Thursday 01 November 2018 12:00 PM IST : By സ്വന്തം ലേഖകൻ

അറിയുന്ന കഥയല്ല, അറിയപ്പെടാത്ത ഒരു പ്രതിമ കഥ കൂടി സർദാർ വല്ലഭായി പട്ടേലിനുണ്ട്! കുറിപ്പ് വൈറൽ

sardar-patel-321 നടുവിൽ എസ്.കെ. പാട്ടീൽ

ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായി പട്ടേലിന്റെ 'എകത' പ്രതിമയെ കുറിച്ചുള്ള ചർച്ചകളിലാണ് സോഷ്യൽ മീഡിയ. ചിലർ രൂക്ഷ വിമർശനവുമായി രംഗത്തുവരുമ്പോൾ മറ്റു ചിലർ പ്രതിമ മൂലം ഭാവിയിൽ ആ പ്രദേശത്തിനുണ്ടാകുന്ന വികസനത്തെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചരിത്രം വ്യക്തമാക്കുന്ന ഒരു കുറിപ്പ് സൈബർ ലോകത്ത് ശ്രദ്ധേയമാവുകയാണ്.

മാധ്യമ പ്രവർത്തകനായ രാം കുമാർ എഴുതിയ കുറിപ്പ് വായിക്കാം;

ഇന്ന് അനാച്ഛാദനം ചെയ്ത ഉരുക്കുമനുഷ്യൻ '' സർദാർ വല്ലഭായി പട്ടേലിന്റെ 'എകത' പ്രതിമ ചരിത്ര സംഭവം തന്നെ! 2989 കോടി രൂപ ചിലവിട്ട് 182 മീറ്റർ പൊക്കത്തിലുള്ള ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പ്രതിമ! സർദാറിന് യോജിച്ച ബഹുമതി തന്നെ! സ്വതന്ത്ര ഇന്ത്യയിൽ ഇപ്പോഴും സ്വന്തം യശസിന് കോട്ടം തട്ടാതെ ജനങ്ങൾ ആരാധിക്കുന്ന, അപൂർവ്വം നേതാവാണ് സർദാർ വല്ലഭായി പട്ടേൽ. ആദ്യത്തെ ഉപപ്രധാനമന്ത്രി, ആദ്യത്തെ ആഭ്യന്തര മന്ത്രി, നാട്ടുരാജ്യങ്ങളെ സമർത്ഥമായി ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച ഭരണാധികാരി എന്നിങ്ങനെ പോകുന്നു ഉരുക്കുമനുഷ്യന്റെ ഖ്യാതി! പട്ടേലിന്റെ പ്രതിമയുടെ അറിയുന്ന കഥ ഇത്!

അറിയപ്പെടാത്ത ഒരു പ്രതിമകഥ കൂടി പട്ടേലിനുണ്ട്! ആധികമാരുമറിയാത്ത ആദ്യമായി സർദാർ വല്ലഭായ്പട്ടേലിന്റെ പ്രതിമ സ്ഥാപിച്ച സംഭവം. നാം ആരാധിക്കുന്ന, ചില വിഗ്രഹങ്ങൾ എങ്ങിനെയായിരുന്നു എന്ന് മനസിലാക്കാൻ കഴിയുന്ന സംഭവ കഥ. 1950 ഡിസംബർ 15 നാണ് സർദാർ വല്ലഭായ് പട്ടേൽ ബോംബെയിൽ വെച്ച് ദിവംഗതനാകുന്നത്. പല നയങ്ങളിലും പ്രധാനമന്ത്രി ജവഹർലാൽ നെഹറുവുമായുള്ള 'വിയോജിപ്പുകൾ പട്ടേൽ പ്രകടിപ്പിച്ചിരുന്നു. (കാശ്മീർ പ്രശ്നമുൾപ്പടെ പല കാര്യങ്ങളും സർദാർ പട്ടേൽ കൈകാര്യം ചെയ്തിരുന്നെങ്കിൽ ഇപ്പോഴത്തെ അവസ്ഥ വരില്ലായിരുന്നെന്ന് പിന്നിട് പലരും ചൂണ്ടിക്കാട്ടിയിരുന്നു.)

