Wednesday 08 April 2020 04:50 PM IST

എത്ര ദൂരെ ആണെങ്കിലും ബന്ധങ്ങൾക്കു വേണ്ട ലോക്ക്ഡൗൺ!എത്ര ദൂരെ ആണെങ്കിലും ബന്ധങ്ങൾക്കു വേണ്ട ലോക്ക്ഡൗൺ!

Shyama

Sub Editor

long distance

രാജ്യത്ത് ലോക്ക്ഡൗൺ പ്രഘ്യാപിച്ചതോടെ കുടുംബത്തിലെ പലരും തന്നെ സ്വന്തം നാട്ടിലേക്ക് വരാനാവാതെ വിദേശത്തോ അന്യസംസ്ഥാനത്തോ ഒക്കെ കുടുങ്ങി പോയ പല സാഹചര്യങ്ങളും നിലവിലുണ്ട്. കുടുംബങ്ങളെ കുറിച്ചുള്ള ആധിയും അതോടൊപ്പം ഒറ്റപ്പെട്ട് കഴിയേണ്ട അവസ്ഥയും ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ നിസ്സഹായാവസ്ഥയും ഒക്കെ പലർക്കും പല തരത്തിലുള്ള മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ സാങ്കേതിക വിദ്യകളുപയോഗിച്ച് കുടുംബബന്ധങ്ങൾ എങ്ങനെ ശക്തമാക്കാം എന്ന് നോക്കാം.

പ്രധാനമായും മൂന്നു കാര്യങ്ങളാണ് ആളുകളെ ഏറ്റവും സമ്മർദ്ദത്തിലാക്കുന്നത്.

  1. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടുത്തില്ലാത്ത്.

  2. ശാരീരിക സ്വാതന്ത്ര്യം പരിമിതപ്പെട്ടു പോകുന്നത്.

  3. മഹാമാരിയായ കോവിഡിനെ കുറിച്ചുള്ള പല നാടുകളിൽ നിന്നുള്ള ഭയപ്പെടുത്തുന്ന വാർത്തകൾ.

ഇക്കാര്യങ്ങൾ കൊണ്ട് പലരും വിഷാദത്തിലേക്ക് പോകുന്നുണ്ട്, ചിലർക്ക് ദേഷ്യവും ചിലർക്ക് അമിത ഉത്ക്കണ്ഠയും, ഉറക്കക്കുറവും ഒക്കെ പ്രകടമാകുന്നു. മറ്റുചിലർക്കാകട്ടെ ഇത്തരം ഒരു സാഹചര്യത്തിൽ വന്ന് പെട്ട് പോയതിന്റെ കുറ്റബോധവും ഉണ്ടാകും. കുറ്റബോധമുണ്ടാകുന്നത് 'കുറച്ചെങ്കിലും നേരത്തെ നാട്ടിലേക്ക് പോരമായിരുന്നു, അങ്ങനൊരു തീരുമാനം എന്തേ ഞാൻ നേരത്തെ എടുത്തില്ല' എന്നൊക്കെ ചിന്തിച്ചിട്ടാകും. സ്വാഭാവികമായി ഇവർ ഫോണിലൂടെയും മറ്റും സംസാരിക്കുമ്പോൾ ഉള്ളിലുള്ള ഇത്തരം പ്രശ്നങ്ങൾ ആശയവിനിമയത്തേയും സ്വാധീനിക്കും. പ്രത്യേക കാരണമൊന്നുമില്ലാതെ തന്നെ പ്രിയപ്പെട്ടവരോട് പൊട്ടിത്തെറിക്കുക, പൊട്ടിക്കരയുക, കുറ്റപ്പെടുത്തുക... ഒക്കെ ചെയ്തെന്നു വരാം. ഇത് എന്തുകൊണ്ടാണെന്ന് രണ്ടുകൂട്ടരും മനസിലാക്കണം.

