Monday 26 August 2019 09:28 AM IST

‘ഇങ്ങനെയൊരു ഭീഷണിയുണ്ടെങ്കില്‍ പറയണമായിരുന്നു’; കണ്ണീർ തോരാത്ത വീട്ടിൽ മൂന്നു മക്കളെയും ചേർത്തുപിടിച്ച് ഒരച്ഛൻ!

Tency Jacob

Sub Editor

saumya-gghjjyt ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

‘ഇന്നു ഞാൻ വരണോ അമ്മേ, ഭയങ്കര ക്ഷീണം...’ സൗമ്യ അമ്മയെ ഫോൺ ചെയ്തശേഷം സ്കൂട്ടെറെടുത്തു മുന്നിലെ വഴിയിലേക്കിറങ്ങി. അവളുടെ വരവ് കാത്തു കിടന്നെന്ന പോലെ അയാൾ വന്നത് അവളെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാനായിരുന്നു. കാറിടിച്ചും, വടിവാളുകൊണ്ടു വെട്ടിയും, പെട്രോളൊഴിച്ചു തീകൊളുത്തിയും അയാൾ അവളുടെ മരണം ഉറപ്പാക്കി. ‘തനിക്കു കിട്ടിയില്ലെങ്കിൽ ആർക്കും വേണ്ട’ എന്നു കരുതുന്ന ക്രൂരരായ മാനസികരോഗികളാൽ കൊല്ലപ്പെട്ട സ്ത്രീകളിൽ, ഒടുവിൽ നറുക്കു വീണവൾ.

‘‘കൂടുതൽ നല്ല ജോലിക്കുവേണ്ടി പറ്റാവുന്ന എല്ലാ പിഎസ്‌സി പരീക്ഷയും എഴുതും. മരിക്കുന്ന അന്നു പോലും യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതി വന്നതാണ്. വേനൽക്കാലത്ത് കിണറിലെ വെള്ളം വറ്റിയതുകൊണ്ട് ക്ലാപ്പനങ്ങാട്ടെ സ്വന്തം വീട്ടിലായിരുന്നു സൗമ്യയും മക്കളും. അന്ന് കാലത്ത് ജോലിയും കഴിഞ്ഞ്, ഉച്ചയ്ക്ക് പരീക്ഷയ്ക്കുപോയി, വ ള്ളിക്കുന്നത്തെ വീട്ടിൽ നിന്ന് തുണികളെടുക്കാൻ എത്തിയതായിരുന്നു. ’’

മാവേലിക്കരയിൽ അജാസ് എന്ന സഹപ്രവർത്തകനാൽ കൊല്ലപ്പെട്ട വനിതാ സിവിൽ പൊലീസ് ഓഫിസർ സൗമ്യയുടെ വീട്ടിൽ, മരണം അനുചിതമായി കടന്നുവന്നതിന്റെ അലങ്കോലപ്പെടലുകൾ എല്ലായിടത്തും ചിതറിക്കിടന്നു. സൗമ്യയുടെ അച്ഛൻ പുഷ്ക്കരനും അമ്മ ഇന്ദിരയ്ക്കും ഇപ്പോഴും ദുരന്തം ഉൾക്കൊള്ളാനായിട്ടില്ല. അച്ഛനെ ചാരിയിരിക്കുന്ന മ ക്കൾ ഋഷികേശിന്റെയും ആദിദേവിന്റെയും കണ്ണുകളിലെ തിളക്കം കെട്ടുപോയിരിക്കുന്നു. മൂന്നരവയസ്സുള്ള ഋതിക മാത്രം കടലാസു കപ്പുകൾ കൊണ്ട് കൊട്ടാരമുണ്ടാക്കുന്ന തിരക്കിലായിരുന്നു. ഋതികയുടെ അച്ഛൻ സജീവ് ഒരു നിമിഷം അതു നോക്കിയിരുന്നു. പിന്നീട്, പറഞ്ഞതെല്ലാം ഓരോ സ്ത്രീയും അറിയുന്നതിനു വേണ്ടിയായിരുന്നു... 

ദൃഢനിശ്ചയമുള്ളവളായിരുന്നു...

