Friday 22 February 2019 02:52 PM IST : By സ്വന്തം ലേഖകൻ

സെയിൽസ്മാനും കാഷ്യറുമില്ല, ഇഷ്ടമുള്ളത് എടുക്കാം, പണമിടേണ്ടത് കടയിൽ വച്ചിട്ടുള്ള പെട്ടിയിൽ! ‘വിശ്വാസം അതല്ലേ എല്ലാ’മെന്ന് കൊച്ചിയിലെ വേറിട്ട കടയും നടത്തിപ്പുകാരും

store-new

ഇതല്‍പ്പം കടന്നു പോയില്ലേയെന്നു ചിലർക്കെങ്കിലും തോന്നാം. അതായത്, ഒരു കട. അവിടെ കയറി ആവശ്യമുള്ള സാധനങ്ങൾ ആർക്കു വേണമെങ്കിലും എടുക്കാം. സെയിൽസ്മാനുണ്ടാകില്ല. അതു മാത്രമല്ല രസം, സാധനമെടുക്കുന്നവരോട് പണം ചോദിക്കാനോ വാങ്ങാനോ കാഷ്യറുമുണ്ടാകില്ല എന്നതാണ്.

ആളുകളുടെ സത്യസന്ധതയെ ബഹുമാനിക്കുന്ന ഈ കടയിൽ ഇഷ്ടമുള്ള സാധനമെടുത്ത ശേഷം വില കടയില്‍ വച്ചിരിക്കുന്ന പെട്ടിയിലിട്ടാൽ മതി. എങ്ങനെയുണ്ട് സംഗതി...

ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റാണ് കൊച്ചി പനമ്പിള്ളി നഗറില്‍ സത്യം കട എന്ന പേരില്‍ ഈ സംരംഭം തുടങ്ങിയിരിക്കുന്നത്. മേജര്‍ രവിയായിരുന്നു ഉദ്ഘാടകൻ.

ട്രസ്റ്റിന്റെ ഏറ്റവും വലിയ പദ്ധതിയായ സായി ഗ്രാമത്തില്‍ നിര്‍മിച്ച ഉൽന്നങ്ങളാണ് ഈ കടയില്‍ വില്‍പ്പനയ്ക്കെത്തുക. നിരീക്ഷണ ക്യാമറകളോ അത്തരം സംവിധാനങ്ങളോ കടയിലുണ്ടാകില്ല.

ആരും സ്വന്തം മനഃസാക്ഷിയെ വഞ്ചിക്കില്ലെന്നും ആരുടേയും പ്രേരണയില്ലാതെ, സമ്മര്‍ദ്ദങ്ങളില്ലാതെ പെരുമാറുമെന്നുമുള്ള വിശ്വാസത്തിലാണ് കട തുടങ്ങുന്നതെന്നും ഇതിനുള്ളില്‍ പണത്തിന്റെ കണക്കെടുപ്പല്ല, ഇന്നത്തെ മനുഷ്യ മനഃസാക്ഷിയുടെ പ്രതിഫലനം കാണാനാകുമെന്നും ട്രസ്റ്റ് സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.എന്‍ ആനന്ദകുമാര്‍ പറഞ്ഞു.

രാവിലെ പത്തു മുതല്‍ അഞ്ചുവരെയാണ് കടയുടെ പ്രവര്‍ത്തനം. ഇവിടെ നിന്ന് എന്തു നഷ്ടമായാലും അത് അനാഥരുടെയാണെന്ന ബോര്‍ഡും കടയിലുണ്ട്.