അറിയാം സ്വാന്തന വഴികൾ

നാട്ടിൽ നിന്ന് അകന്ന് അകന്ന് നിൽക്കുന്നവവരുമായി ആശയവിനിമയം നടത്തുമ്പോൾ അവർ ഇത്തരം മാനസിക സമ്മർദ്ദങ്ങൾ നമ്മെക്കാൾ കൂടുതൽ അനുഭവിക്കുന്നു എന്ന് മനസിലാക്കി വേണം അവരെ കേൾക്കാൻ.

ഈ സമയത്ത് അമിതമായി ഉൽക്കണ്ഠയുണ്ടെങ്കിൽ അവർക്ക് മാനസികാരോഗ്യ പ്രഥമ ശുശ്രുഷ അഥവാ സൈകോളോജിക്കൽ ഫസ്റ്റ് എയ്ഡ് നൽകുക എന്നതാണ് പ്രധാനം. മറ്റേതൊരു രോഗത്തിന് കൊടുക്കുന്ന ഫസ്റ്റ് എയ്ഡ് പോലെ തന്നെ മനസികാരോഗ്യത്തിനും പ്രഥമ ശുശ്രുഷ വേണ്ടതാണ്. ഇതിന്റെ അഞ്ചു ഘട്ടങ്ങൾ എല്ലാവരും മനസിലാക്കിയിരിക്കേണ്ടതുണ്ട്.

1. ആദ്യ ഘട്ടം അങ്ങോട്ട് സമീപിക്കുക എന്നതാണ്. നമുക്ക് പ്രിയപ്പെട്ടവർ സംസാരിക്കുമ്പോൾ എന്തെങ്കിലും പന്തികേട് തോന്നിയാൽ എന്താണ് പ്രശ്നം എന്ന് അങ്ങോട്ട് ചോദിക്കുക. ഒന്നും പറയാതെ തന്നെ അടുപ്പമുള്ളവർ പ്രശ്നം ഉണ്ടെന്ന് മനസിലാക്കിയല്ലോ അത് ചോദിച്ചല്ലോ എന്നതൊക്കെ തന്നെ അവർക്ക് ആശ്വാസം നൽകും.

2. പൂർണ ശ്രദ്ധയോടെ അവരുടെ ബുദ്ധിമുട്ടുകൾ കേട്ടിരിക്കുക എന്നതാണ് മറ്റൊരു പടി. ഒരുപക്ഷേ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ജോലി നഷ്ടപ്പെടുമോ എന്ന ആകുലത, കടബാധ്യതകളുടെ ഭാരം, അന്യനാട്ടിൽ കുടുങ്ങിപ്പോയതിന്റെ വീർപ്പുമുട്ടൽ, ഇഷ്ടഭക്ഷണം കിട്ടാത്തതിന്റെ വിഷമം ഇത്തരത്തിലുള്ള വലുതും ചെറുതുമായ പ്രയാസങ്ങൾ ഓരോരുത്തർക്കും കാണും. ഇവയിലൊന്നും നമുക്ക് അനായാസമായി പരിഹരിച്ച് കൊടുക്കാൻ പറ്റാത്തതുമാകും എന്നാലും ഒട്ടും കുറ്റപ്പെടുത്താതെ സമാധാനമായി കേട്ടിരിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ട പ്രധാന കാര്യം.

പലപ്പോഴും ജീവിതത്തിലെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടപോലെ ആളുകൾ സംസാരിച്ചെന്നിരിക്കാം, ചിലർ അവർ അകപ്പെട്ട സാഹചര്യം നിങ്ങൾ കാരണം ഉണ്ടായതാണെന്ന് പറഞ്ഞെന്നിരിക്കാം 'നിനക്കും കുട്ടികൾക്കും വേണ്ടിയാണ് ഞാനിതൊക്കെ അനുഭവിക്കുന്ന'തെന്നൊക്കെ പറഞ്ഞെന്നിരിക്കാം ആ സമയം അൽപ്പം സംയമനം പാലിക്കുക.സ്വന്തം ഭാഗം ന്യായീകരിക്കാനോ ആ വ്യക്തിയുടെ പ്രശ്നം 'ഓ ഇതൊക്ക എല്ലാവരും അനുഭവിക്കുന്നതല്ലേ' എന്ന മട്ടിലൊന്നും പ്രതികരിച്ച് നിസ്സാരവൽക്കരിക്കരുത്. അത് അവരുടെ സംഘർഷം കൂട്ടാനും ദേഷ്യം വർദ്ധിപ്പിക്കാനും മാത്രമേ ഉപകരിക്കൂ എന്നോർക്കുക.

