Thursday 15 July 2021 05:00 PM IST

‘ഗർഭപാത്രം താങ്ങില്ല, പൊട്ടിപ്പോകും, മൂന്നിലൊരു കുഞ്ഞിനെ കളഞ്ഞേ തീരൂ’: ചങ്കുപിടഞ്ഞ് എടുത്ത തീരുമാനം: നീറുന്ന ഓർമ്മയിൽ സരിത

Binsha Muhammed

saritha

‘ഒരു കുഞ്ഞിനെ കളഞ്ഞേ തീരൂ... അങ്ങനെ സംഭവിച്ചില്ലെങ്കിൽ മൂന്നു കുഞ്ഞുങ്ങളേയും നിങ്ങൾക്ക് നഷ്ടപ്പെടും. അതുമല്ലെങ്കിൽ അമ്മയുടെ ജീവൻ നഷ്ടപ്പെടും. അമ്മയില്ലാതെ നിങ്ങളുടെ കുഞ്ഞുങ്ങൾ വളരണോ, അതോ ഒരു കുഞ്ഞിനെ ഉപേക്ഷിക്കണോ?.’

ജീവന്റെ വിലയുള്ള ചോദ്യം. അതിനു നൽകുന്ന ഉത്തരത്തിലാണ് സരിതയെന്ന അമ്മയുടെ ജീവനിരിക്കുന്നത്. സ്കാനിങ് റിപ്പോർട്ടിൽ കണ്ണോടിച്ച് ഡോക്ടർ മുന്നിലേക്കു വച്ച ആ ചോദ്യം സരിതയുടെ നെഞ്ചിലെ പിടപ്പായിരുന്നു. മൂന്നു കുഞ്ഞുങ്ങളെ പൂർണ ആരോഗ്യത്തോടെ തന്റെ ഉദരത്തില്‍ മൊട്ടിടുകയാണ്. അവരുടെ വരവും കാത്ത് എത്ര കിനാക്കൾ കണ്ടു, അവരുടെ കുഞ്ഞിക്കാലടികളെ എത്രവട്ടം സ്വപ്നം കണ്ടു. എന്നിട്ടിപ്പോൾ ഒരാളെ കളയുക എന്നത് കരൾ പിടയുന്ന വേദനയായിരുന്നു ആ അമ്മയ്ക്ക്...

എന്റെ ജീവൻ നഷ്ടപ്പെട്ടാലും വേണ്ടില്ല അവർ ഈ ഭൂമിയിൽ പിറക്കണം എന്ന് കണ്ണീരോടെ കെഞ്ചി. പക്ഷേ അമ്മയില്ലാത്ത കുഞ്ഞുങ്ങളുടെ വേദനയോളം വരില്ല ആ വേർപാടെന്ന തിരിച്ചറിവ് പിന്നെയും പിന്നെയും തികട്ടി വന്നു. ഒടുവിൽ മനസില്ലാ മനസോടെ മിടിച്ചു തുടങ്ങിയ ഒരു കുഞ്ഞു ജീവനെ തിരികെ അയക്കാൻ സമ്മതം മൂളി. ജീവന്റെ വിലയുള്ള സമ്മതപത്രം പൂരിപ്പിച്ച് കണ്ണീരോടെ ആശുപത്രി അധികൃതർക്ക് നൽകുമ്പോൾ സരിതയുടെ വയറ്റില്‍ ഒരു അനക്കം തട്ടി...

‘എനിക്കറിയാം അതവനാണ്. എന്റെ കുഞ്ഞ്. പോകും മുമ്പ് അവൻ യാത്ര പറയുകയാണ്.’

ഓർമ്മകളെ 8 വർഷം പിന്നിലേക്ക് പായിച്ച് സരിതയും ശ്രീകുമാറും ഓർക്കുന്ന ഈ കഥ ഇന്നും അവരുടെ ചങ്കിലെ പിടപ്പാണ്. ഗർഭം ധരിച്ചത് മൂന്ന് കുഞ്ഞുങ്ങളെ അവരിലൊരാളെ നഷ്ടപ്പെട്ട വേദനയുടെ കരൾപിടയും കഥയുടെ ഫ്ലാഷ്ബാക്ക്. ഒരമ്മയുടെ വേദനയുടെ കഥ വനിത ഓൺലൈൻ വായനക്കാർക്കായി പങ്കുവയ്ക്കുന്നു...

ചങ്കിലെ പിടപ്പായി മൂന്ന് ജീവനുകൾ

ഹാർട്ട് ബീറ്റ് ഇല്ലെന്ന പേരിൽ ഒരാളെ നഷ്ടപ്പെടുമെന്ന് കരുതിയതാണ്. പക്ഷേ മൂന്നാം മാസത്തെ സ്കാനിങ്ങിൽ അവന്റെ ഹൃദയം മിടിച്ചു. എല്ലാവരേയും അദ്ഭുതപ്പെടുത്തി കൊണ്ട് തിരികെ വന്നു. പക്ഷേ അവൻ തിരികെ വന്നപ്പോൾ സ്വീകരിക്കാനുള്ള ആരോഗ്യം എനിക്കില്ലാതെ പോയി. എന്റെ വയറ്റിൽ അവനുള്ള ഇടം ഇല്ലാതെ പോയി.– ഊർന്നിറങ്ങിയ മിഴിനീർ തുടച്ച് സരിത പറഞ്ഞു തുടങ്ങുകയാണ്.

