Thursday 29 July 2021 04:34 PM IST

‘എന്നിൽ നിന്ന് രക്തം വാർന്നിറങ്ങി, അതെന്റെ കുഞ്ഞായിരുന്നു’: ജീവനും ജീവിതവും നൽകി ആ കാത്തിരിപ്പ്: സന്ധ്യ പറയുന്നു

Binsha Muhammed

anshin

‘കണ്ണുറങ്ങാതെ കാത്തിരുന്ന നിമിഷങ്ങളിൽ ഞാനെന്നോട് തന്നെ ആ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. എന്റെ കുഞ്ഞിന്റെ കൈവളർന്നോ കാണുമോ... കാൽവളർന്നു കാണോ... അനക്കം വരുന്നുണ്ടോ. വയറ്റിൽ ആ ജീവൻ മൊട്ടിട്ട് മാസം മൂന്നേ ആയിരുന്നുള്ളൂ. പക്ഷേ കാത്തിരിപ്പിന്റെ നീളം കൂടിയതു കൊണ്ടാകണം. മനസിൽ ഓരോന്ന് കണക്കൂ കൂട്ടും. എന്റെ വാവയെക്കുറിച്ച് സ്വപ്നങ്ങൾ കാണും. പക്ഷേ എല്ലാം ഒരൊറ്റ ദിവസം കൊണ്ടാണ് അവസാനിച്ചത്. അപ്രതീക്ഷിതമായി വന്നൊരു ബ്ലീഡിങ്. അത് എന്നെ കൊണ്ടു ചെന്നെത്തിച്ചത് ചെന്നൈയിലെ ആശുപത്രിയിലെ ഐസിയുവിലാണ്. അന്ന് കിട്ടിയ മറുപടി ഇതായിരുന്നു. എന്റെ വാവയ്ക്ക് ഹാർട്ട് ബീറ്റില്ല, അവൻ പോയത്രേ.’

വാക്കുകൾ ദീർഘനിശ്വാസമിട്ട് നിർത്തുമ്പോഴേക്കും സന്ധ്യയുടെ കൺപീലികളെ കണ്ണീർ നനച്ചു. 7 വർഷം കാത്തിരുത്തിയത് ഇതിനായിരുന്നോ വിധിയേ എന്നോർത്ത് കരയാത്ത ദിവസങ്ങളില്ലായിരുന്നു. കൈക്കുമ്പിളിൽ തന്നെ നിധിയെയാണ് വിധി തട്ടിത്തെറിപ്പിച്ചത്. ഒന്നു കണ്ടിട്ടു കൂടിയില്ലാത്ത വാവയെ ഓർത്തുള്ള പിടച്ചിലായിരുന്നു ആ ഓർമ്മകളിൽ.

ആ നഷ്ടപ്പെടലിന്റെ വേദന പോലും കെട്ടടങ്ങിയില്ല. അടുത്ത കുഞ്ഞിനായി ശ്രമിച്ചു കൂടേ എന്ന ഉപദേശശരങ്ങൾ പിന്നെയും എത്തി. പക്ഷേ അന്ന് കൺമണിയെ നൽകി കനിഞ്ഞ വിധി അവരെ പിന്നെയും കാത്തിരുത്തി. മൂന്ന് വർഷത്തോളം. പെയ്തൊഴിയാതെ കണ്ണീരും അന്തമില്ലാതെ പ്രതീക്ഷകളും കണ്ണെത്താ ദൂരത്തോളം കാത്തിരിപ്പും നീണ്ടപ്പോൾ പരീക്ഷിച്ച വിധി ഒരിക്കൽ കൂടി സന്ധ്യയെ കനിഞ്ഞു. വേദനകൾക്ക് മരുന്നായി മറ്റൊരു ജീവൻ ആ ഉദരത്തിൽ മൊട്ടിട്ടു. ആ കാത്തിരിപ്പിന്റെ ദൂരമാണ് സന്ധ്യ വനിത ഓൺലൈനോട് പറയുന്നത്. ഏഴാം മാസത്തിൽ പ്രസവിച്ച വാവയെ കാണാൻ പിന്നെയും മൂന്ന് മാസം കാത്തിരിക്കേണ്ടി വന്ന കഥ സന്ധ്യ പറയുമ്പോൾ പിടയുന്നത് ഓരോ അമ്മയുടെയും നെഞ്ചകങ്ങളായിരിക്കും...