3. ചില ആശ്വാസകരമായ വിവരങ്ങൾ അവരുമായി പങ്കുവെക്കാം. ഉദാഹരണത്തിന് ലോക്ക്ഡൗണിൽ ചില ഇളവ് വരുത്തുമെന്ന് ഗവണ്മെന്റിൽ നിന്നുള്ള 'ആധികാരിക വിവരങ്ങൾ' കിട്ടിയാൽ അത് പറയാം. അവർക്ക് ആശ്വാസമാകും. കാരണം പ്രതീക്ഷയാണ് നമ്മെ ജീവിതത്തിൽ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്ന ഘടകം. വസ്തുതാ പരമായ വിവരങ്ങൾ തന്നെ നൽകാൻ പ്രതേകം ശ്രദ്ധിക്കണം. നുണകൾ പറഞ്ഞത് ആശ്വസിപ്പിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും ഓർക്കാം.

4. നമ്മൾ എന്ത് പറഞ്ഞിട്ടും അപ്പുറമിരിക്കുന്ന ആളുടെ ആശങ്കകൾ കുറയുന്നില്ലെങ്കിൽ ഒരു മെഡിക്കൽ കൗൺസിലറുടെ സഹായം തേടാൻ പറയാം. ഇപ്പൊൾ നേരിട്ടുള്ള സേവങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിലും പലയിടങ്ങളിലും ഓൺലൈൻ സംവിധാങ്ങൾ ഉണ്ട്. അവ സ്വീകരിക്കാം.

ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം ടെലിമെഡിസിൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മുകളിൽ പറഞ്ഞത് മാത്രമല്ല ഏത് തരം മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്കും ഈ സേവനം ഉപയോഗിക്കാം. 9072571607 എന്ന നമ്പറിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ സേവനം ലഭ്യമാണ്.

5. സോഷ്യൽ സപ്പോർട്ട് ഉറപ്പ് വരുത്തുക എന്നുള്ളതാണ് നമുക്ക് ചെയ്യാൻ പറ്റുന്ന മറ്റൊന്ന്. ഇടയ്ക്കിടെ മെസ്സേജ് ചെയ്യാം.

നമുക്ക് പ്രിയപ്പെട്ടവരേ ദിവസവും രണ്ട് നേരമെങ്കിലും ഫോണിൽ വിളിച്ചോ വീഡിയോ കോളിംഗ് വഴിയോ സംസാരിക്കാം. ആ വ്യക്തിക്ക് ഇഷ്ടമുള്ള കാര്യങ്ങളെ കുറിച്ചും അവർക്ക് സമാധാനം നൽകുന്ന വാർത്തകളെ കുറിച്ചും സംസാരിക്കാം. ഞാൻ ഒറ്റയ്ക്കല്ല, എന്നെ സ്നേഹിക്കുന്നവർ പിന്തുണയുമായി ഒപ്പമുണ്ട് എന്ന തോന്നലും അവർക്ക് ഉണ്ടാകും. എപ്പോഴും ഇങ്ങോട് വിളി വരാൻ കാത്തു നിൽക്കാതെ അങ്ങോടു വിളിച്ചു സംസാരിക്കുക.