തൃശൂർ ദേശമംഗലമാണ് ഞങ്ങളുടെ സ്വദേശം. ഭർത്താവ് ശ്രീകുമാറിന് കൃഷിയാണ് ജോലി. 2012ലായിരുന്നു ഞങ്ങളുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഒരു വർഷമാകും മുന്നേ കുഞ്ഞാവകൾ വരവറിയിച്ചു. ‘സരിതയ്ക്ക് മീഡിയയിൽ വരാൻ താത്പര്യമുണ്ടോ?’ എന്ന് ഫാമിലി ഡോക്ടർ പറഞ്ഞത് ആദ്യം മനസിലായില്ല. മൂന്ന് കുഞ്ഞുങ്ങൾ ഉദരത്തില്‍ മിടിച്ചു തുടങ്ങിയെന്ന അപൂർവത ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അതുപറഞ്ഞത്. കേട്ടപ്പോൾ ഷോക്കായിപ്പോയി. ശരിക്കും പറഞ്ഞാൽ പേടിച്ചു. മൂന്നു കുഞ്ഞുങ്ങൾ ഒരു പ്രസവത്തിൽ ജനിച്ചുവെന്ന് വാർത്തകളിലൂടെ കേട്ടിട്ടുണ്ട് എന്നതല്ലാതെ സ്വന്തം ജീവിതത്തിൽ സംഭവിക്കുമെന്ന് കരുതിയില്ല. എന്റെ ഫാമിലിയിൽ പോലും ട്വിൻസുകളില്ല. പക്ഷേ ദൈവം തന്ന അനുഗ്രഹത്തെ ഏറ്റുവാങ്ങാൻ മനസുകൊണ്ട് തയ്യാറെടുത്തു. കാത്തിരിപ്പും സന്തോഷവും അലതല്ലിയ നാളുകൾ... അവരുടെ കൈ വളരുന്നുണ്ടോ കാൽ വളരുന്നുണ്ടോ എന്ന് കണക്കു കൂട്ടിയ നിമിഷങ്ങൾ. സ്നേഹവും പരിചരണവുമായി ഭർത്താവ് ശ്രീകുമാറും കൂട്ടിരുന്നു. അങ്ങെനിയിരിക്കെ ഞങ്ങളുടെ സന്തോഷം കെടുത്തി ഡോക്ടറുടെ ആദ്യത്തെ അറിയിപ്പെത്തി.

saritha-1

മൂന്ന് കുഞ്ഞുങ്ങളിലൊരാൾക്ക് ഹാർട്ട് ബീറ്റ് ഇല്ലത്രേ. ആ കുഞ്ഞുമായി മുന്നോട്ടു പോകുന്നത് മറ്റു കുഞ്ഞുങ്ങളുടേയും ആരോഗ്യത്തെ ബാധിക്കുമെന്നും ഡോക്ടർ അറിയിച്ചു. അന്ന് മനസ് വല്ലാതെ നൊന്തുനീറി. എങ്ങനെയും തന്റെ കുഞ്ഞുങ്ങളെ രക്ഷിച്ചെടുക്കണമെന്ന് ഡോക്ടറോട് കെഞ്ചി. ആദ്യത്തെ മൂന്ന് മാസം കഴിയുമ്പോൾ കുഞ്ഞിന് എന്തു സംഭവിക്കുമെന്നതിന്റെ പൂർണചിത്രം നൽകാമെന്ന് ഡോക്ടർ പറഞ്ഞു. അതുവരെ വിഷമിക്കാതെ കാത്തിരിക്കാനും പറഞ്ഞു. പ്രാർത്ഥനയും കാത്തിരിപ്പുമായി കഴിഞ്ഞ ദിനങ്ങൾ കടന്നു പോയി. സ്കാനിങ്ങിന്റെ ദിനമെത്തി. അന്ന് എന്റെ ഉള്ളിലുള്ള കൺമണി വലിയ ട്വിസ്റ്റാണ് ഞങ്ങൾക്കായി കാത്തുവച്ചത്. എന്റെ കുഞ്ഞിന്റെ ഹൃദയം മിടിച്ചു തുടങ്ങിയിരിക്കുന്നു. അവൻ തിരികെ വരാൻ തുടങ്ങിയിരിക്കുന്നു. ഡോക്ടർ സ്കാനിങ് റിസൾട്ട് പറയുമ്പോൾ ഞാൻ സന്തോഷം കൊണ്ട് മതിമറക്കുകയായിരുന്നു. പക്ഷേ ആ സന്തോഷത്തിന്റെ ആയുസ് ആഴ്ചകളെ നീണ്ടുള്ളൂ– സരിത ദീർഘനിശ്വാസമെടുത്തു.