നെഹറുവുമായി പരസ്യമായി ഒരു ഏറ്റുമുട്ടലിന് തുനിയാതിരുന്നത് മഹാത്മാ ഗാന്ധി നേതാവായി തിരഞ്ഞെടുത്തത് ജവഹർലാൽ നെഹറുവിനേയാണ് എന്ന വസ്തുത പട്ടേൽ അംഗീകരിച്ചിരുന്നത് കൊണ്ട് മാത്രമാണ്. അല്ലെങ്കിൽ കോൺഗ്രസ്സ് അന്നേ പിളർന്നേനെ! നെഹറുവും പട്ടേലും സ്വാഭാവികമായും എതിരാളികളായിരുന്നു. സ്വതന്ത്ര ഭാരതത്തെ കുറിച്ച് രണ്ട് പേരുടെയും ആശയങ്ങൾ വ്യത്യസ്തമായിരുന്നു. അതങ്ങനെയേ വരൂ. കാരണം സർദാർ പട്ടേൽ ഒരു വ്യവസായ നഗരത്തിലെ യന്ത്രങ്ങളുടേയും, ഫാക്ടറികളുടേയും, തുണിമില്ലുകളുടേയും കേന്ദ്രത്തിൽ നിന്ന് വന്നയാളാണ്! ജവഹർലാൽ നെഹറു വന്നത് പൂക്കളും പഴങ്ങളും വളർത്തുന്ന സ്ഥലത്തു നിന്നും! ആ വ്യത്യാസം വളരെ വലുതാണ്. ഏതായാലും സർദാർ പട്ടേലിന്റെ മരണത്തിനു ശേഷം നെഹറു കോൺഗ്രസ്സിലും, ഭരണകൂടത്തിലും അജയ്യനായി തീർന്നു.

ജീവിച്ചിരിക്കുമ്പോൾ 'ഭാരതരത്ന' എന്ന പരാമോന്നത പദവി ഏറ്റുവാങ്ങിയ മഹാനാണ് ജവഹർലാൽ നെഹറു. തന്റെ സമകാലീനനോ, തന്നെക്കാളും ഒരുപടി ഉയർന്ന നേതാവോ ആയ സർദാർ വല്ലഭായ്പാട്ടിലിന് മരണാന്തരം നൽകാൻ പോലും നെഹറു ശ്രമിച്ചില്ല. 'ഭാരത രത്ന' നൽകാൻ1991 ൽ മഹാനായ നെഹറുവിന്റെ കൊച്ചുമകൻ രാജിവ് ഗാന്ധി മരിക്കേണ്ടി വന്നു. പട്ടേലിന് നൽകാതെ കൊച്ചുമകന് കൊടുക്കാൻ പറ്റില്ലല്ലോ.1991 ൽ രാജിവ് ഗാന്ധിക്കും പട്ടേലിനും ഭാരതരത്ന! അങ്ങനെ നിവൃത്തികേട് കൊണ്ട് കൊടുത്തതാണ് പട്ടേലിന് 'ഭാരതരത്ന' എന്നോർക്കുക.

പട്ടേലിന്റെ മരണശേഷം ഇന്ത്യൻ യൂണിയന്റെ പ്രധാനപെട്ട ശിൽപ്പികളിലൊരാളായ സർദാർ വല്ലഭായ് പട്ടേലിന് ഉചിതമായ ദേശീയ സ്മാരകം നിർമ്മിക്കാനുള്ള ശ്രമമാരംഭിച്ചെങ്കിലും, ജവഹർലാൽ നെഹറു അനങ്ങിയില്ല! മറിച്ച് മൗലാന അബ്ദുൾ കലാം ആസാദ് മരണമടഞ്ഞപ്പോൾ അദ്ദേഹത്തിന് സ്മാരകമുണ്ടാക്കാൻ മുൻകൈയ്യെടുക്കുകയും ചെയ്തു. വർക്കിംങ്ങ് കമ്മറ്റിയിൽ പലതവണ ചോദ്യങ്ങൾ ഉയർന്നെങ്കിലും മഹാനായ ജവഹർലാൽ നെഹറു താൽപ്പര്യം കാണിച്ചില്ല.

