Thursday 03 January 2019 04:37 PM IST

ഹർത്താലെന്നാൽ കോഴിയും രണ്ട് ഫുള്ളുമല്ല, വേദനയുടെ ഫ്രെയിമുകള്‍ വേറെയുണ്ട്; ‘സേ നോ ടു ഹർത്താൽ’ മാറ്റത്തിന്റെ ശബ്ദം

Binsha Muhammed

harthal-cover

‘നാളെ രണ്ടാം ശനിയാഴ്ച, മറ്റെന്നാൾ ഞായർ...തിങ്കളാഴ്ച ഹർത്താൽ. സംഗതി ജോർ! രണ്ടു കുപ്പിയും ചിക്കനുമെടുത്ത് ആഘോഷിക്കുക തന്നെ’. ഹർത്താൽ കേരളത്തിന്റെ ദേശീയ ആഘോഷമാണെന്ന് ചിന്തിച്ചുറപ്പിച്ച മലയാളി ഇങ്ങനെയൊക്കെ ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

‘നാളെ ഹർത്താലാണോ ചേച്ചീ...അങ്ങനെയെങ്കിൽ ചെക്കനെ സ്കൂളിൽ‌ വിടണ്ടായിരുന്നു എന്ന്’ ആകാംക്ഷയോടെ ചോദ്യമെറിയുന്ന പ്രബുദ്ധ കേരളത്തിലെ വീട്ടമ്മമാരും ഈ കലാപരിപാടിക്ക് ആഘോഷത്തിന്റെ ചുക്കാനുമായി മറുവശത്തുണ്ട്.

ഹർത്താലിന്റെ നിറമുള്ള ഫ്രെയിമുകൾ തത്കാലം അവിടെ നിൽക്കട്ടെ. അടച്ചിട്ട വീട്ടിൽ ചാരുകസേരയിലിരുന്ന് ഹർത്താൽ അക്രമങ്ങളെക്കുറിച്ച് നെടുവീർപ്പിടുന്ന ചേട്ടൻമാരേയും ചേച്ചിമാരേയും കുറിച്ചല്ല ഇനി പറയാൻ പോകുന്നത്.

രായ്ക്കുരാമാനം ഹർത്താൽ പ്രഖ്യാപിച്ചതറിയാതെ പരീക്ഷയെഴുതാനാകാത്ത വിദ്യാർത്ഥികൾ, ലക്ഷ്യസ്ഥാനം തേടിയുള്ള യാത്രയിൽ പാതിവഴിക്കൽ പെട്ടു പോയ യാത്രികർ, ഉയിരും വാരിപ്പിടിച്ച് ആശുപത്രിയിലേക്കുള്ള യാത്രയിൽ ഹർത്താൽ ഫുൾസ്റ്റോപ്പിട്ട രോഗികൾ....ഹർത്താല്‍ `ആഘോഷങ്ങൾക്കിടെ` നാം മുഖം കൊടുക്കാത്ത കണ്ണീർ ചിത്രങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുക പ്രയാസം.

‘ഹർത്താലിൽ വ്യാപക അക്രമം, ബസുകൾക്ക് നേരെ കല്ലേറ്. ചികിത്സാ കിട്ടാതെ രോഗി മരിച്ചു’ പിറ്റേന്നത്തെ പത്രത്തിൽ തലക്കെട്ടു കാണുമ്പോഴും നമ്മൾ മലയാളികൾ പറയും, ശ്ശോ...കഷ്ടമായിപ്പോയി. പക്ഷേ ഹർത്താലില്ലാതെ നമുക്ക് എന്ത് ആഘോഷമെന്ന് ചോദിക്കുന്ന മലയാളിയുടെ മുഖത്ത് അപ്പോഴും ഒരു നിസംഗ ഭാവം കാണാം.

