Thursday 29 July 2021 11:26 AM IST : By സ്വന്തം ലേഖകൻ

‘താങ്കൾ ഒരു പോരാളിയാണ്; പെൺകുട്ടികൾ ജീവിതത്തിൽ മുന്നേറുന്നതിൽ അഭിമാനം’: സെൽവമാരിയെ നേരിൽകണ്ട് അഭിനന്ദിച്ച് ഗവർണര്‍

governnnn55677

‘താങ്കൾ ഒരു പോരാളിയാണ്. താങ്കളെപ്പോലുള്ള പെൺകുട്ടികൾ ജീവിതത്തിൽ മുന്നേറുന്നതിൽ എനിക്ക് അഭിമാനമുണ്ട്.’- രാജ്ഭവനിലെത്തി നേരിൽ കണ്ട സെൽവമാരിയോടു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഏലത്തോട്ടത്തിൽ കൂലിപ്പണിയെടുത്ത് കിട്ടുന്ന പണം കൊണ്ട് പഠിച്ചു മഞ്ചിവയൽ ട്രൈബൽ സ്കൂളിലെ അധ്യാപികയായി മാറിയ കുമളി ചോറ്റുപാറ സ്വദേശിനി സെൽവമാരിയെ കുറിച്ചുള്ള വാർത്ത കഴിഞ്ഞ 20നു മനോരമ പ്രസിദ്ധീകരിച്ചിരുന്നു.

പത്രവാർത്ത ശ്രദ്ധയിൽപെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സെൽവമാരിയെ നേരിൽ കാണണമെന്ന് അറിയിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ രാജ്ഭവനിലെത്തിയ സെൽവമാരിയ്ക്ക് കസവുസാരി നൽകിയാണു ഗവർണർ സ്വീകരിച്ചത്. ചെറുപ്രായത്തിൽ തന്നെ അച്ഛൻ ഉപേക്ഷിച്ചുപോയ സെൽവമാരിയെയും രണ്ട് അനിയത്തിമാരെയും അമ്മയും മുത്തശ്ശിയും ചേർന്നായിരുന്നു സംരക്ഷിച്ചത്. പഠനത്തിനൊപ്പം തന്നെ ഏലത്തോട്ടത്തിൽ ജോലി ചെയ്തു കുടുംബത്തിനു താങ്ങായി.

ഉപരിപഠനത്തിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ സെൽവമാരി തൈക്കാട് ഡിപ്പാർട്മെന്റ് ഓഫ് എജ്യുക്കേഷനിൽ ഡോ. സമീർ ബാബുവിന്റെ കീഴിൽ രണ്ടാം വർഷ പിഎച്ച്ഡി പഠനം തുടരുകയാണ്.  കുമളിയിലെ എംജി യൂണിവേഴ്സിറ്റി സെന്ററിൽ നിന്നു ബിഎഡും തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ നിന്ന് എംഎഡും നേടിയ സെൽവമാരി തൈക്കാട് ഡിപ്പാർട്മെന്റ് ഓഫ് എജ്യുക്കേഷനിൽ നിന്ന് ഒന്നാം റാങ്കോടെ എംഫിൽ പാസായി. കോളജ് അധ്യാപക യോഗ്യതയായ നെറ്റും നേടിയിട്ടുണ്ട്.

Tags:
  • Spotlight
  • Inspirational Story