Tuesday 10 December 2024 11:04 AM IST : By സ്വന്തം ലേഖകൻ

‘ഇനി വീണ്ടും സന്ധിക്കും വരെ നമസ്‌കാരം’; ഓര്‍മ്മയായി സരോജിനി ശിവലിംഗം, വിട വാങ്ങിയത് മലയാളികൾ കാത്തിരുന്ന ശബ്ദം

dd-star

‘ഇനി വീണ്ടും സന്ധിക്കും വരെ നമസ്‌കാരം, പറയുന്നത് സരോജിനി ശിവലിംഗം’ എന്ന വാക്കുകളോടെ ശ്രോതാക്കളോടു വിടവാങ്ങിയിരുന്ന റേഡിയോ സിലോണിലെ മലയാളം വിഭാഗം പ്രക്ഷേപക സരോജിനി ശിവലിംഗം ജീവിതത്തിൽ നിന്നു വിടചൊല്ലി. ‘നമസ്കാരം, ഇതു ശ്രീലങ്ക പ്രക്ഷേപണ നിലയം. ഇപ്പോൾ സമയം മൂന്നുമണി മുപ്പതു നിമിഷം.’– ശ്രീലങ്ക വാണിജ്യ പ്രക്ഷേപണ നിലയത്തിന്റെ മലയാളം പരിപാടികളുമായി സരോജിനി എത്തുമ്പോൾ ആ ശബ്ദം കേൾക്കാൻ മാത്രം 1971–1983 കാലങ്ങളിൽ ലോകം മുഴുവൻ മലയാളികൾ കാതോർത്തിരുന്നു.

കൃത്യം നാലരയ്‌ക്കു തമിഴ് അവതാരകനു മൈക്ക് കൈമാറി സരോജിനി യാത്രപറയുമ്പോൾ ഇനി ആ ശബ്ദം കേൾക്കാൻ 23 മണിക്കൂർ കാത്തിരിക്കണമല്ലോ എന്ന വേദനയും ഉള്ളിൽ നിറഞ്ഞിരുന്നു. 1983ലെ കലാപത്തെ തുടർന്നു പ്രക്ഷേപണത്തോട് എന്നെന്നേക്കുമായി വിടവാങ്ങി നാട്ടിലേക്കു മടങ്ങി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും മലയാളികളുടെ മനസ്സിൽ, ഇഷ്ടഗാനങ്ങളുമായി എത്തുന്ന സരോജിനിയുടെ ശബ്ദം നിറഞ്ഞുനിന്നിരുന്നു. സരോജിനിക്ക് എന്തു സംഭവിച്ചെന്നറിയാൻ പലരും ശ്രീലങ്കയിലേക്ക് കത്തുകൾ അയച്ചുകൊണ്ടേയിരുന്നു. താമസസ്‌ഥലത്തിനടുത്തു കലാപം പടർന്നതുകൊണ്ടു വസ്‌തുവകകളെല്ലാം ഇട്ടെറിഞ്ഞു ജന്മനാട്ടിലേക്കു മടങ്ങേണ്ടി വന്നപ്പോൾ റേഡിയോ സ്‌റ്റേഷനിൽ ചെന്നു സഹപ്രവർത്തകരോടു വിടപറയാൻ പോലും സമയംകിട്ടിയില്ല. 

കാക്കയൂർ ഗ്രാമത്തിന്റെ ‘ശബ്ദം’

∙കൊടുവായൂരിനടുത്തുള്ള കാക്കയൂർ എന്ന ഗ്രാമത്തിൽ നിന്നാണു സരോജിനി ലോകം മുഴുവൻ കേൾക്കുന്ന മലയാളി ശബ്ദമായി വളർന്നത്. അച്ഛൻ ഡിഫൻസ് അക്കൗണ്ട്‌സിൽ ഡപ്യൂട്ടി കൺട്രോളർ ആയിരുന്നതിനാൽ കുട്ടിക്കാലം മുഴുവൻ സരോജിനി ചെലവഴിച്ചത് ഉത്തരേന്ത്യൻ നഗരങ്ങളിലാണ്. സ്കൂൾ ഫൈനൽ പാസായത് കൊടുവായൂരിലെ സർക്കാർ സ്കൂളിൽ നിന്നാണ്. കോളജ് വിദ്യാഭ്യാസം കോയമ്പത്തൂരിലും ചെന്നൈയിലുമായിരുന്നു. മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബിഎ ഓണേഴ്സിനു പഠിക്കുമ്പോഴാണ് ശ്രീലങ്ക സ്വദേശി ആർ.ആർ.ശിവലിംഗം ജിവിതത്തിലേക്കു കടന്നുവന്നത്.

വിവാഹശേഷം ഭർത്താവിനൊപ്പം ലങ്കയിലെത്തിയ സരോജിനിയെ കാത്തിരുന്നതു പുതിയ ലോകമാണ്.  മലയാള പ്രക്ഷേപണ വിഭാഗത്തിൽ അനൗൺസറായി സരോജിനിയുടെ ജീവിതം 1971ൽ തുടങ്ങി. ചലച്ചിത്രഗാനങ്ങളുടെ മായാപ്രപഞ്ചം എഴുപതുകളിലെ ശ്രോതാക്കൾക്കു മുന്നിൽ തുറന്നുകൊടുത്തതിൽ അവർക്കു വലിയ പങ്കുണ്ട്. ഗായകരായ എസ്.പി.ബാലസുബ്രഹ്മണ്യം, പി.ജയചന്ദ്രൻ, ജെ.എം.രാജു ഉൾപ്പെടെയുള്ളവരുടെ അഭിമുഖവും അവരുടെ ഗാനങ്ങൾ ഉൾപ്പെടുത്തി പ്രത്യേക പരിപാടികളും നടത്തിയിരുന്നു. 