സ്ത്രീകളുടെ മൂത്രശങ്കയ്ക്ക് വിലയിടുന്നവരാര്?; ശംഖുംമുഖത്തെ ഞെട്ടിപ്പിക്കുന്ന അനുഭവം പങ്കുവച്ച് യുവതി; കുറിപ്പ്

harthal-3

‘സമരക്കാരിലൊരാൾ പിറകിലൂടെ വന്ന് ചുറ്റിപ്പിടിച്ചു’; വൈറൽ ക്യാമറാവുമൺ പറയുന്നു, ‘ഞാനിവിടെയൊക്കെ തന്നെ കാണും’

‘അമ്മ കരയരുത് ഇത്, അച്ഛനു വേണ്ടിയാണ്’; ബ്രിട്ടോയുടെ ആഗ്രഹം; മൃതദേഹം മെഡിക്കൽ കോളേജിലെ പഠനമേശയിലേക്ക്

പകൽ കൊടുംചൂട് രാത്രി കൊടുംതണുപ്പ്; പതിയിരിക്കുന്നത് മഞ്ഞപ്പിത്തം മുതൽ വൈറൽപനി വരെ; ശ്രദ്ധിക്കണം ഈ നിർദ്ദേശങ്ങൾ

‘‘ഭര്‍ത്താവ് എന്റെ അശ്ലീല ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു’’; വിവാഹ മോചനത്തിന്റെ ഞെട്ടിക്കുന്ന കാരണങ്ങൾ വെളിപ്പെടുത്തി പ്രിയങ്ക

harthal-2

ആരാണ് ഇതിനൊക്കെ ഉത്തരവാദി. തുമ്മിയാലും തുറിച്ചു നോക്കിയാലും ഹർത്താൽ നടത്തുന്ന ഇവിടുത്തെ രാഷ്ട്രീയപാർട്ടികളാണോ? ഹർത്താലെന്നാൽ കോഴിയും രണ്ടു ഫുള്ളും എന്ന കെട്ടമനോഭാവത്തിലേക്ക് പരിണാമം സംഭവിച്ച മലയാളികളാണോ? രണ്ടായാലും രണ്ടുകൂട്ടരുടേയും തലയിൽ ബൾബ് കത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

രണ്ടായിരത്തി പതിനെട്ടിൽ 98 ഹർത്താലുകൾ നടത്തി നാണക്കേടിന്റെ റെക്കോഡിട്ട മലയാളക്കര ഇനിയും ഈ ദുശകുനത്തെ പേറണോ? തൊട്ടതിനും പിടിച്ചതിനും ഹർത്താൽ നടത്തുന്ന നേതാക്കൻമാർക്ക് ഇനിയും ഓശാനപാടണോ? കാലഘട്ടത്തിന്റെ ചോദ്യമെറിയുന്നത് ഒരു കൂട്ടം യുവമനസുകളാണ്. ഹർത്താലല്ലാതെ ഈ ലോകത്ത് മറ്റ് സമരമാർഗമേ ഇല്ലാ എന്ന് ശഠിക്കുന്ന നേതാക്കൻമാരുടെ തലയിൽ ‘ഇത്തിരിവെട്ടം’ പകർന്നു നൽകിക്കൊണ്ടാണ് അവരുടെ ബദൽ. ‘സേ നോ ടു ഹർത്താൽ’ എന്ന സന്നദ്ധസംഘടനയ്ക്കു കീഴിൽ അവർ ഹർത്താലിനെതിരെ ശബ്ദമുയർത്തുമ്പോൾ അത് കാലഘട്ടത്തിന്റെ കാവ്യനീതിയാകുകയാണ്. ജനജീവിതം ദുസ്സഹമാക്കുന്ന ഹർത്താലുകളുടെ കാലത്ത് അവർ ജനഹൃദയങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതെങ്ങനെ? ഈ കൂട്ടായ്മയുടെ കാലിക പ്രസക്തിയെന്ത്? .സേ നോ ടു ഹർത്താൽ കൂട്ടായ്മയുടെ ജനറൽ കൺവീനർ രാജു പി നായർ മനസുതുറക്കുന്നു, ‘വനിതാ ഓൺലൈനിനോട്.’

