Thursday 22 November 2018 05:49 PM IST : By സ്വന്തം ലേഖകൻ

‘ഒരു പെൺകുട്ടി ബുള്ളറ്റ് ഓടിച്ചതിനാണോ ഇക്കണ്ട പുകില്, ഈ ലോകമെന്താ ഇങ്ങനെ?’; വൈറൽ കുറിപ്പ്

bullet

നാഴികയ്ക്ക് നാൽപ്പത് വട്ടം സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമെല്ലാം വാതോരാതെ പ്രസംഗിക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ കാര്യത്തോടടുക്കുമ്പോഴോ? പലരുടേയും ഉള്ളിലെ യാഥാസ്ഥിതിക ചിന്തകൾ പതിയെ പതിയെ തികട്ടി തികട്ടി വരും. ചുരുക്കം പറഞ്ഞാൽ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുമ്പോൾ മാത്രം എടുത്ത് പ്രയോഗിക്കാനുള്ള വാക്ക് മാത്രമായി മാറിയിരിക്കുകയാണ് ഈ സ്ത്രീ സമത്വം.

സമത്വവും സ്വാതന്ത്ര്യവും വെറും പ്രഹസനമാക്കി മാറ്റുന്ന ചില ‘തമ്പ്രാക്കൻമാർ’ ബുള്ളറ്റ് ഓടിക്കുന്ന ഒരു പെൺകുട്ടിയെ ഉന്നംവച്ചതാണ് സോഷ്യൽലോകത്തെ പുതിയ ചർച്ചാ വിഷയം. ആൺമേൽക്കോയ്മ അടിവരയിടുന്ന കമന്റുകളാണ് ഈ ചിത്രത്തിനു കീഴെ പലരും കുറിച്ചത്. ഇപ്പോഴിതാ അനവസരത്തിലുള്ള വിമർശനങ്ങൾക്കെതിരെ സന്ദീപ് ദാസ് എന്ന വ്യക്തി വിഷയത്തിൽ കുറിപ്പുമായി രംഗത്തെത്തിയതോടെ വിഷയം ഒന്നു കൂടി ചുടുപിടിച്ചിരിക്കുകയാണ്.

അയാളുടെ നോട്ടം എന്നെ ഭയപ്പെടുത്തി, ആയയുടെ പിന്നിലൊളിച്ചു യാത്ര പൂർത്തിയാക്കി! അന്ന് ശ്രീയ രമേഷ് ആ തീരുമാനം എടുത്തു

സന്ദീപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഒരു ഫെയ്സ്ബുക്ക് പേജ് പോസ്റ്റ് ചെയ്ത ഫോട്ടോയാണിത്. ബുള്ളറ്റിൽ സഞ്ചരിക്കുന്ന രണ്ടു പെൺകുട്ടികളുടെ ചിത്രം.ആ പോസ്റ്റിനു കീഴിൽ വന്ന ചില കമൻ്റുകൾ വായിച്ചാൽ ബഹുരസമാണ്.

''ബുള്ളറ്റിൻ്റെ വില പോയി''

''ഇനി ആണുങ്ങൾ പ്രസവിക്കേണ്ടിവരും'' "ഈനാംപേച്ചിയ്ക്ക് മരപ്പട്ടി കൂട്ട് '', ''വെറുതെയല്ല ഈ ലോകം ഇങ്ങനെ....''

ഒാർക്കുക.പെണ്ണ് ടൂവീലർ ഉപയോഗിച്ചതിനാണ് ഇത്രയും അസഹിഷ്ണുത !

ഇത് ഫെയ്സ്ബുക്കിൽ മാത്രം കണ്ടുവരുന്ന ഒരു പ്രതിഭാസമൊന്നുമല്ല. പരമാവധി ഒരു സ്കൂട്ടി വരെ ഒാടിക്കാനുള്ള അനുവാദം പെണ്ണിന് സമൂഹം കൊടുത്തിട്ടുണ്ട്.അതിനേക്കാൾ വലിയ വാഹനങ്ങൾ ഉപയോഗിക്കുന്ന പെണ്ണുങ്ങൾ തൻ്റേടികളും അഹങ്കാരികളുമാണ് എന്ന് വിശ്വസിക്കുന്ന ധാരാളം ആളുകളുണ്ട്.