ഒടുവിൽ പട്ടേലിന്റെ ഉത്തമ ശിഷ്യനായ നേതാവ് എസ്.കെ പാട്ടിൽ കാര്യമേറ്റെടുത്തു മുന്നോട്ടിറങ്ങി. സ്മാരകമായി പട്ടേലിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് കമ്മറ്റിയിൽ പ്രമേയം പാസാക്കി. 1 കോടി രൂപ ഇതിനായ് സമാഹരിക്കണമെന്നും തീരുമാനിച്ചു വ്യവസായിയും പട്ടേലിന്റെ ആരാധകനുമായിരുന്ന ജി.ഡി ബിർളയുടെ സഹായത്തോടെ തുക ശേഖരിക്കാനായിരുന്നു പദ്ധതി. ബിർള വ്യവസായികളിൽ നിന്ന് പണം ശേഖരിച്ച് 50 ലക്ഷം രൂപ സമാഹരിച്ച് കോൺഗ്രസ്സ് വർക്കിങ്ങ് കമ്മറ്റിയെ ഏൽപ്പിച്ചു. ബാക്കി 50 ലക്ഷം രൂപ എസ്.കെ പാട്ടിൽ ബോംബെയിൽ നിന്ന് സ്വരൂപിച്ചു. പക്ഷേ, തുക കമ്മറ്റിയെ ഏൽപ്പിക്കാൻ പാട്ടിൽ തയ്യാറായില്ല.കാരണം പട്ടേലിന്റെ സ്മാരകത്തോടുള്ള നെഹറുവിന്റെ മനസ്സിലിരിപ്പ് എസ്.കെ. പാട്ടിലിന് നന്നായി അറിയാമായിരുന്നു.

ഈയവസരത്തിൽ എസ്.കെ. പാട്ടിലിനെ കുറിച്ചറിയണം. സർദാർ പട്ടേലിന്റെ ഏറ്റവും അടുത്ത ശിഷ്യനായിരുന്നു മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നുള്ള സദാശിവ് കാനോജി പാട്ടിൽ. മികച്ച സംഘാടകനും കോൺഗ്രസ് പാർട്ടിയുടെ ഫണ്ട് സമാഹരിക്കുന്ന നേതാവുമായിരുന്നു എസ്.കെ.പാട്ടീൽ. ബോംബയിലെ 'കിരീടം വെയ്ക്കാത്ത ചക്രവർത്തി' എന്നായിരുന്നു മഹാത്മാഗാന്ധി എസ്.കെ പാട്ടീലിനെ വിശേഷിപ്പിച്ചിരുന്നത്. മഹാരാഷ്ട്രയിൽ സർവ്വശക്തനായിരുന്ന പാട്ടീൽ നെഹറുവിന്റെ മന്ത്രിസഭാംഗമായിരുന്നെങ്കിലും ആരോപണ വിധേയനായി 1957 ൽ രാജിവച്ചു.1962 ൽ സ്വന്തം തട്ടകമായ സൗത്ത് ബോംബെയിൽ വെച്ച് പാർലിമെന്റ് ഇലക്ഷനിൽ ജോർജ് ഫെർണാണ്ടസിനോട് തോറ്റതോടെ, ആ തോൽവി അക്കാലത്തെ ചരിത്ര സംഭവമായിരുന്നു. അതോടെ പാട്ടിലിന്റെ പതനമാരംഭിച്ചു.

