Friday 03 December 2021 10:54 AM IST : By സ്വന്തം ലേഖകൻ

കുരുന്നു ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിനിടെ പ്രതിഫലം വാങ്ങാൻ തോന്നിയില്ല; കാരുണ്യത്തിന്റെ മുഖമായി ആംബുലൻസ് ഡ്രൈവർ സത്താർ

kollam-ambulance-driver-help.jpg.image.845.440

ഒരു കുരുന്നു ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിനു പ്രതിഫലം വാങ്ങാൻ സത്താറിനു തോന്നിയില്ല. ആംബുലൻസ് ഡ്രൈവർ എന്നാൽ തൊഴിൽ മാത്രമല്ല, കാരുണ്യത്തിന്റെ മറ്റൊരു മുഖം കൂടിയാണെന്നു തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. കൊട്ടിയത്ത് എസ്‌വൈഎസിന്റെ ഖാദിസിയ്യ ആംബുലൻസ് ഡ്രൈവറാണ് സത്താർ. നിശ്ചിത സമയത്തിനുള്ളിൽ ആശുപത്രിയിൽ എത്തിക്കുക മാത്രമല്ല ബന്ധുക്കൾക്ക് വേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്തു.  

ഇന്ധനച്ചെലവു പോലും വാങ്ങാതെയാണു മടങ്ങിയതും. തിങ്കളാഴ്ച രാവിലെ 10.30ന് ആണ് സത്താറിനു ഫോൺ വിളി വന്നത്. ശൂരനാട് സ്വദേശി സഞ്ജുവിന്റെ ഒൻപത് മാസം പ്രായമുള്ള ആൺകുട്ടിയെ അപസ്മാരത്തിനെത്തുടർന്നു ശൂരനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നു ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കാനായിരുന്നു ആ വിളി.

ഉടൻ കുട്ടിയുമായി ആശുപത്രിയിലെത്തി. ഡോക്ടർമാർ അടിയന്തര ചികിത്സ നൽകി. ഏറെ കഴിഞ്ഞിട്ടും കുട്ടിയുടെ അവസ്ഥയിൽ പുരോഗതിയുണ്ടായില്ല. അപസ്മാരം വീണ്ടും വരാനുള്ള സാധ്യതയുണ്ടെന്നു ഡോക്ടർമാർ പറഞ്ഞതോടെ കുട്ടിയെ എത്രയും വേഗം തിരുവനന്തപുരം എസ്എടി ആശുപത്രിയിലെത്തിക്കുക എന്ന ദൗത്യം സത്താർ ഏറ്റെടുത്തു. 

12.45നു ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽനിന്ന് ആംബുലൻസ് പാഞ്ഞു. ഗതാഗത തടസ്സം ഒഴിവാക്കാൻ പൊലീസിന്റെയും ആംബുലൻസ് അസോസിയേഷന്റെയും സഹായവും ഉണ്ടായിരുന്നു. അതിനിടെ കുഞ്ഞിന്റെ ശരീരോഷ്മാവ് കൂടാൻ തുടങ്ങി. യാത്രയിൽത്തന്നെ ഏതു സമയവും അടുത്ത അപസ്മാരം ഉണ്ടാകാനുള്ള സാധ്യത, ജീവനു തന്നെ  ഭീഷണിയാകുമെന്ന ആശങ്ക– ഇതെല്ലാം മറികടന്ന്,  55 മിനിറ്റ് കൊണ്ട് എസ്എടി ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിനെ വളരെ വേഗം ആശുപത്രിയിൽ എത്തിക്കാനും വിദഗ്ധ ചികിത്സ നൽകാനും കഴിഞ്ഞതിന്റെ ആശ്വാസത്തിലാണു സത്താർ. കുഞ്ഞിന്റെ മാതാപിതാക്കൾക്ക് അത്യാവശ്യ സാധനങ്ങൾ വാങ്ങിനൽകുകയും ചെയ്തു.

Tags:
  • Spotlight