പുരുഷൻമാർ ബുള്ളറ്റിൽ ഉത്തരേന്ത്യ വരെ സന്ദർശിക്കും.ഒരു സ്ത്രീ അതുപോലൊരു യാത്ര കേരളത്തിൻ്റെ ഏതെങ്കിലുമൊരു ജില്ലയിലേക്ക് നടത്തിയാൽ ആ പെണ്ണ് പിഴയാണെന്ന് പറയാൻ പോലും ഇവിടെ ആളുകളുണ്ടാവും.

എന്നിട്ടോ? ഈ നാട്ടിൽ അസമത്വം ഇല്ല എന്നാണ് ചില 'നിഷ്കളങ്കരുടെ' അവകാശവാദം.

ജെൻ്റർ ഇക്വാളിറ്റിയെക്കുറിച്ചുള്ള ചർച്ചയിൽ ഒരാൾ എന്നോട് ചോദിക്കുകയുണ്ടായി-

''നമ്മുടെ നാട്ടിൽ ഒരു പ്രളയമുണ്ടായപ്പോൾ രക്ഷിക്കാൻ ബോട്ടുമായി എത്തിയത് മുഴുവൻ പുരുഷൻമാരാണല്ലോ.പിന്നെ എന്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ ഫെമിനിസ്റ്റുകൾ തുല്യതയ്ക്ക് വേണ്ടി വാദിക്കുന്നത് ? "

ഇതൊരു വലിയ ചോദ്യമായി ചിലർക്ക് തോന്നാം.പക്ഷേ ഒരു കിളിയെ പിടിച്ച് കൂട്ടിലടച്ചിട്ട് അതിനോട് പറക്കാൻ ആവശ്യപ്പെടുന്നത് പോലെയാണ് ആ ചോദ്യം.

പെണ്ണുങ്ങൾ കടലിൽപ്പോയാൽ നാടുനശിക്കുമെന്ന് പറഞ്ഞ് പെണ്ണുങ്ങളെ കൂട്ടത്തോടെ വീട്ടിലിരുത്തിയതുകൊണ്ടാണ് ഇങ്ങനെയൊരവസ്ഥ വന്നത്. അല്ലാതെ ബോട്ടുകൾ സ്ത്രീകൾക്ക് വഴങ്ങാത്തതുകൊണ്ടല്ല.ആഴക്കടലിൽ പോകാനുള്ള ലൈസൻസ് നേടിയ രേഖ അതിനു തെളിവായി നമുക്കുമുമ്പിലുണ്ട്.

എങ്ങനെ പല മേഖലകളിലും സ്ത്രീകൾ പിന്തള്ളപ്പെട്ടുപോയി എന്ന് മനസ്സിലാക്കണം. ആഘോഷ ആൾക്കൂട്ടങ്ങളും രാവുകളും പെണ്ണിന് എങ്ങനെ നിഷിദ്ധമായി എന്ന് മനസ്സിലാക്കണം. അപവാദങ്ങൾ പറഞ്ഞും ശാരീരികമായി ഉപദ്രവിച്ചും അവളെ അകറ്റിനിർത്തിയതാരാണെന്ന് സ്വയം ചോദിക്കണം.

വിവേചനങ്ങൾ പലപ്പോഴും പ്രകടമല്ല.അടിമത്തം ഒരു മോശം സംഭവമായി പല അടിമകൾക്കും തോന്നിയിരുന്നില്ല.അതുപോലെ പുരുഷാധിപത്യം ഒരു തെറ്റായി സ്ത്രീകൾ പോലും കണക്കാക്കുന്നില്ല എന്നിടത്താണ് പ്രശ്നം. വലിയ വിവേചനങ്ങൾ പോലും സാധാരണ സംഭവങ്ങളായി തോന്നുന്നത് അതുകൊണ്ടാണ്.

