Thursday 29 August 2024 04:42 PM IST : By സ്വന്തം ലേഖകൻ

മൂന്നു ദിവസമായി അനക്കമില്ലാതെ അമ്മ, അച്ഛന്‍ ജീവനൊടുക്കി; നിര്‍ത്താതെ കരഞ്ഞു അഞ്ച് വയസുകാരി! സൗദിയിൽ ദമ്പതികൾ മരിച്ചനിലയിൽ

kollam-couple-found-dead-in-al-khobar-tukhba-saudi

സൗദി അറേബ്യയിലെ ദമാം അൽകോബാർ തുഖ്ബയിൽ കൊല്ലം സ്വദേശികളായ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ത്രിക്കരുവ സ്വദേശി അനൂപ്‌ മോഹന്‍ (37) ഭാര്യ രമ്യമോള്‍ (28) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അനൂപ് മോഹനനെ തൂങ്ങിമരിച്ച നിലയിലും രമ്യയെ കിടക്കയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. 

ഇവരുടെ അഞ്ചു വയസ്സുള്ള മകൾ ആരാധ്യയുടെ കരച്ചില്‍ കേട്ട അയല്‍വാസികള്‍ എത്തിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്ന അനൂപ്‌ മോഹനനെയും അതിനടുത്തുള്ള കട്ടിലില്‍ മരിച്ചുകിടക്കുന്ന രമ്യമോളുടെയും മൃതദേഹങ്ങള്‍ കണ്ടത്. അല്‍കോബാര്‍ പൊലീസ് എത്തി ആരാധ്യയോട് വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. 

തലയണ മുഖത്തമര്‍ത്തി ശ്വാസംമുട്ടിച്ചു ഈ കുഞ്ഞിന്റെ ജീവനെടുക്കാനും ശ്രമം നടത്തിയതായും കുഞ്ഞിന്റെ കരച്ചിലിനെ തുടര്‍ന്ന് അച്ഛന്‍ ഇറങ്ങിപ്പോയതായും സൂചനയുണ്ട്. പിന്നീട് അച്ഛന്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടതോടെ കുഞ്ഞു വീണ്ടും കരയുകയായിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി അമ്മ ഒന്നും മിണ്ടാതെ കിടക്കുകയായിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്. ‍

അമ്മയുടെ മരണം നേരത്തെ നടന്നിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്. പോസ്റ്റു‌മോര്‍ട്ടത്തിനു ശേഷം മാത്രമേ രമ്യയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അറിയാനാകുവെന്ന് പൊലീസ് അറിയിച്ചു.

Tags:
  • Spotlight