Tuesday 22 September 2020 04:04 PM IST

അഞ്ചു ബോഗികളും എഞ്ചിനും കൂടി 15 അടിയോളം നീളം, ഒറിജിനലിനെ കടത്തിവെട്ടുന്ന ഫിനിഷിങ്; ശബരി എക്സ്പ്രസിന്റെ മിനിയേച്ചർ സൃഷ്ടിച്ച് സന്തോഷ് പേരൂർ

Priyadharsini Priya

Senior Content Editor, Vanitha Online

sabari886433

ശബരി എക്സ്പ്രസിന്റെ മിനിയേച്ചർ സൃഷ്ടിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് സന്തോഷ് പേരൂർ എന്ന ചെറുപ്പക്കാരൻ. കാഴ്ചയിൽ ഒറിജിനലിനെ കടത്തിവെട്ടുന്ന ഫിനിഷിങിലാണ് ട്രെയിനിന്റെ നിർമാണം. യാത്രക്കാർക്കുള്ള സീറ്റും ടോയ്‌ലറ്റുമെല്ലാം അതേ പോലെ മിനിയേച്ചറിലും സെറ്റ് ചെയ്തിട്ടുണ്ട്. പെയിന്റിങ് ആർട്ടിസ്റ്റായ സന്തോഷിന്റെ മാസ്റ്റർ പീസ് വർക്ക് കൂടിയാണ് ഇത്. തന്റെ മിനിയേച്ചർ വർക്കുകൾക്ക് ആരാധകരും ആവശ്യക്കാരും ഏറെയാണെന്ന് സന്തോഷ് പറയുന്നു. 

santh6433222

"സാധാരണ നിർമിക്കുന്ന മിനിയേച്ചറുകൾ പെട്ടെന്ന് വിറ്റുപോകാറുണ്ട്. ട്രെയിൻ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കൊടുക്കുമോ എന്ന് ചോദിച്ചു നിരവധിപേർ വിളിക്കുന്നുണ്ട്. വിൽക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഒരു വർഷം എടുത്താണ് ട്രെയിനിന്റെ മാതൃക ഉണ്ടാക്കിയത്. സാധാരണ ജോലി കഴിഞ്ഞുവന്ന് കിട്ടുന്ന കുറച്ചു സമയമാണ് എന്റെ ഇഷ്ടങ്ങൾക്കായി മാറ്റിവയ്ക്കുക. 

santh643322277

ഒരു വർഷം മുൻപ് തുടങ്ങിയ പണിയായിരുന്നു ട്രെയിനിന്റേത്. ലോക് ഡൗൺ വന്നതോടെ വീട്ടിലിരിപ്പായി. കൂടുതൽ സമയം കിട്ടിയതോടെയാണ് ഇപ്പോഴെങ്കിലും ജോലി തീർക്കാൻ എനിക്ക് പറ്റിയത്. ഇത്രകാലം ചെയ്ത വർക്കുകളിൽ വച്ച് ഏറ്റവും കൂടുതൽ പ്രശംസ കിട്ടിയതും ട്രെയിനിനാണ്. ഞാൻ ചെയ്തതിൽ ഏറ്റവും ഇഷ്ടം തോന്നിയ വർക്ക് കൂടിയാണിത്. എന്റെ മാസ്റ്റർ പീസ് വർക്ക് ആയതുകൊണ്ട് വിൽക്കാനും മനസ്സ് വരുന്നില്ല.

santh6433222888

ഇതുവരെ ബസുകൾ, ലോറി, ടൈറ്റാനിക് കപ്പൽ, ഹൗസ് ബോട്ട്, വാഴക്കുല, എ കെ 47 തോക്ക്, കുതിരവണ്ടി, ഓട്ടോറിക്ഷ, ഫ്ലൈറ്റ്, താജ്മഹൽ തുടങ്ങി നിരവധി മിനിയേച്ചറുകൾ നിർമിച്ചിട്ടുണ്ട്‌. ഒന്നും ഞാൻ ഓർഡർ എടുത്തു ചെയ്യുന്നില്ല. താല്പര്യം തോന്നുന്ന രൂപങ്ങൾ ഉണ്ടാക്കുന്നു എന്നുമാത്രം. നല്ല വില കിട്ടിയാൽ കൊടുക്കാറാണ് പതിവ്. ഇപ്പോൾ ട്രെയിനും ഹൗസ് ബോട്ടും മാത്രമേ കയ്യിൽ ഉള്ളൂ. ബാക്കിയെല്ലാം വിറ്റുപോയി. സോഷ്യൽ മീഡിയ വഴിയാണ് കൂടുതലും ആവശ്യക്കാർ എത്തുന്നത്.

santh6433222rrrr

കോട്ടയം ഏറ്റുമാനൂരിൽ നിറം ആർട്ട്സ് ആൻഡ് സ്റ്റിക്കേഴ്സ് എന്ന ഷോപ്പ് ഉണ്ട്. ഓയിൽ പെയിന്റിങ്, വാട്ടർ കളർ തുടങ്ങി എല്ലാത്തരം ആർട്ട് വർക്കുകളും അവിടെ ചെയ്യുന്നുണ്ട്. കടയിൽ ബോർഡ് ചെയ്തതിന്റെ കട്ടിങ് പീസുകൾ ഒക്കെ ട്രെയിനിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. ഏകദേശം മൂവായിരം രൂപയോളം ചിലവായി. 

santh6433222dddd

അഞ്ചു ബോഗികളും എഞ്ചിനും കൂടിയതാണ് ട്രെയിൻ. ഒരു ബോഗിയ്ക്ക് രണ്ടര അടിയോളം നീളം വരും. മൊത്തം 15 അടിയോളം നീളമുണ്ട്‌. മൾട്ടിവുഡ്, ഫോറക്സ്, അക്രിലിക് ക്ലിയർ ഷീറ്റ്, വെൽഡിങ് റാഡ്, എസിപി എന്നിവ ഉപയോഗിച്ചാണ് ട്രെയിനിന്റെ നിർമാണം. നാലു കിലോയോളം ഭാരമുണ്ട്. വർക്കിങ് കണ്ടീഷൻ ഉള്ളതാണ്. മോട്ടോർ വച്ച് തനിയെ ഓടുന്നതാണ്. തനിയെ നിൽക്കും. റിമോട്ടിലാണ് നിയന്ത്രണം സെറ്റ് ചെയ്തിരിക്കുന്നത്. പാളത്തിന്റെ നീളം 50 അടിയാണ്."- സന്തോഷ് പറയുന്നു.

Tags:
  • Spotlight