Friday 03 August 2018 10:41 AM IST

‘പെട്ടെന്ന് സമൂഹത്തിൽ ഒരു അനീതി കണ്ടു; ഉടൻ അതെടുത്ത് നോവലാക്കണം, കഥയാക്കണം എന്നൊന്നും എനിക്കു തോന്നാറില്ല’; സംഗീത ശ്രീനിവാസൻ

V.G. Nakul

Sub- Editor

sangeetha

മലയാള സാഹിത്യത്തിൽ മാന്ത്രിക ഭാവനയുടെ നിറം കലർത്തിയ മേതില്‍ രാധാകൃഷ്ണൻ അദ്ദേഹത്തിന്റെ ‘മേതിൽ കവിതകൾ’ എന്ന പുസ്തകം സമർപ്പിച്ചിരിക്കുന്നതിങ്ങനെ, ‘ഞാൻ ഈ പുസ്തകം സമർപ്പിക്കുന്നു, പെൻഗ്വിൻ ഹു ലോസ്റ്റ് ദ മാർച്ച് എന്ന പുസ്തകം എഴുതിയ ആത്മസുഹൃത്തിന്’. ആ ആത്മസുഹൃത്ത് സംഗീതാ ശ്രീനിവാസനാണ്. മലയാളത്തിലെ ശ്രദ്ധേയയായ നവതലമുറ എഴുത്തുകാരി. മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി സാറാ ജോസഫിന്റെ മകൾ. നോവലിസ്റ്റ്, ബാലസാഹിത്യകാരി, വിവർത്തക, ഗിറ്റാറിസ്റ്റ്,അധ്യാപിക എന്നിങ്ങനെ വിവിധ മേഖലകളിൽ സ്വന്തമായ ഇടം നേടിയ സംഗീതയുടെ ആദ്യ നോവൽ ‘അപരകാന്തി’. രണ്ടാം നോവലായ ‘ആസിഡ്’ സംഗീതയുെട എഴുത്തു ജീവിതത്തിലെ വഴിത്തിരിവായി. മലയാളി വായനക്കാർ ഇരു കൈയും നീട്ടി സ്വീകരിച്ച ഈ മനോഹര സൃഷ്ടിയുെട ഇംഗ്ലീഷ് പരിഭാഷയും ഇപ്പോൾ വായനക്കാരെ തേടിയെത്തിയിരിക്കുന്നു. സംഗീതയാണ് ആസിഡിനെ ഇംഗ്ലീഷിലേക്കും പകർത്തിയത്. പെൻഗ്വിൻ റാൻഡം ഹൗസാണ് പ്രസാധകർ. മലയാളത്തിൽ നിന്ന് സ്വന്തം കൃതി ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയതിന്റെ വിശേഷങ്ങളും എഴുത്തിലെ നിലപാടുകളും വ്യക്തമാക്കി സംഗീത ശ്രീനിവാസൻ വനിത ഓൺലൈനുമായി സംസാരിക്കുന്നു

book

നോവൽ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യാം എന്നു തീരുമാനിച്ചത് എന്തു കൊണ്ടാണ് ?

