Saturday 25 September 2021 04:35 PM IST

അന്ന് ഞാൻ ചേച്ചിയെ കെട്ടിപ്പിടിച്ചു കരഞ്ഞു, പക്ഷേ ശാന്തമായിരുന്നു ആ മുഖം: കണ്ണീരുണങ്ങാതെ സ്നേഹസീമ

Roopa Thayabji

Sub Editor

saranya-sneha-seema

ചെമ്പഴന്തിയിലെ ‘സ്നേഹസീമ’യിലിരുന്നാൽ അകലെ നിന്ന് ഒഴുകിയെത്തുന്ന ബാങ്കുവിളിയും പള്ളിമണിയും കേൾക്കാം. ശ്വസിക്കുന്ന കാറ്റിൽ മുറ്റത്തെ അമ്പലത്തിൽ നിന്നുള്ള കർപ്പൂരത്തിന്റെയും ചന്ദനത്തിന്റെയും ഗന്ധം. പക്ഷേ, ദൈവങ്ങളൊന്നും ഇവരുടെ പ്രാർഥന കേട്ടില്ല.

തലച്ചോറിലെ അർബുദം നീക്കാൻ ഒൻപതു തവണ ബ്രെയിൻ സർജറിയും, തൈറോയിഡ് ഗ്രന്ഥി നീക്കം ചെയ്യാനുള്ള രണ്ടു ശസ്ത്രക്രിയകളും പിന്നിടേണ്ടി വന്നിട്ടും സ്വന്തം വീട്ടിൽ ഒരു ഓണം പോലും ആഘോഷിക്കാനാകാതെ വിടപറഞ്ഞ അഭിനേത്രി ശരണ്യയുടെ വീടാണിത്. മകളുടെ ചിരി മാഞ്ഞുപോയതോടെ മനസ്സു തകർന്ന അമ്മ ഗീത മുറിയിൽ നിന്നു പുറത്തിറങ്ങിയിട്ടില്ല. കൗൺസലിങ്ങും മരുന്നുകളുമായി അമ്മയെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ശരണ്യയുടെ അനിയൻ ശരൺജിത്തും അനിയത്തി ശോണിമയും. കണ്ണീരിന്റെ നനവുണങ്ങാത്ത ആ വീടിനു കാവലായി സ്നേഹത്തണൽ വിരിച്ച് സീമ ജി. നായരുമുണ്ട്.

അഭിനയമായിരുന്നു ജീവൻ

സ്കൂളിൽ പഠിക്കുമ്പോഴേ ശരണ്യയ്ക്ക് ഡാൻസും പാട്ടുമൊക്കെ ഇഷ്ടമായിരുന്നു. ചാനലുകളിൽ പരിപാടികൾ ആങ്കറിങ് ചെയ്യുന്ന സമയത്തെ ഫോട്ടോ മനോരമ ആഴ്ചപ്പതിപ്പിന്റെ മുഖചിത്രമായി വന്നതാണ് ടേണിങ് പോയിന്റെന്ന് ശോണിമ പറയുന്നു. ‘‘ഭയങ്കര എക്സൈറ്റഡായിരുന്നു എല്ലാവരും. ഞങ്ങളുടെ നാടായ പഴയങ്ങാടി ഒരു നാട്ടിൻപുറമാണ്. ചേച്ചിയുടെ ഫോട്ടോ മാഗസിന്റെ കവറായ ഗമയിലാണ് ഞാനന്ന് സ്കൂളിലൊക്കെ പോയത്.

ആ കവർ ഫോട്ടോ കണ്ടിട്ടാണ് ബാലചന്ദ്രമേനോൻ സീരിയലിലേക്ക് വിളിച്ചത്. ദൂരദർശനു വേണ്ടിയുള്ള ‘സൂര്യോദയ’ത്തിൽ മേനോൻ സാറിന്റെ മകളായാണ് ചേച്ചി അഭിനയിച്ചത്. അതിനു ശേഷമായിരുന്നു ‘മന്ത്രകോടി’. അതു ഹിറ്റായി. കരിയർ ബ്രേക്കായത് ‘രഹസ്യ’മാണ്. അ തിനു വേണ്ടി നീളൻ മുടിയൊക്കെ വെട്ടി മോഡേൺ ലുക് ആയി മാറിയിരുന്നു. ചാക്കോ രണ്ടാമൻ, തലപ്പാവ് തുടങ്ങിയ സിനിമകളിലും വേഷം കിട്ടി. ‘ഛോട്ടാ മുംബൈ’യിൽ ലാലേട്ടന്റെ അനിയത്തിയുടെ റോളായിരുന്നു.’’

അന്നൊരു ഓണക്കാലത്ത്

വർഷം 2012. തമിഴിലും തെലുങ്കിലും സീരിയലിൽ കത്തിനിൽക്കുന്ന സമയം. ബ്രേക് കിട്ടിയപ്പോൾ വീട്ടിൽ എല്ലാവർക്കും ഓണക്കോടിയെടുക്കാൻ കടയിൽ നിൽക്കുമ്പോഴാണ് തലചുറ്റി വീണത്. പിന്നെ, നടന്നതൊക്കെ ഓർക്കുമ്പോൾ ശോണിമയ്ക്ക് ഇപ്പോഴും കരച്ചിൽ വരും. ‘‘നേരത്തേ ഇടയ്ക്കിടെ തലവേദന വരുമായിരുന്നു. പക്ഷേ, തലകറങ്ങി വീണ് ആശുപത്രിയിൽ ചെന്നപ്പോഴാണ് രോഗം തിരിച്ചറിഞ്ഞത്. അന്നു ‍ഞാൻ എൻജിനീയറിങ്ങിനു പഠിക്കുന്നു. ഒരു ദിവസം ക്ലാസ് കഴിഞ്ഞു വന്നപ്പോൾ വീട്ടിൽ ആരുമില്ല. സന്ധ്യയോടെ ആശുപത്രിയിൽ നിന്ന് അമ്മയും ചേച്ചിയും ചേട്ടനും വന്നു. ആരും ഒന്നും മിണ്ടുന്നില്ല. നിർബന്ധിച്ചു ചോദിച്ചപ്പോഴാണ് ചേച്ചിക്ക് കാൻസറാണ് എന്നു പറഞ്ഞത്. ഞാൻ ചേച്ചിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. പക്ഷേ, ശാന്തമായിരുന്നു ആ മുഖം. ഒരിക്കലും രോഗകാര്യം പറഞ്ഞു വിഷമിക്കുന്നതു കണ്ടിട്ടേയില്ല.

ശ്രീചിത്രയിലേക്കു ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോയത് കെ.ബി. ഗണേഷ് കുമാർ സാറിന്റെ ഇടപെടലിനെ തുടർന്നാണ്. ഡോ. ജോർജ് വിളനിലത്തെ കണ്ടപ്പോൾ ‘ബ്രെയിൻ ട്യൂമറാണ്, ശസ്ത്രക്രിയ അല്ലാതെ മാർഗമില്ല’ എന്നു പറഞ്ഞു. ആ വർഷം തിരുവോണത്തിന്റെ പിറ്റേന്ന് ശസ്ത്രക്രിയ നടത്തി. ഒരു മാസത്തെ വിശ്രമത്തിനു ശേഷം വീണ്ടും അഭിനയത്തിൽ സജീവമായി.’’

പൂർണരൂപം വനിത സെപ്തംബർ ലക്കത്തിൽ

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