Wednesday 19 February 2020 09:16 AM IST : By സ്വന്തം ലേഖകൻ

കുരുന്നേ മാപ്പ്...! കാമുകനൊപ്പം ജീവിക്കാൻ അതിയായി ആഗ്രഹിച്ചു, തടസ്സം കുഞ്ഞാണെന്നു തെറ്റിധരിച്ചു! ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നതിങ്ങനെ

saranya-new

ഒരു നാട് ഞെട്ടിത്തരിച്ച് നിൽക്കുകയാണ്. കാമുകനൊത്ത് ജീവിക്കാൻ ഒരുവയസുകാരനെ അമ്മ കടല്‍ ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വാർത്ത കേരളീയ മനസാക്ഷിയെ ആഴത്തിൽ മുറിവേൽപ്പിച്ചിരിക്കുന്നു.

കണ്ണൂർ തയ്യിലിൽ ഒരുവയസുകാരന്റെ കൊലപാതകത്തില്‍ അമ്മ ശരണ്യ അറസ്റ്റിലാകുമ്പോൾ, സമൂഹം ഒരിക്കൽ കൂടി നാണിച്ച് തലതാഴ്ത്തുകയാണ്, കുരുന്നുകൾക്ക് മേൽ ആവർത്തിക്കപ്പെടുന്ന ക്രൂരതകൾ അവസാനിക്കാത്തതിൽ...

കാമുകനൊത്ത് ജീവിക്കാനാണ് കൊലപാതകമെന്ന് ശരണ്യ മൊഴി നൽകി. കുട്ടിയെ കടല്‍ ഭിത്തിയിലേക്ക് എറിഞ്ഞാണ് കൊലപ്പെടുത്തിയത്. രണ്ടുവട്ടം കരിങ്കല്ലിന്് മുകളിലേക്ക് കുട്ടിയെ എറിഞ്ഞു. മരണം ഉറപ്പാക്കിയശേഷമാണ് ശരണ്യ മടങ്ങിയതെന്നും പൊലീസ് പറയുന്നു. കടല്‍ഭിത്തിക്കു മുകളില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്

ശാസ്ത്രീയ പരിശോധനാഫലങ്ങളുെട അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കൊല്ലപ്പെട്ട വിയാന്റെ അച്ഛന്‍ പ്രണവും, അമ്മ ശരണ്യയും പൊലീസ് കസ്റ്റഡിയിലായിരുന്നു. ഇവരില്‍ ഒരാള്‍ കുഞ്ഞിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കടല്‍ഭിത്തിയിലെ പാറക്കൂട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നെന്നു അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

എന്നാൽ കസ്റ്റഡിയിലുള്ള അച്ഛന്റെയും, അമ്മയുടേയും മൊഴികളിലെ വൈരുധ്യമാണ് പൊലീസിനെ കുഴച്ചത്. വിയാനെ കൊലപ്പെടുത്തിയ രീതി മനസിലാക്കുമ്പോഴും, ആരാണ് കൃത്യം നടത്തിയത് എന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ സാധൂകരിക്കാനായിരുന്നു അന്വേഷണസംഘത്തിന്റെ ശ്രമം. കുട്ടി അമ്മയോടൊപ്പമാണ് ഉറങ്ങാന്‍ കിടന്നതെന്നും പുലര്‍ച്ചെ മൂന്നുമണിക്ക് കരഞ്ഞപ്പോള്‍ ശരണ്യ ഉറക്കിയെന്നുമാണ് പ്രണവിന്റെ മൊഴി. എന്നാല്‍ കുഞ്ഞ് ഉണര്‍ന്നശേഷം, ശ്രദ്ധിക്കണമെന്ന് പ്രണവിനോട് പറഞ്ഞിരുന്നതായി ശരണ്യ പറയുന്നു. ഈ മൊഴികളില്‍ വ്യക്ത വരുത്തുന്നതിന് കിടക്കവിരികളും, കുട്ടിയുടെ പാല്‍ക്കുപ്പിയുമാടക്കം ഫൊറസിക് പരിശോധനയ്ക്ക് അയച്ചു. കുഞ്ഞിനെ കാണാതായ സമയത്ത് ശരണ്യയും, പ്രണവും ധരിച്ചിരുന്ന വസ്ത്രങ്ങളും ശാസ്ത്രീയ പരിശോധനയ്ക്ക് നല്‍കി

തുടര്‍ച്ചയായ ചോദ്യം െചയ്യലില്‍ പരസ്പരം കുറ്റം ആരോപിക്കുന്നതല്ലാെത ഇരുവരും കുറ്റസമ്മതം നടത്താൻ തയാറായില്ല. പോസ്റ്റുമോര്‍ട്ടത്തില്‍ കൂട്ടിയുടെ വയറ്റില്‍ നിന്ന് കടല്‍വെള്ളം കണ്ടെത്തിയില്ല. ഇതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം പാറക്കൂട്ടത്തില്‍ ഉപേക്ഷിച്ചതാണെന്ന് അന്വേഷണസംഘം ഉറപ്പിച്ചത്.

