Tuesday 14 January 2025 02:48 PM IST

‘ഓൾഡ് ഏജ് ഹോം ആണെന്നു ചിലർ കരുതി, മക്കൾ ഞങ്ങളെ ഉപേക്ഷിച്ചതാണെന്നു പ്രചരിപ്പിച്ചു’: സിനർജിയുടെ സ്നേഹക്കൂട്ടിൽ സാന്റ

Anjaly Anilkumar

Content Editor, Vanitha

synergy-cover-1

ജിങ്കിൾ ബെൽസ്... ജിങ്കിൾ ബെൽസ്...

ജിങ്കിൾ ഓൾ ദി വേ...’ പാട്ടുകേട്ടിരുന്നപ്പോൾ മനസ്സൊരു സങ്കൽപ കഥയിലേക്കു വാതിൽ തുറന്നു. സാന്റ വില്ലേജിൽ നിന്നു പുറപ്പെട്ട സാന്റാക്ലോസ് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി. പിന്നെ, യൂബറിൽ കയറി നേരെ കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് പാഞ്ഞു.

താടി തടവി ബസിന്റെ പേര് ഒന്നൂടെ വായിച്ചു. ‘കോട്ടയം – പാലാ’. കേരളത്തിൽ വന്നിട്ട് പാലായിലോട്ട് ചെന്നില്ലേൽ ക്രിസ്മസായിട്ട് പിന്നെ, എന്നാ ഒരിത്?’ കേട്ട കഥകളിൽ നിന്നു സാന്റയുടെ മനസ്സിലൊരു പാലാ വിരിഞ്ഞു. പക്ഷേ, സങ്കൽപ സുഗന്ധത്തിലേക്കു മുങ്ങാൻ തുടങ്ങുമ്പോൾ തോളത്തൊരു ചെറുതട്ട്. കണ്ടക്ടർ എങ്ങോട്ടാണ് ടിക്കറ്റ് എന്ന ചോദ്യഭാവത്തിൽ നിൽക്കുന്നു. എന്തെങ്കിലും ഒന്ന് ചോദിക്കട്ടെ എന്നിട്ട് സ്ഥലം പറയാം എന്നു കരുതി സാന്റയും നിർനിമേഷനായി കണ്ടക്ടറെ നോക്കിയിരുന്നു. കണ്ടക്ടർ ചോദിച്ചു, ‘എങ്ങോട്ടാ?’ ചിരപരിചിതനായ യാത്രക്കാരനെപ്പോലെ സാന്റ പറഞ്ഞു. ‘ ഒരു പാലാ’. ആ ഒരു വാക്കിൽ അവർക്കിടയിൽ ഗൗരവം കൊണ്ട് കട്ടയായി പോയ ഐസ് ടപ്പേന്ന് അങ്ങ് ഉരുകി. പാലാക്കാരനായ കണ്ടക്ടർ ആവേശത്തോടെ അടുത്ത ചോദ്യം മുന്നിലേക്ക് നീക്കി വച്ചു. ‘പാലായിൽ എങ്ങോട്ടാ?’ . ‘പാലായിൽ അല്ല, അന്ത്യാളത്താ’, സാന്റ പറഞ്ഞു. ‘ അവിടെ എന്നാന്നേ?’ കണ്ടക്ടറുടെ അടുത്ത ചോദ്യം.

‘അവിടെ കുറച്ച് ഫ്രണ്ട്സ് ഉണ്ട്. ക്രിസ്മസ് ഇക്കുറി അവർക്കൊപ്പമാണ്’ സാന്റ കുലുങ്ങി ചിരിച്ചു. ന്യൂനമർദം കാരണം തമിഴ്നാട്ടിൽ പെയ്ത മഴയുടെ ബാക്കി കേരളത്തിലും പെയ്തു തുടങ്ങി. നല്ല തണുത്ത കാറ്റും. വിൻഡോ ഷട്ടർ താഴ്ത്തി. സാന്റ ഒന്നു മയങ്ങി. തോളത്തൊരു ചെറുസ്പർശം. ഞെട്ടിയുണർന്ന സാന്റയുടെ മുന്നിൽ നിറചിരിയോടെ കണ്ടക്ടർ. ‘സ്ഥലമെത്തി, ഇവിടുന്നൊരു ഓട്ടോ പിടിച്ചാൽ മതി. കഷ്ടി ആറര കിലോമീറ്ററേയുള്ളൂ.’ ഉപദേശം അതേപടി സ്വീകരിച്ച് സാന്റ ഒാട്ടോയിൽ കയറി അന്ത്യാളത്തേക്ക് തിരിച്ചു. നാട്ടുപച്ച അതിരിട്ടു നിൽക്കുന്ന ഗ്രാമവഴികളിലൂടെ റെയ്ൻഡീറുകൾ വലിക്കുന്ന മാന്ത്രിക രഥം പോലെ ഓട്ടോറിക്ഷ നീങ്ങി. ചെന്നു നിന്നത് ഒന്നര ഏക്കറോളം നീണ്ടു കിടക്കുന്ന സിനർജി ഹോംസിന് മുന്നിൽ.