ഞാൻ എഴുത്തു തുടങ്ങിയത് ഇംഗ്ലീഷിലാണ്. മലയാളം പോലെ പ്രിയപ്പെട്ട ഭാഷമാണ് ഇംഗ്ലീഷും. ആദ്യ പുസ്തകം ഇംഗ്ലീഷിലായിരുന്നു. ‘പെൻഗ്വിൻ ഹു ലോസ്റ്റ് ദ മാർച്ച്’ എന്ന ചെറുകഥാ സമാഹാരം. ഇംഗ്ലീഷിൽ എഴുതിത്തുടങ്ങിയ കാലത്ത് ഇത് എങ്ങനെ പ്രസിദ്ധീകരിക്കും എന്ന് ധാരണയുണ്ടായിരുന്നില്ല. ഒരു കഥ ഇന്ത്യൻ ലിറ്ററേച്ചറിൽ വന്നു. 2004 ൽ. ആയിരം രൂപ പ്രതിഫലവും കിട്ടി. തുടർന്നാണ് കുറച്ചു കഥകൾ ചേർത്ത്, മാധവിക്കുട്ടിയുടെ അവതാരികയോടെ ടി.പി രാജീവൻ സാറിന്റെ യതി ബുക്സ് പുസ്തകമാക്കിയത്. കോഴിക്കോട്ട് പ്രസ്ക്ലബിലായിരുന്നു പ്രകാശനം. അതിനു ശേഷം ഞാൻ കാര്യമായി ഒന്നും എഴുതിയിട്ടില്ല. വീണ്ടും എഴുതണമെന്നു തോന്നിയപ്പോൾ അതു കുട്ടികൾക്കു വേണ്ടി ആകാം എന്നു തീരുമാനിച്ചു. അതും മലയാളത്തിൽ. അങ്ങനെ ‘വെള്ളിമീൻചാട്ടം’ എഴുതി. പിന്നീട് ‘കള്ളിത്തള്ളകൾ വേഴ്സസ് ശിങ്കക്കുട്ടികൾ’, ആദ്യ നോവലായ ‘അപരകാന്തി’. ശേഷം ‘ആസിഡ്’.

ഞാനൊരു ഇംഗ്ലീഷ് അധ്യാപികയാണ്. കൂടുതൽ വായിച്ചിട്ടുള്ളതും ഇംഗ്ലീഷ് പുസ്തകങ്ങളാണ്. അങ്ങനെയും ആ ഭാഷയോട് ഒരു താത്പര്യം ഉണ്ടാകുമല്ലോ. ആസിഡ് ഇംഗ്ലീഷിലേക്കാക്കുക എന്നത് എന്റെ മനസ്സിലുണ്ടായിരുന്നു. ആസിഡിന്റെ കരട് രൂപം ഞാൻ തയാറാക്കിയത് ഇംഗ്ലീഷിലാണ്. അതിനു ശേഷമാണ് മലയാളത്തിൽ എഴുതിത്തുടങ്ങിയത്. രണ്ടു ഭാഷയും ഇഷ്ടമായതിനാൽ സ്വയം വിവർത്തനം ചെയ്യാം എന്നു തീരുമാനിക്കുകയായിരുന്നു.

ആദ്യം എന്തുകൊണ്ട് ഇംഗ്ലീഷിൽ എഴുതിയില്ല ?

രണ്ടു ഭാഷയും ഒരു പോലെ പ്രിയപ്പെട്ടതാണെന്നു പറഞ്ഞല്ലോ. എഴുത്ത് അപ്പോഴത്തെ മാനസികാവസ്ഥ അനുസരിച്ചാണ്. പെട്ടെന്ന് ഒരു മലയാളം നോവൽ എഴുതാനുള്ള താത്പര്യത്തിൽ അങ്ങനെ സംഭവിച്ചു. എന്തായാലും മലയാളമാണല്ലോ മാതൃഭാഷ. ഇംഗ്ലീഷ് കടം കൊള്ളുന്നതാണ്. പിന്നീട് മറ്റൊരു സാധ്യത എന്ന നിലയിലാണ് ഇംഗ്ലീഷിലേക്ക് മാറ്റുന്നത്. ഇംഗ്ലീഷിലോ മലയാളത്തിലോ ആദ്യം എഴുതാമായിരുന്നു. കാരണം നോവലിന്റെ ആശയം ആഗോള സാധ്യതയുള്ളതാണ്. മലയാളത്തിൽ തന്നെ വേണം എന്ന് നിർബന്ധമില്ല.

വിവർത്തനത്തിനു പിന്നിൽ ആരുടെയെങ്കിലും പ്രേരണയുണ്ടോ ?