കസ്റ്റഡിയിൽ പൊലീസിന്റെ ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ. ശരണ്യയുടെ ഫോണിൽനിന്നു പൊലീസിനു ലഭിച്ച ചാറ്റ് ഹിസ്റ്ററിയിൽനിന്നു വ്യക്തമായതു കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള അതിയായ ആഗ്രഹത്തിന്റെ ചിത്രം. ഭർത്താവ് പ്രണവിന്റെ സുഹൃത്തുകൂടിയായ വാരം സ്വദേശിയുമായി ഒരു വർഷം മുൻപാണു ശരണ്യ ബന്ധം തുടങ്ങുന്നത്. ശരണ്യ ഗർഭിണിയായശേഷം പ്രണവ് ഒരു വർഷത്തേക്കു ഗൾഫിൽ ജോലിക്കു പോയിരുന്നു.

തിരിച്ചെത്തിയശേഷമാണു ദാമ്പത്യത്തിൽ ഉലച്ചിലുണ്ടാകുന്നത്. പ്രണവിന്റെ സുഹൃത്തിന് ഇക്കാര്യം അറിയാമായിരുന്നു. ഈ അവസരം മുതലെടുക്കാനാണ് അയാൾ ശരണ്യയുമായി ഫെയ്സ്ബുക് വഴി ബന്ധം സ്ഥാപിച്ചതെന്നും പൊലീസ് കരുതുന്നു. പിന്നീടതു ഫോൺ വിളിയിലേക്കും ചാറ്റിലേക്കും നീണ്ടു. കാമുകനു മറ്റൊരു കാമുകിയുണ്ടെന്നും അവരെ വിവാഹം ചെയ്യാനിരിക്കുകയാണെന്നുമാണു പൊലീസിനു ലഭിച്ച വിവരം.

വിവാഹം ചെയ്യാമെന്നു കാമുകൻ ശരണ്യയ്ക്കു വാഗ്ദാനം നൽകിയിരുന്നില്ലെന്നു ചാറ്റുകളിൽ വ്യക്തമാണ്. കുഞ്ഞിനെ ഒഴിവാക്കാൻ കാമുകൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ, കാമുകനുമൊത്തു ജീവിക്കാൻ ശരണ്യ അതിയായി ആഗ്രഹിച്ചു. അതിനു തടസ്സം കുഞ്ഞാണെന്നു തെറ്റിധരിക്കുകയും ചെയ്തു. അങ്ങനെയാണു കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിക്കുന്നത്.

മൂന്നു മാസങ്ങൾക്കുശേഷം ഭർത്താവു വീട്ടിലെത്തിയത് അതിനുള്ള നല്ല അവസരമായി ശരണ്യ കണ്ടു. താനും കുഞ്ഞുമായി അകന്നു കഴിയുന്ന പ്രണവിന്റെ യാദൃച്ഛികമായ സാന്നിധ്യം അയാളെ പ്രതിക്കൂട്ടിൽ നിർത്തുമെന്നും ശരണ്യ കണക്കുകൂട്ടി. ഭർത്താവിനെയും കുഞ്ഞിനെയും ഒരുമിച്ച് ഒഴിവാക്കാനായിരുന്നു തന്ത്രം. കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണം കാമുകനുമായുള്ള ബന്ധമാണെങ്കിലും അയാൾക്ക് ഇതിൽ പങ്കില്ലെന്നാണു പൊലീസ് നിഗമനം. എങ്കിലും വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യും.

വിയാന്റെ മൃതദേഹം സംസ്കരിക്കുന്നതിനു സാക്ഷികളാകാൻ അവന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നില്ല. ഇന്നലെ വൈകിട്ട് ആറോടെ മൈതാനപ്പള്ളി സമുദായ ശ്മശാനത്തിലായിരുന്നു സംസ്കാരം. മകന്റെ ശരീരം മണ്ണേറ്റുവാങ്ങുമ്പോൾ, ആ കൊലപാതകത്തിൽ സംശയിക്കപ്പെട്ടു പൊലീസ് കസ്റ്റഡിയിലായിരുന്നു ഇരുവരും.

വിയാന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം തിങ്കളാഴ്ച വൈകിട്ടോടെ എകെജി ആശുപത്രിയിലേക്കു മാറ്റിയിരുന്നെങ്കിലും സംസ്കാരം നടത്താൻ അമ്മയുടെ അച്ഛന്റെ വരവിനായി കാക്കുകയായിരുന്നു. മൽസ്യത്തൊഴിലാളിയായ വൽസരാജ് മീൻ പിടിക്കാൻ കടലിൽ പോയിരുന്നു. വൽസരാജിനും ഭാര്യ റീനയ്ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു വിയാൻ. വൽസരാജ് തിരിച്ചെത്തിയശേഷം മൃതദേഹം വീട്ടിലെത്തിച്ചു.

സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു. മകന്റെ ദേഹം അവസാനമായി കാണണമെന്നു പ്രണവോ ശരണ്യയോ പൊലീസിനോടു പറഞ്ഞില്ല. അതിനു ശ്രമിച്ചാൽ നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായേക്കാവന്ന എതിർപ്പ് മനസിലാക്കിയ പൊലീസ് നിർബന്ധിച്ചതുമില്ല. മകന്റെ ശരീരം മണ്ണോടു ചേർന്ന് അര മണിക്കൂറിനുള്ളിൽ അമ്മയുടെ അറസ്റ്റ് നടന്നു.