Monday 20 July 2020 04:19 PM IST : By ശ്യാമ

‘എന്റെ കൺമുന്നിൽ കടലാണ്... മാറിവരുന്ന എല്ലാ ഭാവങ്ങളും കണ്ടാണ് ദിവസവും യാത്ര’; സജ്ജുവിന്റെ യൂട്യൂബ് ചാനലിൽ കാണിക്കുന്നത് കടലിന്റെ കാണാമുഖങ്ങൾ

sanjuuu1

കൊച്ചി തുറമുഖത്ത് കപ്പലെത്തുന്നതും, ശ്രീലങ്കൻ പോട്ടിലെ കോറോണ പ്രോട്ടോക്കോളുകളും, കപ്പലിൽ മഴ നനയുന്നതും, കപ്പലിനുള്ളിലെ ജിമ്മും സ്വിമ്മിങ്ങ് പൂളും എന്നു വേണ്ട കപ്പലോട്ടം എങ്ങനെ എന്നുവരെ മലയാളത്തിന്റെ അകമ്പടിയോടെ കണ്ടും കേട്ടും മനസ്സുകൊണ്ട് വേറൊരു ലോകത്തെത്താം... അതാണ് സജ്ജാദ് അലി അഥവ ‘സജ്ജു ദി സെയ്‌ലറിന്റെ’ വീഡിയോസിനുള്ള പ്രത്യേകത. സജ്ജാദ് അലി എന്ന മർച്ചന്റ് നേവി ഉദ്യോഗസ്ഥനൊരുക്കുന്ന വീഡിയോകൾക്ക് പിന്നിൽ എപ്പോഴും അനിശ്ചിതത്വത്തിന്റെ ചോദ്യചിഹ്നങ്ങളും പ്രതീക്ഷയുടെ സൂര്യോദയവും ഒക്കെയുണ്ട്.

‘‘സുജിത് ഭക്തൻ എന്ന മനുഷ്യന്റെ യാത്രാ വീഡിയോസ് കണ്ടു കണ്ടാണ് എനിക്കും വ്ലോഗറാകണം എന്ന ആഗ്രഹം വരുന്നത്. കപ്പല്‍ യാത്രകളിൽ പലപ്പോഴും നെറ്റ്‌വർക്കിന്റെ ‘നെ’ പോലുമുണ്ടാകില്ല അതുകൊണ്ട് പോർട്ട് എത്തുമ്പോൾ വീഡിയോസ് ഒക്കെ ഡൗൺലോഡ് ചെയ്ത് വച്ച് അതൊക്കെ സമയം കിട്ടുമ്പോൾ കുത്തിയിരുന്ന് കാണുമായിരുന്നു. എന്റെ കൺമുന്നിൽ കടലാണ്... മാറി മാറി വരുന്ന കടലിന്റെ എല്ലാ ഭാവങ്ങളും കണ്ടാണ് ദിവസവും യാത്ര. അങ്ങനെയാണ് കടലിനെ പറ്റി തന്നെ വീഡിയോസ് ചെയ്യാമെന്നോർക്കുന്നത്. നമുക്ക് നന്നായറിയാവുന്ന കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നതാണല്ലോ എപ്പോഴും നല്ലത്. ചില വിദേശികളും നേർത്തിന്ത്യക്കാരും അല്ലാതെ  ആ സമയത്ത് മർച്ചന്റ് നേവിയിൽ നിന്നാരും  അങ്ങനെ വ്ലോഗിങ്ങ് ചെയ്തിരുന്നുമില്ല. അങ്ങനെ മൊബൈലിൽ ഒരു വീഡിയോ ഷൂട്ട് ഒരു തമാശക്കഥയും ഒക്കെ ഒപ്പം ചേർത്ത് ഫെയ്സ്ബുക്കിലെ ഒരു യാത്ര ഗ്രൂപ്പിലിട്ടു. അതങ്ങ് ഹിറ്റായി കിട്ടി. അതിൽ വന്ന സജഷൻസ് കണ്ടിട്ടാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. കഷ്ടിച്ച് രണ്ട് വീഡിയോസ് ഇട്ടതും ഒരു കടൽക്ഷോഭം തുടങ്ങി... നേരാംവണ്ണം തിന്നാനും കുടിക്കാനും പോലും പറ്റാത്ത അവസ്ഥ! പിന്നീട് ഉയർന്ന റാങ്കിനു വേണ്ടിയുള്ള പരീക്ഷയും പഠിപ്പും ഒക്കെക്കൂടി വന്നപ്പോള്‍ ചാനൽ പെട്ടിയിലായി...

