Friday 22 March 2019 03:09 PM IST : By സ്വന്തം ലേഖകൻ

സെൽഫികൾ ചർമ്മകോശങ്ങൾ നശിപ്പിക്കും, നിങ്ങളെ വൃദ്ധരാക്കും; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

selfies-458y888

ഇന്നത്തെ കാലത്ത് യുവതലമുറ സെൽഫി ഭ്രാന്തിന്റെ പുറകെയാണെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ദിവസവും ഒരു പത്തുമുപ്പതു സെൽഫിയെങ്കിലും എടുത്തില്ലെങ്കിൽ രാത്രി ഉറക്കം വരില്ല. ഇതാണ് ഭൂരിഭാഗം പേരുടെയും അവസ്ഥ. കയ്യിൽ എപ്പോഴും സെൽഫി സ്റ്റിക്ക് കരുതുന്നവരും കുറവല്ല. 

യുവതലമുറയ്ക്കിടയിൽ ടിക് ടോക് പോലുള്ള ആപ്പുകൾ വ്യാപകമായതോടെ മൊബൈൽ ഫോണിന്റെ ഉപയോഗം കൂടിയെന്നും പറയാം. എന്നാൽ ഇങ്ങനെ സെൽഫിയെടുത്തു കൂട്ടിയാൽ ചർമ്മ കോശങ്ങൾ നശിച്ച് നിങ്ങൾ വൃദ്ധരാകും എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പ്രധാനമായും ചർമ്മരോഗ വിദഗ്ധരാണ് ഈ മുന്നറിയിപ്പ് നൽകുന്നത്. 

സ്മാർട്ട് ഫോൺ വഴിയുണ്ടാകുന്ന ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷൻ ചർമ്മത്തിന് ഏറെ ദോഷം ചെയ്യും. ന്യൂസിലാൻഡ് ഹെറാൾഡിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വിശദമായി പറയുന്നത്. ഫോൺ മുഖത്തിനു നേരെ പിടിച്ചു തിരിച്ചും മറിച്ചും നോക്കുന്നത് മുഖചർമ്മങ്ങൾ നശിക്കുന്നതിനു കാരണമാകും. സ്മാർട്ട് ഫോണിൽ നിന്ന് വരുന്ന നീല നിറത്തിലുള്ള പ്രകാശമാണ് വില്ലനാകുന്നത്. 

ഡോക്ടർ സൈമൺ സോക്കി പറയുന്നതിങ്ങനെ; "ബ്ലോഗേർസ് ആയിട്ടുള്ളവരും സാധാരണക്കാരുമായി നിരവധിപേർ ദിവസവും ധാരാളം സെൾഫി എടുക്കുന്നതാണ് എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നത് മൂലം സ്കിൻ ഡാമേജ്, പ്രായം കൂടുതൽ തോന്നിക്കുക  തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും. റേഡിയേഷന്റെ അളവ് പലപ്പോഴും വ്യത്യസ്തമായിരിക്കും, അതുകൊണ്ടു സൺ സ്ക്രീൻ ഉപയോഗിക്കുന്നത് കൊണ്ട് വലിയ പ്രയോജനമൊന്നും ഉണ്ടാകില്ല." 

മറ്റൊരു ഡെർമറ്റോളജിസ്റ്റ് പറയുന്നതിങ്ങനെ; "മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള നിരന്തര സെൽഫി ഉപയോഗം മൂലം ചർമ്മം മങ്ങിയപോലെ കാണപ്പെടും. ചർമ്മത്തിന് മുകളിൽ വൃത്തികെട്ട ഒരു ആവരണം രൂപപ്പെട്ടിട്ടുണ്ടാകും. മിനറൽസ്, ആന്റി ഓക്സിഡന്സ് എന്നിവയാണ് ചർമ്മസംരക്ഷത്തിനുള്ള പ്രധാന മാർഗ്ഗമായി കരുതപ്പെടുന്നത്. ആന്റി ഓക്സിഡന്സ് ചർമ്മത്തിലെ ഡിഎൻഎ നശിക്കുന്നതിൽ നിന്ന് രക്ഷിക്കുന്നു." ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷനിൽ നിന്ന് മോസ്ചറൈസർ ചർമ്മത്തെ രക്ഷിക്കുന്നില്ല. എന്നാൽ നല്ലൊരു ഫേഷ്യൽ സ്‌ക്രബിനു ചർമ്മസംരക്ഷണം സാധ്യമാണ്.