ഒരു ഇംഗ്ലീഷ് അധ്യാപിക ആസിഡ് വായിച്ച ശേഷം, പരിഭാഷപ്പെടുത്തട്ടേയെന്നു ചോദിച്ചതാണ്. എന്നാൽ എനിക്കിഷ്ടമുള്ള രീതിയിൽ സ്വയം പരിഭാഷപ്പെടുത്തുന്നതിനോടായിരുന്നു താത്പര്യം.

പലരും നോവൽ ഇംഗ്ലീഷിലാക്കുന്നതിന്റെ സാധ്യത പറഞ്ഞിരുന്നുവെങ്കിലും മുൻപേ തന്നെ ഇതിന്റെ ഇരുപത്തി അഞ്ചു പേജോളം ഇംഗ്ലീഷിലായിരുന്നു. അപ്പോഴും ഒരു പ്രധാന പ്രശ്നമായി തോന്നിയത് ഇംഗ്ലീഷിൽ ഒരു പ്രസാധകനെ കിട്ടുക എളുപ്പമുള്ള കാര്യമല്ല എന്നതാണ്. ആ ഇരുപത്തി അഞ്ചു പേജാണ് പെൻഗ്വിന് കൊടുത്തത്. അവർ അത് വായിച്ച്, താത്പര്യം അറിയിച്ച ശേഷമാണ് നോവൽ പൂർണ്ണമായും ഇംഗ്ലീഷിലാക്കിയത്.

sanggetha_2

നോവൽ പ്രസാധകനു നൽകിയ ശേഷം അതിൽ മാറ്റങ്ങൾ വരുത്തിയിരുന്നോ ?

ചില ഭാഗങ്ങളിൽ മാറ്റം വരുത്തി. പ്രധാനമായും പാട്ടുകൾ ഒഴിവാക്കി. എഡിറ്റേഴ്സ് കാര്യമായി ഇടപെടും. മനസ്സിലാകാത്ത ഭാഗങ്ങൾ ചോദിച്ച് മനസ്സിലാക്കും. അഭിപ്രായങ്ങൾ പറയും. തിരുത്തലുകൾ നിർദേശിക്കും. ഓരോ ഘട്ടത്തിലും പ്രസാധകർ എഴുത്തുകാരുടെ ഒപ്പം നിൽക്കുകയാണ്. കാറ്റലോഗും പുസ്തകങ്ങളും തരും. പുസ്തകവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അപ്പപ്പോൾ അറിയിക്കും. ഒരു ചെറിയ തുക വർക്കിംഗ് എമൗണ്ടും തന്നിരുന്നു.

ആസിഡ് ഇംഗ്ലീഷിലേക്കു മാറ്റിയപ്പോൾ ഒരു പുതിയ നോവൽ എഴുതുന്ന അനുഭവമായിരുന്നോ. അതോ ഒരു വിവർത്തനത്തിന്റെ ആവർത്തന വിരസതയോ ?

ഒരു പുതിയ നോവൽ എഴുതുന്ന അനുഭവം തന്നെയായിരുന്നു. വിവർത്തനം എന്നു തോന്നിയതേയില്ല. പുസ്തകം വായിക്കുമ്പോള്‍ അറിയാം, ആസിഡിന്റെ വാക്കോട് വാക്ക് വിവർത്തനമല്ല. മലയാളത്തിൽ ഇല്ലാത്ത കുറേ കാര്യങ്ങൾ ഇംഗ്ലീഷിൽ വായിക്കാം. മലയാളത്തിൽ ഉള്ള കുറേ കാര്യങ്ങൾ ഇംഗ്ലീഷിൽ ഇല്ല താനും. ഇംഗ്ലീഷ് മലയാളത്തേക്കാൾ വലുതാണ്.

എത്രകാലം വേണ്ടി വന്നു വിവർത്തനത്തിന് ?

രണ്ടോ മൂന്നോ മാസം.

ഇതര എഴുത്തുകാരുടെ രചനകളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ടല്ലോ. രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ് ?