‘‘സൗമ്യയ്ക്ക് ആദ്യം പൊലീസില്‍ ജോലി കിട്ടിയതാണ്. ടെസ്റ്റും ഇന്റർവ്യൂം എല്ലാം വിജയിച്ചു. പക്ഷേ, ഫിസിക്കൽ ടെസ്റ്റ് പാസ്സായില്ല. അക്കാലത്ത് നല്ല സങ്കടമുണ്ടായിരുന്നു. പിന്നീട് എന്നും കാലത്തെഴുന്നേറ്റ്  വീട്ടിൽത്തന്നെ ഓട്ടവും ചാട്ടവുമായി ഒരു മണിക്കൂർ പ്രാക്ടീസ് ചെയ്യും. ആൺമക്കളും കൂടെക്കൂടും. ഇനിയൊരു പരീക്ഷയിൽ തോൽക്കരുതെന്ന് നിർബന്ധമായിരുന്നു അവൾക്ക്. അത്രയ്ക്ക് സ്ഥിരോത്സാഹമുള്ള ഒരാളായിരുന്നു സൗമ്യ. അവളുടെ നിശ്ചയദാർഢ്യം വിജയം കണ്ടു. അടുത്ത തവണ പരീക്ഷ പാസായി. അന്നു നടന്ന ഫിസിക്കൽ ടെസ്റ്റിൽ ഒന്നാമതായി ക്വാളിഫൈ ചെയ്താണ് അവൾ ജോലി ഉറപ്പിക്കുന്നത്.

സൗമ്യ ഡിഗ്രിക്ക് പഠിക്കുന്ന സമയത്തായിരുന്നു ഞങ്ങളുടെ കല്യാണം. എന്റെയും അവളുടെയും ആദ്യത്തെ പെണ്ണുകാണലായിരുന്നു. മൂത്ത മകനെ ഗർഭം ധരിച്ച സമയമായതിനാൽ ഫൈനൽ  ഇയർ പരീക്ഷ എഴുതിയില്ല. പിന്നീട് വീട്ടിലിരുന്ന് പഠിച്ച് ഡിഗ്രി സെക്കൻഡ് ക്ലാസിൽ പാസായി.

ആഗ്രഹിച്ചു നേടിയതാണ്

റെയിൽവേയിൽ ജോലി കിട്ടണമെന്നായിരുന്നു സൗമ്യയുടെ ആഗ്രഹം. അതിനുവേണ്ടി ടെസ്റ്റുകൾ എഴുതാൻ സെക്കന്ദരാബാദ്, അഹമ്മദാബാദ്, ചെന്നൈ അങ്ങനെ പലയിടങ്ങളിലും ഞാൻ കൊണ്ടുപോയിട്ടുണ്ട്. കണ്ടക്ടർ ജോലി കിട്ടിയിട്ടും അതിനു പോകാൻ മടിച്ചു നിന്നപ്പോഴായിരുന്നു പൊലീസിൽ കിട്ടുന്നത്. ഒപ്പം തന്നെ എക്സൈസിലും ജോലി കിട്ടി. ഇതാണ് അവൾ തിരഞ്ഞെടുത്തത്.

തൃശൂരിലെ ക്യാംപിലായിരുന്നു ട്രെയിനിങ്. പിന്നീട് ആൺമക്കളെ സ്കൂളിൽ വിട്ടിരുന്നതും വീട്ടിലെ കാര്യങ്ങൾ ചെയ്തിരുന്നതും ഞാൻ തന്നെയായിരുന്നു. ആരും സഹായത്തിന് അന്നുണ്ടായിരുന്നില്ല. അവളുടെ ആഗ്രഹം പോലെ കിട്ടിയ ജോലിയല്ലേ. മക്കൾ ചെറിയ കുട്ടികളായിരുന്നപ്പോൾ അവരുടെ കാര്യങ്ങളെല്ലാം നോക്കി, കിട്ടുന്ന സ മയത്തെല്ലാം പഠിച്ച് നേടിയതാണ്. അതുകൊണ്ടുതന്നെ ഒരു ബുദ്ധിമുട്ടും ഞാൻ പറഞ്ഞിട്ടില്ല.

