Tuesday 19 January 2021 11:30 AM IST : By സ്വന്തം ലേഖകൻ

'മോൾക്ക്‌ പീരിയഡ്സ്നു ഭയങ്കര വേദനയല്ലേ, സാരമില്ലാട്ടോ': ആർത്തവം പാപഭാരമാണെന്ന് തോന്നിച്ച നിമിഷം: കുറിപ്പ്

sarika

ആർത്തവം അശുദ്ധിയെന്നു കരുതുന്ന ഒരു വിഭാഗത്തിനു നടുവിലേക്കാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയെത്തുന്നത്. കാലഹരണപ്പെട്ടതും പഴയതുമായ പല അനാചാരങ്ങൾക്കുമെതിരെമുള്ള ചൂണ്ടു വിരലായിരുന്നു ചിത്രം. സോഷ്യൽ മീഡിയയിൽ ചിത്രത്തെക്കുറിച്ച് ചർച്ചകൾ നിറയുമ്പോൾ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ശാരിക ശോഭ. ആർത്തവത്തിന്റെ പേരിൽ അകറ്റി നിർത്തപ്പെട്ടതുൾപ്പെടെയുള്ള അനുഭവങ്ങൾ ശാരികയ്ക്ക് പങ്കുവയ്ക്കാനുണ്ട്. ആർത്തവമെന്ന ജൈവപ്രക്രിയ അശുദ്ധിയാണെന്ന തോന്നലിനെയാണ്‌ ചിത്രം ഉടച്ചു വാർക്കുന്നതെന്നും ശാരിക കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കസിൻ ചേട്ടന്റെ കല്യാണം. അന്ന് രാവിലെ യാത്രയായത്തിനു ശേഷം പ്രതീക്ഷിക്കാതെ പീരിയഡ്സ് ആയതു കൊണ്ട് ചോറ്റാനിക്കര അമ്പലത്തിൽ വെച്ചു നടന്ന കല്യാണതിനു പോകാൻ പറ്റിയില്ല. വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്നു. കല്യാണം കൂടാൻ പറ്റാത്ത വിഷമം വേറെ, അതു കൂടാതെ 'ഡെയ്റ്റ് ആയിട്ടും എനിക്ക് വന്നില്ല കേട്ടോ, ഞാൻ രക്ഷപെട്ടു' അടക്കം പറച്ചിലുകൾ വേറെ. എന്തോ നമുക്കു പീരിയഡ്സ് ആയത് വലിയ പാപഭാരം പോലെ. കല്യാണത്തിന് അമ്പലത്തിലേക്ക് പോകുന്നവരെ തൊട്ട് 'പ്രശ്നമാവാതിരിക്കാൻ' ഒരു മുറിയുടെ മൂലയിൽ ഒതുങ്ങി ഇരിക്കേണ്ടിയും വന്നു. അടക്കി പിടിച്ച ദേഷ്യം മൊത്തം പുറത്തു വന്നത് അസ്സൽ കരച്ചിലായിട്ടാണ്. വരുന്നവരും പോകുന്നവരും വക 'മോൾക്ക്‌ പീരിയഡ്സ് നു ഭയങ്കര വേദനയനല്ലേ, സാരമില്ലാട്ടോ' സമാധാനിപ്പിക്കലുകൾ കേട്ടപ്പോൾ കൂടുതൽ ദേഷ്യം വന്നു. വേദനിച്ചിട്ടല്ല, അവഗണിക്കപ്പെട്ടത് കൊണ്ടാണെന്ന് ഉറക്കെ വിളിച്ചു പറയാനും മാത്രം ധൈര്യം ഒന്നും അന്ന് ഉണ്ടായിരുന്നുമില്ല. അടുത്തു വന്ന അമ്മയോട് മാത്രം പറഞ്ഞു, periods ആയ പെണ്പിള്ളേര്ക്കും, എത്ര അടുത്ത സുഹൃത്തായാലും അഹിന്ദുക്കൾക്കും പ്രവേശനമില്ലാത്തതായ ഇമ്മാതിരി കല്യാണ ഏർപ്പാടിനു നിന്നു തരില്ല, ഇതൊക്കെ കൊണ്ട് തന്നെ അമ്പലത്തിൽ വെച്ച് കല്യാണം നടത്തുന്നതേ ഒരു പിന്തിരിപ്പൻ ഏർപ്പാടാണെന്ന്. കരഞ്ഞു വീർത്ത കണ്ണും കൊണ്ടുള്ള ആ നിൽപ്പിന്റെ ഫോട്ടോ അവരുടെ കല്യാണ ആൽബത്തിൽ എവിടെയോ ഇപ്പോഴും ഉണ്ട്.

