Thursday 28 May 2020 03:22 PM IST : By സ്വന്തം ലേഖകൻ

വിവാഹം കഴിഞ്ഞാലും മകളുടെ മുറി ഒഴിച്ചിടണം, അവള്‍ തിരികെ വന്നാല്‍ സ്വീകരിക്കണം; ഉത്രയുടെ മരണം ഓര്‍മ്മിപ്പിക്കുന്നത്

SD-FB

മക്കള്‍ക്ക് നല്‍കിയതും ലഭിച്ചതുമായ സ്ത്രീധന തുകയെ കുറിച്ച് അഭിമാനത്തോടെ പറയുന്ന അച്ഛനമ്മമാര്‍ക്ക് ഉത്രയുടെ ജീവിതം ഓര്‍മ്മപ്പെടുത്തുകയാണ് സന്ദീപ് ദാസ്. പണവും ആഭരണങ്ങളും അല്ല പഠിത്തമാണ് കുട്ടികള്‍ക്ക് മാതാപിതാക്കള്‍ ഉറപ്പു വരുത്തേണ്ടത്. ഭര്‍തൃവീട്ടില്‍ നിന്നും പീഡനം ഏറ്റുവാങ്ങിയാല്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ഉപദേശിക്കുന്നതും നന്നല്ലെന്നും സന്ദീപ് കുറിക്കുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് സന്ദീപിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

മകൾക്ക് നൽകിയ സ്ത്രീധനത്തുകയെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്ന അച്ഛനമ്മമാരെ കണ്ടിട്ടില്ലേ? സ്വന്തം സന്താനത്തിന് വലിയൊരു നന്മ ചെയ്തു എന്നാണ് അവരുടെ ധാരണ. ഇവിടത്തെ നാട്ടുനടപ്പും അങ്ങനെയാണ്. വിവാഹസമയത്ത് കൊടുക്കുന്ന സ്വർണ്ണത്തിന്റെയും പണത്തിന്റെയും അടിസ്ഥാനത്തിലാണ് സമൂഹം മാതാപിതാക്കളുടെ സ്നേഹത്തിന് മാർക്കിടുന്നത്.

ഭർത്താവ് കൊന്നുകളഞ്ഞ ഉത്ര എന്ന പെൺകുട്ടി ഈ കാഴ്ച്ചപ്പാടിന്റെ ഇരയാണ്. പാമ്പിനെക്കൊണ്ട് കടിപ്പിച്ചാണ് അവരെ കൊന്നത്. നൂറുപവന്റെ ആഭരണങ്ങളും കാറും സ്ത്രീധനമായി നൽകി വിവാഹം കഴിച്ചയപ്പിച്ച പെൺകുട്ടിയായിരുന്നു. പക്ഷേ ആ ജീവൻ രക്ഷിക്കാൻ അതിനൊന്നും സാധിച്ചില്ല. കൊട്ടിഘോഷിക്കുന്ന ഡൗറി സമ്പ്രദായത്തിന്റെ 'മാഹാത്മ്യം' എത്രത്തോളമുണ്ടെന്ന് മനസ്സിലായില്ലേ?

ഉത്രയെ ഭർത്താവിന്റെ വീട്ടുകാർ ഉപദ്രവിച്ചിരുന്നതായി പറയപ്പെടുന്നു. കൂടുതൽ പണം ചോദിച്ചായിരുന്നു പീഡനം. വിവാഹത്തിന് കൊടുത്ത പണമെല്ലാം മൂന്നുമാസത്തിനകം ധൂർത്തടിച്ചു എന്നാണ് ഉത്രയുടെ അച്ഛന്റെ മൊഴി. അദ്ദേഹം ഒരുകാര്യം കൂടി കൂട്ടിച്ചേർക്കുന്നു-

''എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് തോന്നിയിരുന്നു. പക്ഷേ എന്റെ മകളെ കൊല്ലുമെന്ന് ഒരിക്കലും വിചാരിച്ചില്ല....''

ഗാർഹികപീഡനത്തിന്റെ തീവ്രത എന്താണെന്ന് മലയാളികൾക്ക് മനസ്സിലായിട്ടില്ല. പല വീടുകളിലും സ്ത്രീകൾ നീറിനീറി ജീവിക്കുന്നുണ്ട്. മാനസികവും ശാരീരികവുമായ ആക്രമണങ്ങൾ നേരിടുന്നുണ്ട്. പക്ഷേ അവർ രക്ഷപ്പെടാനുള്ള സാദ്ധ്യത തുലോം കുറവാണ്.