ആഴ്ചയവസാനം ഞാൻ സൗമ്യയെ കാണാൻ തൃശൂർക്ക് പോകും. ചെല്ലുമ്പോൾ  പഠിപ്പിച്ചിരുന്ന സാറുമാരെയും മാഡത്തിനെയുമെല്ലാം എനിക്ക് പരിചയപ്പെടുത്തി തന്നിട്ടുണ്ട്. അക്കൂട്ടത്തിലൊന്നും അജാസ് എന്നൊരാൾ ഉണ്ടായിരുന്നില്ല. അങ്ങനെയൊരാളെ ഞാൻ പരിചയപ്പെട്ടിട്ടുമില്ല. അവളുടെ മരണം അറിഞ്ഞ് എന്നെ കാണാൻ വന്ന അവളുടെ കൂട്ടുകാരികളോടു ഞാൻ ചോദിച്ചറിഞ്ഞു. അയാൾ അവരുടെ ബാച്ചിന് ട്രെയിനിങ്ങ് കൊടുത്തിട്ടില്ല. ട്രെയിനിങ് അവസാനിക്കുന്നതിന് പത്തു ദിവസം മുൻപാണ് അയാളെത്തുന്നത്. ഒരേ ഡിപ്പാർട്ട്മെന്റിലുള്ളവരല്ലേ എപ്പോഴെങ്കിലും പരിചയപ്പെട്ടിട്ടുണ്ടാകും. ഇങ്ങനെയൊരു ജോലി ചെയ്യുമ്പോൾ ആളുകളെ  പരിചയപ്പെടാതെ പറ്റില്ലല്ലോ.

ട്രെയിനിങ് തീരാൻ ഒരു മാസമുള്ളപ്പോഴാണ് സൗമ്യ മൂന്നാമതും ഗർഭിണിയാകുന്നത്. ‘ചക്ക  വേവിച്ചതു തിന്നാൻ കൊതി തോന്നുന്നു, ചീരത്തോരൻ വേണം’ എന്നിങ്ങനെ കൊതി പറയുമ്പോൾ ഞാനതെല്ലാം ഉണ്ടാക്കി ഞായറാഴ്ചകളിൽ  കൊണ്ടുപോകും.

ആലപ്പുഴയിലാണ് ആദ്യം നിയമനം കിട്ടിയത്. പതിനഞ്ചു ദിവസത്തോളം ജോലിക്കു പോയി വന്നു. ഗർഭിണിയായിരുന്നതുകൊണ്ട് ആ യാത്ര അത്ര എളുപ്പമായിരുന്നില്ല.  എം പിയായിരുന്ന കെ.സി വേണുഗോപാൽ സാർ ഇടപെട്ടാണ് അന്നു സ്ഥലംമാറ്റം വാങ്ങിത്തന്നത്.  

കുഞ്ഞുണ്ടായി കുറച്ചുനാൾ കഴി‍ഞ്ഞപ്പോൾ ഞാൻ സൗദിയിലേക്കു പോയി. മൂന്നു കുട്ടികളും ജോലിയുമായി കുറേ കഷ്ടപ്പെട്ടിട്ടുണ്ട് സൗമ്യ. ചെറിയ കുഞ്ഞിനെ പകൽ ഒരു വീട്ടിൽ കൊണ്ടാക്കുകയായിരുന്നു. കാലത്ത് ഭക്ഷണം തയാറാക്കി മൂത്ത കുഞ്ഞുങ്ങളെ സ്കൂളിൽ വിട്ട് മോളെയും കൊണ്ടുപോയി ആക്കിയ ശേഷമാണ് അവൾ ജോലിക്കു പോയിരുന്നത്. പൊലീസ് ജോലി, ഓഫിസ് ജോലി പോലെയല്ലല്ലോ. ഏതു സമയത്താണ് ഡ്യൂട്ടി തീരുന്നതെന്ന് പറയാൻ പറ്റില്ല. വൈകി വരുന്നതുകൊണ്ട് കുഞ്ഞിനെ നോക്കുന്നവർ ബുദ്ധിമുട്ട് പറഞ്ഞിരുന്നു. സൗമ്യയുടെ സങ്കടം കണ്ടാണ് ഞാൻ സൗദിയിൽ നിന്നു പോരുന്നത്.