harthal-1

മാറണം മലയാളിയുടെ മനോഭാവം

‘‘ലാലിനേയും പാലിനേയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു’’.  ഒടിയൻ സിനിമയുടെ റിലീസിന്റെ അന്ന് ഹർത്താൽ പ്രഖ്യാപിച്ചപ്പോൾ നമ്മൾ ഫോർവേ‍ഡ് ചെയ്ത് നിറച്ച മെസേജുകളിലൊന്നാണ്. ഒരു ശരാശരി മലയാളിയുടെ ഹർത്താൽ ആഘോഷം ഇങ്ങനെയൊക്കെയാണ് തുടങ്ങുന്നത്. ഹർത്താലിനെ നിസാരമായി കാണുന്ന കാണുന്ന മലയാളിയുടെ മനോവൈകൃതത്തിൽ നിന്നു തുടങ്ങണം തിരുത്തലിന്റെ പാഠങ്ങൾ’’– രാജു പി നായർ സംസാരിച്ചു തുടങ്ങുകയാണ്.

harthal-4

ജനങ്ങളുടെ ജീവിതത്തെ തന്നെ തകിടം മറിക്കുന്ന ഈ ‘കലാപരിപാടിയെ’ ട്രിവിയലൈസ് ചെയ്യുന്ന മലയാളിയുടെ കാഴ്ചപ്പാടാണ് ആദ്യം മാറേണ്ടത്. പണ്ടൊക്കെ ബന്ദ് എന്നൊരു സമരമുറയുണ്ടായിരുന്നു. അത് പലർക്കും പേടി സ്വപ്നമായിരുന്നു. പുറത്തിറങ്ങാൻ പോലും ഭയം. ഇപ്പോൾ ഹർത്താലായി അത് രൂപാന്തരം പ്രാപിച്ചപ്പോൾ അത് പലർക്കും തമാശയും ആഘോവുമൊക്കെയായി. മുപ്പതോ നാൽപ്പതോ ശതമാനം പേർ ഹർത്താലിനെ ആഘോഷമാക്കുന്നുണ്ടാകാം, പക്ഷേ ഈ ദിനങ്ങളിൽ ബുദ്ധിമുട്ടുന്ന അറുപത് ശതമാനം പേർ മറുവശത്തുണ്ടെന്ന് ഓർക്കണം. എത്രയെത്ര രോഗികളാണ് ആശുപത്രിയിലെത്താതെ ഹർത്താൽ ദിനങ്ങളിൽ വഴിയിൽ പെട്ടു പോകുന്നത്. വണ്ടിയും വള്ളവും ഒന്നും കിട്ടാതെ പരീക്ഷയ്ക്കെത്താനാകാത്ത എത്ര വിദ്യാർത്ഥികളാണ് നമുക്ക് മുന്നിലുള്ളത്. ഹർത്താൽ ദിനങ്ങളിൽ ചികിത്സാ കിട്ടാതെ മരിച്ച എത്രയോ കുടുംബങ്ങളാണ് നമ്മുടെ മനസാക്ഷിയുടെ നേർക്ക് തുറിച്ചു നോക്കുന്നത്. ലക്ഷ്യസ്ഥാനത്തെത്താതെ ബസ് സ്റ്റാൻഡുകളിലും റെയിൽവേസ്റ്റേഷനുകളിലും അന്തിയുറങ്ങേണ്ടി വരുന്ന യാത്രക്കാരെ നമ്മൾ എത്രയേറെ കണ്ടിരിക്കുന്നു. എല്ലാം സഹിക്കാം ഈ പുകിലൊന്നും അറിയാതെ ഇവിടേക്ക് എത്തുന്ന ടൂറിസ്റ്റുകൾ എന്ത് പിഴച്ചു. സ്വാർത്ഥതയുടെ പുറംചട്ടയിൽ നിന്നും പുറത്തു വരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഈ സാമൂഹ്യവിപത്തിനെതിരെ ശബ്ദമുയർത്തേണ്ട സമയമാണിത്.