മീനച്ചിലാറിന്റെ കൈവഴിയായ ളാലം തോട് അതിരിട്ടൊഴുകുന്നു. ഒരേ മനസ്സുള്ളവർ ഒത്തുചേർന്നാൽ ഉണ്ടാകുന്ന ‘സംഘ ഉൗർജം’ എന്നാണ് ‘സിനർജി’ എന്ന വാക്കിന്റെ അർഥം. വാർധക്യകാലം ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ച 15 ദമ്പതികളുടെ സ്നേഹക്കൂടിന്റെ പേരാണ് സിനർജി ഹോംസ്. ഇവിടെ മനുഷ്യരേയുള്ളൂ. മതിലുകളില്ല. പ്രത്യേകം ഗെയ്റ്റും ഇല്ല. പുറമേ നോക്കിയാൽ ഒരമ്മ പെറ്റ മക്കളെപോലെ 15 വീടുകൾ.

സാന്റ ആദ്യം കയറിയത് പോൾസാറിന്റെയും മേരിടീച്ചറുടെയും വീട്ടിലാണ്. സിനർജി ഹോംസിലെ സീനിയേഴ്സ് ആണവർ. അധ്യാപക ജീവിതത്തിൽ നിന്നു വിരമിച്ച ദമ്പതികൾ. കോളിങ് ബെല്ലമർത്തിയ സാന്റയെ തെളിഞ്ഞ ചിരിയോടെ മേരി ടീച്ചർ സ്വാഗതം ചെയ്തു. പിന്നാലെ പോൾ സാറും എത്തി. സാന്റയെ കണ്ടതിന്റെ അദ്ഭുതം അവരുടെ ചിരിയുടെ അരികു പറ്റിനിന്നു. അവർ സാന്റയെ സ്വീകരിച്ച് അകത്തിരുത്തി. പാലായുടെ ഹൃദയസുഗന്ധമുള്ള വൈനും കേക്കും വിളമ്പി. ക്രിസ്മസിന്റെ വിശേഷങ്ങൾ പറഞ്ഞിരിക്കുന്നതിനിടെ കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ച് അവിടേക്ക് എത്തി. സാന്റയുടെ വരവ് ആഘോഷമാക്കാൻ വലിയൊരു ക്രിസ്മസ് ട്രീയും കാരളും വിരുന്നുമൊക്കെ ഒരുക്കിയിരുന്നു അവർ.

എല്ലാവരുമൊന്നായി സാന്റയെ ഹാളിലേക്കു നയിച്ചു. ഒറ്റനോട്ടത്തിൽ ആരേയും ആകർഷിക്കുന്ന തരത്തിൽ ഒരുങ്ങി നിൽക്കുകയാണ് ക്രിസ്മസ് ട്രീ. ഒരു കുഞ്ഞൻ സാന്റയും കൂട്ടത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ‘എന്നേക്കൂടാതെ വേറെ യുമുണ്ടല്ലോ സാന്റ’ എന്നൊരു ഡയലോഗിൽ എല്ലാവരേയും ചിരിപ്പിച്ചു നമ്മുടെ സാന്റ ഹാളിലേക്ക് പ്രവേശിച്ചു. മനോഹരമായി അലങ്കരിച്ച തീന്മേശയ്ക്കു പിന്നിലായി കുടുംബാംഗങ്ങൾ നിരന്നു നിന്നു. പോൾ സാറും മേരി ടീച്ചറും കേക്ക് മുറിച്ചു.