കാത്തിരുന്ന് കിട്ടിയ നിധി

ചെന്നൈയിലാണ് ഞങ്ങൾക്ക് ജോലി. അവിടെ രണ്ട് വ്യത്യസ്ത ഐടി കമ്പനികളിലാണ് ഞാനും ഭർത്താവ് അരുൺ കുമാറും ജോലി ചെയ്യുന്നത്. ജീവിതം വളരെ സന്തോഷകരമായി മുന്നോട്ടു പോകവേ നാട്ടുനടപ്പിന്റെ ഭാഗമായ ചോദ്യമെത്തി. വിശേഷം വല്ലതും ആയോ? എന്ന്. ലൈഫ് ഒന്ന് സെറ്റിൽ ആയി സ്വസ്ഥമായ ശേഷം, കുഞ്ഞിനായി മാനസികമായും ശാരീരികമായും തയ്യാറെടുത്ത ശേഷം മതിയെന്നായിരുന്നു എന്റെയും അരുണിന്റെയും തീരുമാനം. പക്ഷേ ഞങ്ങളുടെ പ്ലാനിങ്ങളിൽ അസ്വസ്ഥരായത് ചുറ്റുമുള്ളവരാണ്. വിശേഷം ആയില്ലേ എന്ന ചോദ്യം പരിണമിച്ച് ആർക്കാ കുഴപ്പമെന്ന മട്ടിലായി. നിങ്ങളിങ്ങനെ കാശ് മാത്രം സമ്പാദിച്ചു നടന്നോ കുട്ടികളൊന്നും വേണ്ടേ എന്ന് സ്നേഹപൂർവം ശകാരിച്ചവരും ഉണ്ടായിരുന്നു മറുവശത്ത്. നിങ്ങൾ ആഗ്രഹിക്കുമ്പോൾ ചിലപ്പോൾ കിട്ടിയെന്നു വരില്ല എന്ന് പറഞ്ഞവരുമുണ്ട്. ഒടുവിൽ ഞങ്ങൾ പ്ലാൻ ചെയ്ത് മാനസികമായി പ്രിപ്പയർ ആയ നിമിഷം ഒരു വില്ലനെത്തി. ഓരോ പെണ്ണുങ്ങളുടേയും പേടി സ്വപ്നമായ വില്ലൻ, പിസിഒഡി. അതിന്റെ പേരിൽ ആ കാത്തിരിപ്പ് നീണ്ടത് ഒന്നും രണ്ടുമല്ല, 7 കൊല്ലമാണ്– സന്ധ്യ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു തുടങ്ങുകയാണ്.

കുഞ്ഞിനായി തയ്യാറെടുത്തതു കൊണ്ടു തന്നെ അതിനു വേണ്ടി തടസം നിൽക്കുന്ന പിസിഒഡി തടയാനുള്ള മാർഗങ്ങളും ഡോക്ടറിൽ നിന്ന് ആരാഞ്ഞു. കൃത്യമായ എക്സർസൈസ്, ചിട്ടയായ ഡയറ്റ് എല്ലാം ഫോളോ ചെയ്തു. അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് എന്റെ വാവ വരവറിയിച്ചു. ഏഴു കൊല്ലങ്ങൾക്കിപ്പുറം.

ഒരു ഉത്സവ പ്രതീതിയായിരുന്നു വീട്ടിൽ എനിക്കു വേണ്ടി പ്രാർഥിച്ചവരുടെ പിന്തുണ കൂടിയായപ്പോൾ ഞാനും എക്സൈറ്റഡായി. ചെന്നൈയിലായിരുന്നു ഗർഭകാലം തള്ളിനീക്കിയത്. ജോലിയും ഗർഭകാലവും ഒരുമിച്ച് മാനേജ് ചെയ്തുപോയി. വളരെ ശ്രദ്ധിച്ചുള്ള മൂന്ന് മാസങ്ങൾ. ഒരു ദിവസം ഡിന്നർ പ്രിപ്പയർ ചെയ്യവേ ബ്ലീഡിങ് വരുന്നു. ഷോക്ക് ആയിപ്പോയി ആ നിമിഷം. സംയമനം വീണ്ടെടുത്ത് ആശുപത്രിയിലെത്തി. നെഞ്ചിടിപ്പേറിയ നിമിഷങ്ങൾ. ടെസ്റ്റുകളുടെയും പരിശോധനകളുടേയും നിമിഷങ്ങൾ. ഒടുവിൽ ഡോക്ടർ ഞങ്ങളോട് ആ സത്യം പറഞ്ഞു. എന്റെ വയറ്റിൽ വളരുന്ന പൈതലിന് ജീവനില്ലത്രേ. ഹാർട്ട് ബീറ്റില്ലാത്ത കുഞ്ഞിനെ അബോർട്ട് ചെയ്യാനാണ് പറഞ്ഞത്. മരവിപ്പോടെ ആ വാക്കുകൾ കേട്ടിരുന്നു. ഒടുവിൽ ആ സത്യവുമായി പൊരുത്തപ്പെട്ടു. എന്റെ കുഞ്ഞിനെ കൊല്ലാനാണ് അവർ പറയുന്നത്. അതും 7 വർഷം കാത്തിരുന്നു കുട്ടിയ കുഞ്ഞിനെ. അബോർഷനാണ് മുന്നിൽ എന്നറിഞ്ഞിട്ടും നാട്ടിൽ പന്തളത്തുള്ള അച്ഛനും അമ്മയെയും ഞങ്ങളുടെ അടുത്തേക്ക് വിളിക്കേണ്ട എന്ന് തീരുമാനിച്ചു. ഞങ്ങൾക്കു വേണ്ടി പ്രാർഥനയും വഴിപാടും നടത്തി കാത്തിരിന്നവരാണ്. വെറുതേ അവരെ കൂടി എന്തിന് വേദനിപ്പിക്കണം...