തുമ്മിയാലും ഹർത്താൽ

കൊട്ടിഘോഷിച്ച് ഹർത്താൽ പ്രഖ്യാപിക്കാനും അതിന്റെ പേരിൽ പത്രക്കുറിപ്പിറക്കാനും വളരെ ഈസിയാണ്. ഇവിടെ ഒരു നേതാവിനെ തുറിച്ചു നോക്കിയെന്ന പേരിൽ പോലും ഹർത്താൽ നടന്നിട്ടുണ്ട്, ബഹുകേമം തന്നെയല്ലേ? പക്ഷേ രായ്ക്കുരാമാനം പ്രഖ്യാപിക്കുന്ന ഈ ഹർത്താലിന്റെ പേരിൽ ബുദ്ധിമുട്ടുന്ന ജനങ്ങളെ ഇവർ ഓർക്കുന്നില്ല എന്നതാണ് വിഷമകരം. ഇവിടുത്തെ രാഷ്ട്രീയപാർട്ടികളുടെ ഹർത്താൽ പ്രഖ്യാപനം കണ്ടാൽ തോന്നും ഈ ലോകത്ത് ഹർത്താൽ അല്ലാതെ മറ്റൊരു സമരമാർഗവും ഇല്ലെന്ന്. എന്നിട്ട് ഈ സമരങ്ങൾ വിജയിക്കുന്നുണ്ടോ എന്ന് ചോദിച്ചാലോ നേതാക്കൻമാർ മേലോട്ടു നോക്കും. ശ്രദ്ധിച്ചാൽ മനസിലാകും, ഹർത്താലിന്റെ പേരിൽ മുന്നോട്ടു വയ്ക്കുന്ന വിഷയങ്ങൾ, അത് സാമൂഹികമോ രാഷ്ട്രീയമോ എന്തമാകട്ടെ. അതിനൊക്കെ 24 മണിക്കൂർ മാത്രമാണ് ആയുസ്. അതിനപ്പുറം അത് ചർച്ച ചെയ്യുക പോലുമില്ല. ഹർത്താലിലൂടെ മുന്നോട്ടു വച്ച പ്രശ്നമോ വിഷയമോ ഫലം കണ്ടോ എന്നതു പോലും പ്രശ്നമല്ല. എത്രപേരുടെ കല്യാണം മുടങ്ങി, എത്ര പേരുടെ തല തല്ലി പൊളിച്ചു, എത്ര ബസിന് കല്ലെറിഞ്ഞു ഇജ്ജാതി കണക്കെടുപ്പുകൾ എടുത്ത് നേതാക്കൻമാർക്ക് നിർവൃതിയടയാം അത്ര തന്നെ. എന്ത് നേടി, എന്ന് ചോദിച്ചാൽ ഹർത്താൽ നടത്തി പ്രതിഷേധിച്ചു എന്ന് പറയാനൊരു ഗുമ്മൊക്കെയുണ്ട്. പക്ഷേ നഷ്ടപ്പെടുന്നതും കഷ്ടപ്പെടുന്നതും ഇവിടുത്തെ പാവം ജനങ്ങളാണ്.

എന്താണ് ബദൽ?