അങ്ങനങ്ങ് പോയാൽ പറ്റില്ലല്ലോല്ലേ...

2020 മാർച്ചിൽ ലോക്ഡൗൺ തുടങ്ങിയ സമയത്താണ് ചാനലിന്റെ പൂട്ട് പൊളിച്ച് വീണ്ടും പുറത്തെടുക്കുന്നത്. നിന്ന നിൽപ്പിൽ മാറിമറിയുന്ന സ്വഭാവമാണ് കടലിന്. ഇന്നിപ്പോൾ പല മോഡേൺ എക്യുപ്മെന്റ്സും ഉണ്ട് കാലാവസ്ഥാമാറ്റങ്ങളും മറ്റ് കാര്യങ്ങളും പെട്ടന്നറിയാം. എന്നാലും ചില സമയത്ത് മനുഷ്യന്റെ എല്ലാ കണക്കുക്കൂട്ടലുകളും തെറ്റിക്കാൻ പ്രകൃതിക്ക് ഒരു നിമിഷം പോലും വേണ്ട! കടൽ ക്ഷോഭിച്ച് കഴിഞ്ഞാൽ കഴിപ്പും കിടപ്പും ഒക്കെ അവതാളത്തിലാകും. കിടന്നുറങ്ങുന്ന കട്ടിലിൽ നിന്ന് എടുത്തെറിയും പോലെ താഴേ വീഴും, പാക്കറ്റ് ഫുഡ് മാത്രം കഴിച്ച് തള്ളിനീക്കുന്ന ദിവസങ്ങൾ... ഇതിനിടയിൽ ചിലപ്പോൾ ചില എമർജൻസികളും വരാം. തീപിടുത്തം, കൂട്ടിയിടി, കടൽക്കൊള്ള... അങ്ങനെയങ്ങനെ. എല്ലാ സമയത്തും അലർട്ട് ആയിരിക്കുന്നവരാണ് നാവികർ... ഞാനിപ്പോൾ സെക്കന്റ് ഓഫിസർ എന്ന പോസ്റ്റിലാണ്. ഉയർന്ന റാങ്കിനു വേണ്ടിയുള്ള പരിശ്രമത്തിനിടയ്ക്കാണീ ലോക്ഡൗൺ വരുന്നത്. അതുകൊണ്ട് ആ ശ്രമം പാതിയിൽ വച്ച്  തിരികെ ജോലിയിലേക്ക്. ’’

sahjgburhgu

ത്രില്ലും ആശങ്കയും സമാസമം...

പത്തൊമ്പതാം വയസ്സിൽ ജോലിക്കു കയറിയതാണ്. മെർച്ചന്റ് നേവി പണത്തിനപ്പുറം ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു– കൃത്യനിഷ്ഠ, പ്ലാനിങ്ങ്, ജീവിതത്തിന് മൊത്തത്തിൽ ഒരു ചിട്ടയും ഒതുക്കവും ഒക്കെ വന്നു.

മലപ്പുറം തിരൂരുള്ള അന്നാരയാണ് സ്വദേശം. വീട്ടിൽ ഉപ്പ, ഉമ്മ, പെങ്ങൾ, ഭാര്യ, മകൾ ഒക്കെയുണ്ട്. മൂത്ത സഹോദരൻ ദുബായിൽ എൻജിനീറാണ്. ഇതുവരെ 35ഓളം രാജ്യങ്ങളിൽ പോയിട്ടുണ്ട്. ഇനിയും പറ്റുന്നത്ര പോകണം എന്നാണ് ആഗ്രഹം. എത്ര നാടുകൾ കണ്ടെന്ന് പറഞ്ഞാലും നമ്മുടെ ഈ കേരളത്തിന്റെയത്ര ഭംഗിയുള്ളൊരു നാടും ഇതേവരെ കണ്ടിട്ടില്ല!

