തന്റെ പുകവലി ശീലം മകന്റെ കായിക സ്വപ്നങ്ങളെ കൊല്ലും എന്ന് മനസ്സിലായതോടെ ശെൽവരാജ് എന്നന്നേക്കുമായി പുകവലി ഉപേക്ഷിച്ചു. 34 വർഷം കൊണ്ടുനടന്ന ദുഃശീലം ഉപേക്ഷിച്ചതോടെ കായിക മത്സരത്തില്‍ സ്വർണം നേടി മകന്‍! സ്കൂൾ കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിൽ പാലക്കാട് മുണ്ടൂർ എച്ച്എസ്എസിലെ എസ്. ജഗന്നാഥനാണ് സ്വര്‍ണ്ണം നേടിയത്.
കൂലിപ്പണി ചെയ്തു കിട്ടുന്ന വരുമാനത്തിൽ നിന്നു പുകവലിക്കാൻ ദിനംപ്രതി ചെലവാകുന്ന 70 രൂപ മാറ്റിവച്ചാൽ മകൻ ജഗന്നാഥനു സ്പൈക്സ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വാങ്ങാമെന്നും, കായികപരിശീലനം മുടങ്ങാതെ നടത്താമെന്നും മനസ്സിലാക്കിയതോടെയാണ് ശെൽവരാജ് ആ തീരുമാനമെടുത്തത്.
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണു ജഗന്നാഥനെ പാലക്കാട് മുട്ടിക്കുളങ്ങര സ്വദേശിയായ ശെൽവരാജ് പരിശീലനത്തിന് അയച്ചു തുടങ്ങിയത്. പിന്നാലെ കൊച്ചുവീട്ടിലേക്ക് ട്രോഫികൾ എത്തിത്തുടങ്ങി. കഴിഞ്ഞ സംസ്ഥാന മേളയിൽ സീനിയർ വിഭാഗത്തിൽ മത്സരിച്ചെങ്കിലും മെഡൽ ലഭിച്ചില്ല.
ഈ വർഷം മികച്ച പരിശീലനത്തിനും പോഷകാഹാരത്തിനും കൂടുതൽ പണം കണ്ടെത്താനും ശെൽവരാജിനായി. ഇന്നലെ പുലർച്ചെ കൊച്ചിയിലെത്തിയ ശെൽവരാജ് മത്സരം കഴിഞ്ഞപ്പോൾത്തന്നെ മടങ്ങി. ഒരു ദിവസത്തെ കൂലി കൂടി ഇല്ലാതായാൽ ജഗന്നാഥന്റെ പരിശീലനത്തെ ബാധിക്കുമെന്നാണ് ഇപ്പോള്‍ ശെൽവരാജിന്റെ ആശങ്ക.