Friday 09 April 2021 11:47 AM IST : By സ്വന്തം ലേഖകൻ

‘നിന്നെ എനിക്ക്‌ ഇഷ്ടമാണ്‌ എന്ന ഒരു വാക്ക്,‌ നിനക്ക്‌ എന്നെ ഇഷ്ടമാണോ എന്ന ചോദ്യം; പിന്നെയാവട്ടെ എന്ന് മാറ്റിവച്ചിരിക്കുന്ന സനേഹത്തെക്കുറിച്ച്‌ മാത്രം ആലോചിക്കൂ..’: കുറിപ്പ്

sathbbnn656455677

"അൽപം വർണപ്പകിട്ടുള്ളതും വിലകൂടിയതുമായ ഒരു സാരിയും ആഭരണങ്ങളും മുല്ലപ്പൂവും പതിവിൽ അൽപം കൂടിയ ഇത്തിരി മേക്കപ്പും ഒക്കെ ഒരു കല്യാണ വീട്ടിലേക്ക്‌ ഓക്കേയാണ്‌.. പക്ഷേ ആ വേഷത്തിൽ നിങ്ങൾ ഓഫീസിലേക്ക്‌ പോകുമോ? യൂണിഫോമിട്ടുകൊണ്ട്‌ ഒരു പൊലീസുകാരൻ അവന്റെ സുഹൃത്തിന്റെ ബാച്ചിലർ പാർട്ടിക്ക്‌? ഷട്ടിൽ കളിക്കാൻ പോയ അതേ വേഷത്തിൽ കുട്ടികളുടെ പിടിഎ മീറ്റിങ്ങിന്‌ പോകുമോ ഒരാൾ? ഉറങ്ങുന്ന നേരമിട്ട രാത്രിവേഷത്തിൽ അമ്പലത്തിലേക്ക്‌ പോകുമോ..? ചുരുങ്ങിയ പക്ഷം പുറത്തേക്ക്‌ എന്നും. വീട്ടിലിടാനുള്ളത്‌ എന്നും രണ്ടായെങ്കിലും തിരിച്ചിട്ടുണ്ടാവില്ലേ നിങ്ങളുടെ വസ്ത്രങ്ങളെ മനസുകൊണ്ടെങ്കിലും നിങ്ങൾ? പക്ഷേ,  ഒന്ന് ഓർത്തു നോക്കൂ.. എല്ലാത്തരം വസ്ത്രങ്ങളും അവസരത്തിന്‌ ചേരുന്നതായ ഒരിടമുണ്ടോ ഭൂമിയിൽ?"- സതീഷ് കുമാർ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്. 

സതീഷ് കുമാർ പങ്കുവച്ച കുറിപ്പ് വായിക്കാം; 

അവസരങ്ങൾക്ക്‌ അനുസരിച്ച്‌ വസ്ത്രം ധരിക്കുന്ന ഒരാളാണോ നിങ്ങൾ? അതായത്‌ ധരിക്കുന്ന വസ്ത്രങ്ങൾ നാം പോകുന്ന ഇടത്തിന്റെ ഔചിത്യമനുസരിച്ച്‌ തിരഞ്ഞെടുക്കുന്ന ഒരാൾ? അങ്ങനെയാവാതെ തരമില്ല, സാധാരണ മനുഷ്യർ ശീലിപ്പിക്കപ്പെട്ടിരിക്കുന്നത്‌ അങ്ങനെയാണ്‌..

അൽപം വർണപ്പകിട്ടുള്ളതും വിലകൂടിയതുമായ ഒരു സാരിയും ആഭരണങ്ങളും മുല്ലപ്പൂവും പതിവിൽ അൽപം കൂടിയ ഇത്തിരി മേക്കപ്പും ഒക്കെ ഒരു കല്യാണ വീട്ടിലേക്ക്‌ ഓക്കേയാണ്‌.. പക്ഷേ ആ വേഷത്തിൽ നിങ്ങൾ ഓഫീസിലേക്ക്‌ പോകുമോ? യൂണിഫോമിട്ടുകൊണ്ട്‌ ഒരു പോലീസുകാരൻ അവന്റെ സുഹൃത്തിന്റെ ബാച്ചിലർ പാർട്ടിക്ക്‌? ഷട്ടിൽ കളിക്കാൻ പോയ അതേ വേഷത്തിൽ കുട്ടികളുടെ പി ടി എ മീറ്റിങ്ങിന്‌ പോകുമോ ഒരാൾ? ഉറങ്ങുന്ന നേരമിട്ട രാത്രിവേഷത്തിൽ അമ്പലത്തിലേക്ക്‌ പോകുമോ..? ചുരുങ്ങിയ പക്ഷം പുറത്തേക്ക്‌ എന്നും. വീട്ടിലിടാനുള്ളത്‌ എന്നും രണ്ടായെങ്കിലും തിരിച്ചിട്ടുണ്ടാവില്ലേ നിങ്ങളുടെ വസ്ത്രങ്ങളെ മനസുകൊണ്ടെങ്കിലും നിങ്ങൾ?

