Monday 22 April 2019 10:58 AM IST : By സ്വന്തം ലേഖകൻ

കുഴഞ്ഞു വീണ് അബോധാവസ്ഥയിൽ; സൗദി ആശുപത്രിയിൽ ഐസിയുവിൽ കരുണ കാത്ത് മലയാളി യുവാവ്!

vasudevan-saudi

ദമാം താമസസ്ഥലത്ത് കുഴഞ്ഞ് വീണ് ഖതീഫിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശി വാസുദേവന്‍(47) സുമനസ്സുകളുടെ സഹായം തേടുന്നു. പ്രമേഹവും രക്തസമ്മർദവും കൂടിയതിന്റെ ഫലമായി രാത്രിയിൽ കുഴഞ്ഞു വീണ ഇദ്ദേഹം രണ്ടാഴ്ചയായി ഐസിയുവില്‍ അബോധാവസ്ഥയിലാണ്‌. ആദ്യ അഞ്ചുദിവസം വെന്റിലേറ്ററിലായിരുന്നു. 

താമസിക്കുന്ന മുറിയിൽ നിലത്തു വീണ ഇദ്ദേഹത്തെ ഉടൻ തന്നെ സുഹൃത്തുക്കൾ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പഴയ സ്പോൺസർ മരണപ്പെട്ടതിനാൽ ഒരു വർഷം മുമ്പാണ്‌ മറ്റൊരു സ്പോൺസറിലേക്ക്‌ വീസ മാറിയതെങ്കിലും ഇതുവരെയും താമസ രേഖ(ഇഖാമ) ലഭിച്ചിട്ടില്ല എന്നത് ചികിൽസാ നടപടികൾക്ക്‌‌ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇൻഷുറൻസ്‌ കാർഡും ഇല്ലെന്നതാണ്‌ കൂടുതൽ വിനയായത്‌. 

നിയമപരമായ രേഖകൾ ശരിയാക്കാൻ തന്നെ ഭീമമായ തുക വരുമെന്ന് സാമൂഹിക പ്രവർത്തകനായ ഷാഫി വെട്ടം മനോരമ ഓൺലൈനിനോട്‌ പറഞ്ഞു. ദീർഘകാലമായി ഖതീഫിൽ പ്ലംബറായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ പുതിയ സ്‌പോണ്‍സറെക്കുറിച്ച് കൂടെയുള്ളവര്‍ക്കോ ബന്ധുക്കള്‍ക്കോ വിവരമില്ല. ആരോഗ്യ ഇന്‍ഷുറന്‍സില്ലാത്തതിനാല്‍ ഭീമമായ സംഖ്യയാണ് ഓരോ ദിവസവും ആശുപത്രിയില്‍ ചെലവ് വരുന്നത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനാൽ ചിലപ്പോൾ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ്‌ ഡോക്ടർമാർ പറയുന്നത്‌. 

മുൻകൂർ പണമടക്കുകയോ അടക്കാമെന്ന് ഒരാൾ ജാമ്യം നിൽക്കുകയോ ചെയ്താൽ മാത്രമേ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക്‌ നീങ്ങാൻ ആശുപത്രി അധികൃതർക്ക്‌ കഴിയൂ. അത്ര ആശാവഹമല്ലാത്ത ആരോഗ്യ സ്ഥിതിയിൽ പെട്ടെന്ന് തീരുമാനം അറിയിക്കേണ്ടതായും ഉണ്ട്‌. ഇതിന് വന്‍ തുക ചെലവ് വരും. സാമ്പത്തികമായി ബുന്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുടുംബമാണ് വാസുദേവന്റേത്. നിലവിൽ ഒരാഴ്ചത്തെ ആശുപത്രി ബിൽ തന്നെ താങ്ങാവുന്നതിലപ്പുറമാണ്‌. വിഷയത്തിൽ ഇടപെട്ട ഖതീഫിലെ സാമൂഹ്യ പ്രവര്‍ത്തകനായ ഷാഫി വെട്ടം, ഷാജഹാന്‍ കൊടുങ്ങല്ലൂര്‍, റഈസ് കടവില്‍ എന്നിർ ആശുപത്രി സന്ദര്‍ശിക്കുകയും ചികില്‍സ മുമ്പോട്ട് കൊണ്ട് പോകാനുള്ള ശ്രമം തുടരുകയും ചെയ്തിട്ടുണ്ട്‌. 

റിയാദിലുള്ള വാസുദേവന്റെ അനുജന്‍ സുരേന്ദ്രനെ വിളിച്ച്‌ വരുത്തുകയും നാട്ടിലെ ഭാര്യയുമായും അടുത്ത ബന്ധുക്കളുമായും സംസാരിച്ച് തുടർ നടപടികൾ നീക്കുന്നുണ്ട്‌. വിഷയം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍ പെടുത്തുകയും എംബസി ഇതിനായി ഷാഫി വെട്ടത്തിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എത്രയും വേഗം ഇദ്ദേഹത്തിന്റെ സ്‌പോണ്‍സറെ കണ്ടെത്താനും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ചികിൽസ മാറ്റാനുമാണ് തങ്ങളുടെ ശ്രമമെന്ന് സാമൂഹ്യ പ്രവർത്തകർ പറഞ്ഞു. നാട്ടിൽ മകളുമായി നിരന്തരം ആശയം വിനിമയം നടത്തുന്നുണ്ടെന്നും ലഭ്യമായ മെഡിക്കൽ രേഖകൾ അയച്ചു നൽകി കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഇടപെടലിനായി ശ്രമം നടക്കുന്നുണ്ടെന്നും ഷാഫി അറിയിച്ചു. ഗിരിജയാണ് ഭാര്യ. മക്കൾ: അശ്വിന്‍, അശ്വനി. വാസുദേവനെ സഹായിക്കാന്‍  ആഗ്രഹിക്കുന്നവർ ഷാഫി വെട്ടത്തിന്റെ 0567112719 എന്ന നമ്പറില്‍ ബന്ധപ്പെടാം.

more...