Monday 20 May 2019 02:37 PM IST : By സ്വന്തം ലേഖകൻ

ചോദിച്ചത് ഒരു കുപ്പിവെള്ളം, നൽകിയത് സാൻഡ്‍വിച്ച്; നോമ്പുകാരന് സ്നേഹമൂട്ടി എയർ ഹോസ്റ്റസ്

air-india

വിമാന യാത്രക്കിടെ നോമ്പ് തുറക്കാന്‍ ഒരു കുപ്പിവെള്ളം മാത്രമാണ് അദ്ദേഹം ചോദിച്ചത്. എന്നാൽ ചോദിച്ചയാളെ പോലും അമ്പരപ്പിച്ചു കൊണ്ട് എയർ ഹോസ്റ്റസ് നൽകിയത് സാന്‍ഡ്വിച്ച് ഉള്‍പ്പെടെയുള്ള ഭക്ഷണം. എയര്‍ഇന്ത്യയിലെ എയര്‍ഹോസ്റ്റസിന്റെ നന്മയെയാണ് സോഷ്യൽ മീഡിയ ഹൃദയത്തിലേറ്റു വാങ്ങുന്നത്. റിഫാത്ത് ജാവൈദ് എന്ന മാധ്യമപ്രവര്‍ത്തകനാണ് ആ മനസു നിറയ്ക്കുന്ന കരുതൽ ആവോളം അനുഭവിച്ചത്.

നന്മക്കഥ റിഫാത്ത് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ‘ഗോരഖ്പുരില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍. നോമ്പ് തുറക്കാനുള്ള സമയമായതിനാല്‍ ക്യാബിന്‍ ക്രൂ അംഗമായ മഞ്ജുളയോട് ഞാന്‍ വെള്ളം ചോദിച്ചു. അവര്‍ എനിക്ക് ഒരു ചെറിയ കുപ്പി വെള്ളം നല്‍കി. നോമ്പായതിനാല്‍ ഒരു കുപ്പി കൂടി തരാമോ എന്ന് ഞാന്‍ ചോദിച്ചു. എന്നാല്‍ നിങ്ങള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റത് എന്തിനാണെന്നും സീറ്റില്‍ പോയി ഇരിക്കാനും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിമിഷങ്ങള്‍ക്കം രണ്ട് സാന്‍ഡ് വിച്ചുമായി അവര്‍ എത്തി. ഇനിയും വേണമെങ്കില്‍ ചോദിക്കാന്‍ മടിക്കേണ്ടെന്നും അവര്‍ പറഞ്ഞു’. മാധ്യമ പ്രവര്‍ത്തകന്റെ വാക്കുകള്‍.

എന്തായാലും എയര്‍ഇന്ത്യയിലെ ആ എയര്‍ഹോസ്റ്റസിനെ ഇപ്പോള്‍ കൈയടികളോടെ അഭിനന്ദിക്കുകയാണ് സോഷ്യല്‍മീഡിയ.