Monday 24 February 2020 11:36 AM IST : By സ്വന്തം ലേഖകൻ

കുഞ്ഞിനെ കൊലപ്പെടുത്തുന്നതിന്റെ തലേന്ന് ശരണ്യയുടെ വീടിനടുത്ത് കാമുകനെത്തി; തെളിവായി സിസിടിവി ദൃശ്യങ്ങൾ!

kannur-toddler-death-saranya

കണ്ണൂരിൽ ഒന്നര വയസ്സുകാരൻ വിയാനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകൾ സ്ഥിരീകരിക്കാൻ ഫൊറൻസിക് സംഘം കടൽത്തീരത്തെ പാറക്കൂട്ടം സന്ദർശിച്ചു. കേസിൽ അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ ശരണ്യയുടെ മൊഴിയും കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകളും തമ്മിൽ പൊരുത്തപ്പെടുന്നുണ്ടോ എന്നു സ്ഥിരീകരിക്കാനായിരുന്നു സന്ദർശനം. തലയിൽ ഉണ്ടായ മുറിവാണ് മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. പാറക്കെട്ടിലേക്കു ശക്തിയായി വലിച്ചെറിഞ്ഞാൽ ഇത്തരത്തിൽ മുറിവുകൾ ഉണ്ടാകാമെന്നു സംഘം പൊലീസിനെ ധരിപ്പിച്ചു.

പാറക്കൂട്ടത്തിലേക്ക് എറിഞ്ഞപ്പോൾ പരുക്കേറ്റു കുഞ്ഞ് കരയുകയും പിന്നീട് അവിടെ നിന്നെടുത്തു കടലിലേക്ക് എറിയുകയും ചെയ്തു എന്നാണ് ശരണ്യയുടെ മൊഴി. കുഞ്ഞിന്റെ ശരീരത്തിലെ കടൽവെള്ളത്തിന്റെ സാന്നിധ്യം ഇതിനു തെളിവായി സംഘം ചൂണ്ടിക്കാട്ടുന്നു. പരിയാരം ഗവ. മെഡിക്കൽ കോളജിലെ മുൻ‌ ഫൊറൻസിക് സർജൻ ഡോ. ഗോപാലകൃഷ്ണ പിള്ള, അസോ. പ്രഫസർ ഡോ. ഹേമന്ദ് എന്നിവരാണ് പരിശോധന നടത്തിയത്. റിമാൻഡിൽ കഴിയുന്ന ശരണ്യയെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അപേക്ഷ നൽകും.

ചോദ്യം ചെയ്യലിന് ഹാജരാകാതെ കാമുകൻ

ശരണ്യയുടെ കാമുകൻ ചോദ്യം ചെയ്യലിനു പൊലീസിനു മുൻപിൽ ഹാജരായില്ല. സ്ഥലത്തില്ല എന്നാണ് ഇയാൾ മറുപടി നൽകിയിരിക്കുന്നത്. വലിയന്നൂർ സ്വദേശിയായ ഇയാളോടു തിങ്കളാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാൻ സിറ്റി പൊലീസ് വീണ്ടും നോട്ടിസ് നൽകി. വിയാനെ കൊലപ്പെടുത്തുന്നതിന്റെ തലേദിവസം രാത്രി വലിയന്നൂർ സ്വദേശിയായ കാമുകൻ സംഭവ സ്ഥലത്തുണ്ടായിരുന്നതായി ദൃക്സാക്ഷി മൊഴി നൽകിയിട്ടുണ്ട്.

‘ശരണ്യയുടെ വീടിനു പിന്നിലെ റോഡിൽ ബൈക്കിൽ ഇയാളെ കണ്ടിരുന്നു. റോഡിൽ നിൽക്കുന്നത് എന്താണെന്നു ചോദിച്ചപ്പോൾ മെയിൻ റോഡിൽ പൊലീസ് പരിശോധനയുണ്ട്, മദ്യപിച്ചതിനാൽ അതുവഴി പോകാനാവില്ല. അതുകൊണ്ടു മാറി നിൽക്കുന്നു എന്നാണു പറഞ്ഞത്. പൊലീസ് പോയി എന്നു പറഞ്ഞ് അൽപസമയം കഴിഞ്ഞ് ഇയാൾ ഇവിടെ നിന്നുപോയി’– നാട്ടുകാരിലൊരാൾ സിറ്റി പൊലീസിനു നൽകിയ മൊഴിയാണിത്.

ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഈ ദൃശ്യങ്ങളിൽ ഇയാൾ ബൈക്കിൽ കടന്നു പോകുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ഫോൺവിളികളുടെ കൂടുതൽ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഇയാൾ ആത്മഹത്യ ചെയ്തതായി ഇന്നലെ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണമുണ്ടായിരുന്നു.

Tags:
  • Spotlight