കുറച്ചുനാൾ കൂടെ നിന്നതിനുശേഷം വീണ്ടും ഞാൻ സൗദിയിലേക്കു തന്നെ തിരിച്ചുപോയി. എന്റെ അമ്മയ്ക്ക് സുഖമില്ലാതായപ്പോൾ ലീവു കിട്ടാത്തതുകൊണ്ട് വീസ ക്യാൻസലാക്കി തിരികെ പോരേണ്ടി വന്നു. പിന്നീട് നാട്ടിൽ ചെരിപ്പ് ബിസിനസ് നോക്കി. അവളുടെ മരണത്തിന് 24 ദിവസം മുൻപാണ് ഞാൻ ലിബിയയിലേക്ക് പോയത്. അതുവരെ ഈയൊരു വ്യക്തിയുടെ പേര് ഞാൻ കേട്ടിട്ടില്ലെന്നു പറയുമ്പോൾ ഞാൻ മറ്റുള്ളവരുടെ മുൻപിൽ ആരായി?’’ സജീവ് ഒരു നിമിഷം മുഖം കുനിച്ചു.   

‘‘വിദേശത്തായിരുന്ന സമയത്ത് കുറേ കടങ്ങൾ വീട്ടിയിരുന്നു. ചിലപ്പോൾ ശമ്പളം കിട്ടാൻ വൈകും. ആ സമയത്ത് ബാങ്കിലടക്കാനുള്ള പൈസ നാട്ടിലുള്ള ആരുടെയെങ്കിലും കയ്യി ൽനിന്ന് ഏർപ്പാടാക്കി കൊടുക്കാറുണ്ട്. കുറച്ചുകാലം കൂടി     അവിടെ ജോലി നോക്കിയാൽ ബാക്കി കടങ്ങളും തീർത്ത് സമാധാനമാകുമല്ലോയെന്നു കരുതിയിരിക്കുകയായിരുന്നു. പിന്നീട് നാട്ടിൽ വന്നു ജോലിചെയ്യാം, കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാം, ഇതെല്ലാമായിരുന്നു ആഗ്രഹം.’’

എനിക്കറിയാം അവളെ

‘‘ഞങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതെല്ലാം തീർക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ലോൺ തീർക്കാനാണെങ്കിലും വീട്ടാവശ്യത്തിനാണെങ്കിലും മറ്റൊരാളിൽ നിന്ന് പൈസ വാങ്ങുകയാണെങ്കിൽ എന്നോടു പറയേണ്ടേ? ഇനി ആരെയെങ്കിലും സഹായിക്കാൻ വേണ്ടി വാങ്ങിക്കൊടുത്തതാണോ? അതോ വേറെയെന്തെങ്കിലും ആവശ്യത്തിനാണോ? എന്തായാലും എന്നോട് പറയാമായിരുന്നു.

സൗമ്യയുടെ അമ്മയ്ക്ക് അറിയാമായിരുന്നെന്ന് പറയുന്നു. പക്ഷേ, അമ്മയും എന്നോടൊന്നും പറഞ്ഞില്ല. എനിക്ക് തോന്നുന്നത് അതൊരു ട്രാപ്പായിരുന്നു എന്നാണ്. സൗമ്യയുടെ സാമ്പത്തിക ബുദ്ധിമുട്ട് കണ്ട് അയാൾ നിർബന്ധപൂർവ്വം കൊടുത്തതായിരിക്കും. അതിന്റെ പേരിൽ അവളോട് അടുപ്പം സ്ഥാപിക്കാമല്ലോ. അതാണ് എന്റെ വിശ്വാസം. സൗമ്യയെക്കുറിച്ച് വേറെ തരത്തിൽ ചിന്തിക്കേണ്ട കാര്യമില്ല. പതിനാലു വർഷം എന്റെ കൂടെ ജീവിച്ചതാണ് അവൾ. എനിക്കറിയാം അവളെ.

