Monday 20 May 2019 03:50 PM IST : By സ്വന്തം ലേഖകൻ

പ്രേമിച്ച പെണ്ണിനെ മകൻ ‘തേച്ചിട്ട് പോയി’; മകന്റെ സ്വത്ത് കാത്തിരുന്ന പെൺകുട്ടിയുടെ പേരിലെഴുതി അച്ഛൻ; ഇത് ‘ഷാജിയുടെ പ്രതികാരം’

wedding

മാസ് കാ ബാപ്പ്! ഈ സംഭവം കേട്ടു കഴിഞ്ഞാൽ കഥാനായകനായ അച്ഛനെ അങ്ങനെ വിളിച്ചാൽ അത്ഭുതപ്പെടാനൊന്നുമില്ല. ദുരഭിമാനക്കൊലയുടെ പേരിൽ അച്ഛനമ്മമാർ വില്ലന്മാരായി അവതരിക്കുമ്പോൾ ഇതാ ഇവിടെയൊരു അച്ഛൻ തന്റെ നിസ്വാർത്ഥമായ പ്രവൃത്തി കൊണ്ട് സോഷ്യൽ മീഡിയയുടെ ഹൃദയം നിറയ്ക്കുകയാണ്.

ഷാജി എന്നാണ് സോഷ്യൽ മീഡിയയിലെ ഈ വൈറൽ അച്ഛന്റെ പേര്. മകൻ പ്രണയിച്ച് വഞ്ചിച്ച പെൺകുട്ടിയുടെ പേരിൽ മകന് നൽകാൻ വച്ചിരുന്ന സകല സ്വത്തും എഴുതി വച്ചാണ് ഈ അച്ഛൻ മാതൃകയായത്. ഏതൊരച്ഛനും ചെയ്യാൻ മടിക്കുന്ന ഈ പ്രവൃത്തിയുടെ പേരിൽ ഷാജിയും ഭാര്യയും സോഷ്യൽ മീഡിയയുടെ നിറഞ്ഞ കയ്യടി ഏറ്റു വാങ്ങുകയാണ്.

കഥയിങ്ങനെയാണ്, പ്ലസ്ടുക്കാരൻ മകൻ പ്രണയത്തിൽ കുടുങ്ങിയെന്ന് മനസിലാക്കുന്നതോടെയാണ് നമ്മുടെ കഥാനായകനായ അച്ഛന്റെ രംഗപ്രവേശം. മകനും കാമുകിയായ പെൺകുട്ടിയും വീടു വിട്ടിറങ്ങാൻ തീരുമാനിക്കുന്നതോടെ രംഗം വശളാകുന്നു. ഇരുവരും പ്രായപൂർത്തിയാകുന്ന മുറയ്ക്ക് വിവാഹം നടത്തിക്കൊടുക്കാമായിരുന്നു ഷാജിയുടേയും ഭാര്യയുടേയു വാക്ക്. എന്നാൽ മറ്റൊരു പയ്യനൊപ്പം നാടുവിട്ടിറങ്ങാൻ തീരുമാനിച്ച പെണ്ണിനെ ഇനി വീട്ടിൽ കയറ്റില്ല എന്നറിഞ്ഞതോടെ രംഗം കീഴ്മേൽ മറിഞ്ഞു.

എന്നാൽ ഇതിനിടയ്ക്ക് മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാകുകയും അവളെ വിവാഹം ചെയ്യുകയും ചെയ്തതോടെ അച്ഛന്റെ സമയോചിതമായ ഇടപെടൽ. മകൻ പറ്റിച്ച പെണ്കുട്ടിയുടെ പേരിൽ മകന് നൽകാനുറപ്പിച്ചിരുന്ന സ്വത്ത് മുഴുവൻ എഴുതിവച്ചു. മാത്രമല്ല മറ്റൊരു യുവാവുമായി ആ പെൺകുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു.

സന്ധ്യ പല്ലവിയാണ് ഈ വിചിത്ര പ്രണയത്തിന്റേയും വിവാഹത്തിന്റേയും കഥ സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തുന്നത്.

സന്ധ്യ പല്ലവിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ഇന്ന് വിചിത്രമായ ഒരു കല്യാണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നു..... താലി കെട്ട് കണ്ണുനനയാതെ കാണാനായില്ല...
(സുഹൃത്തിൻെറ കൂടെ കൂട്ട് പോയതാണ് ഞാൻ)

കോട്ടയം തിരുനക്കര സ്വദേശിയായ ഷാജിയേട്ടനും , ഭാര്യയും. തിരക്ക് പിടിച്ചാണ് വരനെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും എതിരേറ്റത്... ...

6 വർഷം മുൻപ് ഷാജിയേട്ടൻെറ മകൻ +2 ന് പഠിക്കുന്ന സമയം കൂടെ പഠിക്കുന്ന പെൺകുട്ടിയോട് തോന്നിയ പ്രണയംആണ് രണ്ട് പേരെയും നാടുവിടാൻ പ്രേരിപ്പിച്ചത്... പെണ്ണ് വീട്ടുകാർ പോലീസിൽ പരാതി കൊടുത്തതിനെ തുടർന്ന്. രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി.. പെണ്ണിൻെറ വീട്ടുകാർക്ക് അവളെ ആവശ്യമില്ലെന്ന് പറഞ്ഞതോടെ. ആ അച്ഛനും അമ്മയും രണ്ട് പേരും പ്രായപൂർത്തിയശേഷം വിവാഹം നടത്തികൊടുക്കാമെന്ന ഉത്തരവാദിത്വം ഏറ്റെടുത്തു ..

മകനെ ഹോസ്റ്റലിൽ നിർത്തി തുടർന്ന് പഠിക്കാനയച്ചു.. പെൺകുട്ടി യെ. സ്വന്തം വീട്ടിലും നിർത്തി... എന്നാൽ ഇതിനിടയിൽ മകൻ മറ്റൊരു പെണ്ണിനെ ഇഷ്ടപ്പെടുന്നു... എന്നറിഞ്ഞ ഷാജിയേട്ടൻ. അവനെ തൻെറ കൂടെ ഗൾഫിൽ കൊണ്ട് പോയി .. കഴിഞ്ഞു വർഷം ലീവെടുത്ത് നാട്ടിൽ വന്ന മകൻ. മറ്റൊരു പെൺകുട്ടി യെ വിവാഹം ചെയ്യ്തു..

ഇതറിഞ്ഞ പിതാവ് മകനെ തള്ളി . മകനുള്ള സ്വത്തുക്കൾ. മകനെ സ്നേഹിച്ച് കാത്തിരുന്ന പെൺകുട്ടി യുടെ പേരിലെഴുതി.. കരുനാഗപ്പള്ളി സ്വദേശിയായ അജിത്തുമായ്. ഇന്ന് 10 ,30 കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ വച്ച്. വിവാഹം നടത്തി കൊടുക്കുകയും ചെയ്യ്തു.....

ഈ അച്ഛൻെറയും ,അമ്മയുടെയും നല്ല മനസ്സ് കാണാൻ ആ മകന് കഴിഞ്ഞില്ല... ഇവർക്ക് മകനെ കൂടാതെ 8 വയസ്സുള്ള ഒരു മകൾ ഉണ്ട്

നന്ദി ബിനുവേട്ടാ... ഇത്തരം മനുഷ്യ സ്നേഹികളെ കാണിച്ചു തന്നതിന്.