Tuesday 19 January 2021 03:41 PM IST : By സ്വന്തം ലേഖകൻ

‘എത്ര പൊന്നും പണവുമായി വന്നാലും അവൾക്ക് മരണം വരെയും സ്വന്തമായി വീടുമില്ല, സൗകര്യത്തിന് ഒന്നുറങ്ങാൻ പോലും കഴിഞ്ഞിട്ടുമില്ല എന്നത് യാഥാർഥ്യം’; കുറിപ്പ്

saummyy5566667888899

‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ എന്ന സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലെങ്ങും. പെണ്ണിന്റെ ജീവിതം അടുക്കളയില്‍ ഒതുങ്ങേണ്ട ഒന്നല്ല എന്ന് ചിത്രം ഓര്‍മ്മിപ്പിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട് സൗമ്യ ചന്ദ്രശേഖരന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്. 

സൗമ്യ ചന്ദ്രശേഖരന്‍ പങ്കുവച്ച കുറിപ്പ് വായിക്കാം;

കഴിച്ച പാത്രം സ്വയം കഴുകി വെക്കാത്ത, എച്ചിൽ പോലും തിരിച്ചു പറക്കി ഇടാത്ത.. ഒരു ഗ്ലാസ്സ് വെള്ളം തനിയെ എടുത്തു കുടിക്കാത്ത., അടിവസ്ത്രം സ്ത്രീകളെ കൊണ്ട് കഴുകിക്കുന്ന, ഇത്തിരി നേരം അടുക്കളയിൽ നിന്നാൽ അത് ആണുങ്ങളുടെ അഭിമാനത്തിന് ചേർന്നതല്ല എന്ന് ചിന്തിക്കുന്ന... എല്ലാ ജോലികളും പെണ്ണുങ്ങൾ തന്നെ ചെയേണ്ടതാണ് എന്ന് സ്ഥാപിച്ചു വെക്കുന്ന ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ആളുകളുടെ മുഖത്ത് തന്നെയാണ് സിങ്കിലെ അഴുക്ക് വെള്ളം വന്നു വീഴുന്നത്.

തൂത്തും തുടച്ചും വച്ചും വിളമ്പിയും അടിവസ്ത്രം വരെ കഴുകിയും ദിവസത്തിന്റെ അവസാനം ക്ഷീണിച്ചു തളർന്നു വന്നു കിടന്നു തരുന്നവളോട് യാതൊരു പരിഗണനയും നൽകാതെ "എനിക്കും കൂടി തോന്നണ്ടേ ഫോർ പ്ലേക്ക് " എന്ന് മുഖത്തടിച്ചപോലെ പറയുമ്പോൾ അവൾ അയാളുടെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി മാത്രമുള്ള യന്ത്രം മാത്രമായി തീരുകയാണ്.

"എന്റെ വീട് എന്റെ സൗകര്യം. എനിക്ക് തോന്നുന്നത് ഞാൻ ചെയ്യും" എന്നത് ആണഹന്തയുടെ അങ്ങേ അറ്റത്തു നിന്ന് പല വീടുകളിലും മുഴങ്ങി കേൾക്കുന്ന  ഡയലോഗാണ്. നേരെ തിരിച്ചു പെണ്ണുങ്ങൾ എത്ര കഷ്ട്ടപെട്ടിട്ടും പൊന്നും പണവുമായി വന്നിട്ടും അവൾക്ക് മരണം വരെയും സ്വന്തമായി വീടുമില്ല അവളുടെ സൗകര്യത്തിന് ഒന്നുറങ്ങാൻ പോലും കഴിഞ്ഞിട്ടുമില്ല എന്നത് യാഥാർഥ്യം.

അവസാന ഭാഗത്തു അനിയനോട് വെള്ളമെടുത്തു തനിയെ കുടിക്കാൻ പറഞ്ഞ് പൊട്ടിത്തെറിക്കുമ്പോൾ അത് വന്ന് കൊള്ളുന്നത് വെള്ളം എടുത്തു കൊടുക്കുകയും വായിൽ ഒഴിച്ചു കുടിപ്പിക്കുകയും ചെയ്തു വഷളാക്കി ഭാവി മരുമകൾക്ക് ബാധ്യതയാക്കി വളർത്തികൊണ്ടുവരുന്ന അമ്മമാരുടെ മുഖത്ത് തന്നെയാണ്.

ഒരു സിനിമ കൊണ്ടൊന്നും വല്ല്യ മാറ്റം വരാൻ പോകുന്നില്ല. എങ്കിലും  വലിയ രീതിയിൽ ചർച്ച ആകുവാൻ ഈ സിനിമയ്ക്ക് കഴിഞ്ഞു എന്നത് സന്തോഷം നൽകുന്നു. അഭിനന്ദനങ്ങൾ ജിയോ ബേബി ആൻഡ്‌ ടീം..  സ്ത്രീകൾക്ക് വേണ്ടി അതിശക്തമായ ഭാഷയിൽ ഈ സിനിമയിലൂടെ പ്രതികരിച്ചതിന്...

-TheGreatIndianKitchen... ✍️ Soumya Chandrasekharan

Tags:
  • Spotlight
  • Social Media Viral