ദീർഘദൂര സംസാരത്തിൽ പലപ്പോഴും പലതരം തെറ്റിധരണകൾ വരാൻ ഇടയുണ്ട്. ചിലപ്പോൾ മുഖം കാണാതെ ശബ്ദം മാത്രം കേട്ടാൽ ശബ്ദത്തിലെ ടോണിൽ വരുന്ന മാറ്റങ്ങൾ ഒരാൾ തെറ്റായി വ്യാഖ്യനിച്ചെന്നു വരാം. മുഖം കണ്ട് സംസാരിച്ചാൽ പോലും ചിലപ്പോൾ നേരിട്ട് അടുത്തിരുന്നു സംസാരിക്കുന്നതിന്റെ ഒഴുക്കും പൂർണതയും കിട്ടണമെന്നുമില്ല... ഈ പരിമിതികളെ മറികടക്കാൻ ഹൃദയം തുറന്നുള്ള സംസാരത്തിനൊപ്പം ക്ഷമയും വേണം. എപ്പോൾ സംസാരിക്കണം എന്നതിനെ കുറിച്ച് മുൻകൂട്ടി പറഞ്ഞത് നിശ്ചയിക്കാം. ആ സമയത്ത് ലഭ്യമായിരിക്കാൻ ശ്രദ്ധിക്കുക. വീട്ടിലെ/ജോലിയിലെ മറ്റ് ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുള്ള ചുമതല കൂടി കേൾക്കുന്ന ആൾക്കുണ്ടെന്നുള്ളത് കണക്കിലെടുത്തു സമയം ചിട്ടപ്പെടുത്തുക. രണ്ട് പേരും സമയവ്യത്യാസങ്ങളുള്ള രണ്ടിടത്താണെങ്കിൽ ഇരുവർക്കും ഇണങ്ങുന്നൊരു സമയം നിശ്ചയിച്ചു വെക്കുക. അതിൽ മുടങ്ങാതെ വിളിക്കുക. കുട്ടികളുണ്ടെങ്കിൽ അവരുമായി സംസാരിക്കാനുള്ള അവസരമൊരുക്കുക. മാതാപിതാക്കളെ വിളിക്കാനും ഓർക്കുക.

സാമ്പത്തിക പ്രശ്നങ്ങൾ മുന്നിൽ നിൽക്കെ, ജോലി പ്രശ്നങ്ങൾ ഒക്കെ ആശങ്കകൾ ഉണ്ടാക്കുമ്പോൾ നാട്ടിൽ നടപ്പിലാക്കിയ സാമ്പത്തിക ഇളവുകളെ കുറിച്ച് അവരോട് പറയാം. ഉദാഹരണത്തിന് ലോൺ ഇളവിനായി ബാങ്കുകൾ പ്രഘ്യാപിച്ച മൊറട്ടോറിയത്തെ കുറിച്ചൊക്കെ പറയാം.

ഈ സമയത്ത് കഴിവതും വീട്ടിലുള്ള മറ്റുള്ളവരുടെ പ്രവർത്തികളെ പറ്റി പറഞ്ഞ് പരസ്പരം കുറ്റപ്പെടുത്താതെയും നോക്കാം. 'നിങ്ങളുടെ വീട്ടുകാർ അങ്ങനെ ചെയ്തില്ലേ, നിന്റെ വീട്ടുകാർ ഇങ്ങനെ പറഞ്ഞില്ലേ' ഇത്തരം പ്രശ്നങ്ങൾ തൽക്കാലം മാറ്റിവെക്കുക.

ഈ സമയത്തിന്റെ പോസിറ്റീവ് വശവും പറയാം. നമ്മൾ ഇപ്പോഴും ആരോഗ്യത്തോടെ ഉണ്ടല്ലോ, ഇനിയും ജാഗ്രതയോടെ പൊരുതാം. ഇതൊക്കെ കഴിഞ്ഞു ഇനിയും നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് എന്നൊക്ക പറയാം. ഇത്രയും നാൾ ഉണ്ടായതിനേക്കാൾ ശക്തമായൊരു ആത്മബന്ധം നിങ്ങൾ തമ്മിൽ ഉണ്ടായി വരാനും, അതിനിയും ഒരു ഉയർന്ന തലത്തിലേക്കെത്താനും പരസ്പരമുള്ള ബഹുമാനം വർദ്ധിക്കാനും ഒക്കെ കരുതലോടെയുള്ള സംഭാഷങ്ങൾ വഴി സാധിക്കട്ടെ...

കടപ്പാട്: ഡോ. അരുൺ ബി. നായർ, കൺസൽടെന്റ് സൈക്കാട്രിസ്റ്,

മെഡിക്കൽ കോളേജ്, തിരുവനന്തപുരം.