പക്ഷേ,  ഒന്ന് ഓർത്തുനോക്കൂ.. എല്ലാത്തരം വസ്ത്രങ്ങളും അവസരത്തിന്‌ ചേരുന്നതായ ഒരിടമുണ്ടോ ഭൂമിയിൽ? അല്ലെങ്കിൽ ഒരു വേഷവും അനുചിതം‌ ആവാത്ത ഒരിടം...? ഉണ്ട്‌ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളാണ്‌ അവ. അവിടെ എത്തുന്നവരൊക്കെയും അവിടേക്കായി ‌പുറപ്പെട്ടവരല്ലാത്ത ഒരു അത്ഭുതസ്ഥലം കൂടിയാകുന്നു ആ എമർജ്ജൻസി യൂണിറ്റുകൾ (അവിടുത്തെ ജീവനക്കാരെ തത്ക്കാലം മറക്കൂ) ഇനി നോക്കൂ.. 

ഏതൊക്കെയോ ഇടങ്ങളിലേക്ക്‌ എന്ന് പുറപ്പെട്ട മനുഷ്യരാണ്‌ അവരിൽ സകലരും അതിനാൽ തന്നെ അത്രയും തരം വേഷങ്ങളും നിമിഷങ്ങൾക്ക്‌ മുൻപ്‌ ജീവിതത്തിന്റെ ആ ഒരു തിരിവിനപ്പുറത്ത്‌ വേറെ എന്തൊക്കെയോ ആയിരുന്ന മനുഷ്യരാണിവർ.. മനസ്‌ കൊണ്ടും വേഷങ്ങൾ കൊണ്ടും സമാനതകളില്ലാത്തവണ്ണം വ്യത്യസ്തരായിരുന്നവർ ഒഫീസിലേക്കിറങ്ങും മുൻപ്‌ കണ്ണാടിയിൽ പലവട്ടം നോക്കി , തന്റെമേൽ വീഴാറുള്ള ഒരുവന്റെ സ്നേഹനോട്ടങ്ങളെയോർത്ത്‌ മനസിൽ പുഞ്ചിരിച്ചുകൊണ്ട്‌ പടിയിറങ്ങിയവൾ, വയസായി വയ്യാതെയായ അമ്മയെ ഒന്ന് കണ്ടിട്ട്‌ വരാമെന്ന് തന്റെ തിരക്കുകളിൽ നിന്ന് തിടുക്കപെട്ട്‌ ഇറങ്ങിയ ഒരുവൻ..

പെട്ടി നിറയെ പണവുമായി പുതിയൊരു കച്ചവടത്തിന്റെ കരാറിലേക്ക്‌ പോയവൻ ആയുസും ആരോഗ്യവും നിലനിർത്താനെന്ന് ഒരു പ്രഭാത നടത്തത്തിന്റെ പ്രസരിപ്പിലേക്ക്‌ ആഹ്ലാദത്തൊടെ ഇറങ്ങിയവൻ വൈകിയല്ലോ എന്ന് വെപ്രാളപ്പെട്ട്‌ ബസ്‌ കാത്തുനിന്ന വീട്ടു ജോലിക്കാരി ഇഷ്ടക്കാരിയുടെ കിടപ്പറയിലേക്ക്‌ മനസിൽ നിറയെ മധുരവുമായി ഡ്രൈവ്‌ ചെയ്യുകയായിരുന്ന ഒരു ജാരൻ, സ്കൂളിലേക്ക്‌ പുറപ്പെട്ട പുലരിയുടെ പ്രസരിപ്പുള്ള ഒരു കൊച്ച്‌ പെൺകുട്ടി, ട്രഷറിയിലേക്ക്‌ പുറപ്പെട്ട നടക്കാൻ പ്രയാസമുള്ള ആ വൃദ്ധൻ, ശസ്ത്രക്രിയ നടത്തിക്കൊണ്ടിരുന്ന ആ പ്രശസ്തനായ സർജ്ജൻ... മദ്യശാലയിൽ നിന്ന് മടങുകയായിരുന്ന നിരാശനായ ആ യുവ കവി.. ഭാവന ചെയ്താൽ ഒരു ഒതുക്കവുമില്ലാതെ മനസിലേക്ക്‌ തള്ളിക്കയറി വരുന്ന എത്രയെത്ര മനുഷ്യർ..