എല്ലാവരുടെയും വിചാരം അജാസിന്റെ പൈസ കൊണ്ടാണ് ഈ വീട് പണിതിരിക്കുന്നതെന്നാണ്. എന്റെ മൂത്തമകന് ആറു മാസമുള്ളപ്പോഴാണ് ഈ സ്ഥലം വാങ്ങുന്നത്. പത്തു വർഷമായി ഈ വീട്ടിലാണ് ഞങ്ങൾ താമസിക്കുന്നത്. ഞാൻ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്നയാളാണ്. കല്യാണം കഴിക്കുമ്പോഴും ഇപ്പോഴും എനിക്ക് ഇതു തന്നെയാണ് ജോലി.

മാസത്തിന്റെ പകുതിയിൽ വച്ചാണ് ലിബിയയിൽ ഞാൻ ജോലിക്കു കയറുന്നത്. അതുകൊണ്ട് ആ ദിവസങ്ങളിലെ ശമ്പളം കിട്ടിയിരുന്നു. അത് ഞാൻ അക്കൗണ്ടിലിട്ടു കൊടുത്തു. മരണം സംഭവിച്ച അന്ന് കാലത്ത് ഞാൻ സൗമ്യയെ വിളിച്ച് എടിഎമ്മിൽ കയറി നോക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ‘‘കാലത്ത് സ്റ്റുഡന്റ്സിന് ട്രെയിനിങ് കൊടുക്കാനുണ്ട്. ഉച്ച കഴിഞ്ഞ് യൂണിവേഴ്സിറ്റി അസിസ്റ്റന്റിനുള്ള പിഎസ്‌സി പ രീക്ഷയ്ക്ക് പോകണം. ഞാൻ എപ്പോഴെങ്കിലും നോക്കിക്കൊള്ളാം.’’ എന്നു പറഞ്ഞാണ് ഫോൺ വച്ചത്.

ആ ദിവസം

‘‘ഉച്ചയ്ക്ക് ഒരു മണിക്ക് ഭക്ഷണം കഴിക്കാൻ ഞാൻ കമ്പനിയുടെ മെസ്സിലേക്കു വന്നു. ഒരു മണിക്കൂറാണ് വിശ്രമസമയം. ആ സമയത്താണ് ഫോൺ നോക്കുന്ന പതിവ്. ഞാൻ വാട്സ്ആപ്പ് എടുത്തുനോക്കി. ഞങ്ങൾ കൂട്ടുകാരുടെ ഒരു ഗ്രൂപ്പുണ്ട്. പ്രവാസികളും നാട്ടിലുള്ളവരും എല്ലാം ചേർന്ന ഗ്രൂപ്പാണ്. നാട്ടിലുള്ള വാർത്തകളൊക്കെ അതിലൂടെയാണ് ഞാൻ അറിയുന്നത്. ഗ്രൂപ്പിൽ കയറി നോക്കിയപ്പോൾ കുറേ മെസേജുകൾ ഡിലീറ്റ് ചെയ്തിരിക്കുന്നു. എന്താണ് കാര്യമെന്ന് മനസ്സിലായില്ല. സ്ക്രോൾ ചെയ്തു വന്നപ്പോൾ അവസാനം ഒരു മെസ്സേജു മാത്രം മാഞ്ഞുപോകാതെ കിടക്കുന്നതു കണ്ടു. സൗമ്യയുടെ മരണവാർത്തയായിരുന്നു അത്.

അത് അവളാണെന്നു പോലും എനിക്ക് ആ സമയത്ത് ഉൾക്കൊള്ളാനായില്ല.  ഞാൻ പെട്ടെന്നു തന്നെ നാട്ടിലെ സുഹൃത്തിനെ വിളിച്ചു. ‘‘നീ ഫോൺ വയ്ക്ക്, ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം’’ എന്നു പറഞ്ഞ് അവൻ ഫോൺ കട്ടു ചെയ്തു. സ്വസ്ഥത കിട്ടാതെ ഞാൻ വല്യച്ഛന്റെ മകനെ വിളിച്ചു. അവനാണ് വിവരങ്ങൾ പറയുന്നത്. ‘‘സൗമ്യയെ കൊലപ്പെടുത്തിയെന്നും, അജാസ് എന്നയാളുടെ കയ്യിൽ നിന്ന് പൈസ വാങ്ങിയിരുന്നെന്നുമെല്ലാം.’’ ഞാൻ തളർന്നു പോയി.