പഠിക്കുന്ന കാലം തൊട്ടേ എനിക്ക് ആർമി, നേവി, കോസ്റ്റ്ഗാർഡ് എന്നിങ്ങനെയുള്ള മേഖലകളിൽ ജോലി ചെയ്യാനായിരുന്നു താൽപര്യം. ഞാന്‍ സെയ്‌ലറാകണം എന്നത് ഉപ്പുടെ ആഗ്രഹമായിരുന്നു. തിരൂരുള്ള ഗവൺമെറ് സ്കൂളുകളിൽ തന്നെയായിരുന്നു പഠനം. പിന്നെ എറണാകുളത്തെ യൂറോടെക് മാരിടൈമിൽ നിന്ന് പ്രീ–സീ ട്രെയ്നിങ്ങ് കോഴ്സ് ചെയ്തു. കോഴ്സ് പൂർത്തിയാകും മുൻപേ ഇറ്റാലിയൻ കമ്പനിയിൽ ജോലി കിട്ടി. പിന്നീടാണ് ഇഗ്നോയിൽ നിന്ന് ബി.എൻ.എസ്. ഡിഗ്രി എടുത്തത്.

മറക്കാനാവാത്ത കാര്യങ്ങൾ പലതും ഉണ്ട് അതിലൊന്ന് നടന്നത് 2016 ലാണ്. സിങ്കപ്പൂർ ബേയ്സ്ഡായൊരു കമ്പനിക്കു വേണ്ടി ജോലി ചെയ്യുന്ന സമയം. ഹോംങ്കോങ്ങിൽ നിന്നാണ് കപ്പലിലേക്ക് ജോയിൻ ചെയ്യേണ്ടത്. കപ്പൽ അവിടുത്തെ പോർട്ടിൽ നിന്നു 30 നോട്ടിക്കല്‍ മൈൽ അകലെയാണ് നങ്കൂരമിട്ടിരിക്കുന്നത്. അതുകൊണ്ട് ബോട്ടിലാണ് കപ്പിലേക്ക് പോകുന്നത്. ഞങ്ങൾ 5 പേരുണ്ട്. 2 ഇന്ത്യക്കാരും 2 യുക്രയ്ൻകാരും ഒരു ഫിലിപ്പിനോയും. യാത്ര തുടങ്ങി. കടൽ ക്ഷോഭിച്ചു നിൽക്കുന്ന സമയം... ഏകദേശം അഞ്ച് മണിക്കൂറെടുക്കും കപ്പലിലേക്കെത്താൻ. വലിയ തിരമാലകളിൽ പെട്ട് ബോട്ട് ആടിയുലയുന്നു, ഇരിക്കാൻ പോലും പറ്റുന്നില്ല. തലകറങ്ങി നിർത്താതെ ഛർദ്ദിക്കാൻ തുടങ്ങി. ക്ഷീണിച്ചവശനായിട്ടും ഒന്ന് ചാരി നിൽക്കാൻ പോലും പറ്റാത്ത അവസ്ഥ. ആടിയുലഞ്ഞ് ബോട്ട് അവസാനം കപ്പലിനടുത്തെത്തി. താഴേക്കിട്ട ഏണിയിലൂടെ വേണം കപ്പലിനുള്ളിലേക്ക് കയറാൻ. തലക്കറക്കത്തിന്റേയും ഛർദ്ദിയുടേയും ഒക്കെ ക്ഷീണം കാരണം കയറുന്നതിനിടയിൽ രണ്ട് തവണ ബോട്ടിലേക്ക് തന്നെ തല്ലിയടിച്ചു വീണു. ശരിക്കും പറഞ്ഞാൽ ആ സമയത്ത് കടലിലേക്ക് അങ്ങ് വീണ് എല്ലാം അവസാനിക്കട്ടേ എന്നു വരെ തോന്നിപ്പോയി. ഭാഗ്യത്തിന് അന്ന് വലിയ പരിക്കുകളൊന്നും വന്നില്ല. പിന്നീട് ഇതുവരെ അത്രയും മോശമായൊരു അവസ്ഥ വന്നിട്ടില്ല... അതോർക്കുമ്പോൾ ഇപ്പോഴും ഹൃദയം രണ്ടിടി കൂടുതൽ മിടിക്കും...!

Tags:
  • Spotlight