‘‘നിങ്ങളുടെ പുതിയ ജീവിതത്തിലെ ആദ്യ ക്രിസ്മസ് ആണിത്. എല്ലാ നാളും ക്രിസ്മസ് കാലം പോലെ സുന്ദരമാകട്ടെ. മെറി ക്രിസ്മസ്...’’ സാന്റ ആശംസിച്ചു.

synergy-3

മിഴിവോടെ ക്രിസ്മസ് ഓർമകൾ

എൺപതു വർഷം പഴക്കമുള്ള ക്രിസ്മസ് ഓർമകളാണ് പോൾ സാറിനും മേരി ടീച്ചർക്കും പങ്കുവയ്ക്കാനുള്ളത്. ‘‘കാലത്തിനൊപ്പം ക്രിസ്മസ് ആഘോഷവും മാറി. തിരക്കുകളും ചുമതലകളുമൊക്കെയായപ്പോൾ ആഘോഷങ്ങൾ ആസ്വദിക്കാൻ മറന്നോ എന്നൊരു സംശയം.’’ മേരി ടീച്ചർ ചിരിച്ചു, ഒപ്പം പോൾ സാറും. എൺപതുകളിൽ ജീവിതത്തിനും കാഴ്ചകൾക്കും വരുന്ന പുതിയ തിളക്കം ഇരുവരുടേയും മുഖത്തറിയാം.

37 വർഷത്തെ ആർമി ജീവിതത്തിനിടെ നാട്ടിൽ കൂടിയ ക്രിസ്മസുകൾ കുറവാണെന്ന് കേണൽ ഫിലിപ്പും ഭാര്യ മറിയമ്മയും ചിരിയോടെ പറഞ്ഞു. ‘‘ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഞാൻ സേവനമനുഷ്ഠിച്ചു. ക്രിസ്മസ് ആഘോഷം ക്യാംപിൽ തന്നെയാകും. ഞങ്ങളുടെ വീട്ടിലാണ് എല്ലാവരും ഒത്തു കൂടുക. പിന്നെ പാട്ടും ഭക്ഷണവും കേക്കും ആഘോഷങ്ങളുമൊക്കെയായി. ഒട്ടു മിക്ക കണ്ടെയ്ൻമെന്റുകൾക്കുള്ളിലും പള്ളികളുണ്ടാകും. അന്നും ഇന്നും പാതിരാകുർബാനയ്ക്കു പോകാൻ വലിയ ഉത്സാഹമാണ്.’’ പഴയകാലത്തേക്കു തിരിഞ്ഞു നോക്കുമ്പോൾ ഫിലിപ്പച്ചായന്റെ വാക്കുകളിൽ ഉത്സാഹം നിറഞ്ഞു. ‘‘ഞങ്ങൾക്കൊപ്പം ക്രിസ്മസ് കൂടാൻ മക്കളിങ്ങെത്തും. പണ്ടത്തെപ്പോലെ കൂട്ടുകാർക്കൊപ്പം വീണ്ടുമൊരു ക്രിസ്മസ് കാലം എന്നതാണു പുതിയ സന്തോഷം’’ മറിയമ്മ ചേച്ചി പറഞ്ഞു.

‘‘ഇന്നു കേൾക്കാനും പറയാനും ആളുകളെ ഒന്നിച്ചു കിട്ടുകയെന്നതൊരു ഭാഗ്യമാണ് സാന്റേ... അങ്ങനെ നോക്കുമ്പോള്‍ ഞങ്ങൾക്ക് ഈ ക്രിസ്മസ് എത്രവലിയ സന്തോഷമാണ് സമ്മാനിക്കുന്നത്.’’ ജേക്കബ് കാട്ടാമ്പള്ളി പറഞ്ഞു.

15 വീട്; ഒരു അടുക്കള

പുതിയ ജീവിതത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങിയത് അ ലക്സ് മാത്യു ആണ്. ‘ഐശ്വര്യത്തോടെ പ്രായമാകാം, അ ർഥവത്തായി ജീവിക്കാം’ എന്ന ആശയമാണ് ഞങ്ങളെ ചേർത്തുനിർത്തുന്നത്. സിനർജി ടിസിഐ ഫോറം ഫോർ സീനിയർ സിറ്റിസൺസ് എന്ന സംഘടനയിലെ അംഗങ്ങളാണ് ഞങ്ങൾ. പത്തു വർഷമായി പരസ്പരം നന്നായി അറിയുന്നവർ. ഇത്രയും അടുത്തറിഞ്ഞവർ ഒന്നിച്ചു താമസിച്ചാൽ എത്ര നന്നായിരിക്കും എന്നൊരു ആശയം ഞങ്ങളിൽ ഉദിച്ചു. ഇവിടെ ജാതിയോ മതമോ പണമോ ഒന്നുമില്ല. സ്നേഹം മാത്രം.’’

