Wednesday 28 July 2021 11:35 AM IST : By സ്വന്തം ലേഖകൻ

‘പഠനം നിർത്തണം, കല്യാണം കഴിക്കണം; ഈ ഉപദേശങ്ങളൊന്നും സെൽവമാരി ചെവിക്കൊണ്ടില്ല’; ഇന്ന് സർക്കാർ ഹൈസ്‌കൂളിൽ അധ്യാപിക, പ്രചോദനം

selvamary66676

ഏലത്തോട്ടത്തിൽ കൂലിപണിയെടുത്തു കിട്ടിയ പണം കൊണ്ട് പഠിച്ച് സർക്കാർ ഹൈസ്കൂളിൽ അധ്യാപികയായ സെൽവമാരിയുടെ ജീവിതം പ്രതിസന്ധികളോട് പടവെട്ടുന്ന പെൺകുട്ടികൾക്ക് പ്രചോദനമാണ്. കുമളിക്കടുത്ത്‌ ചോറ്റുപാറയിലെ രണ്ടു മുറിയുള്ള കൊച്ചുവീട്ടിൽനിന്നാണു സെൽവമാരി ജീവിതത്തോടു പൊരുതാൻ ആരംഭിച്ചത്. ചെറുപ്രായത്തിൽ അച്ഛൻ ഉപേക്ഷിച്ചു. തോട്ടം തൊഴിലാളിയായ അമ്മയുടെയും അമ്മൂമ്മയുടെയും പിൻബലത്തിലായിരുന്നു സെൽവമാരിയുടെയും രണ്ട് അനുജത്തിമാരുടെയും ജീവിതം. സെൽവമാരിയുടെ ജീവിതം പറഞ്ഞ് ആനന്ദ് ബെനഡിക്ട് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്. 

ആനന്ദ് ബെനഡിക്ട് പങ്കുവച്ച കുറിപ്പ് വായിക്കാം; 

കൂലിപ്പണിയിൽ നിന്ന് അധ്യാപനത്തിലേക്ക്..

പ്രതിസന്ധികളോട് നിരന്തരം പടവെട്ടുന്ന നിരവധി പെൺകുട്ടികൾക്ക് ഇതൊരു പ്രചോദനമാണ്.. 

അഭിമാനം...

പഠനം നിർത്തണം, കല്യാണം കഴിക്കണം.. 

ഈ ഉപദേശങ്ങളൊന്നും സെൽവമാരി ചെവിക്കൊണ്ടില്ല. അവധിദിവസങ്ങളിൽ ഏലത്തോട്ടത്തിൽ പണിയെടുത്തും രാത്രി 

ഉറക്കമിളച്ചിരുന്ന് പഠിച്ചും അവൾ പോരാടി.

ചെറുപ്രായത്തിൽ തന്നെ അച്ഛൻ ഉപേക്ഷിച്ചുപോയ സെൽവമാരിയെയും രണ്ട് അനിയത്തിമാരെയും അമ്മയും മുത്തശ്ശിയും ചേർന്നായിരുന്നു സംരക്ഷിച്ചത്. പഠനത്തിനൊപ്പം തന്നെ ഏലത്തോട്ടത്തിൽ ജോലി ചെയ്തു കുടുംബത്തിനു താങ്ങായി. 

ആ നിശ്ചയദാർഢ്യം ഇന്ന് ഈ ഇരുപത്തിയെട്ടുകാരിയെ വഞ്ചിവയൽ ഹൈസ്കൂൾ Government അധ്യാപികയാക്കി. പതറിയിട്ടും പിൻമാറിയില്ല. കഠിനമായി പ്രയത്നിച്ച് ഭാഷയുടെ പ്രശ്നങ്ങൾ പരിഹരിച്ചു. ഡിഗ്രി നല്ല രീതിയിൽ പാസായി. 

യൂണിവേഴ്സിറ്റി കോളേജിൽനിന്ന് എം.എസ്സി.യും നേടി. കുമളിയിലെ എം.ജി. യൂണിവേഴ്സിറ്റി സെന്ററിൽനിന്ന് ബി.എഡ്, തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽനിന്ന് എം.എഡ്,

ഒന്നാം റാങ്കോടെ എം.ഫിൽ എന്നിവ നേടി.. നിലവിൽ ഇവിടെ പിഎച്ച്ഡി വിദ്യാർഥിനിയാണ്. 

ഉപരിപഠനത്തിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ സെൽവമാരി തൈക്കാട് ഡിപ്പാർട്മെന്റ് ഓഫ് എജ്യുക്കേഷനിൽ ഡോ. സമീർ ബാബുവിന്റെ കീഴിൽ രണ്ടാം വർഷ പിഎച്ച്ഡി പഠനം തുടരുകയാണ്.

കോളേജ് അധ്യാപക യോഗ്യതാ പരീക്ഷയായ നെറ്റും നേടിയിട്ടുണ്ട്. 

വനിതാ സിവിൽ പൊലീസ് റാങ്ക് ലിസ്റ്റിൽ ആണ് പേര് ആദ്യം വന്നതെങ്കിലും ജോലിയിൽ പ്രവേശിച്ചില്ല. അധ്യാപികയായി നിയമന ഉത്തരവ് 2020 ൽ ലഭിച്ചെങ്കിലും ഇക്കഴിഞ്ഞ ദിവസമാണ് ജോലിയിൽ പ്രവേശിക്കാനായത്..

പ്രതിസന്ധികളിൽ പതറാതെ പഠനത്തിന് മുൻഗണന നൽകി സെൽവമാരി നടത്തിയ പോരാട്ടം കഷ്ടപ്പെടുന്ന ഒരോ കുട്ടിക്കും പ്രചോദനമാണ്..

Hats off and A big Salute.. 

എല്ലാവിധ അഭിനന്ദനങ്ങളും.. 

ഹൃദയം നിറഞ്ഞ ആശംസകളും പ്രാർഥനകളും... 

Tags:
  • Spotlight
  • Social Media Viral
  • Inspirational Story