ഏതൊക്കെയൊ വേഷങ്ങളിൽ,ഏതൊക്കെയൊ വിചാരങ്ങളിൽ എങ്ങൊട്ടൊക്കെയോ പുറപ്പെട്ട മനുഷ്യർ.. ഒരു ഹാർട്ട്‌ അറ്റാക്ക്‌ , ഒരു സ്റ്റ്രോക്ക്‌ , ഒരപകടം.. ജീവിതങ്ങൾ മാറിമറിയാൻ അരനിമിഷം തികച്ച്‌ വേണ്ട അല്ലേ..? അപകടകരം എന്ന് നാം ധരിച്ചുവെച്ചിരിക്കുന്ന പ്രവർത്തികൾക്കിടയിൽ മരിച്ചു പോയ മനുഷ്യരുടെ എത്ര ഇരട്ടിവരുമെന്നോ ഉറങ്ങുമ്പോൾ മരിച്ചു പോയവർ ? നിങ്ങൾ വെറുതേ മനസിൽ ഒന്ന് ആലോചന ചെയ്ത്‌ നോക്കൂ.. നിങ്ങൾക്ക്‌ പ്രിയപ്പെട്ടതോ പരിചയമുള്ളതോ ആയ ഒരാളുടെ ജീവിതം ഈ വിധം കീഴ്മേൽ മറിയുന്ന ആ നേരം അയാൾ എന്ത്‌ ചെയ്യുകയായിരുന്നു എന്ന്?

അല്ലെങ്കിൽ ഞാൻ ഇത്‌ എഴുതിക്കൊണ്ടിരിക്കുകയോ നിങ്ങൾ വായിച്ചുകൊണ്ടിരിക്കുകയോ ചെയ്യുന്ന ഏതാനും നിമിഷങ്ങളിൽ എത്ര മനുഷ്യരുടെ ജീവിതം തിരിച്ചെടുക്കാൻ കഴിയാത്ത വിധം തകർന്നു പോയിട്ടുണ്ടാവും എന്ന്? ജീവിതമെന്നാൽ നാം കരുതും പോലെ അതിദീർഘമായ ഒന്നല്ല എന്ന് പറയുവാൻ വേണ്ടി മാത്രമാണ്‌ ഈ കുറിപ്പ്‌. പിന്നേക്ക്‌ എന്ന് ഒന്നിനേയും മാറ്റിവെക്കാൻ സമയമില്ലാത്ത അത്രയും ഹ്രസ്വമായ ഒന്ന്. മോട്ടിവേഷണൽ പുസ്തകങ്ങൾ പറഞ്ഞ്‌ പറഞ്ഞ്‌ വഷളാക്കി വച്ച ഒരു വിഷയമാണ്‌ എന്നതിനാൽ ഞാൻ അതിനെപ്പറ്റി  ഉപന്യസിച്ച്‌ അരപ്പുറം പോലും കവിയാൻ ഉദ്ദേശിക്കുന്നില്ല.