ഒരേ മുഖമുള്ള 15 വീടുകൾക്കു പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചറിയാൻ സാന്റയ്ക്ക് തിടുക്കമായി. ‘ആർക്കിടെക്ടിനെ തേടിയും പുറത്തു പോകേണ്ടി വന്നിട്ടില്ല.’ എന്ന കമന്റോടെ മാണി ജോൺ ഒരാളെ പരിചയപ്പെടുത്തി. സുബേർദാർ മേജർ ഏബ്രഹാം തോമസ്.

synergy-1 സിനർജി ഹോംസിലെ പെൺകൂട്ടായ്മ

‘‘അദ്ദേഹവും മകൾ അനുവും ചേർന്നാണ് സിനർജി ഹോംസ് എന്ന സ്വപ്ന പദ്ധതിക്കു ജീവൻ പകർന്നത്. അനുവിന്റെ ഉടമസ്ഥതയിലുള്ള ഹാവൻലീഫ് ആർക്കിടെക്ചർ സ്റ്റുഡിയോയ്ക്കായിരുന്നു നിർമാണചുമതല.’’ ലാലി പറഞ്ഞു.

‘‘വർഷങ്ങളോളം വലിയ വീടുകളിൽ ജീവിച്ചവരാണ് ഞങ്ങളെല്ലാം. അതുകൊണ്ട് തന്നെ ചെറിയ കോട്ടേജ് മതി എന്നു തീരുമാനിച്ചിരുന്നു. 728 സ്ക്വയർ ഫീറ്റാണ് ഓരോ വീടിന്റെയും വിസ്തീർണം.’’ ഏബ്രഹാം വിശദീകരിച്ചു. കോട്ടേജുകൾക്ക് പുറമേ അതിഥികൾക്കായി രണ്ട് ഗസ്റ്റ് മുറികളും ഒരു ഡോർമിറ്ററിയുമുണ്ട്. റീഡിങ് റൂം, പാർക്ക്, പച്ചക്കറിത്തോട്ടം, നടപ്പാത തുടങ്ങിയവയാണ് മറ്റ് സൗകര്യങ്ങൾ. ചുറ്റുമതിലിനു പകരം ജൈവവേലികളാണുള്ളത്.

അടുക്കള വേണ്ടെന്നേ...

‘‘ലളിത സുന്ദരമായ കോട്ടജുകൾ പണിയാമെന്നു തീരുമാനിച്ചതിനൊപ്പം തന്നെ ഒരു കോട്ടേജിലും അ ടുക്കള വേണ്ടെന്നും ഞങ്ങളുറപ്പിച്ചു. പൊതുവായി ഒരു അടുക്കളയും ഒരു ഡൈനിങ് ഹാളും ഉണ്ട്. അടുക്കളയിൽ സഹായത്തിന് ഒരു ചേച്ചിയുണ്ട്. ചേച്ചിയെ സഹായിക്കാൻ ഞങ്ങളെല്ലാവരും കാണും. ദാ, നോക്കൂ. ഇത്രയും ആസ്വദിച്ചും റിലാക്സ് ചെയ്തുമിരുന്ന ക്രിസ്മസൊക്കെ കുട്ടിക്കാലത്തെ ഓർമയിൽ മാത്രമാണുള്ളത്. കുടുംബവും കുഞ്ഞുങ്ങളുമായതി ൽ പിന്നെ എല്ലാ ക്രിസ്മസും കിച്ചണിലാണ്.