സന്തോഷംകെടുത്തി വീണ്ടും വിധി

ഗർഭകാലം അഞ്ചുമാസം പിന്നിടുമ്പോഴാണ് ‍ഡോക്ടർ ഗുരുതരമായ മറ്റൊരു അപകടം ചൂണ്ടിക്കാട്ടുന്നത്. കുഞ്ഞുങ്ങൾക്ക് ആരോഗ്യമുണ്ട്. പക്ഷേ മൂന്ന് കുഞ്ഞുങ്ങളെ ഉദരത്തിൽ താങ്ങാനുള്ള ആരോഗ്യം എനിക്കില്ലെന്ന് മെഡിക്കല്‍ ടീം കണ്ടെത്തി. വെറും 46 കിലോ ഭാരവും അതിനൊത്ത ആരോഗ്യവുമുള്ള അമ്മ കുഞ്ഞുങ്ങളെ ഉദരത്തിലേന്തുന്നത് റിസ്ക് ആണെന്നായിരുന്നു അവരുടെ വാദം. ഏറ്റവും കൂടുതൽ റിസ്ക് അമ്മയായ എനിക്കാണത്രേ. എന്റെ ആരോഗ്യ സ്ഥിതിവച്ച് ഗർഭപാത്രം പൊട്ടാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു. ഒരുപക്ഷേ മറ്റ് കുട്ടികളുടേയും മരണത്തിന് കാരണമാകുമെന്ന് ഡോക്ടർമാർ പറഞ്ഞു. ഒന്നിലധികം കുഞ്ഞുങ്ങളെ കൺസീവ് ചെയ്യുന്നതു കൊണ്ടു തന്നെ ഇതിനിടെ സെർവിക്സ് സ്റ്റിച്ച് ചെയ്തിരുന്നു.

മുമ്പ് സംഭവിച്ചതു പോലെയൊരു അദ്ഭുതം സംഭവിക്കും എന്നു തന്നെയായിരുന്നു അവസാന നിമിഷം വരെയും എന്റെ പ്രതീക്ഷ. അവസാന നിമിഷം എല്ലാം മാറി മറിയും. ഒടുവിൽ എനിക്ക് എന്റെ കുഞ്ഞുങ്ങളെ പൂർണ ആരോഗ്യത്തോടെ പ്രസവിക്കാൻ കഴിയും. വല്ലാതെ ആശിച്ചു... പക്ഷേ ഇക്കുറി ഡോക്ടർമാർ കടുപ്പിച്ചു പറഞ്ഞു. അമ്മയായ എനിക്ക് അരുതാത്തത് സംഭവിക്കും. വീട്ടുകാരുടെ സ്നേഹം നിറഞ്ഞ ശാസനകളായിരുന്നു മറുവശത്ത്. അമ്മയുടെ തണലില്ലാതെ കുഞ്ഞുങ്ങൾ പിറക്കുന്ന അവസ്ഥ അവർ വിവരിച്ചു. ഒടുവിൽ ചങ്കുപൊള്ളുന്ന വേദനയോടെ എനിക്ക് അതിന് സമ്മതിക്കേണ്ടി വന്നു. റിക്സ് മുന്നിൽ കണ്ട് മൂന്ന് കുഞ്ഞുങ്ങിൽ ഒരാളെ കുറയ്ക്കുന്ന multifetal pregnancy reduction procedure ന് ഞാൻ വിധേയയായി. എനിക്കു വേണ്ടിയായിരുന്നുവെങ്കിലും അന്ന് അതിന് സമ്മതം മൂളിയതോർക്കുമ്പോൾ, എന്റെ ഉള്ളിൽ മിടിച്ച കുഞ്ഞിനെ ഒഴിവാക്കിയതോർക്കുമ്പോൾ ഇന്നും എന്റെ നെഞ്ചുപിടയും.

saritha-2

ഒടുവിൽ കാത്തിരുന്ന ദിനമെത്തി. 2013 സെപ്റ്റംബർ 25ന് എന്റെ കൺമണികൾ ഇങ്ങുപോന്നു. ഞങ്ങളവർക്ക് നിഹാൻ, നിഹാൽ എന്ന് പേരുകണ്ടു. അന്നത്തെ ആ അവസ്ഥയിൽ നിന്നും 8 വർഷം പൂർത്തിയാകുമ്പോൾ ആ പഴയ വേദനകൾ മറക്കുന്നത് എന്റെ കുഞ്ഞുങ്ങളുടെ കളിചിരിയിലാണ്. എങ്കിലും അന്ന് മനസില്ലാ മനസോടെ വിധിക്കു വിട്ടുകൊടുത്ത ആ പൈതൽ, എന്റെ ഉദരത്തിൽ മിടിച്ച പൈതൽ ചിലപ്പോഴൊക്കെ എന്റെ സ്വപ്നത്തിൽ വരും. എന്നെ അമ്മേ എന്നുവിളിക്കും... എനിക്കറിയാം, സ്വർഗത്തിലിരുന്ന് അവൻ ഇപ്പോഴും എന്നെ അമ്മേ എന്ന് വിളിക്കാറുണ്ട്.– മിഴിനീർ തുടച്ച് സരിത പറഞ്ഞു നിർത്തി.