Friday 25 September 2020 11:12 AM IST

പണം വഴിമുടക്കിയപ്പോൾ സവിതയ്ക്കു തുണയായി യൂട്യൂബ് ; ഡാൻസ് വിഡിയോയിലൂടെ ജീവിതം തിരിച്ചുപിടിച്ച ആദിവാസി പെൺകുട്ടിയുടെ കഥ

Shyama

Sub Editor

danccee

വയനാട് മാനന്തവാടി ആദിവാസി ഊരിലെ സവിതയ്ക്ക് നൃത്തം ജീവനാണ്. പഠിക്കാൻ പണമില്ലാതായതോടെ അവൾ യൂട്യൂബിനെ ഗുരുവായി സ്വീകരിച്ചു. കൂട്ടത്തിലുള്ള അഞ്ചു പേരെ നൃത്തം സൗജന്യമായി പഠിപ്പിക്കാനും തുടങ്ങി...സവിതയെ കുറിച്ച് കേട്ടറഞ്ഞ് സൗജന്യമായി നൃത്തം പഠിപ്പിക്കാമെന്ന വാഗ്ദാനവുമായി പ്രശസ്ത നർത്തകി ജയപ്രഭാ മേനോൻ.

‌വഴികളടയുമ്പോൾ പിൻമാറുന്നവരെ കുറിച്ചുള്ള കഥയല്ലിത്. വഴികൾ ഒന്നൊന്നായി അടഞ്ഞിട്ടും ആഗ്രഹക്കനലിൽ കണ്ണീർ ഇറ്റിച്ച് വിധിയെ പഴിച്ച് ആ കനൽ കെടുത്താതെ പുതുവഴി വെട്ടുന്നവളുടെ കഥയാണ്! നൃത്തം അസ്ഥിക്കു പിടിച്ചൊരു പെൺകുട്ടിയുണ്ട് വയനാട്ടിലെ ആദിവാസി ഊരിൽ. പേര് സവിത. നൃത്തത്തോടുള്ള ആരാധന കാരണം അവള്‍ പട്ടിണിക്കിടയിലും മൂന്ന് കൊല്ലം നൃത്തം പഠിച്ചു. അമ്മയെടുക്കുന്ന കൂലിപ്പണിയിൽ നിന്ന് കിട്ടുന്ന തുക ഒന്നിനും തികയാതെ വന്നപ്പോൾ ആരോടും പരിഭവം പറയാതെ നൃത്തപഠനം പാതി വഴിക്ക് ഉപേക്ഷിക്കേണ്ടിയും വന്നു. പക്ഷേ, അങ്ങനെ മരിക്കുന്നതല്ലല്ലോ ചില ആഗ്രഹങ്ങൾ. മുൻപ് പഠിച്ചതൊക്കെ തന്നെ അവൾ തിരിഞ്ഞും മറിഞ്ഞും ചെയ്തുകൊണ്ടേയിരുന്നു...പിന്നീടാണ് ചേട്ടൻ വാങ്ങിയ ഫോണിലെ യൂട്യൂബ് ആവൾക്ക് തുണയാകുന്നത്. നെറ്റ്‌വർക്കിന്റെ പരിമിധികളൊക്കെ മറികടന്ന് കിട്ടുന്ന സമയത്തൊക്കെ യൂട്യൂബ് നോക്കി ചലനങ്ങൾ ഓരോന്നും ശ്രദ്ധിച്ചു പഠിക്കും.