ചിന്തിച്ച് തലപുകയ്ക്കാനൊന്നുമില്ല. ഹർത്താലിന് ബദൽ ഹർത്താൽ നിരോധിക്കുക എന്നത് മാത്രമേയുള്ളൂ. അല്ലാതെന്ത് പറയാൻ. വേറൊരു നേതാവ് പറയുന്ന കേട്ടു, അനാവശ്യ ഹർത്താലുകൾ ഒഴിവാക്കണമെന്ന്. ഈ ആ വശ്യമുള്ള ഹർത്താലിനേയും അനാവശ്യമുള്ളതിനേയും എങ്ങനെയാണ് വേർതിരിക്കുന്നതെന്ന് അവരോട് തന്നെ ചോദിക്കണം. രണ്ടായാലും ജനങ്ങൾ കഷ്ടപ്പെടുകയല്ലേ...ബ്രദർ. എല്ലാം പോട്ടെ, ഹർത്താൽ നിരോധിക്കണമെന്ന് പറഞ്ഞാൽ ഇവിടെ എത്ര രാഷ്ട്രീയ പാർട്ടികൾ പച്ചക്കൊടി കാട്ടും എന്ന് ഞങ്ങൾക്കറിയില്ല. ഹർത്താല്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് പൊലീസ് മേധാവിയുടെ മുമ്പാകെ അതാത് രാഷ്ട്രീയ പാർട്ടിയിലെ നേതാക്കൻമാർ ഒരു സാക്ഷ്യപത്രം സമർപ്പിക്കുന്ന അവസ്ഥയുണ്ടാകണം. തങ്ങൾ ഹർത്താൽ പ്രഖ്യാപിക്കാൻ പോകുകയാണെന്നും, ഇതുമൂലമുണ്ടാകുന്ന സകല ബുദ്ധിമുട്ടുകൾക്കും തങ്ങളുടെ രാഷ്ട്രീയ പാർട്ടിയാണ് ഉത്തരവാദികളെന്നും എഴുതി നൽകണം. ഇതൊക്കെ കൊണ്ട് ഈ സാമൂഹ്യ വിപത്തിനെ നിലയ്ക്ക് നിർത്താനാകുമോ എന്ന് ഞങ്ങൾക്ക് അറിയില്ല. പക്ഷേ, ദുരിതങ്ങളുടെ ആഘാതമെങ്കിലും കുറയ്ക്കാനായേക്കും.

സേ നോ ടു ഹർത്താൽ’ മാറ്റത്തിന്റെ കാലത്തെ ശബ്ദം

പത്ത് വർഷം മുമ്പ് സേ നോ ടു ഹർത്താൽ എന്ന പേരിൽ തുടങ്ങിയ ഒരു കൂട്ടായ്മയാണിത്. ഹർത്താൽ ദിവസങ്ങളിൽ സൗജന്യ വാഹന സൗകര്യം നൽകിയും. രോഗികളേയും യാത്രക്കാരേയുമെല്ലാം സഹായിച്ചും ഈ കൂട്ടായ്മയ കർമ്മ നിരതരാണ്. സമീപകാലത്ത് ഹർത്താലുകൾ നൽകിയ ദുരിതങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ വേറിട്ടൊരു പ്രതിഷേധവുമായി എത്തുന്നത്.

98 ഹർത്താലുകളാണ് പോയ വർഷം നടന്നതെന്ന് ഓർക്കുമ്പോൾ ഓരോ മലയാളിയും നാണക്കേട് കൊണ്ട് തലകുനിക്കണം. ഇനിയെങ്കിലും ഈ സാമൂഹ്യവിപത്തിനെതിരെ പ്രതികരിച്ചില്ലെങ്കിൽ ഏറെ വൈകിപ്പോകുമെന്നോർക്കണം. ഒരു ജീവൻ തെരുവിൽ പിടയും വിധം, ഒരു വിദ്യാർത്ഥിക്ക് അവരുടെ അവസരം നഷ്ടമാകും വിധം, ഒരു രോഗിക്ക് ചികിത്സ നിഷേധിക്കും വിധം ഇനിയൊരു ഹർത്താൽ ഇവിടെ ഉണ്ടായിക്കൂടാ. അതാകണം നമ്മുടെ പ്രതിജ്ഞ.