എലേന ഫെറാന്റെ ‘ദ് ഡെയ്സ് ഓഫ് അബാൻഡൻമെൻഡ്’ എന്ന പുസ്തകമാണ് ‘ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ’ എന്ന പേരിൽ ഞാൻ മലയാളത്തിലാക്കിയത്. ഭ്രാന്തു പിടിച്ച പോലെ ഒരു അവസ്ഥയായിരുന്നു അപ്പോൾ. വിവർത്തനത്തിൽ യാതൊരു സ്വാതന്ത്ര്യവും സ്വീകരിച്ചില്ല. യഥാർത്ഥ കൃതിയോട് എത്രത്തോളം നീതി പുലർത്താൻ പറ്റും എന്നാണ് ഞാൻ ചിന്തിക്കുക. അതാണ് എന്റെ രീതി. പേരിൽ പോലും അതു ശ്രദ്ധിച്ചിരുന്നു. ദിവസങ്ങൾ പരുക്കനാണ് ദിനങ്ങൾ ആക്കരുതോ എന്നു പലരും ചോദിച്ചു. പക്ഷേ അതു പോലും ഞാൻ അംഗീകരിച്ചില്ല.

ഒട്ടും അനായാസമായിരുന്നില്ല വിവർത്തനം. ഒരു വാക്യം തുടങ്ങിയാൽ അത് നീണ്ടു പോകുന്ന തരത്തിലാണ്. വ്യാകരണം പോലും പ്രയാസപ്പെടുത്തി. ഇറ്റാലിയനാണ് കൃതി. കടുത്ത സെക്സും, വയലൻസും കലർന്ന ആഖ്യാനമാണ്. അവർ ഉപയോഗിച്ച ഭാഷ ശരിക്കും വിഷമിപ്പിച്ചു. മലയാളത്തിന്റെ സെൻസിബിലിറ്റി അനുസരിച്ച് നമ്മൾ ചീത്ത വാക്കുകൾ ഉപയോഗിക്കാൻ പാടില്ല, തെറി പറയാൻ പാടില്ല, എല്ലാം സംസ്കൃത വത്കരിച്ചു പറയണം എന്നൊക്കെയാണല്ലോ. അത്തരമൊരു അവസ്ഥയിൽ ഞാൻ വീർപ്പുമുട്ടുകയായിരുന്നു. മലയാള ഭാഷയുടെ പരിമിതി പല തവണ ബോധ്യപ്പെട്ടു. ഇംഗ്ലീഷിൽ നിന്നായിരുന്നു എന്റെ മലയാളം വിവർത്തനം. ഇന്ത്യയിൽ ഇതിന്റെ ആദ്യ വിവർത്തനമാണ് ‘ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ’.

എന്നാൽ സ്വന്തം രചന വിവർത്തനം ചെയ്യുമ്പോൾ വ്യത്യാസമുണ്ട്. അപ്പോൾ നമ്മളാണ് അധികാരി. ‘ആസിഡ്’ ഇംഗ്ലീഷിലേക്കു മാറ്റുമ്പോൾ ധാരാളം വാക്കുകളുടെ ശേഖരം എനിക്കുണ്ടായിരുന്നു. പരിമിതമായ ചായങ്ങൾ ഉപയോഗിച്ച് ഒരു ചിത്രം വരയ്ക്കുന്നതിന്റെയും ധാരാളം ചായങ്ങൾ ഉപയോഗിച്ച് ഒരു ചിത്രം വരയ്ക്കുന്നതിന്റെയും മാറ്റം. വലിയ സ്വാതന്ത്യം ലഭിച്ചു. വാക്കുകൾ മാത്രമല്ല ഖണ്ഢികകൾ പോലും മാറ്റിയെഴുതി. മലയാളത്തിൽ എഴുതിയപ്പോൾ സംഭവിച്ച പല പോരായ്മകളും ഇംഗ്ലീഷില്‍ തിരുത്തി.

