Tuesday 11 August 2020 11:22 AM IST : By സ്വന്തം ലേഖകൻ

20 വർഷമായി വീൽചെയറിൽ, അപൂർവ രോഗത്തെ പുഞ്ചിരിയോടെ നേരിട്ടു; ഇപ്പോൾ സേബയ്ക്ക് മുന്നിൽ കീഴടങ്ങി കോവിഡും!

ernakulam-seba.jpg.image.845.440

വിധി ഏൽപിച്ച ആഘാതങ്ങളെ പുഞ്ചിരിയോടെ നേരിട്ട സേബ സലാം കോവിഡ് 19 നെയും സധൈര്യം നേരിട്ട് കീഴ്പെടുത്തി. പേശീവളർച്ചയെ തളർത്തുന്ന സ്പൈനോ മസ്കുലാർ ഡിസ്ട്രോഫി ബാധിച്ച് കഴിഞ്ഞ 20 വർഷമായി വീൽചെയറിലാണ് സേബയുടെ ജീവിതം. മാതാപിതാക്കളായ അബ്ദുൽ സലാമും സാബിറയും സഹോരൻ സേജൽ ഷായും സുഹൃത്തുക്കളും പകരുന്ന ആത്മവിശാസമാണ് സേബയുടെ കരുത്ത്. യുകെജി മുതൽ പ്ലസ്ടു വരെ കളമശേരി പാനായിക്കുളത്ത് വീടിനടുത്തുള്ള അൽഹുദ പബ്ലിക് സ്കൂളിലാണ് സേബ പഠിച്ചത്.

പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സേബ ബിരുദപഠനത്തിനു ചേർന്നെങ്കിലും ആദ്യ വർഷം തന്നെ പഠനം നിർത്തേണ്ടി വന്നു. ന്യുമോണിയ ബാധിച്ച് ട്രക്കിയോസ്റ്റമി ഇട്ടതുമൂലം പഠനം മുടങ്ങി. 6 മാസം വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവിതം. പിന്നീട് പാട്ടും ആസ്വാദനവും ചിത്രരചനയുമായി സേബ തന്റെ ലോകത്ത് സജീവമായി. ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. എല്ലാ വേദനകളെയും അവൾ പുഞ്ചിരിയോടെ നേരിട്ടു. 

പിന്നീടാണു കോവിഡ് സേബയെ ആക്രമിച്ച‌ത്. വൈറസ് സേബയിൽ എത്തിയതെങ്ങനെയെന്ന് അറിയില്ല. പനിയെത്തുടർന്ന് സ്ഥിരമായി ചികിത്സിക്കുന്ന സ്വകാര്യ ആശുപത്രിയിലാണ് ജൂലൈ 11ന് സേബയെ മാതാപിതാക്കൾ എത്തിച്ചത്. അവിടെ നടത്തിയ കോവിഡ് ടെസ്റ്റിൽ ഫലം പോസിറ്റീവാണെന്ന് അറിയിച്ചത് പിറ്റേദിവസം രാത്രി 12.30ന്. രാത്രി 2 മണിയോടെ എറണാകുളം ഗവ. മെഡിക്കൽ കോളജിലെ കോവിഡ് ചികിത്സാകേന്ദ്രത്തിൽ എത്തിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചു.

സ്റ്റാഫ് കുറവായിട്ടും ഒരാളുടെ സഹായം എപ്പോഴും വേണ്ടിയിരുന്ന സേബയെ നഴ്സുമാർ കരുതലോടെ പരിപാലിച്ചു. ഇതിനിടെ സേബയുടെ ഉമ്മയെയും കോവിഡ് പിടികൂടി. ഐസിയുവിൽ നിന്ന് വാർഡിലേക്ക് സേബയെ മാറ്റിയപ്പോൾ ഇരുവരും ഒരുമിച്ചായി. കഴിഞ്ഞ 6ന് കോവിഡിനെയും പരാജയപ്പെടുത്തിയ സേബ കോവിഡിനെ പേടിക്കേണ്ടതില്ലെന്ന സന്ദേശം പങ്കുവച്ചുകൊണ്ട് വിടർന്ന ചിരിയോടെ വീട്ടിൽ തിരിച്ചെത്തി. 

Tags:
  • Spotlight
  • Motivational Story