അവർക്ക് ഒാടിക്കയറാനുള്ള ഏക താവളം ജനിച്ചുവളർന്ന വീടായിരിക്കും. അവിടെ കാര്യം അവതരിപ്പിച്ചാൽ ബഹുഭൂരിപക്ഷം അവസരങ്ങളിലും പിന്തുണ കിട്ടില്ല. ''എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യൂ'', ''എന്തൊക്കെ ആയാലും സ്വന്തം ഭർത്താവല്ലേ'' എന്ന മട്ടിലുള്ള ക്ലിഷേ മറുപടികളായിരിക്കും ലഭിക്കുന്നത്.

ഭർതൃവീട്ടിൽ സമാധാനമില്ലാത്ത മകളെ ഏതെങ്കിലും അച്ഛനമ്മമാർ വിളിച്ചുകൊണ്ടുവന്നു എന്നിരിക്കട്ടെ. പിറ്റേദിവസം മുതൽ അഭ്യുദയകാംക്ഷികളുടെ കുത്തൊഴുക്കായിരിക്കും. മകൾ എന്താ തിരിച്ചുപോകാത്തത് എന്ന കുശലാന്വേഷണവുമായി അയൽക്കാർ എത്തിച്ചേരും. കുട്ടികൾ തെറ്റ്(നീചനായ ഭർത്താവിനെ ഉപേക്ഷിച്ചത്!) ചെയ്താൽ തിരുത്തേണ്ടത് മുതിർന്നവരാണ് എന്ന ഉപദേശം ബന്ധുക്കൾ സൗജന്യമായി തരും. നാളെ മകൾ ഒരു ഭാരമാകും എന്ന് അച്ഛനമ്മമാർക്കുവരെ തോന്നിപ്പോകും.

ഒരു വിവാഹബന്ധത്തിൽ നിന്ന് പുറത്തുകടക്കുന്നത് ലോകമഹായുദ്ധം ജയിക്കുന്നതിനേക്കാൾ പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ട് ഭർത്താവിന്റെ തല്ലുകൊള്ളുന്ന സ്ത്രീകളൊക്കെ അതാത് വീടുകളിൽ തന്നെ എരിഞ്ഞുതീരാറാണ് പതിവ്. ഭാര്യയെ കൊല്ലുമ്പോഴും ഭാര്യ ആത്മഹത്യ ചെയ്യുമ്പോഴും സമൂഹം ഉണരും. അതുവരെ മിണ്ടാട്ടമുണ്ടാവില്ല. ബാക്കി എല്ലാ ദുരിതങ്ങളും ഭാര്യ സഹിക്കണം എന്ന നയമാണ്.

ഉത്ര കൊലക്കേസിൽ പ്രതി സൂരജ് ആവാം. പക്ഷേ ആ കൊലപാതകത്തിൽ സമൂഹത്തിനും പരോക്ഷമായ പങ്കുണ്ട് എന്ന വസ്തുത നിഷേധിക്കാനാവുമോ? അദൃശ്യരായ ഒരുപാട് കൂട്ടുപ്രതികളെ ഈ കുറ്റകൃത്യത്തിൽ കാണാം.

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം വിവാഹമാണ് എന്ന ധാരണ ഉപേക്ഷിച്ചാൽ തന്നെ പകുതി പ്രശ്നങ്ങൾ തീരും. മനുഷ്യന് ഒരു പങ്കാളി ഉണ്ടാകേണ്ടത് ആവശ്യമാണ്. അതിന് സമൂഹം കണ്ടെത്തിയ ഒരു മാർഗ്ഗം മാത്രമാണ് വിവാഹം. അതിനെ കാൽപനികവത്കരിച്ച് സങ്കീർണ്ണമാക്കുന്നതാണ് പ്രശ്നം.

ഇഷ്ടമുള്ളിടത്തോളം കാലം ഒരുമിച്ച് ജീവിക്കുക. ഒത്തുപോകാനാവില്ലെന്ന് ബോദ്ധ്യമായാൽ നിയമപരമായി ബന്ധം വേർപെടുത്തുക. അത്രമേൽ ലളിതമാണ് കാര്യങ്ങൾ. ഭാര്യയ്ക്കും ഭർത്താവിനും മക്കൾക്കും നല്ലത് അതാണ്. ഇഷ്ടമില്ലാത്ത ബന്ധത്തിൽ പിന്നെയും കടിച്ചുതൂങ്ങിയാൽ നഷ്ടങ്ങൾ മാത്രമേ സംഭവിക്കുകയുള്ളൂ. കുറച്ച് നാട്ടുകാരെയും ബന്ധുക്കളെയും സമാധാനിപ്പിക്കാം എന്നൊരു പ്രയോജനം മാത്രമേ അതുകൊണ്ട് ഉണ്ടാവൂ. നമ്മുടെ ജീവിതം ജീവിച്ചുതീർക്കേണ്ടത് അവരാരുമല്ലല്ലോ!

