Wednesday 15 June 2022 11:11 AM IST : By സ്വന്തം ലേഖകൻ

നാലു സെന്റ് ഭൂമിയിൽ കിടപ്പാടവും റേഷൻ കാർഡുമില്ല; പിഞ്ചുകുഞ്ഞുങ്ങളുമായി പട്ടിണിയിലും രോഗത്തിലും നരകയാതനയിൽ സംഗീത

sangeetha44676vh

പാലോട് പെരിങ്ങമ്മല പഞ്ചായത്തിലെ പട്ടികവർഗ സങ്കേതത്തിലെ നാലു സെന്റ് ഭൂമിയിൽ കിടപ്പാടവും റേഷൻ കാർഡ് പോലും ഇല്ലാതെ നാലു പിഞ്ചുകുഞ്ഞുങ്ങളുമായി 26 വയസ്സുകാരി ജീവിതത്തോട് മല്ലടിക്കുന്നു. കൊച്ചുവിള വാർഡിലെ പന്നിയോട്ട് കടവ് പട്ടികവർഗ ഊരിൽ സംഗീതയാണ് 10 വയസിനു താഴെയുള്ള നാലു കുട്ടികളുമായി പട്ടിണിയിലും രോഗത്തിലും നരകയാതനയിൽ കഴിയുന്നത്. ഭർത്താവ് കർണാടകയിൽ ജോലിക്കെന്നു പറഞ്ഞു പോയിട്ട് മാസങ്ങളായി ഒരു വിവരവുമില്ല. പാലോട് പൊലീസിൽ പരാതി നൽകിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. 

കുടുംബ ഓഹരിയിൽ നിന്ന് ലഭിച്ച നാലു സെന്റിൽ പ്ലാസ്റ്റിക് വലിച്ചു കെട്ടിയ കുടിലിലാണ് അഞ്ചംഗങ്ങൾ കഴിയുന്നത്. റേഷൻ കാർഡില്ലാത്തതിനാൽ ലൈഫ് പദ്ധതിയിൽ ഇടം പിടിച്ചില്ല. തൊഴിലുറപ്പിനും പോകാൻ കഴിയുന്നില്ല. റേഷൻ കാർഡിനു അപേക്ഷ നൽകിയിട്ടുണ്ട് ലഭിച്ചിട്ടില്ല. സൗജന്യ റേഷനുമില്ല. മൂത്തമകൾ അ‍ഞ്ചാം ക്ലാസുകാരി സാന്ദ്ര ആറു വർഷമായി കിഡ്നിക്ക് തകരാർ മൂലം ചികിത്സയിലാണ്. 

സംഗീത ഇപ്പോൾ ഒരു ജോലിക്കും പോകുന്നില്ല. മാതാവ് ടാപ്പിങ് തൊഴിലാളിയാണ്. അവരുടെ സഹായവും സഹോദരങ്ങളും സുമനസ്സുകളും നൽകുന്നതുമാണ് ജീവിതം. വൈദ്യുതി, ശുചിമുറി എന്നിവയുമില്ല. അമ്മയുടെ വീട്ടിലാണ് പല കാര്യങ്ങൾക്കും ആശ്രയിക്കുന്നത്. വീട്ടിലെത്താൻ നല്ലൊരു വഴിയുമില്ലാത്ത അവസ്ഥ. വനാതിർത്തി ആയതിനാൽ വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയുമുണ്ട്. ദയനീയ കാഴ്ചയാവുന്ന ഈ കുടുംബം പട്ടികവർഗ വകുപ്പിന്റെയും മറ്റു അധികാരികളുടെയും കണ്ണെത്താതെയോ എത്തിയിട്ടും കാണാതെയോ കനിവു തേടി കഴിയുകയാണ്.

Tags:
  • Spotlight