ആ സമയത്ത് കാമരാജ് പ്ലാൻ നടപ്പിലാക്കി ജവഹർലാൽ നെഹറു പാട്ടിലിനെ ദേശീയ രാഷ്ട്രീയത്തിൽ ഒതുക്കി.(മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ:, അധികാരമൊഴിഞ്ഞ് പാർടിയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കണം എന്നതായിരുന്നു കാമരാജ് പ്ലാനിന്റെ കാതൽ. ഇന്ദിരാഗാന്ധിക്ക് വഴിയൊരുക്കാനായി മുതിർന്ന നേതാക്കളെ ഇതു വഴി ഒതുക്കുക എന്ന് ആരോപണം അക്കാലത്ത് ഉയർന്നു.ഇങ്ങനെ ഒതുക്കിയതാണ് മൊറാർജി ദേശായിയെയും പാട്ടിലിനേയും ) പിന്നിട് ലാൽ ബഹദൂർ ശാസ്ത്രി മന്ത്രിസഭയിൽ അംഗമായെങ്കിലും പഴയ പ്രഭാവമെല്ലാം പാട്ടീലിന് നഷ്ടപ്പെട്ടിരുന്നു.1969ൽ കോൺഗ്രസ്സ് പിളർപ്പിലേക്ക് നീങ്ങിയപ്പോൾ ഇന്ദിരാഗാന്ധിക്കെതിരെ പരസ്യമായി സിൻഡിക്കേറ്റ് പട നയിച്ചെങ്കിലും ഏറ്റില്ല. പിന്നിട് ഇന്ദിരാ യുഗത്തിൽ ഒന്നുമല്ലാതായ ആ അതികായൻ 1981 ജൂണിൽ അന്തരിച്ചു.

വർക്കിങ്ങ് കമ്മറ്റിയുടെ അവസാന ചർച്ചകളിൽ സ്മാരകം എങ്ങനെ വേണമെന്ന കാര്യത്തിൽ ജവഹർലാൽ നെഹറുവിന്റെ അഭിപ്രായം വിചിത്രമായിരുന്നു. ഗ്രാമങ്ങളുടേയും കർഷകരുടെയും അടുത്ത മിത്രമായിരുന്നു വല്ലഭായ് പാട്ടേൽ. അതിനാൽ അദ്ദേഹത്തിന്റെ ഓർമ നിലനിറുത്താൻ ഗ്രാമങ്ങളിൽ കിണറുകൾ പണി കഴിപ്പിക്കുകയും, റോഡുകൾ നിർമ്മിക്കുകയുമാണ് വേണ്ടതെന്ന് ജവഹർലാൽ നെഹറു ,അഭിപ്രായപ്പെട്ടു. ഇതിനെ ശക്തമായി എസ്.കെ.പാട്ടിൽ എതിർത്തു. കിണറുകളും റോഡുകളും പണി കഴിപ്പിക്കേണ്ടത് സർക്കാരിന്റെ മൗലികമായ ചുമതലയാണെന്നും 'സ്മാരക ഫണ്ട് കൊണ്ടല്ല അത് ചെയ്യണതെന്നും പാട്ടീൽ തുറന്നടിച്ചു.

ഒടുവിൽ ഡൽഹി സെക്രട്ടറിയേറ്റിന്റെ മുന്നിലുള്ള വിജയ് ചൗക്കിൽ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചു. ഇതിനെ നെഹറു എതിർത്തു. ഒടുവിൽ പാർലിമെന്റ് സ്ട്രിറ്റിൽ കഷ്ടപ്പെട്ട് ഒരു സ്ഥലം കണ്ട് പിടിച്ച്, അവിടെ സ്ഥാപിക്കേണ്ടി വന്നു. അങ്ങനെ ആദ്യത്തെ സർദാർ വല്ലഭായ്പാട്ടിൽ പ്രതിമ പാർലിമെന്റ് സ്ട്രീറ്റിൽ (ഇപ്പോൾ സർദാർ ചൗക്ക് ) വെച്ച് 1963 സെപ്റ്റംബർ 18ന് രാഷ്ട്രപതി ഡോ. രാധാകൃഷ്ണൻ അനാഛാദനം ചെയ്തു. നെഹറുവും കുടുബവാഴ്ചയും, കോൺഗ്രസും തമസ്കരിച്ചാൽ തീരുന്നതല്ല ജനഹൃദയങ്ങളൽ സർദാർ വല്ലഭായ്പാട്ടിലെന്ന നേതാവ്!

sardar-patel976432