പിന്നീട് പ്ലസ് ടുവിൽ പഠിക്കുമ്പോഴാണ് അച്ഛന്റെ അച്ഛൻ മരിക്കുന്നത്. കൊള്ളി വെക്കാൻ നേരത്തു പെണ്മക്കളുൾപ്പെടെ സകല പെണ്ണുങ്ങളോടും പുറത്തേക്കിറങ്ങാൻ പറഞ്ഞപ്പോ ശാന്തിയെ തുറിച്ചു നോക്കാനല്ലാതെ ഒന്നും ചെയ്യാൻ പറ്റിയില്ല. പിന്നീട്‌ അസ്ഥിയൊഴുക്കുന്ന ദിവസം പീരിയഡ്സ് ആയതിന്റെ പേരിൽ അപ്പൂപ്പന്റെ ആകെയുള്ള രണ്ടു പെണ്മക്കളായ എന്റെ രണ്ടു ആന്റിമാർക്കും, മൂത്ത പേരക്കുട്ടികളിൽ ഒരാളായ, ഉണ്ടാവാൻ ഇച്ചിരി വൈകിയപ്പോൾ അപ്പൂപ്പൻ നേർച്ചയിട്ടു ശബരിമലയിൽ വരെ കൊണ്ടു പോയതുമായ എനിക്കും മുറികളധികമില്ലാത്ത ആ വീടിന്റെ മറ്റൊരു മുറിയുടെ മൂലയിൽ വീണ്ടും കുത്തിയിരിക്കേണ്ടി വന്നു.

ചടങ്ങു കഴിയും വരെ. അസ്തിയൊഴുക്കാൻ പോകുന്ന വഴിയിൽ മൂന്നാലു മീറ്റർ അകലം വിട്ടു രണ്ടു പെണ്മക്കളും നടന്നപ്പോൾ ഒരു പക്ഷെ കാലങ്ങൾക്കു ശേഷം കേറി വന്ന അപ്പൂപ്പന്റെ സഹോദരങ്ങളായ വെല്യച്ഛന്റെയും അമ്മായിമാരുടെയും ആണ്മക്കൾക്കും, അവരുടെ ആണ്മക്കൾക്കുമൊക്കെ ആ ആൾക്കൂട്ടത്തിൽ വളരെയെളുപ്പം സ്ഥാനം കിട്ടിയതു കണ്ടപ്പോൾ സത്യത്തിൽ ഇത്തവണ ദേഷ്യത്തെക്കാൾ ചിരി വന്നു പോയി.

മരിച്ചയാളിന്റെ പെണ്മക്കളുടെ ആർത്തവത്തിന്‌ അശുദ്ധി കൽപ്പിച്ച് അന്ന് ശാന്തിയെറിഞ്ഞ എള്ളിനും തെച്ചിപ്പൂവിനുമൊക്കെ പണ്ട് മണ്ണപ്പം ചുട്ടു കളിക്കുമ്പോൾ പിച്ചിയിടുന്ന പൂവിന്റെ വിലയുള്ളുവെന്ന നിസ്സങ്കത ഉള്ളിലൊരു പൊട്ടിച്ചിരിയായി പടർന്നു തുടങ്ങിയത് കൃത്യമായി പറഞ്ഞാൽ അന്നാണ്. അന്നത് പറയാവുന്നിടത്തൊക്കെ പറയുകയും ചെയ്തിരുന്നു. അനാചാരത്തെ ചോദ്യം ചെയ്യുന്നതിനേക്കാൾ ഉപരി അവകാശത്തിനു വേണ്ടിയുള്ളൊരു ചോദ്യമാണതെന്നു സ്വയം തിരിച്ചറിയാൻ പിന്നെയും വർഷങ്ങളെടുത്തു എന്നതാണ് വസ്തുത. അതു തിരിച്ചറിഞ്ഞ നാൾ മുതൽ ഈ ദൈവനിന്ദയോന്നും ഒരു അലങ്കാരമായി കൊണ്ടു നടക്കേണ്ടെന്നു പറഞ്ഞവരോടൊക്കെ എന്റെ ആർത്തവത്തോട് പ്രശ്നമുള്ള ദൈവത്തോട് എനിക്ക് തിരിച്ചും നല്ല പ്രശ്നമുണ്ടെന്നു മുന്നും പിന്നും നോക്കാതെ പറഞ്ഞിട്ടുമുണ്ട്. പല തവണ.