‘‘എന്റെ പാസ്പോർട്ടെല്ലാം എംബസിയിലായിരുന്നു. അതു തിരിച്ചു വാങ്ങി, വിമാന ടിക്കറ്റും കിട്ടി പോരാൻ കുറച്ചു താമസമെടുത്തു. ഇനി തിരിച്ചു പോക്കില്ല. മക്കളുടെ കാര്യം നോക്കേണ്ടേ. ഇനി അവർക്ക് ഞാനല്ലേയുള്ളൂ. മൂത്ത മക്കൾക്ക് കാര്യങ്ങളറിയാം. മൂന്നര വയസ്സുള്ള ഇളയ മകൾ അമ്മയെ തിരക്കുന്നേയില്ല. കുഞ്ഞ് നോക്കുമ്പോൾ വീട് നിറയെ ആളുക ൾ, അച്ഛൻ വന്നിരിക്കുന്നു, ചേട്ടന്മാരുടെ കൂടെ കളിക്കാം...

ജോലിക്കു കയറി അഞ്ചു വർഷം തികയുന്ന ദിവസമാണ് സൗമ്യ കൊല്ലപ്പെടുന്നത്. എന്തിനായിരുന്നു അജാസ് ശല്യം ചെയ്യുന്നത് എന്നിൽ നിന്നു  മറച്ചുവച്ചതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഇങ്ങനെയൊരു ഭീഷണിയുണ്ടെങ്കില്‍ പറയ  ണമായിരുന്നു. മൂന്നു കുട്ടികളടങ്ങുന്ന കുടുംബത്തിന്റെ ഭാവിയെ കുറിച്ചോർത്ത് കടൽ കടന്ന ഞാൻ അറിയേണ്ടതല്ലേ എന്റെ വീട്ടിൽ നടക്കുന്ന കാര്യം? അയാൾ മുൻപൊരു ദിവസം വീട്ടിൽ വന്ന് ആക്രമിച്ചെന്നു പറയുന്നു. അവൾ പൊലീസിലല്ലേ ജോലി ചെയ്യുന്നത്? മേലധികാരികളോട് പറയാമായിരുന്നു. എന്നോട് പറയുമ്പോൾ ഞാനെന്ത് വിചാരിക്കുമെന്ന് കരുതിയിട്ടാകും. അച്ഛനോടെങ്കിലും പറയാമായിരുന്നു. അമ്മയോടു മാത്രം പറഞ്ഞു. അമ്മ ആരോടും പറഞ്ഞതുമില്ല. അയാൾ വന്ന സമയത്ത് കുട്ടികൾ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ... എന്റെ മക്കൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ...

ഓരോ ഭാര്യമാരോടുമാണ് എനിക്കു പറയാനുള്ളത്, ദയ  വു ചെയ്ത് നിങ്ങൾ ഭർത്താവിനോടു കാര്യങ്ങൾ തുറന്നു പറയുക. ആരെങ്കിലും ശല്യപ്പെടുത്തുന്നുണ്ടെങ്കിൽ അതു തനിയെ കൈകാര്യം ചെയ്യാൻ പറ്റുന്നില്ലെങ്കിൽ ഭർത്താക്കന്മാരെ അറിയിക്കണം. അവരെന്തു വിചാരിക്കുമെന്ന് പേടിക്കേണ്ട. കേൾക്കുമ്പോൾ ദേഷ്യപ്പെടുമായിരിക്കും. പക്ഷേ, അവർ നിങ്ങളുടെ കൂടെത്തന്നെ നിൽക്കും. അതുപോലെ പുരുഷസുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങുമ്പോൾ നന്നായി ആലോചിക്കുക. ഭർത്താവിന്റെ കൂടി അറിവോടെയായിരിക്കണം പണമിടപാടുകൾ. കാരണം, നിങ്ങൾക്കേൽക്കുന്ന ഓരോ മുറിവും ചോര പൊടിക്കുന്നത് ഞങ്ങടെ നെഞ്ചിലാണ്. 

Tags:
  • Spotlight
  • Vanitha Exclusive
  • Relationship