anshin2

വയറ്റിൽ ജീവനറ്റ് കിടക്കുന്ന കുഞ്ഞിനെ ഒഴിവാക്കാൻ ഒരു മരുന്നാണ് ഞങ്ങൾക്ക് നിർദേശിച്ചത്. ഡി ആൻഡ് സി പ്രക്രിയക്കു പകരം ഗുളികയിലൂടെ കുഞ്ഞിനെ വെളിയിൽ കൊണ്ടു വന്ന് ഗർഭപാത്രം ക്ലിയർ ചെയ്യാൻ കഴിയും. വീട്ടിൽ വച്ച് ഞങ്ങൾക്ക് തന്നെ ചെയ്യാവുന്ന തരത്തില്‍ ലളിതമായിരുന്നു അത്. ആ മരുന്ന് ഫലം കണ്ട നിമിഷം ഞാൻ ആ കാഴ്ച കണ്ടു. ശരീരത്തിൽ നിന്നും ആ രക്തക്കട്ട ഊർന്നിറങ്ങിപ്പോയി. അതെന്റെ കുഞ്ഞായിരുന്നു....

വീണ്ടും ജീവന്റെ വെളിച്ചം

വീട്ടുകാരും എന്നെ സ്നേഹിക്കുന്നവരും എനിക്ക് സംഭവിച്ച നഷ്ടത്തിന്റെ പേരിൽ ഏറെ വേദനിച്ചു. എല്ലാം മറന്ന് മുന്നോട്ടു പോയി. എല്ലാ വേദനകളിൽ നിന്നും മാറി നടക്കാൻ എന്റെ ജോലി എന്നെ ഏറെ സഹായിച്ചിരുന്നു. മൂന്ന് വർഷം നീണ്ടു പോയി. ഒരിക്കല്‍ വേദനിപ്പിച്ച വിധി ഒരിക്കൽ കൂടി ആ സന്തോഷ വാർത്ത അറിയിച്ചു. ഞാൻ വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നു. മറ്റൊരു ജീവൻ എന്റെ ഉദരത്തിൽ മൊട്ടിട്ടിരിക്കുന്നു. അതൊരു വെളിച്ചമായിരുന്നു. ചാരം മൂടിക്കിടന്ന പഴയ വേദനയെ മറികടക്കാനുള്ള വെളിച്ചം. ആദ്യാനുഭവങ്ങൾ ഉള്ളതു കൊണ്ടു തന്നെ വളരെ അധികം ശ്രദ്ധിച്ചു. ചെന്നൈയിൽ നിന്നും നാട്ടിലേക്കെത്തിയതു പോലും വീട്ടുകാരുടെ കെയറിന് വേണ്ടിയാണ്.