പെൺമക്കൾക്ക് നൽകേണ്ടത് ഉന്നത വിദ്യാഭ്യാസമാണ്. കൂടുതൽ പണം ചെലവാക്കേണ്ടത് അവരുടെ പഠനത്തിനുവേണ്ടിയാണ്. നല്ല പഠിപ്പും ജോലിയുമുള്ള സ്ത്രീകൾക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും ഉണ്ടാകും. അവരുടെ മുഖത്തൊന്ന് തറപ്പിച്ച് നോക്കാൻ പോലും സൂരജിനെപ്പോലുള്ള ഭീരുക്കൾ ധൈര്യപ്പെടില്ല.

മകൾ ഇഷ്ടമുള്ള പ്രായത്തിൽ ഇഷ്ടപ്പെട്ട ആളെ വിവാഹം ചെയ്യട്ടെ. ബന്ധുക്കളും നാട്ടുകാരും ജാതകവും ചേർന്ന് അവളുടെ വിവാഹപ്രായം നിർണ്ണയിക്കരുത്. മകൾക്ക് വിവാഹം വേണ്ട എന്നാണെങ്കിൽ ഒറ്റയ്ക്കുള്ള ജീവിതവും സാദ്ധ്യമാകണം. ഒന്നും അടിച്ചേൽപ്പിക്കരുത്.

കല്യാണം കഴിച്ചുവിട്ടാലും മകളുടെ മുറി ഒഴിച്ചിടണം. എന്നെങ്കിലും അവൾ തിരിച്ചുവന്നാൽ സന്തോഷത്തോടെ തന്നെ സ്വീകരിക്കണം. അവൾ ഡിവോഴ്സിന് ഒരുങ്ങുകയാണെങ്കിൽ പിന്തുണയ്ക്കണം. മരിച്ച മകളേക്കാൾ എന്തുകൊണ്ടും നല്ലത് വിവാഹമോചിതയായ മകളാണ്.

ജോളി എന്ന സ്ത്രീ ഭക്ഷണത്തിൽ സയനൈഡ് കലർത്തി ആളുകളെ കൊന്നപ്പോൾ പലരും ട്രോളുകളും തമാശകളും ഉണ്ടാക്കി രസിച്ചിരുന്നു. ജോളിയെ ട്രോൾ ചെയ്യുന്നതിനോട് ആർക്കും വിരോധമില്ലായിരുന്നു. പക്ഷേ പലരും ലക്ഷ്യമിട്ടത് സ്വന്തം വീട്ടിലെ സ്ത്രീകളെയായിരുന്നു. ഭാര്യ കൊണ്ടുവരുന്ന ഭക്ഷണത്തിന്റെ ആദ്യ പങ്ക് അവളെക്കൊണ്ടുതന്നെ കഴിപ്പിക്കണം എന്നൊക്കെ പല പുരുഷൻമാരും എഴുതിവിട്ടിരുന്നു.

ഉത്രയെ കൊല്ലാനുള്ള പാമ്പിനെ സൂരജ് കൊണ്ടുവന്നത് ബാഗിലാണ്. നാളെമുതൽ ഒാഫിസ് ജോലി കഴിഞ്ഞെത്തുന്ന ഭർത്താക്കൻമാരെല്ലാം ബാഗ് തുറന്നുകാണിച്ചിട്ട് വീട്ടിൽ കയറിയാൽ മതി എന്ന് ഭാര്യമാർ പറഞ്ഞാൽ എങ്ങനെയിരിക്കും? ആ ധ്വനിയുള്ള 'തമാശകൾ' രൂപം കൊണ്ടാൽ എന്തുതോന്നും? നല്ല സങ്കടമുണ്ടാവും അല്ലേ? അതുകൊണ്ട് ഒപ്പം കഴിയുന്ന പെണ്ണുങ്ങളെ പുച്ഛിക്കുന്ന എർപ്പാട് ഇനിയെങ്കിലും അവസാനിപ്പിക്കുക.

വീട്ടുജോലികളെല്ലാം പെണ്ണിന്റെ ചുമതലയാണ് എന്നത് ഒരു നുണയാണ്. പാട്രിയാർക്കി സമർത്ഥമായി മെനഞ്ഞെടുത്ത ഒരു പച്ചക്കള്ളം. അതറിഞ്ഞു­കൊണ്ടുതന്നെയാണ് പല സ്ത്രീകളും ആ ഒഴുക്കിനൊപ്പം സഞ്ചരിക്കുന്നത്. തിന്നത് എല്ലിന്റെ ഇടയിൽ കയറുമ്പോൾ അവരെ കളിയാക്കാം എന്ന് വിചാരിക്കരുത്.

ഇനിയൊരു ഉത്ര ഉണ്ടാകരുത്. അതിന് ഈ സമൂഹം തന്നെയാണ് മാറേണ്ടത്. വെറുതെ കൂട്ടുപ്രതിയുടെ വിഡ്ഢിവേഷം കെട്ടരുത്...

Written by-Sandeep Das