കുന്നത്. 2025ൽ ജൂനിയർ വിഭാഗത്തിലാകും സാമ്രാട്ട് മത്സരിക്കുക.അവന്റെ പാഷനോടുള്ള ആദരവായി ജിം ഫീസ് ഒഴിവാക്കി. ഇനി മുന്നോട്ടുള്ള മത്സരങ്ങൾക്ക് നല്ല ചെലവുണ്ട്. അതിന് സാമ്രാട്ടിന് സ്പോൺസറുടെ സഹായം വേണ്ടി വരും.’’ അഖിൽ പറഞ്ഞു.

കേരളം നൽകിയ തിരിച്ചറിവ്
പശ്ചിമ ബംഗാളിലെ മൂർഷിദാബാദാണ് സാമ്രാട്ടിന്റെ സ്വദേശം. സാമ്രാട്ടിന്റെ കുട്ടിക്കാലത്താണ് അച്ഛൻ ജാദവ് കേരളത്തിലേക്ക് എത്തുന്നത്. നിർമാണ മേഖലയിലായിരുന്നു അദ്ദേഹത്തിനും ജോലി. ‘‘ബാബ കേരളത്തിലാണെന്നു പറയുന്നത് ഗൾഫിലാണെന്നു പറയുന്നതു പോലെയാണ്. കേരളം എന്നാൽ ഞങ്ങൾക്ക് വലിയ അഭിമാനമാണ്. ഞാൻ ഇവിടെ ജോലി ചെയ്യാൻ തുടങ്ങിയതോടെ ബാബ തിരികെ മൂർഷിദാബാദിലേക്ക് പോയി. ഞാനിപ്പോൾ അത്യാവശ്യം സമ്പാദിക്കുന്നുണ്ട്. ദിവസം 1000 രൂപയാണ് ശമ്പളം. 25 ദിവസം പണിയുണ്ടാകും.
വാടകയും ഭക്ഷണചെലവും കഴിഞ്ഞുള്ള പണം നാട്ടിലേക്ക് അയയ്ക്കും. എന്റെ അധ്വാനത്തിന്റെ ഫലമായി നാട്ടിൽ അടച്ചുറപ്പുള്ളൊരു വീടുവച്ചു. രണ്ട് ബെഡ്റൂം, ഹാൾ, കിച്ചൺ, ബാത്റൂം. ചെറിയ മഴയിൽപ്പോലും ചോർന്നൊലിക്കുന്ന കൂരയ്ക്കു കീഴിൽ ഒരു മുറിയിൽ വളർന്നു വന്ന എന്നെ സംബന്ധിച്ച് ആ വീട് കൊട്ടാരമാണ്. എനിക്ക് രണ്ട് അനിയത്തിമാരുണ്ട്. പായലും കോയലും. ഒരാള്‍ക്ക് 18 വയസ്സും മറ്റേയാൾക്ക് 15 വയസ്സുമായി.
ബാബയും അമ്മയും പറയുന്നതനുസരിച്ച് മാത്രമാണ് ഞങ്ങൾ മക്കൾ വളർന്നത്. എന്നാൽ ഒരിക്കൽ എനിക്ക് അമ്മയോട് എതിർത്തു സംസാരിക്കേണ്ടി വന്നു. ഞാൻ കേരളത്തിൽ വന്ന് ഒരു വർഷത്തിനു ശേഷമാണെന്നു തോന്നുന്നു. ഒരു ദിവസം മാ എന്നെ വിളിച്ച് കിട്ടുന്ന പരമാവധി പണം ചേർത്തു വയ്ക്കണമെന്നു പറഞ്ഞു.
‘എന്താ കാര്യം’ എന്നു തിരക്കിയപ്പോൾ മാ ശബ്ദമുയർത്തി. നിന്റെ മൂത്ത സഹോദരിയെ കല്യാണം കഴിപ്പിക്കണ്ടേ എന്നു ചോദിച്ച് ദേഷ്യപ്പെട്ടു. അവൾക്കന്ന് 14 വയസ്സേയുള്ളൂ. മായെ തെറ്റു പറയാൻ പറ്റില്ല. ഞങ്ങളുടെ നാട്ടിൽ 13 വയസ്സാണു പൊതുവേ പെൺകുട്ടികളുടെ വിവാഹപ്രായം. അനിയത്തിമാർ രണ്ടുപേരും നന്നായി പഠിക്കും. തൽക്കാലം അവർ പഠിക്കട്ടേയെന്നു ഞാൻ തീർത്തു പറഞ്ഞു.
