കുട്ടി ആക്സിലറേറ്റർ തിരിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ തുണിക്കടയിലേക്ക് ഇടിച്ചുകയറി. തലനാരിഴയ്ക്ക് അപകടം ഒഴിവായി. ഹരിപ്പാട് കെഎസ്ഇബി ഓഫിസിനു സമീപമുള്ള ടെക്സ്റ്റൈൽസിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തുണിക്കടയിൽ എത്തിയതായിരുന്നു യുവാവും യുവതിയും കുഞ്ഞും.
യുവാവും കുഞ്ഞും കടയ്ക്ക് മുന്നിൽ സ്‌കൂട്ടറിൽ ഇരുന്നു. യുവതി വസ്ത്രം വാങ്ങാൻ കടയ്ക്കുള്ളിലേക്ക് കയറി. ഈ സമയത്ത് കുട്ടി ആക്‌സിലറേറ്റർ തിരിച്ചതോടെ നിയന്ത്രണം വിട്ട് സ്‌കൂട്ടർ കടയ്ക്കുള്ളിലേക്കു പാഞ്ഞു കയറുകയായിരുന്നു. മുന്നിൽ പോകുകയായിരുന്ന യുവതി സ്‌കൂട്ടർ തട്ടി തെറിച്ചുവീണു.
വിൽപനയ്ക്കായി കൊണ്ടുവന്ന തുണിക്കെട്ടുകളുടെ മുകളിലേക്കാണു യുവതി വീണത്. മുന്നോട്ട് നീങ്ങിയ സ്കൂട്ടറും തുണിക്കെട്ടിൽ ഇടിച്ചുനിന്നതിനാൽ കുട്ടിയും യുവാവും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.