ഇന്ന് ഏതൊക്കെ വിഭവങ്ങളാണ് ഒരുക്കേണ്ടതെന്ന് എല്ലാവരും ഒന്നിച്ചിരുന്നു തീരുമാനിച്ചു. പച്ചക്കറികൾ അരിയാനും മീറ്റ് മാരിനേറ്റ് ചെയ്യാനും പുഡ്ഡിങ് തയാറാക്കാനുമൊക്കെ എല്ലാവരും ഒത്തുകൂടി. ടേൺ വച്ചാണ് കിച്ചൺ ഡ്യൂട്ടി. പണ്ടത്തെ കൂട്ടുകൂടുംബം ഫീലാണ് ഇപ്പോൾ.’’ ഡോളിയുടെ വാക്കുകൾ എല്ലാവരും ഒരുപോലെ ശരിവച്ചു.

ഞങ്ങൾ ഹാപ്പി, മക്കളും

എല്ലാവരുടേയും കുടുംബവിശേഷമാണ് അടുത്തതായി സാന്റ തിരക്കിയത്. ‘‘മക്കളെല്ലാവരും വിദേശത്തും നാട്ടിലുമൊക്കെയായുണ്ട്. സിനർജി ഹോംസ് എന്നു കേട്ട ചിലർ ഇത് ഓൾഡ് ഏജ് ഹോം ആണെന്നു കരുതി. മറ്റു ചിലർ മക്കൾ ഞങ്ങളെ ഉപേക്ഷിച്ചതാണെന്നു പ്രചരിപ്പിച്ചു. അത് മക്കൾക്കൊക്കെ വലിയ സങ്കടമായി. സത്യത്തിൽ ‍ഞങ്ങളെല്ലാം പണ്ടേ കൂട്ടുകാരാണ്. ആ കൂട്ടോടെ വാർധക്യത്തിലും മുന്നോട്ടു പോകാമെന്നു കരുതി.

ഇതു ഞങ്ങളുടെ തീരുമാനമാണ്. സന്തോഷത്തോടെ കൂട്ടുകാർക്കൊപ്പം മുന്നോട്ടു ജീവിക്കണമെന്നു ഞങ്ങൾ പറഞ്ഞപ്പോൾ മക്കള്‍ എതിർത്തില്ല. അച്ഛനേയോ അമ്മയേയോ ഫോണിൽ കിട്ടിയില്ലെങ്കിൽ വിളിച്ച് കാര്യം തിരക്കാൻ 28 നമ്പരുകൾ വേറെയുണ്ട് ഇപ്പോൾ. അതിന്റെ ആശ്വാസം വലുതാണെന്നു മക്കൾ എപ്പോഴും പറയും.’’ മോളി ചേച്ചിയുടെ കണ്ണിൽ ഒരു കുഞ്ഞു നക്ഷത്രം തിളങ്ങി.

എല്ലാവരുമിങ്ങനെ കഥയൊക്കെപ്പറഞ്ഞു ചിരിച്ചും ഉ ത്സാഹിച്ചും ഇരിക്കുമ്പോൾ അതായെത്തി കിച്ചനിൽ നിന്ന് മിനി ചേച്ചിയുടേയും ജോഷി ചേട്ടന്റെയും വിളി. ഒപ്പം നല്ല വെള്ളയപ്പത്തിന്റേം മട്ടൺ സ്റ്റ്യൂവിന്റെയും ബീഫ് ഉലർത്തിയതിന്റേയും മണവും. തീൻമേശയിൽ പാലായുടെ രുചിപതാകകൾ പാറിക്കളിച്ചു. ഊണ് കഴിഞ്ഞതും സാന്റ അടുത്ത സ്ഥലത്തേക്കു പോകാൻ തിരക്കു കൂട്ടി.

‘ഇച്ചിരി പുഡ്ഡിങ് കൂടി കഴിക്കാമല്ലോ’ വത്സമ്മ ഉപചാരപൂർവം ചോദിച്ചു. കാരമൽ പുഡിങ് നുണഞ്ഞപ്പോൾ സാന്റ മധുരമായി ചിരിച്ചു. എല്ലാവരോടും യാത്ര പറഞ്ഞ് സാന്റ യാത്രതിരിച്ചു. പോകുന്നതിനു മുൻപ് എല്ലാവരോടുമായി സാന്റ പറഞ്ഞു, ‘നിങ്ങൾ മുൻപേ പറക്കുന്ന പക്ഷികളാകട്ടേ. സന്മനസ്സുള്ളവർക്കു സമാധാനം’

അഞ്ജലി അനിൽകുമാർ

ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ

ക്രിസ്മസ് ഡെക്കോർസ്:

Woodsberg Furnitures and Home Decor, Pallom, Kottayam