നിങ്ങളുടെ വലിയ സ്വപ്നങ്ങളേയും ജീവിത ലക്ഷ്യങ്ങളേയും വിട്ടേക്കൂ.. പകരം നാം പലകാരണങ്ങളാൽ പറയാതെയും പ്രകടിപ്പിക്കാതെയും പിന്നെയാവട്ടെ എന്ന് മാറ്റിവെച്ചിരിക്കുന്ന സനേഹത്തെക്കുറിച്ച്‌ മാത്രം തത്ക്കാലം ആലോചിക്കൂ.. അനാവശ്യമായ ഈഗോ കൊണ്ട്‌ നാം പറയാതെ മാറ്റിവച്ചിരിക്കുന്ന ഒരു ക്ഷമാപണം, നിന്നെ എനിക്ക്‌ ഇഷ്ടമാണ്‌ എന്ന ഒരു വാക്ക്‌ നിനക്ക്‌ എന്നെ ഇഷ്ടമാണോ എന്ന ഒരു ചോദ്യം. ഞാനുണ്ട്‌ കൂടെ എന്ന ഐക്യദാർഡ്യം.. നിനക്കായി എനിക്ക്‌‌ ചെയ്യാൻ കഴിയുന്ന എന്തെങ്കിലുമുണ്ടോ എന്ന ഒരു സന്നദ്ധത... അതിനെങ്കിലും ദയവായി മടിച്ചു നിൽക്കാതിരിക്കൂ..

നാളെ ഇതേ പോലത്തെ നിങ്ങൾ ഉണ്ടായിക്കൊള്ളണമെന്നില്ല. നമ്മെ ഭൂമിയിൽ നടാനും പിഴുതെടുക്കുവാനും അവൻ നിശ്ചയിച്ചിട്ടുള്ള സമയത്തെ നമുക്ക്‌ സ്വാധീനിക്കുക സാധ്യമല്ല എന്ന ബൈബിൾ വചനത്തെ ഓർക്കുക. വായിച്ചു കഴിഞ്ഞാൽ ഒരു നിമിഷം കണ്ണടച്ചിരിക്കുക, ഫോൺ കൈയിലെടുത്ത്‌ ദീർഘകാലമായി നിങ്ങൾ സംസാരിക്കാറില്ലാത്ത ഒരുവനെ/ഒരുവളെ വിളിക്കുക, അപരൻ പ്രതീക്ഷിക്കാത്ത സമയത്ത്‌ ഒരു പ്രത്യേക കാര്യത്തിനുമല്ലാത്ത ഒരു ഫോൺ വിളി എന്നാൽ അത്‌ നിർമ്മലമായ ഒരു സ്നേഹ പ്രകടനമാകുന്നു. ആകാശത്ത്‌ മഴവില്ലു കണ്ട ഒരു കുട്ടിയേപ്പോലെ അത്‌ നിങ്ങളുടെ മനസിനെ പ്രസരിപ്പുള്ളതാക്കും..

ഇന്നേക്ക്‌ ഇത്രയേ ഉള്ളൂ.. അവനവന്‌ സാധിക്കാത്ത ഉദ്ബോധനങ്ങൾ അന്യരിലേക്ക്‌ വാരിവിതറുന്നത്‌ എനിക്കത്ര ഇഷ്ടമുള്ള കാര്യമൊന്നുമല്ല എന്നറിയുക പക്ഷേ ഇന്നലെ സന്ധ്യക്ക്‌ പട്ടണത്തിലൂടെ വരുമ്പോൾ പതിവില്ലാത്ത വിധം അധിക എണ്ണം ആംബുലൻസുകൾ എന്റെ വണ്ടിയെ കടന്നുപോയി. ജീവിതം തിളക്കുന്ന നഗരത്തിന്റെ വൈകുന്നേരത്തിരക്കിലൂടെ ആ അത്യാഹിത വാഹനങ്ങൾ പൊതിഞ്ഞുകൊണ്ടോടുന്ന മനുഷ്യ ജീവിതങ്ങളെകുറിച്ച്‌ ‌ ഓർത്ത്‌ കിടന്ന ഒരു രാത്രി എന്നെക്കൊണ്ട്‌ ഇത്രയും എഴുതിച്ചതാണ്‌..

എന്റെ വാക്കുകൾ കേട്ട്‌ നിങ്ങൾ വിളിക്കുവാൻ തീരുമാനിക്കുന്ന ചങ്ങാതിമാരുടെ കൂട്ടത്തിൽ എന്നെയും കൂടി കൂട്ടിയാൽ സന്തോഷമായി എന്നുകൂടി പറഞ്ഞു കൊണ്ട്‌ കുറിപ്പ്‌ അവസാനിപ്പിക്കുന്നു. 

നന്ദി.

Tags:
  • Spotlight
  • Social Media Viral