തൊഴിലുറപ്പു ജോലിയിൽ നിന്നു ലഭിക്കുന്ന വരുമാനത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബം മകളുടെ ചികിത്സയ്ക്ക് പ്രതിമാസം 8300 രൂപയുടെ മരുന്നിന് മാർഗമില്ലാതെ വിഷമിക്കുന്നു. കലവൂർ മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡ് കാവുങ്കൽ വല്ലേച്ചിറ എ. ഗീതയുടെ മകൾ സംഗീത(19)യാണ് ഹൃദയത്തിലെ സുഷിരവും രക്തധമനികളുടെ പ്രശ്നങ്ങളും കാരണം കഴിഞ്ഞ 15 വർഷമായി മരുന്നുകളുമായി ജീവിക്കുന്നത്.
ഡ്രൈവറായിരുന്ന പിതാവ് ടി. സജീവ് കിഡ്നി സംബന്ധമായ അസുഖം ബാധിച്ച് 5 വർഷം മുന്‍പ് മരിച്ചതോടെയാണ് കുടുംബം അനാഥമായത്. അഞ്ച് സെന്റിലെ ഭൂമിയിൽ പഞ്ചായത്തിൽ നിന്നു അനുവദിച്ച വീട്ടിലാണ് ഇവർ കഴിയുന്നത്. സംഗീതയുടെ ഇളയ സഹോദരൻ വിദ്യാർഥിയായ അതുൽ കൃഷ്ണയും ഗീതയുടെ മാതാവ് അംബുജാക്ഷി(80)യും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. തൊഴിലുറപ്പ് ജോലിയിൽ നിന്നു ലഭിക്കുന്ന വരുമാനം പോലും മകൾ മരുന്ന് വാങ്ങുവാൻ തികയാത്ത അവസ്ഥയിൽ നിത്യചിലവിന് നാട്ടുകാരാണ് സഹായിക്കുന്നത്.
സംഗീതയ്ക്ക് നാല് വയസുള്ളപ്പോഴാണ് രോഗം കണ്ടെത്തിയത്. തുടർന്ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സയൻസ് ആശുപത്രിയിലെ ചികിത്സയിലാണ്. നടക്കുവാനും ശ്വാസം എടുക്കുവാനും ബുദ്ധിമുട്ടുള്ളതിനാൽ സ്ഥിരമായി സ്കൂളിൽ പോകാതെയാണ് സംഗീത പ്ലസ്ടു വരെ പഠിച്ചത്. ചിത്രരചനയിൽ മികവ് പുലർത്തുന്ന സംഗീതയുടെ ജീവൻ നിലനിർത്തുവാൻ സുമനസുകളുടെ സഹായം തേടുകയാണ്. മരുന്ന് കഴിച്ചു മാത്രമേ മുന്നോട്ട് പോകുവാൻ കഴിയൂവെന്നും ശസ്ത്രക്രിയ നടത്തുവാൻ കഴിയാത്ത അവസ്ഥയാണെന്നും ഡോക്ടർമാർ പറഞ്ഞു.
വീട് പണിയുടെ ആവശ്യത്തിന് സമീപത്തെ സഹകരണ ബാങ്കിൽ നിന്നുമെടുത്ത വായ്പ കൂടിയായതോടെ കുടുംബം വലിയ പ്രതിസന്ധിയിലാണ്. ചികിൽസ സഹായങ്ങൾ സംഗീതയുടെ പേരിൽ ഫെഡറിൽ ബാങ്കിന്റെ മണ്ണഞ്ചേരിയിലെ അക്കൗണ്ടിൽ നൽകാം.
∙ അക്കൗണ്ട് നമ്പർ–12510100305642.
∙ ഐഎഫ്എസ്‌സി കോഡ്– FDRL0001251
∙ ഫോൺ: 9526548250