‘‘ആദ്യം മൂന്ന് കൊല്ലം വിജീഷ് എന്നൊരു മാഷിന്റെയടുത്ത് നിന്നാണ് നൃത്തം പഠിച്ചത്. അതിനിടയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നു. അച്ഛൻ ഉപേക്ഷിച്ച് പോയതാണ്. അമ്മ പണിക്ക് പോയിട്ടാണ് എന്നേയും ചേട്ടനേയും നോക്കി വളർത്തുന്നത്. അമ്മയ്ക്ക് തീരെ പറ്റാത്ത വന്നപ്പോഴാണ് നൃത്തപഠനം ഉപേക്ഷിച്ചതും. അമ്മ തന്നെയാണ് പിന്നീട് യൂട്യൂബിനെ കുറിച്ച് കേട്ടറിഞ്ഞ് അതു നോക്കി പഠിച്ചാലോ എന്ന് ചോദിക്കുന്നതും. അങ്ങനെയാണ് ഞാൻ അത് നോക്കുന്നത്. എനിക്ക് ഫോണില്ല, ചേട്ടന്റെ ഫോൺ നോക്കിയാണ് പഠിക്കുന്നത്. അമ്മയും ചേട്ടനും ഒക്കെയാണ് ഞാൻ കളിച്ചു നോക്കുമ്പോൾ ഫോൺ പിടിച്ചു തരുന്നത്. ചില െസ്റ്റപ്പ് ഒക്കെ കിട്ടാതാകുമ്പോൾ അമ്മ പറഞ്ഞു തരും. ഇതേവരെ നൃത്തം പഠിച്ചിട്ടൊന്നുമില്ല. പക്ഷേ, അതിൽ തന്നെ ശ്രദ്ധിച്ച് ചലനങ്ങൾ മനസ്സിലാക്കിയെടുക്കും... അമ്മ പറയുമ്പോൾ എനിക്ക് വേഗം മനസ്സിലാകുകയും ചെയ്യും. പണ്ട് ഞാൻ നൃത്തം പഠിക്കാൻ പോയിരുന്നപ്പോഴും അമ്മ അതൊക്കെ നോക്കി വച്ച്, ഞാൻ തനിയെ ചെയ്യുമ്പോൾ തെറ്റു വരുത്തിയാൽ അത് പറഞ്ഞു തരാറുണ്ടായിരുന്നു...

ആദിവാസി പണിയ വിഭാഗത്തിലുള്ളവരാണ് ഞങ്ങൾ. ഞാനും അമ്മ ചിത്രയും ചേട്ടൻ പ്ലസ് വണ്ണിൽ പഠിക്കുന്ന സനുവും മാനന്തവാടിയിലെ ഇളയമ്മേടെ വീട്ടിലാണ് ഇപ്പോൾ താമസം. ഞങ്ങളുടേത് തീരെ ചെറിയ വീടാണ്. തോടിനടുത്തായത്  ഒരു മഴ പെയ്താലോ കാറ്റൊന്ന് ആഞ്ഞടിച്ചാലോ അവിടെ വെള്ളം കേറും. പേടിക്കാതെ അവിടെ കിടക്കാൻ പറ്റില്ല.

ഞാൻ ഡാൻസ് ചെയ്തിരുന്നെങ്കിലും ഈ ഓണത്തിന്റെ സമയം തൊട്ടാണ് ഊരിലെ വേറെ കുട്ടികളേയും ഡാൻസ് പഠിപ്പിക്കാൻ തുടങ്ങിയത്. ചില കുട്ടികളൊക്കെ എന്നെപ്പോലെ തന്നെ നിവർത്തിയില്ലാതെ നൃത്തപഠനം പാതി വഴിയിൽ അവസാനിപ്പിച്ചവരാണ്. ഇപ്പോ ഞാൻ അഞ്ച് പേരെ പഠിപ്പിക്കുന്നുണ്ട്. അഞ്ചാളേയും സൗജന്യമായിട്ടാണ് പഠിപ്പിക്കുന്നത്.

എന്നെ പറ്റി കേട്ടറിഞ്ഞ് നർത്തകിയായ ജയപ്രഭാ മേനോൻ മേഡം വിളിച്ചിരുന്നു. ഓൺലൈനായി സൗജന്യമായിട്ട് തന്നെ നൃത്തം പഠിപ്പിക്കാമെന്ന് മേഡം പറഞ്ഞിട്ടുണ്ട്. എത്ര നന്ദി പറയണം എന്നറിയില്ല... ഞാനിപ്പോ പത്താം ക്ലാസ് കഴിഞ്ഞു. ക്ലാസിക്കൽ ഡാൻസ് തന്നെ തുടർന്ന് പഠിച്ച് അതിൽ നല്ലൊരു നിലയിലെത്തണം എന്നാണ് എന്റെ ആഗ്രഹം. ശോഭന മേഡത്തിന്റേയും ലക്ഷ്മി ഗോപാലസ്വാമി മേഡത്തിന്റേയും ഒക്കെ നൃത്തം കാണാനാണ് ഏറ്റവും ഇഷ്ടം. പറ്റുന്നത്ര സമയം നൃത്തത്തിനായി ചിലവഴിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം.

Tags:
  • Spotlight