ആഴ്ചകൾ മാസങ്ങളായി. അതനുസരിച്ച് ആകാംക്ഷയുമേറി. എന്റെ കുഞ്ഞിന്റെ ആരോഗ്യത്തിനു വേണ്ടി അത്രയധികം കെയർ ചെയ്തു. ഏഴാം മാസത്തിലെ ഒരു ദിവസം. ഞാന്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. വല്ലാത്തൊരു അസ്വസ്ഥത ഫീൽ ചെയ്തു. ഒരു നിമിഷം ശ്വാസംവിട്ടിരിക്കെ അത് സംഭവിച്ചു. ശരീരത്തിൽ നിന്നും ഫ്ളൂയിഡ് ബ്രേക്കായി. ഞൊടിയിട കൊണ്ട് ദേഹം മുഴുവൻ വെള്ളമായി. നടക്കുന്ന വഴിയിൽ പോലും വെള്ളം നിറഞ്ഞു. എന്തു സംഭവിക്കുന്നുവെന്നറിയാതെ ഷോക്കായി നിന്ന നിമിഷത്തിൽ വീട്ടുകാർ എന്നെയുമെടുത്ത് ആശുപത്രിയിലെത്തി. ഒരു കുഞ്ഞിനെ ഉദരത്തിലേന്താൻ മതിയായ ജലാംശം അതായത് ഫ്ളൂയിഡ് ശരീരത്തിൽ ഇല്ലാ എന്നറിയിച്ചു. വീണ്ടും മറ്റൊരു ദുരന്തമാണ് മുന്നിലെത്തി നിൽക്കുന്നത് എന്തും സംഭവിക്കാവുന്ന നിമിഷങ്ങൾ. ഒടിവിൽ അവിടെ നിന്നും ഗർഭ ശ്രുശ്രൂഷയിൽ പേരുകേട്ട ഒരു ആശുപത്രിയിലേക്ക് എന്നെ റെഫർ ചെയ്തു. ടെസ്റ്റുകളും മരുന്നുകളും പരിശോധനകളും വീണ്ടും ശരീരത്തിൽ കയറിയിറങ്ങി. ഒടുവിൽ അന്തിമ അറിയിപ്പെത്തി. കുഞ്ഞിനെ ഇനിയും ഉദരത്തിലേന്താനുള്ള ഫ്ളൂയിഡ് എന്റെ ശരീരത്തിൽ ഇല്ലെന്ന് അവരും ആവർത്തിച്ചു. എത്രയും പെട്ടെന്ന് പ്രസവം സംഭവിച്ചേ തീരുവെന്നും അന്തിമ അറിയിപ്പെത്തി. ഞൊടിയിട കൊണ്ട് കാര്യങ്ങൾ മാറി മറിയുകയാണ്. ഏഴു മാസത്തിന്റെ വളർച്ച മാത്രമുള്ള എന്റെ കുഞ്ഞിനെ പുറത്തെത്തിക്കാനുള്ള നടപടികൾ തുടങ്ങി. സിസേറിയന്റെ മണിക്കൂറുകൾ, വേദന സഹിച്ച നിമിഷങ്ങൾ. ഒടുവിൽ അത് സംഭവിച്ചു. ഒരു ൈകക്കുമ്പിളിന്റെ അത്ര പോലും വലുപ്പമില്ലാത്ത, ജീവന്റെ കുഞ്ഞുമിടിപ്പു മാത്രമുള്ള എന്റെ വാവയെത്തി. തീർന്നില്ല പരീക്ഷണം. ആൺകുഞ്ഞാണെന്ന് മാത്രമേ ഞാൻ അറിഞ്ഞുള്ളൂ. എന്റെ കുഞ്ഞിനെ കൺനിറയെ കാണാൻ പോലും കിട്ടിയില്ല. മാസം തികയാതെ പ്രസവിച്ച കു‍‌ഞ്ഞിന്റെ ജീവൻ നിലനിർത്താനുള്ള ഓട്ടമായിരുന്നു അവിടുന്നങ്ങോട്ട്.

anshin3 Photo Courtesy: Glam 'O Zorya Media House

മൂന്ന് മാസം. അതു വരെ ഞാനെന്റെ കുഞ്ഞിന് അമ്മിഞ്ഞപ്പാൽ നൽകിയില്ല. ലാളിച്ചില്ല. എന്തിനേറെ വാവയുടെ മുഖം കണ്ടിട്ടില്ല. അന്നത്തെ ആ മൂന്ന് മാസത്തിന് എന്റെ ആയുസിന്റെ വില കൂടി ഉണ്ടായിരുന്നു. ഒടുവിൽ ആ ദിവസമെത്തി. ഐസിയുവിൽ വയറുകൾക്കു നടുവിൽ ജീവശ്വാസം പിടിച്ചു നിർത്തിയ എന്റെ വാവയെ എനിക്ക് കിട്ടി. സ്വർഗം കിട്ടിയ സന്തോഷമായിരുന്നു അത്. മതിയാവോളം കൊഞ്ചിച്ചു, നൂറുമ്മകൾ നൽകി. അവനെ ഞങ്ങൾ ആൻഷിന്‍ എന്നു വിളിച്ചു. അവന് മനസിലാകില്ലെങ്കിലും ഇന്നും ഞാനും ഞാനും അരുണും അവനോട് പറയാറുണ്ട്, മുത്തേ നീ ഞങ്ങളുടെ കാത്തിരിപ്പിന്റെ ഫലമാണെന്ന്. വേദനകൾക്കൊടുവില്‍ നീ ഞങ്ങൾക്കു കിട്ടിയ നിധിയാണെന്ന്– സന്തോഷാശ്രുക്കളോടെ സന്ധ്യ പറഞ്ഞു നിർത്തി.