പറഞ്ഞു വരുന്നത് The Great Indian Kitchen ഇൽ കാണുന്ന ആർത്തവ കാഴ്ചകൾ 'ഇതൊക്കെ ഇപ്പോഴും ഉണ്ടോ' എന്ന അത്ഭുതത്തിൽ, പടം ഈ വിഷയത്തെ സമീപിച്ചത് exaggeration ലൂടെ ആണെന്ന് റദ്ദു ചെയ്യുന്നവരോടാണ്. ഇതൊക്കെ പണ്ടല്ലേ, ആ കാലമല്ല ഇപ്പൊ എന്നു പറയുന്നവരോടാണ്. മേൽപ്പറഞ്ഞ കാഴ്ചകൾ എല്ലാവർക്കും കുറച്ചു കൂടി പരിചിതവും സാധാരണവും ആയിരിക്കും. അതനുഭവിക്കുന്നവർ പോലും അതിനെ തിരിച്ചറിയുകയോ തള്ളിപ്പറയുകയോ ചെയ്യാത്ത വിധം normalised ആണിതെല്ലാം സമൂഹത്തിൽ. ആ സാധാരണതകളുടെ ഒരു വകുപ്പിനെയാണ് ചിത്രം അടയാളപ്പെടുത്തുന്നത്.

ഇതൊക്കെ നടക്കുന്ന 'ഒരു ചെറിയ വിഭാഗം' സമൂഹത്തിൽ ഉണ്ടല്ലോ ഇപ്പോഴും എന്നു ഈ സിനിമ കണ്ടു നെടുവീർപ്പിടുന്നതും ചുമ്മാ കണ്ണടച്ചു ഇരുട്ടാക്കൽ ആണ്. ആർത്തവത്തെ അശുദ്ധിയായി, മാറ്റി നിർത്തപ്പെടേണ്ട ഒന്നായി കാണുന്ന കാഴ്ചപ്പാട് ഭൂരിഭാഗം വീടുകളിലും ഏറ്റക്കുറച്ചിലുകളോടെ പല രീതികളിൽ, അതു തന്റേയുൾപ്പെടുന്ന അകത്തളങ്ങളിൽ നിലനിൽക്കുന്നെന്നു അംഗീകരിക്കാൻ കഴിയാത്തതിന്റെ നെടുവീർപ്പിടൽ .

പീരിയഡ്സ് ആയാൽ അമ്പലത്തിൽ പോവാനോ, അമ്പലത്തിൽ പോകുന്നവരെ തൊടാനോ, പല മതപരമായ ചടങ്ങുകളിലും പങ്കെടുക്കണോ, നോയമ്പ് നോൽക്കാനോ, കല്യാണത്തിന് താലം പിടിക്കാനോ, പ്രാർത്ഥനയിൽ പങ്കു കൊള്ളാണോ, വിളക്ക് തൊടാനോ, അലക്കി മടക്കി വെച്ച തുണി ഭാവിയിലെപ്പോഴേലും അമ്പലത്തിൽ പോകാനുള്ള തുണിയാവാനുള്ള വിദൂര സാധ്യത പരിഗണിച്ചു തൊടാനോ, വിശുദ്ധ മതഗ്രന്ഥങ്ങൾ വായിക്കാനോ സ്പർശിക്കാനോ ഒക്കെ പീരിയഡ്സ് എന്ന പേരിൽ പ്രശ്നങ്ങൾ ഒരു വട്ടമെങ്കിലും നേരിടാത്തയാളുകൾ കുറവായിരിക്കും. (പലരും യാതൊരു പ്രശ്നവും കൂടാതെ പാലിച്ചു പോരുന്നവയും!) ഏറ്റവും വൃത്തിയായി വെയിലു കൊണ്ട് ഉണങ്ങേണ്ടുന്ന അടിവസ്ത്രങ്ങൾ, പ്രത്യേകിച്ചും ആർത്തവ കാലത്ത്, ഇരുണ്ട മൂലയിലോ നനഞ്ഞ തോർത്തിനടിയിലോ ഒളിപ്പിച്ചു നിർത്തേണ്ടുന്നതും ഏറെക്കുറെ എല്ലാ സ്ത്രീകളും എവിടെയെങ്കിലുമൊക്കെ അനുഭവിക്കേണ്ടി വന്നിട്ടുള്ളതും ആണ്. (സാനിറ്ററി നാപ്കിൻസ് പൊതിഞ്ഞു മറയ്ക്കുന്ന ഏർപ്പാടൊക്കെ ഇപ്പഴും ഉണ്ടല്ലോ അല്ലെ..!!)