book-2

ബാലസാഹിത്യം ഇഷ്ടപ്പെടുന്ന, അത്തരം കഥകൾ എഴുതാൻ ആഗ്രഹിക്കുന്ന ഒരാൾ. ആദ്യ നോവൽ പോലും കുട്ടികൾക്കു വേണ്ടിയായിരുന്നു. അങ്ങനെയൊരാൾ എങ്ങിനെയാണ് ലെസ്ബിയൻ പശ്ചാത്തലമുള്ള ആസിഡ് എന്ന നോവലിന്റെ ആശയത്തിലേക്കെത്തിയത് ?

സത്യത്തിൽ ലെസ്ബിയൻ ആശയത്തിനല്ല ഞാൻ നോവലിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. എല്ലാ തരത്തിലുമുള്ള, കമല എന്ന നായികയുടെ നാശമാണ് ആവിഷ്ക്കരിക്കാൻ ശ്രമിച്ചിരിക്കുന്നത്. ലെസ്ബിയൻ നോവലാണ് ‘ആസിഡ്’ എന്നത് പരസ്യങ്ങൾ കാരണം തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണ്. നോവൽ വായിക്കുന്നവർക്ക് അത് മനസ്സിലാകും. ‘ബേസിക്കലി ദിസ് ഈസ് നോട്ട് എ ലെസ്ബിയൻ നോവൽ’.

അപരകാന്തി ചെറിയ ആഖ്യാനമാണ്. ആസിഡ് ബൃഹത്തും. ചെറുതിൽ നിന്നും വലുതിലേക്കുള്ള മാറ്റം. ഏതു തരം ആഖ്യാനങ്ങൾക്കാണ് എഴുത്തുകാരിയെന്ന നിലയിൽ പ്രാധാന്യം നൽകുക ?

എഴുത്തുകാരി എന്ന നിലയിൽ എനിക്ക് അപരകാന്തിയോട് കുറച്ച് കൂടി ഇഷ്ടമുണ്ട്. അപരകാന്തി ഒരു മനുഷ്യന്റെ അടരടരുകളായുള്ള മാനസികാവസ്ഥയാണ് അവതരിപ്പിക്കുന്നത്. കൃത്യമായ ഒരു കഥ പോലും അതിനില്ല. ‘ആസിഡിൽ’ ഒരുപാട് സംഭവങ്ങളുണ്ട്. എനിക്ക് താത്പര്യം ‘അപരകാന്തി’ പോലെ ഒരാളുടെ മാനസിക സഞ്ചാരങ്ങളെ അവതരിപ്പിക്കുന്ന തരം എഴുത്തിനോടാണ്. അത്തരത്തിൽ ഒരു വലിയ നോവൽ എഴുതണം എന്നതാണ് ആഗ്രഹം.

പുതിയ നോവലായ ‘ശലഭം, പൂക്കൾ, എയറോ പ്ലെയിൻ’ എന്താകും പറയുക ?

അത് നോവലെഴുത്തിനെക്കുറിച്ചുള്ള ഒരു നോവലാണ്. മൂന്നു പേർ ചേർന്ന് ഒരു നോവലെഴുതാൻ ശ്രമിക്കുകയാണ്. എൻ.സി.സിയാണ് പശ്ചാത്തലം. മലയാളത്തിൽ അത് സാധാരണമല്ല. പട്ടാളക്കഥകൾ ഉണ്ടെങ്കിലും ഇത് ആദ്യമാകും.

സാറ ജോസഫിന്റെ എഴുത്തുകൾ കേരളീയ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അത് ഏത് ഭാഷയിലേക്കു പോയാലും കേരളത്തെയാകും പ്രതിനിധീകരിക്കുക. എന്നാൽ സംഗീതയുടെ രചനകൾ എപ്പോഴും ഒരു ആഗോള കാഴ്ചപ്പാടിൽ പ്രവർത്തിക്കുന്നവയാണ് ?