അവസാനം വന്നത് 3 വർഷം മുൻപ്

പാലക്കാട്ടെ കാക്കയൂരിൽ സരോജിനി ശിവലിംഗത്തിന്റെ വീട്ടുപേരായ ‘വൃന്ദാവനം’ ഇന്ന് ആ നാടിന്റെ പേരാണ്. മൂന്നു വർഷം മുൻപു സഹോദരി സൗദാമിനിയുടെ പേരക്കുട്ടി മഹിമയുടെ വിവാഹത്തിനു നാട്ടിലെത്തിയിരുന്നു. കൂട്ടാലെ തറവാട്ടിലെ പൂജകളിൽ പങ്കെടുക്കാൻ നാട്ടിൽ വരാറുണ്ടായിരുന്നു. വീണു കാലിനു പരുക്കേറ്റ ശേഷമാണു വരവു നിലച്ചത്. 1983ൽ ശ്രീലങ്കയോടു വിടപറഞ്ഞ സമയത്തു തിരികെയെത്തിയതു കാക്കയൂർ വൃന്ദാവനത്തെ വീട്ടിലേക്കായിരുന്നുവെന്നു സൗദാമിനിയുടെ മകൻ ഇ.വി.ഗോപിനാഥ് പറഞ്ഞു.  ജയചന്ദ്രൻ ഉൾപ്പെടെ ഒട്ടേറെ പ്രമുഖരെ അഭിമുഖം നടത്തിയ സരോജിനി ശിവലിംഗത്തിനു യേശുദാസിനെ നേരിൽ കാണാൻ സാധിച്ചില്ലെന്ന ദുഃഖം ഉണ്ടായിരുന്നുവെന്നു മകൾ പറഞ്ഞു. ഗാനനിരൂപകൻ രവി മേനോൻ വഴി യേശുദാസുമായി ഫോണിൽ സംസാരിക്കാൻ സാധിച്ചതു മനോഹരമായ ഓർമയായിരുന്നുവെന്ന് അവർ  പറഞ്ഞിരുന്നു.

സരോജിനി ശിവലിംഗം അന്തരിച്ചു: എഴുപതുകളിൽ റേഡിയോ സിലോണിലെ മലയാളി ശബ്ദം 

റേഡിയോ സിലോണിലെ (ശ്രീലങ്കൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ) മലയാളി ശബ്ദമായിരുന്ന അനൗൺസർ സരോജിനി ശിവലിംഗം (88) അന്തരിച്ചു. 1971 മുതൽ 1983ൽ, ശ്രീലങ്കയിൽ കലാപം ആരംഭിക്കുന്നതു വരെ, മലയാളം പരിപാടികൾ അവതരിപ്പിച്ചിരുന്നു. വേറിട്ട അവതരണശൈലികൊണ്ടു ശ്രദ്ധേയയായ സരോജിനി ദിവസേന വൈകിട്ട് 3.30 മുതൽ 4 വരെ റേഡിയോ സിലോണിൽ മലയാളികൾ കാത്തിരുന്ന ശബ്ദമായി. 

അക്കാലത്തു റേഡിയോ സിലോണിന്റെ മലയാളം പരിപാടികൾ കേരളത്തിലും ലഭ്യമായിരുന്നു. മാരിവില്ല്, ശബ്ദലഹരി, രാഗസംഗമം, വനിതാരംഗം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ച സരോജിനിക്കു ലോകം മുഴുവൻ ആരാധകരുണ്ടായിരുന്നു.പാലക്കാട് കൊടുവായൂർ കാക്കയൂർ കൂട്ടാല വിശാലാക്ഷിയമ്മയുടെയും പൂനാത്ത് ദാമോദരൻ നായരുടെയും മകളായ സരോജിനിയെ, ശ്രീലങ്കയിൽ നിന്നു പഠനത്തിനായി ചെന്നൈയിലെത്തിയ ആർ.ആർ. ശിവലിംഗം വിവാഹം ചെയ്യുകയായിരുന്നു. 

അധ്യാപകനും കൊളംബോയിലെ പ്രശസ്ത അഭിഭാഷകനുമായ ശിവലിംഗത്തിനൊപ്പം ശ്രീലങ്കയിൽ താമസമാക്കിയപ്പോഴാണ് റേഡിയോയിൽ അവതാരകയായത്.  എൺപതുകളുടെ തുടക്കത്തിൽ ശ്രീലങ്കയിൽ അശാന്തി പടർന്നതോടെ പാലക്കാട്ടേക്കു മടങ്ങി. 1999ൽ ശിവലിംഗം അന്തരിച്ച ശേഷം കോയമ്പത്തൂരിലായിരുന്നു താമസം.  മക്കൾ: ഇരട്ടക്കുട്ടികളായ ശ്രീധരൻ (യുഎസ്), പരേതനായ ദാമോദരൻ, രോഹിണി. മരുമക്കൾ: അർഷിണി, രാധിക.

Tags:
  • Spotlight