കുട്ടിക്കാലത്ത് കിട്ടാതെപോയ ഒരു വറുത്ത മീനാണ് തന്നെ ഫെമിനിസ്റ്റാക്കിയത് എന്ന് പറഞ്ഞ റിമ കലിങ്കലിനെ പരിഹാസങ്ങൾകൊണ്ടും തെറികൾ കൊണ്ടും അഭിഷേകം ചെയ്തത് മറക്കാറായിട്ടില്ല. തീൻമേശയിൽ പെണ്ണ് വിവേചനം അനുഭവിക്കുന്നത് തീർത്തും സാധാരണമായ ഒരു കാര്യമാണ് എന്ന ബോധത്തിൽ നിന്നാണ് റിമയ്ക്കെതിരായ ട്രോളുകൾ ഉണ്ടായത്. എന്നും മുഴുത്ത മീൻകഷ്ണങ്ങൾ മാത്രം തിന്നുശീലിച്ചവരുടേതാണ് ആ പുച്ഛം.അതിന് കുടപിടിച്ച കുലസ്ത്രീകൾക്ക് ഇത് തിരിച്ചറിയാൻ കഴിഞ്ഞതുമില്ല.

ഫെമിനിസം എന്ന ആശയം പോലും ഇവിടെ വ്യക്തമായി മനസ്സിലാക്കപ്പെട്ടിട്ടില്ല. ''സ്ത്രീ-പുരുഷ തുല്യതയ്ക്കുവേണ്ടി വാദിക്കുന്നുണ്ടെങ്കിലും ഞാനൊരു ഫെമിനസ്റ്റല്ല '' എന്ന് അഭിപ്രായപ്പെടുന്ന ധാരാളം ആളുകളുണ്ട് ! പുരുഷൻ്റെ നെഞ്ചത്ത് കയറുന്നവരാണ് ഫെമിനിസ്റ്റുകൾ എന്നതാണ് പൊതുബോധം.തുല്യത മാത്രമാണ് ആ ആശയത്തിൻ്റെ ലക്ഷ്യം എന്ന് ആരും മനസ്സിലാക്കുന്നില്ല.

''എൻ്റെ ഭർത്താവ് എനിക്ക് ആവശ്യത്തിന് സ്വാതന്ത്ര്യം തരുന്നുണ്ട്...'' എന്ന് അഭിമാനിക്കുന്ന ഭാര്യമാർ എത്രയോ ! കല്യാണം എന്നാൽ സ്വന്തം സ്വാതന്ത്ര്യം ഭർത്താവിനെ ഏൽപ്പിക്കുന്ന പ്രക്രിയയല്ലെന്ന് ആരോട് പറയാനാണ് ! രണ്ടു പേർ പരസ്പര സ്നേഹത്തോടെയും വിശ്വാസത്തോടെയും ഒരുമിച്ച് ജീവിക്കുന്ന സംഭവമായ വിവാഹത്തെ കണ്ടാൽ പോരേ?

ബുള്ളറ്റിൽ സഞ്ചരിക്കുന്ന പെൺകുട്ടികൾ ഒരു കൗതുകമോ വാർത്തയോ ആവാത്ത ഒരു കാലമാണ് വരേണ്ടത്.അതിലേക്ക് ഇനിയും ദൂരമേറെ.പക്ഷേ ഒരു നാൾ നാം അവിടെയെത്തും, എത്തണം...!

‘എന്നെ വിട്ടേക്കൂ, കുഞ്ഞിനെ രക്ഷിക്കൂ’; ആളിപ്പടരുന്ന തീനാമ്പുകൾക്കിടെ ആ അമ്മ പറഞ്ഞത്

അമ്മ സമ്മാനിച്ച കാഞ്ചീവരത്തിൽ സുന്ദരിയായി ദീപിക; വൈറലായി ‘ദീപ്–വീർ’ ക്ലാസിക് ഫൊട്ടോയും–ചിത്രങ്ങൾ

‘പ്ലീസ് ചേച്ചി, ഒരു റിപ്ലൈ തരുമോ?’ എന്ന് സുപ്രിയയോട് ആരാധികമാര്‍; കിടിലൻ മറുപടി നൽകി പൃഥ്വിരാജ്!

‘ക്ലാസിൽ മുള്ളിയെന്നു പറഞ്ഞ് അവളെ കളിയാക്കി’; ആദ്യ ആർത്തവത്തിന്റെ പേരിൽ കരഞ്ഞ ആ മൂന്നാംക്ലാസുകാരി; നന്മക്കഥ

‘അവിടെ പശൂമ്പയുണ്ടല്ലോ...കുത്തുന്ന പശൂമ്പ’; അമ്പിളിച്ചേട്ടനെ അനുകരിച്ച് മകൾ–വിഡിയോ