അത് കാലഘട്ടത്തിന്റെ വ്യത്യാസമാണ്. ജീവിക്കുന്ന സാഹചര്യവും മനുഷ്യരും ചിന്തകളും അനുഭവങ്ങളും മാറുകയാണല്ലോ. വരുന്ന നോവലും അങ്ങനെയാണ്. എല്ലാത്തിനെയും ഒരു പാൻ ഇന്ത്യൻ കാഴ്ചപ്പാടിലാണ് ഞാൻ സമീപിക്കുന്നത്. ഇക്കാലത്ത് ഗ്ലോബൽ സ്വഭാവമാണ് പലർക്കും. അത് പുതിയ തലമുറയിൽ വളരെ കൂടുതലുമാണ്.

എഴുത്തുകാരി എന്ന നിലയിലുള്ള രാഷ്ട്രീയം എന്താണ് ?

മാനസികമായി എന്റെ കഥാപാത്രങ്ങളെ അപഗ്രഥിക്കുക,അവർക്കൊപ്പം പോകുക എന്നതാണ് എന്റെ രാഷ്ട്രീയം. ഒരു കൂട്ടം മനുഷ്യരുടെ മാനസികാവസ്ഥകളിലൂടെ സഞ്ചരിക്കുന്ന കഥകളാണ് എനിക്കിഷ്ടം. പെട്ടെന്ന് സമൂഹത്തിൽ ഒരു അനീതി കണ്ടു. ഉടൻ അതെടുത്ത് നോവലാക്കണം, കഥയാക്കണം എന്നൊന്നും എനിക്കു തോന്നാറില്ല. അത് സമൂഹത്തോട് ബാധ്യത ഇല്ലാത്തതു കൊണ്ടല്ല. മറിച്ച് മനുഷ്യ ബന്ധങ്ങളിലൂടെ മുന്നോട്ട് പോകുന്നതാണ് എന്റെ സംവേദനക്ഷമത. ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ, ആദിവാസി ആക്രമിക്കപ്പെട്ടാൽ അതുമായി ബന്ധപ്പെട്ട് ധാരാളം കഥകളും കവിതകളും സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും പ്രചരിക്കുന്നുണ്ട്. വീണ്ടും വീണ്ടും എഴുത്തുകാർ അതു തന്നെ ചെയ്തു കൊണ്ടിരിക്കണം എന്ന് എനിക്ക് അഭിപ്രായമില്ല.

കഥകൾ എഴുതുന്നത് കുറവാണല്ലോ ?

എനിക്ക് കൂടുതൽ അനായാസം നോവലിന്റെ പ്രതലമാണ്. എഴുതിയ കഥകളിലൊന്നും എനിക്കു വലിയ തൃപ്തി തോന്നുന്നില്ല. കഥയെഴുത്ത് വളരെയേറെ ശ്രദ്ധ വേണ്ടുന്ന ഒന്നാണ്. പലരും ശ്രമകരമായി ഒരു കഥ എഴുതുകയാണ്. അതിന്റെ ആവശ്യമില്ല. സ്വാഭാവികമായി വരുന്നതാകണം കഥ.

ആസിഡിന്റെ മറക്കാനാകാത്ത ഒരു വായനാനുഭവം ആരാണ് പങ്കു വെച്ചിട്ടുള്ളത് ?

പലരും ആസിഡിന്റെ വായനാനുഭവങ്ങൾ പങ്കു വെക്കാറുണ്ട്. മറക്കാനാകാത്തത് കവി അൻവർ അലി പറഞ്ഞതാണ്. അത് എനിക്ക് വളരെ ഗൗരവമായി അനുഭവപ്പെട്ടു. വായിച്ച് കഴിഞ്ഞ് അൻവർ ഉടൻ എന്നെ വന്നു കണ്ടു. വളരെ വൈകാരികമായാണ് അൻവർ നോവലിനെക്കുറിച്ച് പറഞ്ഞത്.