കേരളത്തിലെ കുട്ടികള്‍ പഠിക്കുന്നതും ജീവിതത്തിൽ വലിയ വിജയങ്ങൾ സ്വന്തമാക്കുന്നതുമെല്ലാം വിശദമായി പറഞ്ഞപ്പോൾ അമ്മയ്ക്കു കാര്യം മനസ്സിലായി. ഇപ്പോൾ പായൽ പ്ലസ്ടുവിലും കോയൽ പത്തിലും പഠിക്കുന്നു. ഈ തിരിച്ചറിവ് എനിക്ക് നൽകിയത് കേരളമാണ്. അങ്ങനെയല്ലായിരുന്നെങ്കിൽ എന്റെ അനിയത്തിമാരുടെ കല്യാണം ഇപ്പോൾ കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു.’’

മധുരമായൊരു മടങ്ങിവരവ്
പ്രണയത്തിന്റെയും വിരഹത്തിന്റെയും മധുരമായൊരു മടങ്ങിവരവിന്റെയും കഥയാണു സാമ്രാട്ടിന്റെ ജീവിതം. ‘‘കളിക്കൂട്ടുകാരിയായിരുന്നു അവൾ. സൗഹൃദം, പ്രണയമായി. ഇഷ്ടം ആദ്യം പറഞ്ഞത് അവളാണ്. എനിക്കും ഇഷ്ടമായിരുന്നു. പത്താം ക്ലാസിൽ പഠനം നിർത്തി ഞാൻ ചെറിയ ജോലികൾ ചെയ്തു നടന്നിരുന്ന കാലം. ഒരു ദിവസം അവൾ പറഞ്ഞു അവളെ മറക്കണം, വീട്ടിൽ വേറെ വിവാഹം ഉറപ്പിച്ചുവെന്ന്. ഞാൻ എന്തൊക്കെയോ പറഞ്ഞ് അവളെ സമാധാനിപ്പിച്ചു.
പക്ഷേ, അവൾ ഒന്നിനും തയാറായിരുന്നില്ല. വീട്ടിലുറപ്പിച്ച വിവാഹത്തിനു സമ്മതം മൂളി. എനിക്കൊപ്പം ജീവിക്കുന്നതിനേക്കാൾ സുരക്ഷിതവും നല്ലതും അതാകുമെന്ന് തോന്നിയിട്ടുണ്ടാകും. അടുത്ത ഗ്രാമത്തിലേക്കാണ് അവളെ വിവാഹം ചെയ്തുവിട്ടത്.
അതിനുശേഷമുള്ള ദിവസങ്ങൾ എനിക്കു വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. നാട്ടിൽ നിൽക്കേണ്ടെന്നു തോന്നി. ബാബയ്ക്കൊപ്പം കേരളത്തിലേക്കു വന്നു. കഴിഞ്ഞതൊന്നും ഞാൻ ഓർക്കാൻ ശ്രമിക്കാറില്ല. എങ്കിലും ചിലപ്പോഴൊക്കെ ഓർക്കാറുണ്ട് താനും.
2025 മിസ്റ്റർ ഇന്ത്യ മത്സരം മാത്രമേയുള്ളൂ ഇപ്പോൾ മനസ്സിൽ. എത്ര കഠിനാധ്വാനം ചെയ്തായാലും അതിനുള്ള പണം സമ്പാദിക്കണം. കിരീടം നേടിയാൽ തിരികെ നാട്ടിലേക്കു പോകും. അവിടെ ജിം തുടങ്ങണം. അതിന് ആദ്യം മിസ്റ്റർ ഇന്ത്യ ആകണം. അതു മാത്രമാണ് മനസ്സിൽ.’’
അഞ്ജലി അനിൽകുമാർ
ഫോട്ടോ : ഹരികൃഷ്ണൻ ജി.