ശബരിമല നോയമ്പ് കാലത്ത് പീരിയഡ്സ് ആയാൽ, മാറിയിരിക്കാൻ മുറിയില്ലാത്ത വീടുകളിൽ (ചിലപ്പോ ഉണ്ടെങ്കിൽ പോലും) ബന്ധുവീട്ടിലേക്കോ അയൽപ്പക്കത്തേക്കോ മാറി താമസിക്കൽ, അതല്ലെങ്കിൽ പ്രസ്തുത 'അയ്യപ്പന്മാർ' മാറി താമസിക്കൽ നിർബാധം തുടർന്ന് പോകുന്ന മറ്റൊരു 'സാധാരണത്വം' ആണ്. ഇതിലൊക്കെ ഇപ്പോ ഇതെന്താല്ലേ, ഇതൊക്കെ അശുദ്ധി ആവാതിരിക്കാൻ ചെയ്യുന്നതല്ലേ, കാലാകാലങ്ങളായി പാലിക്കുന്ന ആചാരമല്ലേ, നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ നോക്കണ്ട, ഞങ്ങള് നോക്കിക്കോളാമെന്നേ എന്നൊക്കെ തോന്നുന്നുണ്ടെങ്കിൽ ആ തോന്നലുകളോടാണ് ഈ സിനിമ സംവദിക്കുന്നത്.

(ചരിത്രം പരിശോധിച്ചാൽ എന്നൊക്കെ സമൂഹത്തിൽ നിലനിൽക്കുന്ന അനീതികൾ / അസമത്വങ്ങൾ ചൂണ്ടികാട്ടിയിട്ടുണ്ടോ അന്നൊക്കെ ഭൂരിപക്ഷത്തു നിന്നും പുറപ്പെട്ടുള്ളതാണ് ഈ പല്ലവി!!)

രജസ്വലയായ സ്ത്രീയെ തൊട്ടശുദ്ധമായാൽ ചാണക ഉരുള ഒക്കെ തിന്നുന്നത് നൂറു കൊല്ലം മുൻപുള്ള കാര്യമല്ലേ, ഇതൊക്കെ കാണിക്കുന്നതെന്തിനാ എന്നു ചോദിക്കുന്നവരോട്. ഇതിലെ ഭർത്താവും ചാണക ഉരുള തിന്നുന്നില്ല. അയാളുടെ സൗകര്യാർത്ഥം മുങ്ങി കുളിക്കുകയാണ്. പക്ഷെ നൂറു കൊല്ലങ്ങൾക്കിപ്പുറവും പീരിയഡ്സ് അശുദ്ധിയാണെന്ന കാഴ്ചപ്പാടിൽ വല്യ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നുള്ളതാണ്!!

അടുക്കളയിൽ നിന്നു മാറ്റി നിർത്താത്തതൊക്കെ ചാണക ഉരുള മുങ്ങിക്കുളിക്കൽ ആക്കുന്നത് പോലെയുള്ള സൗകര്യത്തിനു വേണ്ടിയിട്ടുള്ള ഏർപ്പാടുകൾ ആണ്. മാറ്റി നിർത്തിയാൽ പണിയെടുക്കാനാളില്ലാതെ പട്ടിണിയാകേണ്ടി വരും എന്ന അസൗകര്യത്തിന്റെ പേരിൽ! ആ അടുക്കള പണിയുടെ പൊളിറ്റിക്സ് കൃത്യമായി സിനിമ അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിനെ പറ്റി ഒരുപാട് ചർച്ചകൾ വന്നും കഴിഞ്ഞു.

മേൽപ്പറഞ്ഞ പലതും പാലിച്ചു പോരുകയും, പക്ഷെ സിനിമയിൽ കാണിക്കുന്നതു പഴയ കാര്യങ്ങളല്ലേയെന്നു തോന്നുകയും ചെയ്യുന്നവർ ആദ്യം ചോദ്യം ചെയ്യേണ്ടത്‌ ഉള്ളിലുള്ള ആർത്തവമെന്ന ജൈവപ്രക്രിയ അശുദ്ധിയാണെന്ന തോന്നലിനെയാണ്‌. അതിന്റെ പേരിൽ തുടർന്നു പോരുന്ന ചെറുതും വലുതുമായ, 'വെറും സാധാരണം' എന്നു വിചാരിക്കുന്ന പലതിനെയുമാണ്. ഈ അനീതിയുടെ പാത്രമാകുന്ന സ്ത്രീകൾ പോലും 'അസമത്വം' എന്നു സ്വയം തിരിച്ചറിയാത്ത ഇത്തരം സാധാരണതകളിലേക്കു കൂടിയാണ് നിമിഷയുടെ കഥാപാത്രം ഒഴിക്കുന്ന അടുക്കളയിലെ അഴുക്കുവെള്ളം വന്നു വീഴുന്നത്.